തിരയുക

ഫ്രാൻസീസ് പാപ്പാ കസാഖ്സ്ഥാനിലേക്കുള്ള വിമാനത്തിനുള്ളിൽ, 13/09/22 ഫ്രാൻസീസ് പാപ്പാ കസാഖ്സ്ഥാനിലേക്കുള്ള വിമാനത്തിനുള്ളിൽ, 13/09/22 

പാപ്പായുടെ ത്രിദിന കസാഖ്സ്ഥാൻ സന്ദർശനത്തിനു തുടക്കമായി!

ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിയെട്ടാം വിദേശ അപ്പൊസ്തോലിക പര്യടനം- സെപ്റ്റംബർ 13-15.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിയെട്ടാം വിദേശ അപ്പൊസ്തോലിക പര്യടനത്തിന് പതിമൂന്നാം തീയതി (13/09/22) ചൊവ്വാഴ്‌ച തുടക്കമായി.

കസാഖിസ്ഥാൻ വേദിയാക്കിയിരിക്കുന്ന തൻറെ ഈ ഇടയസന്ദർശത്തിന് പ്രാർത്ഥനാ സഹായം അഭ്യർത്ഥിച്ചുകൊണ്ട്, പാപ്പാതന്നെ ഇക്കഴിഞ്ഞ ഞായറാഴ്ചത്തെ (11/09/22) മദ്ധ്യാഹ്ന പ്രാർത്ഥനാവേളയിൽ വിശേഷിപ്പിച്ചതു പോലെ സംവാദത്തിൻറെയും സമാധാനത്തിൻറെയും തീർത്ഥാടനമാണ് ഈ യാത്ര.

പതിനഞ്ചാം തീയതി വരെ നീളുന്ന ഈ ത്രിദിന സന്ദർശനത്തിൽ പാപ്പായുടെ സാന്നിദ്ധ്യം കസാഖ്സ്ഥാൻറെ തലസ്ഥാനമായ നൂർ സൂൽത്താനിൽ (അസ്താന) മാത്രമായിരിക്കും. “സമാധാനത്തിൻറെയും ഐക്യത്തിൻറെയും ദൂതർ” എന്നതാണ് ഈ ഇടയസന്ദർശനത്തിൻറെ മുദ്രാവക്യം. പാപ്പായുടെ ഈ സന്ദർശനത്തിൻറെ ലക്ഷ്യം ഈ 14,15 തീയതികളിൽ നൂർ സുൽത്താനിൽ സംഘടിപ്പിക്കപ്പെടുന്ന ലോകമതങ്ങളുടെയും പാരമ്പര്യമതങ്ങളുടെയും നേതാക്കളുടെ ഏഴാം ആഗോളസമ്മേളനത്തിൽ പങ്കെടുക്കുകയാണ്.

വത്തിക്കാനിലെ തൻറെ വാസയിടമായ, വിശുദ്ധ മാർത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാർത്തെ”യിൽ നിന്ന് റോമിലെ സമയം രാവിലെ 6.30-ന് പാപ്പാ റോമിലെ രാജ്യാന്തര വിമാനത്താവളമായ “ലെയൊണാർദൊ ദ വിഞ്ചി.”യിലേക്കു കാറിൽ യാത്രയായി. അവിടെ നിന്നാണ് പാപ്പാ, കസാഖിസ്ഥാൻറെ തലസ്ഥാനമായ നൂർ സുൽത്താനിലേക്ക് വിമാനം കയറിയത്. നിശ്ചിത സമയത്തെക്കാൾ 21 മിനിറ്റ് വൈകിയാണ്, അതായത്, റോമിലെ സമയം രാവിലെ 7.36-ന്, ഇന്ത്യയിലെ സമയം 11.06-ന് ആണ് പാപ്പായെയും അനുചരരെയവും വഹിച്ചുകൊണ്ട് വ്യോമയാനം പറന്നുയർന്നത്. ആകാശ നൗകയിൽ തന്നോടൊപ്പം ഉണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തരെ പാപ്പാ യാത്രയുടെ ആരംഭത്തിൽ അഭിവാദ്യം ചെയ്യുകയും തനിക്കേകുന്ന സഹായത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

മുസ്ലീങ്ങൾ ബഹുഭൂരിപക്ഷവും കത്തോലിക്കർ വളരെ കുറച്ചു മാത്രവുമുള്ള ഒരു നാട്ടിലാണ് പാപ്പായുടെ ഈ ഇടയസന്ദർശനം. രാഷ്ട്രാധികാരികളും പൗരസമൂഹപ്രതിനിധികളും, നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച മാത്രമാണ് പാപ്പായുടെ ഈ ത്രിദിന ഇടയസന്ദർശനത്തിൽ, പ്രഥമദിനത്തിലെ ഔദ്യോഗിക പരിപാടി.

രണ്ടാമത്തെ ദിവസം, അതായത് ബുധനാഴ്ച, രാവിലെ പാപ്പാ  മതനേതാക്കളുമൊത്ത് മൗനപ്രാർത്ഥന നടത്തുകയും ലോകമതങ്ങളുടെയും പാരമ്പര്യമതങ്ങളുടെയും നേതാക്കളുടെ ഏഴാം സമ്മേളനത്തിൻറെ ഉദ്ഘാടനത്തിൽ സംബന്ധിക്കുകയും വൈകുന്നേരം എക്സ്പോ ഗ്രൗണ്ടിൽ വിശുദ്ധ കുരിശിൻറെ പുകഴ്ചയുടെ തിരുന്നാൾക്കുർബ്ബാന അർപ്പിക്കുകയും ചെയ്യും.

സമാപനദിനമായ വ്യാഴാഴ്‌ച പാപ്പായുടെ പരിപാടികൾ മെത്രാന്മാരും വൈദികരും ശെമ്മാശന്മാരും വൈദികാർത്ഥികളും അജപാലന പ്രവർത്തകരുമായുള്ള നേർക്കാഴ്ച, മതനേതാക്കളുടെ സമ്മേളനത്തിൻറെ സമാപന പ്രഖ്യാപനപാരയണത്തിലും സമാപന സമ്മേളനത്തിലും സംബന്ധിക്കൽ എന്നിവയാണ്. അന്നു വൈകുന്നേരം പാപ്പാ വത്തിക്കാനിൽ തിരിച്ചെത്തും.

കസാഖ്സ്ഥാനിലെ 1 കോടി 90 ലക്ഷത്തോളം വരുന്ന ജനങ്ങളിൽ 25 ശതമാനം ക്രൈസ്തവരാണ്. ഇവരിൽ ഭൂരിഭാഗവും റഷ്യൻ ഓർത്തൊക്സ് സഭാംഗങ്ങളാണ്. കത്തോലിക്കരാകട്ടെ ഒരു ശതമാനം മാത്രവും. ഔദ്യോഗികമായി പേരുചേർക്കപ്പെട്ടിട്ടുള്ള 18 മതവിഭാഗങ്ങളിൽപെട്ടവരാണ് അന്നാട്ടിലെ നിവാസികൾ.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 September 2022, 13:50