സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവാഹകരവുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
കസാഖ്സ്ഥാനിലേക്കുള്ള തന്റെ സന്ദർശനം സാധ്യമാക്കുന്നതിൽ സഹായിച്ച പ്രാദേശികസഭാനേതൃത്വത്തിനും, സിവിൽ അധികാരികൾക്കും, വിശുദ്ധബലിയുടെ അവസാനം പാപ്പാ നന്ദിപറഞ്ഞു. മറ്റ് മദ്ധ്യേഷ്യൻ രാജ്യങ്ങളിൽനിന്നെത്തിയവരെയും പാപ്പാ അനുസ്മരിച്ചു. ഒസ്യോർനോജേയിലെ സമാധാനത്തിന്റെ രാജ്ഞിയുടെ നാമത്തിലുള്ള ദേശീയ തീർത്ഥാടനകേന്ദ്രത്തിലുള്ള വലിയ കുരിശിന്മേൽ എഴുതിയിരിക്കുന്ന, "കസാഖ്സ്ഥാനിലെ ജനങ്ങൾക്ക് നന്ദി, ജനത്തിന് മുഴുവൻ സമാധാനം" എന്ന വാക്കുകളെ പരാമർശിച്ച്, ലോകത്തിന് ആവശ്യമായ സമാധാനത്തിനായും സംവാദങ്ങൾക്കായും പ്രവർത്തിക്കുന്ന ദൈവജനത്തെയോർത്ത് ദൈവത്തിന് നന്ദിപറഞ്ഞു.
സംഘർഷപ്രദേശങ്ങൾ
ലോകത്ത് യുദ്ധത്താൽ ദുരിതമനുഭവിക്കുന്ന ഇടങ്ങളെക്കുറിച്ച് പറഞ്ഞ പാപ്പാ, ഉക്രൈനിലെ സംഘർഷങ്ങളെ പ്രത്യേകം പരാമർശിച്ചു. യുദ്ധങ്ങളെ അനുദിനജീവിതത്തിന്റെ ഭാഗമായി കാണുന്നതിലേക്ക് നാം അധഃപതിക്കരുത്. ഇനിയും എത്ര സഹനം തുടർന്നാലാണ്, ഇനിയും എത്ര മരണങ്ങൾ ഉണ്ടായാലാണ്, സമാധാനശ്രമങ്ങൾക്കായി സംവാദത്തിന് ഈ യുദ്ധത്തിലേർപ്പെട്ടിരിക്കുന്നവർ തയ്യാറാകുക എന്ന് പാപ്പാ ദുഃഖം പ്രകടിപ്പിച്ചു.
കൗക്കേഷ്യൻ പ്രദേശങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങളെക്കുറിച്ച് പരാമർശിച്ച പാപ്പാ, സമാധാനവും ശാന്തമായ സംഗമങ്ങളും ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കാമെന്ന് ആഹ്വാനം ചെയ്‌തു. യുദ്ധോപകരണങ്ങൾക്കായി ചിലവഴിക്കുന്ന തുക ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശവാഹകരായി നിൽക്കുന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: