വിശ്വാസമെന്ന അവകാശവും, സുവിശേഷത്തിന്റെ വാഗ്ദാനവും ജീവിക്കുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
മെത്രാന്മാരും പുരോഹിതരും സന്യസ്തരുമടങ്ങുന്ന സമർപ്പിതർക്കും, അല്മയപ്രേക്ഷിതപ്രവർത്തകർക്കുമായി നടത്തിയ സമ്മേളനത്തിൽ, കസാഖ്സ്ഥാനിലെ സഭയിലെ വർഗ്ഗ, ദേശ വൈവിധ്യത്തെ പാപ്പാ പ്രത്യേകം പരാമർശിച്ചു. സഭയിൽ ആരും പരദേശികളല്ലെന്ന സത്യം പാപ്പാ എല്ലാവരെയും ഓർമ്മിപ്പിച്ചു.
എല്ലാവരും വിളിക്കപ്പെട്ടവർ
ദൈവീകരഹസ്യം പ്രാത്യേകിച്ച് തിരഞ്ഞെടുക്കപ്പെട്ട ഒരു സമൂഹത്തിന്റേതു മാത്രമല്ലെന്നും, എല്ലാ ജനതകൾക്കുമായാണ് അത് വെളിപ്പെട്ടിരിക്കുന്നതെന്നും വിശുദ്ധ പൗലോസിന്റെ എഫേസൂസുകാർക്കുള്ള ലേഖനത്തെ അധികരിച്ച് പാപ്പാ പറഞ്ഞു. നാമെല്ലാവരും ക്രിസ്തുവിൽ ഒരേ അവകാശം പങ്കുവയ്ക്കുവാനും, സുവിശേഷത്തിലൂടെ നൽകപ്പെടുന്ന രക്ഷയുടെ വാഗ്ദാനത്തിൽ പങ്കുകാരാകുവാനും വിളിക്കപ്പെട്ടവരാണ്.
അവകാശവും വാഗ്ദാനവും
സഭയും, സഭയിലെ അംഗങ്ങളും ഒരു തിരഞ്ഞെടുപ്പിന്റെയും, ചരിത്രത്തിന്റെയും സുവിശേഷപ്രഘോഷണത്തിന്റെയും അവകാശികളാണ്. എന്നാൽ അതെ സമയം ദൈവം നൽകുന്ന രക്ഷയുടെ വാഗ്‌ദാനം ക്രിസ്തുവിൽ പൂർത്തീകരിക്കപ്പെടുന്നതിന്റെ സാക്ഷികളുമാണ് നാം. അങ്ങനെ ഓർമ്മകളുടെയും ഭൂതകാലത്തിന്റെയും, വരാനിരിക്കുന്ന ദൈവികമായ ഭാവിയെക്കുറിച്ചുള്ള സുവിശേഷത്തിന്റെ വാഗ്ദാനത്തിന്റെയും അവകാശികളാണ് നാം.
ഓർമ്മകളും ഭാവിയും
വിവിധ സാംസ്‌കാരിക, മത ഘടകങ്ങൾ ഒരുമിച്ചു വസിക്കുന്ന കസാഖ്സ്ഥാനിൽ, സമ്പന്നമായ ഒരു ചരിത്രവും, വൈവിധ്യവും ജീവിക്കുന്ന ഒരു ക്രൈസ്തവസമൂഹമാണ് ഇവിടെ ഉള്ളത്. ആദ്യനൂറ്റാണ്ടുകളിൽത്തന്നെ മധ്യേഷ്യൻ പ്രദേശത്ത് ക്രൈസ്തവമതം വ്യാപിച്ചിരുന്നു. വിവിധ സുവിശേഷപ്രഘോഷകരും മിഷനറിമാരും സുവിശേഷത്തിന്റെ പ്രകാശം പരത്തുവാനായി ഇവിടെ തങ്ങളുടെ ജീവിതം വിനിയോഗിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരു ക്രൈസ്തവചരിത്രത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നവരാണ് ഇവിടുത്തെ ക്രൈസ്തവർ. എന്നാൽ ചരിത്രം പഴയകാലത്തേക്ക് നോക്കി നമ്മെ തളച്ചിടാനുള്ളതല്ല. ഭൂതകാലത്ത് ജീവിക്കുകയെന്ന പ്രലോഭനത്തിലേക്ക് നാം പോകരുത്. വിശ്വാസം നമുക്ക് പകർന്നുകിട്ടിയത് ഒരുപാടു പേരുടെ ജീവിതങ്ങളിലൂടെയാണ്. നാമും അതുപ്പോലെ, നമ്മുടെ ജീവിതത്തിലൂടെ ക്രിസ്തുവിലൂടെ അവതരിപ്പിക്കപ്പെടുന്ന രക്ഷയുടെ പുതുമയെ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ പരിശ്രമിക്കണം.
പഴയകാലത്തിന്റെ ഓർമ്മകളിൽ നമ്മിൽത്തന്നെ ചടഞ്ഞുകൂടിയിരിക്കാതെ, സുവിശേഷത്തിലൂടെ നൽകപ്പെടുന്ന വാഗ്ദാനത്തിലേക്ക് നമ്മെത്തന്നെ തുറക്കാൻ നാം തയ്യാറാകണം. ഓരോ ദിവസവും ഉത്ഥിതൻ കൊണ്ടുവരുന്ന പുതുമയെ സ്വീകരിക്കാൻ നമുക്കാകണം.
ചെറിയ അജഗണം
കസാഖ്സ്ഥാനിലെ സഭ എണ്ണത്തിൽ ചെറുതാണ്. എന്നാൽ ഇത് ഭയത്തിനല്ല കൂടുതൽ ദൈവാശ്രയബോധത്തിനാണ് പ്രേരണ നൽകേണ്ടത്. എളിമയോടെ ദൈവത്തിന്റെ ശക്തിക്ക് നമ്മെത്തന്നെ സമർപ്പിക്കാൻ സാധിക്കണം. തങ്ങളുടെ എണ്ണവും ശക്തിയും, സംഘടനമേന്മയും മുന്നോട്ടുവയ്ക്കുന്നതിന് പകരം, ദൈവത്താൽ നയിക്കപ്പെടുന്നതിനും, മറ്റുള്ളവരുടെ മുന്നിൽ എളിമയോടെ ആയിരിക്കുന്നതിനും നമുക്ക് സാധിക്കണം. നാം സ്വയം പര്യാപ്തരല്ലെന്നും, നമുക്ക് ദൈവത്തിന്റെയും മറ്റുള്ളവരുടെയും ആവശ്യമുണ്ടെന്നും നമ്മെ ബോധിപ്പിക്കുന്നതാണ് നമ്മുടെ ഈ വലിപ്പമില്ലായ്മ.
സാഹോദര്യം
പരസ്പരം സാഹോദര്യം ജീവിക്കാനും, പാവപ്പെട്ടവരുടെയും മുറിവേൽപ്പിക്കപ്പെട്ടവരുടെയും സമീപസ്ഥരായിരിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. അഴിമതിയും അസത്യവും നമ്മിൽനിന്ന് മാറിപ്പോകട്ടെ. സത്യസന്ധതയുടെ സ്കൂളായി സെമിനാരിയും ക്രൈസ്തവസമൂഹങ്ങളും മാറട്ടെ. അവ സത്യത്തിന്റെയും തുറന്ന മനസ്സിന്റെയും, പങ്കുവയ്ക്കലിന്റെയും ഇടങ്ങളാകട്ടെ. എല്ലാവർക്കും തുല്യ മാന്യതയുണ്ടെന്ന് നമുക്കോർക്കാം. സഭാനേതൃത്വത്തിന് മാത്രമല്ല, അല്മയർക്കും ആവശ്യമായ പ്രവർത്തനയിടങ്ങൾ നൽകപ്പെടണം.
സമാപനം
സഭയിലെ നമ്മുടെ പൈതൃകം കാത്തുസൂക്ഷിക്കുവാനും, ദൈവം നൽകുന്ന പ്രതീക്ഷയുടെ വാഗ്ദാനം ജീവിക്കുവാനും പാപ്പാ എല്ലാവരെയും ആഹ്വാനം ചെയ്തു. തന്റെ പ്രാർത്ഥനകൾ എല്ലാവർക്കും വാഗ്ദാനം ചെയ്ത പാപ്പാ, പരിശുദ്ധ അമ്മയുടെ തിരുഹൃദയത്തിന് അവരെ സമർപ്പിക്കുന്നുവെന്ന് പറഞ്ഞു. സാഹോദര്യത്തിന്റെ ചൂട് നമ്മുടെ ഹൃദയങ്ങളിൽ പരിശുദ്ധ അമ്മ ഉയർത്തട്ടെ എന്ന് പാപ്പാ ആശംസിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: