ത്രിദിന സന്ദർശന പരിപാടിയുമായി ഫ്രാൻസീസ് പാപ്പാ കസാഖിസ്ഥാനിൽ !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിയെട്ടാം വിദേശ അപ്പസ്തോലിക പര്യടനത്തിന് ചൊവ്വാഴ്ച തുടക്കമായി. കസാഖിസ്ഥാൻറെ തലസ്ഥാനമായ നൂർ സുൽത്താനിൽ മാത്രമായി ഒതുങ്ങുന്ന ഈ ഇടയസന്ദർശത്തിൻറെ മുഖ്യ ലക്ഷ്യം അവിടെ ഈ 14,15 തീയതികളിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ലോകമതങ്ങളുടെയും പാരമ്പര്യമതങ്ങളുടെയും നേതാക്കളുടെ ഏഴാം ആഗോളസമ്മേളനത്തിൽ പങ്കെടുക്കുകയാണ്.
“സമാധാനത്തിൻറെയും ഐക്യത്തിൻറെയും ദൂതർ” എന്നതാണ് പാപ്പായുടെ ഈ ഇടയസന്ദർശനത്തിൻറെ മുദ്രാവക്യം.
ചൊവ്വാഴ്‌ച (13/09/22) രാവിലെ പ്രാദേശിക സമയം 6.30-ന് വത്തിക്കാനിൽ നിന്ന് മുപ്പതോളം കിലോമീറ്റർ അകലെ ഫ്യുമിച്ചീനൊയിൽ സ്ഥിതിചെയ്യുന്ന “ലെയൊണാർദൊ ദ വിഞ്ചി” രാജ്യാന്തര വിമാനത്താവളത്തിലേക്ക് കാറിൽ പുറപ്പെട്ട ഫ്രാൻസീസ് പാപ്പാ അവിടെ നിന്നാണ് കസാഖ്സ്ഥാനിലെ നൂർ സുൽത്താനിലേക്ക് വിമാനം കയറിയത്. റോമിലെ അന്താരാഷ്ട്രവിമാനത്താവളം പോർത്തൊ സാന്ത റൂഫീന രൂപതാതിർത്തിക്കുള്ളിൽ വരുന്നതാകയാൽ പാപ്പായെ യാത്രയയ്ക്കാൻ രൂപതാമെത്രാൻ ജ്യൻറീക്കൊ റൂത്സ വിമാനത്താവളത്തിൽ സന്നിഹിതനായിരുന്നു.
മുസ്ലീങ്ങൾ ബഹുഭൂരിപക്ഷവും കത്തോലിക്കർ വളരെ കുറച്ചു മാത്രവുമുള്ള ഒരു നാട്ടിലാണ് പാപ്പായുടെ ഈ ഇടയസന്ദർശനം. കസാഖ്സ്ഥാനിലെ 1 കോടി 90 ലക്ഷത്തോളം വരുന്ന ജനങ്ങളിൽ 25 ശതമാനം ക്രൈസ്തവരാണ്. ഇവരിൽ ഭൂരിഭാഗവും റഷ്യൻ ഓർത്തൊക്സ് സഭാംഗങ്ങളാണ്. കത്തോലിക്കരാകട്ടെ ഒരു ശതമാനം മാത്രവും. ഔദ്യോഗികമായി പേരുചേർക്കപ്പെട്ടിട്ടുള്ള 18 മതവിഭാഗങ്ങളിൽപെട്ടവരാണ് അന്നാട്ടിലെ നിവാസികൾ.
നൂർ സുൽത്താനിൽ പാപ്പായുടെ പരിപാടികൾ
രാഷ്ട്രാധികാരികളും പൗരസമൂഹപ്രതിനിധികളും, നയതന്ത്രപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച മാത്രമായിരുന്നു പാപ്പായുടെ ഈ ത്രിദിന ഇടയസന്ദർശനത്തിൽ, പ്രഥമദിനത്തിലെ ഔദ്യോഗിക പരിപാടി.
രണ്ടാമത്തെ ദിവസം, അതായത് ബുധനാഴ്ച, രാവിലെ പാപ്പാ മതനേതാക്കളുമൊത്ത് മൗനപ്രാർത്ഥന നടത്തുകയും ലോകമതങ്ങളുടെയും പാരമ്പര്യമതങ്ങളുടെയും നേതാക്കളുടെ ഏഴാം സമ്മേളനത്തിൻറെ ഉദ്ഘാടനത്തിൽ സംബന്ധിക്കുകയും വൈകുന്നേരം എക്സ്പോ ഗ്രൗണ്ടിൽ വിശുദ്ധ കുരിശിൻറെ പുകഴ്ചയുടെ തിരുന്നാൾക്കുർബ്ബാന അർപ്പിക്കുകയും ചെയ്തു.
സമാപനദിനമായ വ്യാഴാഴ്‌ച പാപ്പായുടെ പരിപാടികൾ മെത്രാന്മാരും വൈദികരും ശെമ്മാശന്മാരും വൈദികാർത്ഥികളും അജപാലന പ്രവർത്തകരുമായുള്ള നേർക്കാഴ്ച, മതനേതാക്കളുടെ സമ്മേളനത്തിൻറെ സമാപനച്ചടങ്ങിൽ സംബന്ധിക്കൽ എന്നിവയാണ്. അന്നു വൈകുന്നേരം പാപ്പാ വത്തിക്കാനിൽ തിരിച്ചെത്തും.
പാപ്പാ നൂർ സുൽത്താനിലേക്ക്
ഇറ്റലിയുടെ വിമാനക്കമ്പനി ഇത്താ എയർവെയ്സിൻറെ വ്യോമയാനമായിരുന്നു പാപ്പായുടെ യാത്രയ്ക്കായി ഫ്യുമിച്ചീനൊ വിമാനത്താവളത്തിൽ തയ്യാറായി നിന്നിരുന്നത്. ചക്രക്കസേരയുടെ സഹായത്തോടെയായിരുന്നു പാപ്പായുടെ യാത്ര. പാപ്പായും അനുചരും വിമാനത്തിൽ കയറിയതിനെ തുടർന്ന് വ്യോമയാനം നൂർ സുൽത്താൻ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി പറന്നുയർന്നു. നിശ്ചിത സമയത്തെക്കാൾ 21 മിനിറ്റ് വൈകിയാണ്, അതായത്, റോമിലെ സമയം രാവിലെ 7.36-ന്, ഇന്ത്യയിലെ സമയം 11.06-ന് ആണ് വിമാനം പുറപ്പെട്ടത്. ആകാശ നൗകയിൽ തന്നോടൊപ്പം ഉണ്ടായിരുന്ന മാദ്ധ്യമ പ്രവർത്തരെ പാപ്പാ യാത്രയുടെ ആരംഭത്തിൽ അഭിവാദ്യം ചെയ്യുകയും തനിക്കേകുന്ന സഹായത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
അക്രമത്തിൻറെ മുറിവുകളേറ്റിരിക്കുന്ന മൊസാംബിക്കിൽ കൊംബോണിയൻ സന്ന്യാസിനി സമൂഹത്തിലെ ഒരു സഹോദരി സെപ്റ്റർ 6-ന് വധിക്കപ്പെട്ട പശ്ചാത്തലത്തിൽ അന്നാടിനു വേണ്ടി പാപ്പായുടെ പ്രാർത്ഥന അഭ്യർതഥിച്ചുകൊണ്ട് കൊംബോണിയൻ സന്ന്യാസിനികൾ സമ്മാനിച്ച, മൊസാംബിക്കിൽ സ്ത്രീകൾ ഉപയോഗിക്കുന്ന, തനിമയാർന്ന പലവർണ്ണ വസ്ത്രം ഏവ ഫെർണാണ്ടസ് എന്ന മാദ്ധ്യമപ്രവർത്തക പാപ്പായ്ക്ക് വിമാനത്തിൽ വച്ച് കൈമാറി. ഈ വസ്ത്രം ജീവൻറെ പ്രതീകമാണ്.
ആകാശനൗകയിൽ നിന്ന് ആശംസകൾ
യാത്രാമദ്ധ്യേ പാപ്പാ, താൻ സഞ്ചരിക്കുന്ന വിമാനം എതെല്ലാം രാജ്യങ്ങളുടെ മുകളിലൂടെ പറന്നുവോ, ആ രാജ്യങ്ങളുടെ, അതായത്, ഇറ്റലി, ബോസ്നിയ ഹെർസഗൊവീന, സെർബിയ, മോന്തെനേഗ്രൊ, ബൾഗറി, തുർക്കി, ജോർജിയ, അസെർബയ്ജാൻ എന്നീ നാടുകളുടെ തലവന്മാർക്ക് ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം ആശംസാ-പ്രാർത്ഥനാ സന്ദേശം അയച്ചു. എല്ലാ നാടുകൾക്കും നാട്ടുകാർക്കും പാപ്പാ സന്തോഷവും സമാധാനവും ആശംസിക്കുകയും പ്രാർത്ഥന ഉറപ്പു നല്കുകയും ചെയ്തു.
പാപ്പാ കസാഖ്സ്ഥാനിൽ
റോമിൽ നിന്ന് നൂർ സുൽത്താനിലേക്കുള്ള 5062 കിലോമീറ്റർ വ്യോമദൂരം താണ്ടുന്നതിന് 6 മണിക്കൂറും 30 മിനിറ്റുമാണ് കണക്കാക്കിയിരുന്നതെങ്കിലും വിമാനം 48 മിനിറ്റ് നേരത്തെ എത്തി. അപ്പോൾ പ്രാദേശിക സമയം വൈകുന്നേരം 5.18 ആയിരുന്നു. അപ്പോൾ ഇന്ത്യയിൽ സമയം വൈകുന്നേരം 4.48. കസാഖ്സ്ഥാൻ സമയത്തിൽ ഇന്ത്യയെക്കാൾ 30 മിനിറ്റ് മുന്നിലാണ്.
2019 മാർച്ചു വരെ അസ്താന എന്നറിയപ്പെട്ടിരുന്ന നഗരമാണ് നൂർ സുൽത്താൻ. 11 ലക്ഷത്തി 84500 നിവാസികളുള്ള ആധുനിക നഗരമാണിത്. ഈ നഗരത്തിൻറെ പഴയ പേര് ചേർത്താണ് അതിരൂപത അറിയപ്പെടുന്നത്, അതായത്, അസ്താനയിലെ ഏറ്റം പരിശുദ്ധ മറിയത്തിൻറെ അതിരൂപത.
1999 ജൂലൈ 7 മുതൽ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേഷൻ ആയിരുന്ന ഇത് 2003 മെയ് 17-നാണ് അതിരൂപതയായി ഉയർത്തപ്പെട്ടത്. 5 ലക്ഷത്തി 76400 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ അതിരൂപതയുടെ അതിർത്തിക്കുള്ളിൽ വസിക്കുന്ന 40 ലക്ഷത്തി 42000-ത്തിലേറെ നിവാസികളിൽ കത്തോലിക്കർ 54000 മാത്രമാണ്. 34 ഇടവകളിലായി തിരിക്കപ്പെട്ടിരിക്കുന്ന ഇവരുടെ അജപാലനകാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിന് 19 രൂപതാ വൈദികരും 16 സന്ന്യസ്ത വൈദികരും ഉണ്ട്. 19 സന്ന്യാസ സഹോദരങ്ങളും എഴുപതോളം സന്ന്യാസിനികളും ഈ അതിരൂപതയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. 4 വിദ്യഭാസസ്ഥാപനങ്ങളും 2 ഉപവിപ്രവർത്തന കേന്ദ്രങ്ങളും ഈ അതിരൂപതയ്ക്കുണ്ട്.
അസ്താനയിലെ പരിശുദ്ധതമ മറിയത്തിൻറെ ഈ അതിരൂപതയുടെ ആർച്ച്ബിഷപ്പ് തോമഷ് ബെർണ്ണാർഡ് പേത്ത (Tomash Bernard Peta) ആണ്. പോളണ്ടിലെ ഇനൊവ്രൊത്സോവിൽ 1951 ആഗസ്റ്റ് 20-ന് ജനിച്ച അദ്ദേഹം 1976 ജൂൺ 5-ന് പൗരോഹിത്യം സ്വീകരിക്കുകയും 2001 മാർച്ച് 19-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു.
നൂർ സുൽത്താനിലെ വിമാനത്താവളത്തിൽ വ്യോമയാനം നിശ്ചലമായപ്പോൾ കസാഖ്സ്ഥാനിലെ അപ്പൊസ്തോലിക് നുൺഷ്യോ മലയാളിയായ ആർച്ച്ബിഷപ്പ് ഫ്രാൻസീസ് ചുള്ളിക്കാട്ടും ഈ ഇടയസന്ദർശനപരിപാടികളുടെ ചുമതലക്കാരനും വ്യോമയാനത്തിനകത്തു കയറി പാപ്പായെ സ്വാഗതം ചെയ്തു. വിമാനത്തിൽ നിന്നിറങ്ങിയ പാപ്പാ ചക്രക്കസേരയിൽ സ്വാഗത സീകരണ ചടങ്ങിനായി ഒരുക്കിയിരുന്ന ശാലയിലേക്ക് ആനയിക്കപ്പെട്ടു. അവിടെ കസാഖ്സ്ഥാൻറെ പ്രസിഡൻറ് കാസിം ജോമാർട്ട് തൊക്കയേവ് (Kassym-Jomart K. Tokayev), ഇതര പൗരാധികാരികൾ സഭാപ്രതിനിധികൾ തുടങ്ങിയവർ പാപ്പായെ കാത്തുനില്പുണ്ടായിരുന്നു. ശാലയിലെത്തിയ പാപ്പായെ പ്രസിഡൻറ് സ്വീകരിച്ചു. തുടർന്ന് വത്തിക്കാൻറെ പ്രതിനിധികൾ പ്രസിഡൻറിനെയും കസാഖിസ്ഥാൻറെ പ്രതിനിധികൾ പാപ്പായെയും പരിചയപ്പെടുന്ന ചടങ്ങായിരുന്നു. വിമാനത്താവളത്തിലെ ഈ ഹ്രസ്വ സ്വീകരണാനന്തരം പാപ്പാ 13 കിലോമീറ്ററിലേറെ അകലെയുള്ള രാഷ്ട്രപതിമന്ദിരത്തിലേക്ക് കാറിൽ യാത്രയായി.
പാപ്പാ "ആക് ഓർദ" മന്ദിരത്തിൽ
പ്രസിഡൻറിൻറെ ഔദ്യോഗിക വസതി വെളുത്ത ആസ്ഥാനം എന്നർത്ഥം വരുന്ന “ആക് ഓർദ” മന്ദിരം എന്നാണ് അറിയപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ വെണ്മയാർന്ന ഈ മന്ദിരം ഇഷിം നദിയുടെ കരയിൽ സ്ഥിതിചെയ്യുന്നു. 3 വർഷം കൊണ്ട് പണികഴിപ്പിക്കപ്പെട്ട ഈ സൗധം ഡിസംബർ 24-നാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. 36270 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ളതും കുംഭഗോപുരത്തോടുകൂടിയതുമായ ഈ സൗധത്തിനു മുന്നിൽ വിശാലമായ ഒരു അങ്കണവും ഉണ്ട്.
കാറിൽ അവിടെ വന്നിറങ്ങിയ പാപ്പാ ചക്രക്കസേരയിൽ മന്ദിരത്തിനകത്തേക്ക് ആനയിക്കപ്പെട്ടു. മന്ദിരത്തിനകത്ത് വച്ച് പ്രസിഡൻറ് കാസിം ജോമാർട്ട് തൊക്കയേവ് പാപ്പായെ സ്വീകരിച്ചു. തദ്ദനന്തരം സൈനികോപചാരം സ്വീകരിച്ച പാപ്പാ ദേശീയ പതാകയെ വന്ദിച്ചു. അപ്പോൾ ആദ്യം വത്തിക്കാൻറെയും തുടർന്ന് കസാഖിസ്ഥാൻറെയും ദേശീയ ഗാനങ്ങൾ സൈനികബാൻഡ് വാദനം ചെയ്തു. അതിനുശേഷം പാപ്പായും പ്രസിഡൻറും സ്വകാര്യ കൂടിക്കാഴ്ചയ്ക്കായി “ഈസ്റ്റ് ഹാൾ” എന്ന ശാലയിലേക്ക് പോയി. ഇതിനു ശേഷം പാപ്പാ, പ്രസിഡൻറിൻറെ വസതിയിൽ നിന്ന് 500 മീറ്റർ അകലെയുള്ള ല ഖസാഖ് കൺസേർട്ട് ഹാളിലേക്കു പോയി. 2009 ഡിസംബർ 15-ന് ഉദ്ഘാടനം ചെയ്യപ്പെട്ട അവിടെവച്ചായിരുന്നു പാപ്പാ പൗരാധികാരികളും പൗരസമൂഹത്തിൻറെ പ്രതിനിധികളും നയതന്ത്രപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. ശാലയിലെത്തിയ പാപ്പായെ സ്വാഗതം ചെയ്തുകൊണ്ട് പ്രസിഡൻറ് കാസിം ജോമാർട്ട് തൊക്കയേവ് പ്രസംഗിച്ചു.
പ്രസിഡൻറിൻറെ സ്വാഗത വാക്കുകൾ
ലോകമഖിലമുള്ള മാനവകുടുംബത്തിനു വേണ്ടിയുള്ള പാപ്പായുടെ അക്ഷീണ പരിശ്രമത്തിന് ആദരവർപ്പിച്ചുകൊണ്ടാണ് പ്രിസഡൻറ് തൻറെ സ്വാഗത പ്രസംഗം ആരംഭിച്ചത്. നരകുലത്തെ സംബന്ധിച്ചിടത്തോളം നിർണ്ണായകമായ ഒരു വേളയിലാണ് പാപ്പാ കാസാഖിസ്ഥാനിൽ എത്തിയിരിക്കുന്നതെന്ന വസ്തുതയും അദ്ദേഹം അനുസ്മരിച്ചു. ഇസ്ലാമിനോടുള്ള ഭയം, യഹൂദവിരുദ്ധത എന്നി ഭീകര പ്രതിഭാസങ്ങൾ അന്താരാഷ്ട്ര ചുറ്റുപാടുകളെയും നിരവധി നാടുകളുടെ ആഭ്യന്തര നയങ്ങളെയും വിഷലിപ്തമാക്കുന്നത് തുടരുന്ന അവസ്ഥയെക്കുറിച്ചും അതുപോലെതന്നെ നിരവധി നാടുകളിൽ ക്രൈസ്തവന്യൂനപക്ഷത്തെ നിർദ്ദയം ഇല്ലായ്മ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റിയും അദ്ദേഹം പരാമർശിച്ചു. സൂക്ഷിച്ചില്ലെങ്കിൽ നരവംശം വാസ്തവത്തിൽ ഇല്ലാതായിത്തീരുന്ന അപകടമുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി. സമാധാനം, സാമൂഹ്യ ഏകതാനത എന്നീ ആശയങ്ങൾക്കു പിന്നിൽ ജനതകളെ ഒറ്റക്കെട്ടായി നിറുത്താൻ ഭിന്ന മത സംസ്ക്കാരങ്ങൾ അവയുടെ അറിവും ഊർജ്ജവും ഒരുമായോടെ ഉപയോഗിക്കേണ്ടതിൻറെ സമയം സമാഗതമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മതനേതാക്കളുടെ സമ്മേളനത്തിൽ പാപ്പായുടെ സാന്നിദ്ധ്യം ആ സമ്മേളനത്തെ വലിയൊരു വിജയമാക്കിത്തീർക്കുമെന്ന തൻറെ ബോധ്യം പ്രസിഡൻറ് വെളിപ്പെടുത്തുകയും ചെയ്തു. പ്രസിഡൻറിൻറെ സ്വാഗതവാക്കുകളെ തുടർന്ന് പാപ്പായുടെ ഊഴമായിരുന്നു. പാപ്പാ പൗരാധികാരികളെയും നയതന്ത്ര പ്രതിനിധികളെയും സംബോധന ചെയ്തു.
കസാഖ്സ്ഥാനിലെ പാപ്പായുടെ കന്നി പ്രഭാഷണം അവസാനിച്ചതിനു ശേഷം പ്രസിഡൻറ് പാപ്പായ്ക്ക് ഒരിക്കൽകൂടി നന്ദിപറഞ്ഞു. കൂടിക്കാഴ്ച അവസാനിച്ചതിനെ തുടർന്ന് പാപ്പാ 4 കിലോമീറ്ററോളം അകലെയുള്ള അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്കു പോകുകയും അത്താഴം കഴിച്ച് ചൊവ്വാഴ്ച രാത്രി വിശ്രമിക്കുകയും ചെയ്തു.
ലോകമതങ്ങളുടെയും പാരമ്പര്യമതങ്ങളുടെയും നേതാക്കളുടെ ഏഴാം ലോക സമ്മേളനം
കാസാഖിസ്ഥാനിൽ തൻറെ രണ്ടാം ദിവസമായിരുന്ന ബുധനാഴ്ച രാവിലെ ഫ്രാൻസീസ് പാപ്പായുടെ പ്രഥമ ഔദ്യോഗിക പരിപാടി, സ്മാരക മന്ദിരമായ സ്വാതന്ത്ര്യത്തിൻറെ മന്ദിരത്തിൽ മതനേതാക്കളുമൊത്തുള്ള മൗനപ്രാർത്ഥനയായിരുന്നു. മൂന്നു നിലകളുള്ള ഈ മന്ദിരം നാല്പതിനായിരം ചതുരശ്രമീറ്റർ വിസ്തീർണ്ണം ഉള്ളതാണ്. ഈ മന്ദിരത്തിൽ മതനേതാക്കൾ സമ്മേളിച്ചിരുന്ന ശാലയിൽ ചക്രക്കസേരയിൽ എത്തിയ പാപ്പാ അവരോടൊപ്പം അല്പനേരം നിശബ്ദമായി പ്രാർത്ഥിച്ചു. ഇതോടെ ലോകമതങ്ങളുടെയും പാരമ്പര്യമതങ്ങളുടെയും നേതാക്കളുടെ ഏഴാം ലോകസമ്മേളനത്തിന് തുടക്കമായി. പ്രസിഡൻറ് കാസിം ജോമാർട്ട് തൊക്കയേവിൻറെ സ്വാഗത വാക്കുകളെ തുടർന്ന് പാപ്പാ മതനേതാക്കളെ സംബോധന ചെയ്തു. പ്രഭാഷണാന്തരം പാപ്പാ മതനേതാക്കളുമൊത്തു ഛായഗ്രഹണത്തിന് നില്കുകയും അതിനു ശേഷം വിവിധ മതങ്ങളുടെ നേതാക്കളുമായി സ്വകാര്യകൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇവരിൽ ഇസ്ലാം, യഹൂദ ക്രൈസ്തവ മതനേതാക്കൾ ഉൾപ്പെട്ടിരുന്നു. ഈ കൂടിക്കാഴ്ചകൾക്കു ശേഷം പാപ്പാ അപ്പൊസ്തോലിക് നൺഷിയേച്ചറിലേക്ക് കാറിൽ മടങ്ങി. അവിടെ ആയിരുന്നു പാപ്പായ്ക്ക് ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: