പനാമയിൽ നടന്ന ലോകയുവജന സംഗമ സമയത്ത് യുവജനങ്ങൾ ഒരു കുരിശ് ചുമക്കുന്നു (ഫയൽ ഫോട്ടോ). പനാമയിൽ നടന്ന ലോകയുവജന സംഗമ സമയത്ത് യുവജനങ്ങൾ ഒരു കുരിശ് ചുമക്കുന്നു (ഫയൽ ഫോട്ടോ). 

ആഗോള യുവജന ദിനത്തിനായുള്ള പാപ്പയുടെ സന്ദേശം: യുവജനങ്ങൾ എഴുന്നേറ്റ് മറിയത്തെപ്പോലെ മറ്റുള്ളവരിലേക്കെത്താ൯ തിടുക്കം കൂട്ടണം

പനാമയിൽ കഴിഞ്ഞ ആഗോള യുവജന ദിനത്തിന്റെ പ്രമേയമായ "ഞാൻ ദൈവത്തിന്റെ ദാസി, നിന്റെ വചനം പോലെ എന്നിൽ സംഭവിക്കട്ടെ " എന്ന വചനത്തിൽ നിന്ന് 2023 ലിസ്ബണിലെ യുവജന ദിനത്തിനുള്ള തന്റെ സന്ദേശം ആരംഭിക്കുന്ന പരിശുദ്ധ പിതാവ് ഹൃദയത്തിൽ തീയുമായി എഴുന്നേറ്റ് പുറപ്പെടാനുള്ള ആഹ്വാനമാണ് യുവജനങ്ങൾക്ക് നൽകുന്നത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

2020ൽ "യുവാവേ എഴുന്നേൽക്കുക" എന്ന വിഷയം ധ്യാനിക്കുകയും കഴിഞ്ഞ വർഷം "നിങ്ങൾ കണ്ടതിനു സാക്ഷ്യം വഹിക്കാൻ " പൗലോസ് അപ്പോസ്തലനെ നിയമിക്കുന്നതും ധ്യാനിച്ച ശേഷം പരിശുദ്ധ പിതാവ് വീണ്ടും യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പിന് ശേഷം "എഴുന്നേറ്റ് തിടുക്കത്തിൽ പുറപ്പെട്ട" പരിശുദ്ധ കന്യകയോടൊപ്പം ലിസ്ബണിലേക്ക് യാത്ര പുറപ്പെടുവാൻ യുവജനങ്ങളെ ക്ഷണിക്കുന്നു. ഈ മൂന്നു വിഷയങ്ങളിലും കാണുന്ന " എഴുന്നേൽക്കുക " എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പാപ്പാ തന്റെ സന്ദേശം നൽകിയത്. ആ പദം നമ്മുടെ മയക്കത്തിൽ നിന്ന് എഴുന്നേൽക്കാനും നമുക്കു ചുറ്റുമുള്ള ജീവിതത്തിലേക്ക് ഉണരാനുമാണെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു.

മഹാമാരി പരീക്ഷിച്ചതും യുദ്ധത്തിന്റെ ദുരന്തവും കൊണ്ട് നമ്മുടെ മനുഷ്യ കുടുംബം അസ്വസ്ഥമായ നേരത്ത് നമുക്ക് എല്ലാവർക്കും, പ്രത്യേകിച്ച് യുവജനങ്ങൾക്ക് സാമിപ്യത്തിന്റെയും കൂടിക്കാഴ്ചയുടേയും വഴികാട്ടുന്ന മാതൃകയാണ് മറിയമെന്ന് പാപ്പാ പറഞ്ഞു. ലിസ്ബണിൽ യുവജനങ്ങളായ അവർക്കുണ്ടാവുന്ന അനുഭവം അവർക്കും മനുഷ്യകുലത്തിന് മുഴുവനും ഒരു പുതിയ തുടക്കത്തെ പ്രതിനിധാനം ചെയ്യട്ടെ എന്ന് പാപ്പാ ആശംസിച്ചു.

മറിയം എഴുന്നേറ്റു

മംഗള വാർത്തയ്ക്കു ശേഷം തന്നിലേക്കും തന്റെ ആകുലതകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാതെ  എല്ലാം ദൈവത്തിന് സമർപ്പിച്ച മറിയത്തിന്റെ ചിന്തകൾ അവൾ തന്റെ ചാർച്ചക്കാരിയായ എലിസബത്തിലേക്ക് തിരിച്ചു. അവൾ എഴുന്നേറ്റ് ജീവനും ചലനവുമുള്ള ലോകത്തിലേക്ക് പുറപ്പെട്ടു എന്ന് പാപ്പാ പറഞ്ഞു. അവളുടെ പദ്ധതികളിൽ ഭൂകമ്പം സൃഷ്ടിച്ച മാലാഖയുടെ പ്രഖ്യാപനത്തിനു ശേഷം യുവതിയായ മറിയം സ്തംഭിച്ചു നിന്നില്ല കാരണം അവളിൽ ഉത്ഥാനത്തിന്റെയും ജീവന്റെയും ശക്തിയായ യേശു ഉണ്ടായിരുന്നു. ദൈവത്തിന്റെ പദ്ധതിയാണ് അവൾക്കുള്ള ഏറ്റം നല്ല പദ്ധതിയെന്ന് അവൾക്ക് തീർച്ചയുണ്ടായിരുന്നു. മറിയം ദൈവത്തിന്റെ ആലയമായിമാറിക്കൊണ്ട്, സേവനത്തിനായി ഇറങ്ങി പുറപ്പെടുന്ന, സകലർക്കും സദ്വാർത്ത പകരുന്ന  തീർത്ഥാടക സഭയുടെ പ്രതിരൂപമായി മാറി.

ഉത്ഥിതനായ യേശുവിന്റെ സാന്നിധ്യം നമ്മുടെ ജീവിതത്തിൽ അനുഭവിക്കുകയും അവനെ "ജീവിക്കുന്ന"വനായി കണ്ടു മുട്ടുകയും ചെയ്യുകയാണ് ഏറ്റം വലിയ ആത്മീയ സന്തോഷം. സദ്വാർത്ത അറിയിക്കാനുള്ള  മറിയത്തിന്റെയും ആദ്യ ശിഷ്യരുടേയും തിടുക്കത്തിലുള്ള പുറപ്പെടലിനു കാരണം ഇതാണ് എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. ഉത്ഥാനത്തിന്റെ വിവരണങ്ങളിലെല്ലാം " ഉണരുക " "എഴുന്നേൽക്കുക " എന്ന രണ്ട് പദങ്ങൾ കാണുന്നു. നമ്മളും കർത്താവിന്റെ ശിഷ്യരെന്ന നിലയിലും ക്രൈസ്തവ സമൂഹമെന്ന നിലയിലും ഉടൻ എഴുന്നേൽക്കാനും, ഉത്ഥാന രഹസ്യത്തിൽ കടക്കാനും, അവൻ ആഗ്രഹിക്കുന്ന വഴിയിലൂടെ അവനാൽ നയിക്കപ്പെടാനും വിളിക്കപ്പെട്ടിരിക്കുന്നു എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മറിയം ചലനത്തിന്റെ പാതയിലായിരിക്കുന്ന യുവതീ യുവാക്കൾക്ക് ഒരു മാതൃകയാണ് കാരണം അവൾ ഉയിർപ്പിന്റെ വനിതയാണ്, തുടർച്ചയായ ഒരു പുറപ്പെടലിൽ, തന്നിൽ നിന്ന് ദൈവത്തിലേക്കും, മറ്റുള്ളവരിലേരും, പ്രത്യേകിച്ച് ഏറ്റം അത്യാവശ്യക്കാരിലേക്കും കടന്നു ചെല്ലുന്നു, പാപ്പാ പറഞ്ഞു.

തിടുക്കത്തിൽ ചെന്നു

പരിശുദ്ധാത്മാവിന്റെ കൃപ ഒരു കാലതാമസവും അനുവദിക്കുന്നില്ല. മറിയത്തിന്റെ തിടുക്കം എന്നത് സേവനം ചെയ്യാനുള്ള അവളുടെ ആഗ്രഹത്തിന്റെയും, സന്തോഷം പ്രഘോഷിക്കാനും പരിശുദ്ധാത്മാവിന്റെ കൃപയോടു മടികൂടാതെ പ്രതികരിക്കാനുമുള്ള ആഗ്രഹത്തിന്റെയും അടയാളമാണ്.

അവളെക്കാളേറെ മറിയം മറ്റുള്ളവരെ കുറിച്ച് ചിന്തിച്ചു. അത് അവളുടെ ജീവിതത്തിന് ദിശാബോധവും ഉൽസാഹവും പകർന്നു എന്നു പറഞ്ഞ പാപ്പാ മറ്റുള്ളവരുടെ ആവശ്യങ്ങളോടു  നമ്മൾ എങ്ങനെ പ്രതികരിക്കുമെന്ന് ചിന്തിക്കാൻ ആവശ്യപ്പെട്ടു. ലോകത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയില്ല എങ്കിലും നമുക്കടുത്തുള്ളവരുടെയും നമ്മുടെ സമൂഹത്തിന്റെയും പ്രശ്നങ്ങളിൽ നിന്നും ആരംഭിക്കാൻ കഴിയും, പാപ്പാ പറഞ്ഞു. യഥാർത്ഥവും അടിയന്തിരവുമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ നമ്മൾ തിടുക്കത്തിൽ പ്രതികരിക്കേണ്ടിയിരിക്കുന്നു എന്നു പറഞ്ഞ പാപ്പാ എന്തു തരത്തിലുള്ള തിടുക്കമാണ് നമുക്കുള്ളതെന്ന് പരിശോധിക്കാനും ആവശ്യപ്പെട്ടു. കർത്താവിൽ നിന്ന് അസാധാരണവരങ്ങൾ സ്വീകരിച്ച് അത് പങ്കുവയ്ക്കാൻ നിർബന്ധിതരാവുന്നവരുടെയും തങ്ങളനുഭവിച്ച ആ കൃപ മറ്റുള്ളവരിലേക്ക് ചൊരിയാൻ ആഗ്രഹിക്കുന്നവരുടെയും തിടുക്കമാണ് നസ്രത്തിലെ ആ യുവതിയിൽ കാണുന്നത്. മറ്റുള്ളവരുടെ ആവശ്യങ്ങൾ സ്വന്തം ആവശ്യങ്ങൾക്ക് മുന്നിൽ വയ്ക്കുന്നവരുടെ തിടുക്കമാണത്. കൂടിക്കാഴ്ചയിലൂടെയും, പങ്കുവയ്ക്കലിലൂടെയും, സ്നേഹത്തിലൂടെയും സേവനത്തിലൂടെയും എല്ലാ ബന്ധങ്ങളിലും വച്ച് ഏറ്റം ശുദ്ധമായത് കണ്ടെത്താൻ അവൾ പുറപ്പെടുന്നു.

മംഗള വാർത്തയ്ക്ക് ശേഷം മറിയം ആരംഭിച്ച സഹായമാവശ്യമുള്ളവരെ തേടിയുള്ള തന്റെ യാത്ര അവൾ ഒരിക്കലും അവസാനിപ്പിച്ചിട്ടില്ല. ഭൂമിയിൽ അവൾ സന്ദർശിക്കാത്തയിടമില്ല എന്നും പാപ്പാ വിശദീകരിച്ചു.

ആരോഗ്യപരമായ തിടുക്കം

തിടുക്കം വരുത്താവുന്ന ആരോഗ്യപരവും അനാരോഗ്യപരവുമായ കാര്യങ്ങളെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ ആരോഗ്യപരമായ തിടുക്കം ദൈവത്തിലേക്കും മറ്റുള്ളവരിലേക്കും നമ്മെ നയിക്കുമെന്ന് ചൂണ്ടിക്കാണിച്ചു.

മറിയം എലിസബത്തിനെ സന്ദർശിക്കുമ്പോൾ അവിടെ സംഭവിച്ച പരിശുദ്ധാത്മാവിന്റെ കവിഞ്ഞൊഴുകൽ മറ്റുള്ളവരെ കേന്ദ്രത്തിൽ നിറുത്തുമ്പോൾ ഉണ്ടാവുന്ന ഒന്നാണെന്ന് വ്യക്തമാക്കിയ പാപ്പാ യുവജനങ്ങളോടു മറിയത്തെയും എലിസബത്തിനെയും പോലെ യാർത്ഥമായ കൂടികാഴ്ചയിലേക്കും നമ്മിൽ നിന്ന് വ്യത്യസ്തരായവരെ യഥാർത്ഥമായി സ്വീകരിക്കാനും ഇറങ്ങിപ്പുറപ്പെടാൻ ആവശ്യപ്പെട്ടു. വിഘടിതവും വിഭജിക്കപ്പെട്ടതുമായ മനുഷ്യ കുടുംബത്തിന് ഐക്യത്തിന്റെ പുത്തൻ പ്രത്യാശയാണ് യുവജനങ്ങൾ, പാപ്പാ പറഞ്ഞു. മുതിർന്നവരുടെ സ്വപ്നങ്ങളെയും ദുരന്തങ്ങളെയും ശ്രവിക്കാനും ആ ഓർമ്മ നിലനിറുത്താനും കഴിഞ്ഞാൽ മാത്രമേ ഇത് സാധ്യമാകൂ എന്നും പാപ്പാ കൂട്ടിച്ചേർത്തു. അതിനാൽ ചരിത്രത്തിന്റെ പാഠങ്ങൾ മറക്കാതിരിക്കാൻ മുതിർന്നവരും യുവാക്കളും തമ്മിൽ ഉണ്ടാവേണ്ട ഒരു ഉടമ്പടിയുടെ ആവശ്യകതയും പാപ്പാ എടുത്തു പറഞ്ഞു.

എല്ലാ യുഗത്തിലും മനുഷ്യ കുലം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്കു ദൈവത്തിന്റെ ഉത്തരമാണ് യേശു. മറിയം ആ ഉത്തരം അവളിൽ വഹിച്ചുകൊണ്ട് എലിസബത്തിനെ സന്ദർശിച്ചു. യുവജനങ്ങൾക്കുള്ള തന്റെ സന്ദേശവും യേശുവാണ് എന്നു പറഞ്ഞ പരിശുദ്ധ പിതാവ് എങ്ങനെയാണ് ആ വലിയ കൃപയെ നമ്മുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യേണ്ടതെന്നും, മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടതെന്നും അങ്ങനെ ക്രിസ്തുവിനേയും, അവന്റെ കരുണാദ്രസ്നേഹത്തേയും ഉദാരമായ സേവനത്തെയും നമ്മുടെ മുറിവേറ്റ മനുഷ്യകുലത്തിന് നൽകാൻ മാതൃക മറിയമാണെന്നും ചൂണ്ടിക്കാണിച്ചു.

എല്ലാവരും ലിസ്ബണിലേക്ക്

ലിസ്ബണിലെ ലോകയുവജന ദിനം ദൈവത്തെയും നമ്മുടെ സഹോദരീസഹോദരരെയും കണ്ടു മുട്ടുന്നതിന്റെ സന്തോഷം നവീകരിക്കുന്ന ഒരനുഭവമാകട്ടെ എന്ന് യുവജനങ്ങൾക്ക് ആശംസകളർപ്പിച്ച പാപ്പാ നീണ്ട കാലത്തെ സാമൂഹിക അകലവും ഒറ്റപ്പെടലിനും ശേഷം ദൈവത്തിന്റെ സഹായത്താൽ നമ്മൾ ലിസ്ബണിൽ ജനതകളും തലമുറകളും തമ്മിൽ സാഹോദര്യത്തിന്റെ പുണരൽ കണ്ടെത്തുമെന്നും, അത് അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പുതിയ പ്രേഷിത സാഹോദര്യത്തിന്റെ ഒരു പുണരലായിരിക്കുമെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. പരിശുദ്ധാത്മാവ് അവരുടെ ഹൃദയങ്ങളിൽ എഴുന്നേൽക്കാനും, ഒരുമിച്ചു സിനഡൽ രീതിയിൽ സഞ്ചരിക്കാനുള്ള സന്തോഷം ജനിപ്പിക്കട്ടെയെന്നും ആശംസിച്ചു. മറിയത്തെ പോലെ തിടുക്കത്തിൽ എഴുന്നേറ്റ് പുറപ്പെടാനുള്ള സമയമായി എന്ന് ഓർമ്മിപ്പിപ്പിച്ചു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 September 2022, 13:11