രാഷ്ട്രീയം എന്താണ് എന്നതിനെക്കുറിച്ചുള്ള മാർപ്പാപ്പായുടെ വീക്ഷണം !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
രാഷ്ട്രീയം ഒരു മഹത്തായ വിളിയും കലയും ആണെന്ന് മാർപ്പാപ്പാ.
ത്രിദിന ഇടയസന്ദർശനം കഴിഞ്ഞ് കസാഖ്സ്ഥാനിൽ നിന്ന് റോമിലേക്കുള്ള മടക്കയാത്രയിൽ പതിനഞ്ചാം തീയതി വ്യാഴാഴ്‌ച (15/09/22) ഫ്രാൻസീസ് പാപ്പാ ഈ ഇടയസന്ദർശനവേളയിലുടനീളം തന്നെ അനുഗമിച്ച മാദ്ധ്യമപ്രവർത്തകരുമായി വിമാനത്തിൽ വച്ച് സംവദിക്കുകയായിരുന്നു.
ഉക്രയിൻ യുദ്ധം, ആയുധക്കടത്ത്, പ്രതിരോധത്തിൻറെ ധാർമ്മികത, മൂല്യച്ഛ്യുതി തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നല്കിയ പാപ്പാ, ഇറ്റലിയിൽ നിലവിലുള്ള രാഷ്ട്രീയ പ്രതിസസന്ധിയുടെ പശ്ചാത്തലത്തിൽ പുതിയൊരു സർക്കാരിൻറെ രൂപീകരണത്തിനായി ഈ ഇരുപത്തിയഞ്ചിന് (25/09/22) നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് “ല റെപുബ്ലിക്ക” എന്ന ഇറ്റാലിയൽ ദിനപ്പത്രത്തിൻറെ ലേഖകൻ യാക്കൊപ്പൊ സ്കരമൂത്സി രാഷ്ട്രീയ നേതൃത്വത്തിനുണ്ടായിരിക്കേണ്ട മുൻഗണനകൾ, ഒഴിവാക്കേണ്ട അപകടങ്ങൾ, ഗതകാലാനുഭവങ്ങളിൽ നിന്നു പഠിക്കേണ്ടവ, പാപ്പായുടെ ആശങ്കകൾ തുടങ്ങിയവയെക്കുറിച്ചുന്നയിച്ച ചോദ്യത്തിന് മറുപടി നല്കവെയാണ് രാഷ്ട്രീയത്തിൻറെ ശ്രേഷഠഭാവത്തെക്കുറിച്ച് പരാമർശിച്ചത്.
വ്യക്തിതാല്പര്യസംരക്ഷണത്തിനുവേണ്ടിയല്ല പ്രത്യുത, നാടിൻറെ മഹത്തായ മൂല്യങ്ങൾക്കുവേണ്ടിയാണ് ഒരു രാഷ്ട്രീയക്കാരൻ നിലകൊള്ളേണ്ടതെന്ന് പാപ്പാ പറഞ്ഞു. ഒരു കലയായ രാഷ്ട്രീയം നിർവ്വഹിക്കാൻ കഴിവുറ്റവരെയാണ് നാടുകൾ തേടേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ഉപവിയുടെ ഏറ്റം ഉന്നതമായ രൂപങ്ങളിൽ ഒന്നാണ് രാഷ്ട്രീയം എന്ന, തൻറെ മുൻഗാമികളിൽ ഒരാളുടെ വാക്കുകൾ അനുസ്മരിച്ച പാപ്പാ ഉന്നത രാഷ്ട്രീയ നിലവാരം പുലർത്താൻ രാഷ്ട്രീയക്കാരെ സഹായിക്കാൻ നാം പരിശ്രമിക്കണമെന്ന് പറഞ്ഞു. ജനനനിരക്ക് കുറയുന്നത്, വ്യവസായിക വളർച്ച പാരിസ്ഥിതികപുരോഗതി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നം, കുടിയേറ്റപ്രശ്നം തുടങ്ങിവയെ ഇന്ന് യൂറോപ്പിലെ നാടുകളുടെ രാഷ്ട്രീയം നേരിടേണ്ടിയിരിക്കുന്നു എന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടി. പ്രശ്നങ്ങളെ ഗൗരവബുദ്ധിയോടെ അഭിമുഖീകരിക്കേണ്ടത് മുന്നേറ്റത്തിന് ആവശ്യമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. മറ്റുള്ളവരുടെ അനുഭവങ്ങളോട് ഓരോ ഭൂഖണ്ഡവും തുറവുകാട്ടണമെന്ന് പാപ്പാ ഓർമ്മപ്പെടുത്തുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: