പാപ്പാ: ദാരിദ്ര്യത്തിനെതിരെ നാം ഒറ്റക്കെട്ടായി പോരാടണം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇന്നത്തെയും നാളത്തെയും തലമുറകളുടെ യഥാർത്ഥ നന്മയ്ക്കായി സാഹോദര്യം, ഏകാതാനത, പരസ്പര സഹകരണം എന്നിവയ്ക്ക് പ്രാഥമ്യം കല്പിച്ചുകൊണ്ട് പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകൃഷി സംഘടനയോടും (എഫ് എ ഒ- FAO) ഇതര സർക്കാരന്തര സംഘടനകളോടും കൈകോർത്തു നീങ്ങാനുള്ള പരിശുദ്ധസിംഹാസനത്തിൻറെയും കത്തോലിക്കാസഭയുടെയും പ്രതിബദ്ധത മാർപ്പാപ്പാ നവീകരിക്കുന്നു.
അനുവർഷം ഒക്ടോബർ 16-ന് ആചരിക്കുന്ന ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് റോം ആസ്ഥാനമായുള്ള ഭക്ഷ്യകൃഷി സംഘടനയുടെ മേധാവി കു ദോംഗയൂ-ന് (Qu Dongyu) വെള്ളിയാഴ്‌ച (14/10/22) നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ പരിശുദ്ധസിംഹാസനത്തിൻറെയും കത്തോലിക്കാസഭയുടെയും ഈ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിൻറെ പശ്ചാത്തലത്തിൽ ദാരിദ്ര്യവും പട്ടിണിയും മൂലം അടിച്ചമർത്തപ്പെട്ട അനേകമാളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ജന്മംകൊണ്ട എഫ് എ ഒ-യുടെ എഴുപത്തിയേഴാം സ്ഥാപനവാർഷികമാണ് ഇക്കൊല്ലം എന്നതും പാപ്പാ തൻറെ സന്ദേശത്തിൽ അനുസ്മരിക്കുന്നു.
മൂന്നാം ലോക യുദ്ധം എന്ന് നിർവ്വചിക്കാവുന്ന ഒരു യുദ്ധകാലഘട്ടത്തിലാണ് നാമിപ്പോൾ ജിവിക്കുന്നതെന്നും ലോകം യുദ്ധാവസ്ഥയിലാണെന്നത് നമ്മെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും പാപ്പാ പറയുന്നു.
"ആരേയും അവഗണിക്കരുത്. മെച്ചപ്പെട്ട ഉൽപ്പാദനം, മികച്ച പോഷണം, മെച്ചപ്പെട്ട പരിസ്ഥിതി, എല്ലാവർക്കും മെച്ചപ്പെട്ട ജീവിതം” എന്ന വിചിന്തന പ്രമേയം ഇക്കൊല്ലത്തെ ലോക ഭക്ഷ്യ ദിനം സ്വീകരിച്ചിരിക്കുന്നതിനെക്കുറിച്ചു പരാമർശിക്കുന്ന പാപ്പാ, ആരെയും പിന്നോട്ടു തള്ളാതെ നാം ഒത്തൊരുമിച്ചു പ്രവർത്തിക്കുകയും ഒരുമിച്ചു ചരിക്കുകയും ചെയ്യാത്ത പക്ഷം, മാനവരാശിയെ ബാധിക്കുന്ന നിരവധിയായ പ്രതിസന്ധികളെ നേരിടാൻ സാധിക്കില്ല എന്ന മുന്നറിയിപ്പു നല്കുന്നു.
ആകയാൽ ലക്ഷ്യപ്രാപ്തിക്ക്, സർവ്വോപരി, നാം മറ്റുള്ളവരെ നമ്മുടെ സഹോദരങ്ങളായി, നമ്മുടെ ഒരേ മാനവകുടുംബത്തിലെ അംഗങ്ങളായി കാണേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പാപ്പാ വ്യക്തമാക്കുന്നു.
അവരിൽ ഓരോരുത്തരുടെയും കഷ്ടപ്പാടുകളും ആവശ്യങ്ങളും നമ്മെ എല്ലാവരെയും ബാധിക്കുന്നുവെന്നും പാപ്പാ പലോസപ്പോസ്തൊലൻ കോറിന്തോസുകാർക്കെഴുതിയ ലേഖനം പന്ത്രണ്ടാം അദ്ധ്യായത്തിലെ ഇരുപത്തിയാറാമത്തെതായ, "ഒരവയവം വേദനയനുഭവിക്കുമ്പോൾ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നു" (1 Cor 12:26) എന്ന വാക്യം ഉദ്ധരിച്ചുകൊണ്ട് വിശദീകരിക്കുന്നു.
നീതിപൂർവ്വകവും ശാശ്വതവുമായ പരിഹാരങ്ങൾ ഉണ്ടാകേണ്ടതിന്, ദാരിദ്ര്യ പ്രശ്‌നത്തെ സംഘാതമായും എല്ലാ തലങ്ങളിലും നേരിടേണ്ടതിൻറെ അടിയന്തര പ്രാധാന്യം ആവർത്തിച്ചു പറയേണ്ടത് ആവശ്യമാണെന്നും മതിയായ ഭക്ഷണത്തിൻറെ അഭാവവുമായി ദാരിദ്ര്യം അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പറയുന്നു.
അതിമോഹപരവും അപ്രാപ്യവുമായ ലക്ഷ്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നതെന്ന പ്രതീതിയാണ് ഉണ്ടാകുന്നതെങ്കിലും ലക്ഷ്യപ്രാപ്തിക്ക് പ്രഥമതഃ ഓരോ തന്ത്രത്തിൻറെയും അച്ചുതണ്ട് ഒരു നിശ്ചിത പ്രദേശത്തു വസിക്കുന്നവരും മൂർത്തമായ ചരിത്രവും മുഖവുമുള്ളവരുമായ ആളുകളായിരിക്കണമെന്നും അല്ലാതെ, അവരെ, അനന്തമായ സംഖ്യകളോ വിവര ശേഖരമൊ സ്ഥിതിവിവരക്കണക്കുകളോ ആയിരിക്കാണരുതെന്നും പാപ്പാ വ്യക്തമാക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: