ബഹറനിലെ പാപ്പയുടെ യാത്രയിൽ  പകർത്തപ്പെട്ട ചിത്രം. ബഹറനിലെ പാപ്പയുടെ യാത്രയിൽ പകർത്തപ്പെട്ട ചിത്രം. 

കർദ്ദിനാൾ ടാഗ്ലേ: ബഹറനിലെ പാപ്പയുടെ യാത്ര സമാധാനത്തിന്റെ തീർത്ഥയാത്ര

ഫ്രാൻസിസ് പാപ്പയുടെ ബഹറിൻ രാജ്യത്തിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിന്റെ പൈതൃകത്തെയും സ്വാധീനത്തെയും കുറിച്ച് കർദ്ദിനാൾ ടാഗ്ലേ സംസാരിച്ചു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കർദിനാൾ ലൂയിസ് അന്തോണിയോ ടാഗ്ലെ ബഹറിൻ രാജ്യത്തിലേക്കുള്ള നാലു ദിവസത്തെ അപ്പസ്തോലിക സന്ദർശനത്തിൽ ഫ്രാൻസിസ് പാപ്പയെ അനുഗമിച്ച സംഘത്തിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ ബഹറനിൻ യാത്രയെ കുറിച്ചും അതിനെ അജപാലനത്തിന്റെയും, ആത്മീയതയുടെയും  പ്രാധാന്യത്തെക്കുറിച്ചും കർദ്ദിനാൾ  പങ്കുവച്ചു.

ഈ അപ്പോസ്തോലിക യാത്രയെ തീർത്ഥാടനം എന്ന് വിശേഷിപ്പിച്ച കർദ്ദിനാൾ, പാപ്പാ സംസാരിച്ചതെല്ലാം ദൈവത്തെ കുറിച്ചും പ്രാർത്ഥനയെ കുറിച്ചുമായിരുന്നുവെന്നും സൂചിപ്പിച്ചു.

പാപ്പായുടെ പരിപാടികളിൽ സാംസ്കാരികവും രാഷ്ട്രീയവുമായ നിഴലുകളും ധാരാളം പ്രതീകാത്മകതയുണ്ടെന്ന് പറഞ്ഞ കർദ്ദിനാൾ ടാഗ്ലേ എന്നാൽ എല്ലാത്തിന്റെയും അവസാനം അവ യഥാർത്ഥത്തിൽ ഏക ദൈവത്തോടുള്ള പ്രാർത്ഥനയ്ക്കും ആരാധനയ്ക്കുമുള്ള ഒരു ആഹ്വാനമായിരുന്നു എന്ന് എടുത്തു പറഞ്ഞു.

അന്തർ വിശ്വാസ സംവാദവും കത്തോലിക്ക വിശ്വാസവും

ഈ യാത്രയുടെ രണ്ടു പ്രധാനപ്പെട്ട വശങ്ങൾ മതാന്തര ചർച്ചകളും  ഗൾഫ് മേഖലയിലെ ന്യൂനപക്ഷ കത്തോലിക്കരുടെ വിശ്വാസം ഉറപ്പിക്കുന്നതുമായി ബന്ധപ്പെട്ടതുമായിരുന്നു എന്ന് കർദ്ദിനാൾ വിശദീകരിച്ചു.

ക്രൈസ്തവരിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ പോലും പാപ്പാ എക്യുമനിസത്തിന്റെയും ഭിന്നതകളെ മറികടക്കേണ്ടതിന്റെ ആവശ്യകതയുടെയും പ്രകാശം ചൊരിഞ്ഞു എന്നും അവിടത്തെ കത്തോലിക്ക സഭയുടെ സ്ഥാപനങ്ങൾ അക്രൈസ്തവർക്കും വേണ്ടി തുറന്നിട്ടിരിക്കുകയാണെന്ന വസ്തുത ചൂണ്ടിക്കാണിച്ചു കൊണ്ട് നമ്മുടെ വിദ്യാലയങ്ങളിലും ആശുപത്രികളിലും ഒരു ഭവനം നൽകാനും എല്ലാ വ്യക്തികൾക്കും ഏത് സേവനവും നൽകാനും ഫ്രാൻസിസ് പാപ്പാ  കത്തോലിക്കരെ പ്രോത്സാഹിപ്പിക്കുന്നു എന്ന്  കർദ്ദിനാൾ അടിവരയിട്ടു.

വൈദികരും സമർപ്പിതരും അവരുടെ അജപാലന ശുശ്രൂഷ നിർവ്വഹിക്കുന്ന ഗൾഫിലെ ഈ പ്രദേശം ശരിക്കും ഒരു പ്രേക്ഷിത സ്ഥലമാണെന്ന് കർദ്ദിനാൾ ടാഗ്ലേ എടുത്തു പറഞ്ഞു.  എന്നാൽ അവിടെ ജോലി തേടി വന്ന അൽമായരാണ് അവിടുത്തെ ഏറ്റവും വലിയ പ്രേക്ഷിത എന്നും അവർ അവിടെ ഒരു  മിഷൻ കണ്ടെത്തുകയും അതിൽ അവർ നന്നായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടെന്നും കർദ്ദിനാൾ അഭിപ്രായപ്പെട്ടു.

ഒരു വലിയ ഉത്തേജനം

ഫ്രാൻസിസ് പാപ്പാ ബഹറിനിലേക്ക് നടത്തിയ സന്ദർശനത്തിന്റെ പൈതൃകത്തെയും സ്വാധീനത്തെയും കുറിച്ച് പറഞ്ഞ കർദ്ദിനാൾ ഇത് അവിടത്തെ കത്തോലിക്കർക്ക് വലിയ വലിയ പ്രോത്സാഹനവും ഉത്തേജനവുമാണെന്ന് പങ്കുവച്ചു.

ബഹറിനിൽ ജോലിചെയ്യുന്ന അൽമായരിൽ നിന്ന് പോലും അദ്ദേഹം കേട്ടത് അവരുടെ അവിടുത്തെ സാന്നിധ്യത്തിൽ, ബന്ധങ്ങളിൽ, അവരുടെ ജോലിയിൽ, അവർ കൂടുതൽ ശക്തിപ്പെട്ടവരായി എന്നു പറഞ്ഞതാണെന്ന് കർദ്ദിനാൾ വെളിപ്പെടുത്തി. ഈ സന്ദർശനത്തിന് അദൃശ്യമായ പല ഫലങ്ങളും ഇനിയും  ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ കർദ്ദിനാൾ അവിടെ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ജനങ്ങൾ ഒരു മാറ്റത്തിന്റെ സാക്ഷ്യമാകുമെന്നും  അടിവരയിട്ടു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 November 2022, 13:48