ബഹറിൻ സംവാദവേദിയിൽ പാപ്പാ : മാനവകുലത്തെ സഹായിക്കാൻ മതനേതാക്കൾക്ക് കടമയുണ്ട്
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
സങ്കുചിത താൽപ്പര്യങ്ങളും യുദ്ധവും കൊണ്ട് മുന്നോട്ട് പോയി കൊണ്ടിരിക്കുന്ന ഒരു ലോകത്ത്, മുറിവേറ്റ നമ്മുടെ മനുഷ്യകുടുംബത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും മതനേതാക്കൾ ഒരു നല്ല മാതൃക കാണിക്കണമെന്നും സ്വയം പ്രതിബദ്ധതരാകണമെന്നും പാപ്പാ പറഞ്ഞു.
ബഹറിനിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയുടെ ആദ്യ ദിവസം സഖിർ റോയൽ പാലസിലെ അൽ-ഫിദ സ്‌ക്വയറിൽ വച്ച് നവംബർ 4-ന് സംവാദത്തിനായുള്ള ബഹറിൻ വേദിയിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ പ്രസംഗത്തിന്റെ കാതൽ ഇതായിരുന്നു.
ബഹറിൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും പ്രാദേശിക സഭയും ചേർന്ന് നടത്തിയ ബഹറിൻ സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ച പാപ്പായുടെ 39-മത് അപ്പസ്തോലിക യാത്രയാണ് ഇത്. ഈ വേദിയിൽ പങ്കെടുക്കുന്നതിനും ജനസംഖ്യയുടെ നാല് ശതമാനത്തോളം വരുന്ന രാജ്യത്തെ ചെറിയ കത്തോലിക്കാ സമൂഹവുമായി സാമീപ്യം പ്രകടിപ്പിക്കുന്നതിനുമായാണ് പാപ്പാ മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ബഹറിൻ സന്ദർശിക്കുന്നത്.
അടിയന്തര അഭ്യർത്ഥനകൾ
മധ്യ കിഴക്കൻ ഗൾഫ് രാഷ്ട്രത്തിൽ നടത്തിയ പ്രസംഗത്തിൽ, ഫ്രാൻസിസ് പാപ്പാ യുദ്ധത്തെ അപലപിക്കുകയും യഥാർത്ഥ മതസ്വാതന്ത്ര്യത്തിനായി ശക്തമായ അഭ്യർത്ഥന നടത്തുകയും സ്ത്രീകളുടെ അംഗീകാരം, കുട്ടികളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കൽ, പൗരത്വ സങ്കൽപ്പം എന്നീ "അടിയന്തിര വിദ്യാഭ്യാസ മുൻഗണനകൾ" ഉയർത്തിക്കാട്ടുകയും ചെയ്തു.
"മനുഷ്യ സഹവർത്തിത്വത്തിന് കിഴക്കും പടിഞ്ഞാറും" എന്ന വിഷയത്തിൽ ബഹറിൻ രാജാവിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംവാദ വേദിയിലേക്ക് തന്നെ ക്ഷണിച്ചതിന് പരിശുദ്ധ പിതാവ് നന്ദി പറഞ്ഞുകൊണ്ടാണ് തന്റെ സന്ദേശം ആരംഭിച്ചത്.
മനുഷ്യത്വം മുമ്പെങ്ങുമില്ലാത്തവിധം ഐക്യപ്പെടുന്നതിനെക്കാൾ വിഘടിച്ച് നിൽക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നതെന്ന് പാപ്പാ വേദം പ്രകടിപ്പിച്ചു.
ഒറ്റപ്പെടുത്തൽ മനോഭാവത്തെ തിരസ്കരിക്കുക
“രണ്ട് ഭയാനകമായ ലോകമഹായുദ്ധങ്ങൾക്കും, പതിറ്റാണ്ടുകൾ ലോകത്തെ സന്ദിഗ്സ്ഥാവസ്ഥയിൽ നിറുത്തിയ ഒരു ശീതയുദ്ധ ത്തിനും ശേഷം, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുന്ന വിനാശകരമായ സംഘട്ടനങ്ങൾ, ആരോപണങ്ങളുടെയും ഭീഷണികളുടെയും അപലപനങ്ങളുടെയും മധ്യേ നാം ഒരിക്കലും വീഴാൻ ആഗ്രഹിക്കാത്ത ഒരു പതനത്തിന്റെ വക്കിലാണ് നമ്മെ തന്നെ കണ്ടെത്തുന്നതെന്ന് പാപ്പാ ഓർമ്മപ്പെടുത്തി.
പരസ്പരം മനസ്സിലാക്കുന്നതിനേക്കാൾ സംഘർഷങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുകയും സ്വാർത്ഥമായ സ്വന്തം മാതൃകകൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്നത് തീയും മിസൈലും ബോംബും കൊണ്ട് മരണവും വെറുപ്പും ഉണ്ടാക്കുന്ന ഒരുതരം കുട്ടികളിയാണ് നമുക്ക് ചുറ്റും നാം കാണുന്നതെന്നു വിമർശിച്ച പാപ്പാ പാവങ്ങളുടെ സ്വരം ശ്രവിക്കാനും എല്ലാവരും ഒരുമിച്ച് വരാനും ആഹ്വാനം ചെയ്തു. ദൈവത്തിൽ വിശ്വസിക്കുന്ന സ്ത്രീ പുരുഷന്മാർ എന്ന നിലയിൽ അവിടെ സന്നിഹിതരായിരുന്നവരോട് ഒറ്റപ്പെടുത്തൽ മനോഭാവം ഉപേക്ഷിക്കാൻ പാപ്പാ ആവശ്യപ്പെട്ടു.
മത നേതാക്കൾ ഒരു നല്ല മാതൃകയാവണം
സംഘർഷങ്ങൾ ഉടലെടുക്കുമ്പോൾ മറഞ്ഞു കിടക്കുന്ന മറ്റു ദുരിതങ്ങളെ നാം കാണാതിരിക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഭൂമിയിലെ ഭൂരിഭാഗം ജനങ്ങളും അനുഭവിക്കുന്നഅനീതി, പട്ടിണി, കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടാവുന്ന ദുരന്തങ്ങൾ എന്നിവ നമ്മുടെ പൊതു ഭവനത്തെ വേണ്ടത്ര പരിരക്ഷിക്കാത്തതിന്റെ അടയാളമാണ്. ഇത്തരം കാര്യങ്ങളിൽ മത നേതാക്കൾ തീർച്ചയായും പ്രതിബദ്ധതയുള്ളവരും മാതൃകകളുമായിരിക്കണമെന്ന് മത നേതാക്കളുടെ ഉത്തരവാദിത്വവും പങ്കും അടിവരയിട്ടു കൊണ്ട് പാപ്പാ പറഞ്ഞു.
മൂന്നു വെല്ലുവിളികൾ
മനുഷ്യ സാഹോദര്യത്തിന്റെ പ്രമാണത്തിൽ നിന്നും ബഹറിൻ രാജ്യത്തിന്റെ പ്രഖ്യാപനത്തിൽ നിന്നും ഇരുത്തിരിയുന്നതും സംവാദ വേദിയിൽ പ്രതിഫലിച്ചതുമായ മൂന്നു വെല്ലുവിളികളെ പാപ്പാ എടുത്തു പറഞ്ഞു. അവ പ്രാർത്ഥന, വിദ്യാഭ്യാസം, പ്രവർത്തനം എന്നിവയായിരുന്നു
പ്രാർത്ഥന
പ്രാർത്ഥനയെക്കുറിച്ച് ആദ്യം പ്രതിപാദിച്ച പാപ്പാ അത് മനുഷ്യ ഹൃദയങ്ങളെ സ്പർശിക്കുന്നതിനാൽ പ്രാർത്ഥന അത്യുന്നതനിലേക്കുള്ള നമ്മുടെ ഹൃദയത്തിന്റെ തുറവാണെന്നും, സ്വാർത്ഥതയിൽ നിന്നും, മനസ്സ് അടച്ചുട്ടുന്നതിൽ നിന്നും, സ്വയം സൂചകത്വത്തിൽ നിന്നും, കളവിലും , അനീതിയിലും നിന്നും നമ്മെത്തന്നെ ശുദ്ധീകരിക്കാൻ അതാവശ്യമാണെന്നും വിശദീകരിച്ചു.
പ്രാർത്ഥിക്കുന്നവർക്ക് ഹൃദയസമാധാനം ലഭിക്കുമെന്നും സമാധാനത്തിന് സാക്ഷ്യം വഹിക്കാതിരിക്കാൻ കഴിയില്ല എന്നും തങ്ങളുടെ മാതൃകയിൽ മറ്റുള്ളവരെ ആകർഷിക്കാതിരിക്കാൻ കഴിയില്ല എന്നും ഫ്രാൻസിസ് പാപ്പാ എടുത്തു പറഞ്ഞു. മതവിശ്വാസികൾ മറ്റുള്ളവരെ സ്വർഗ്ഗത്തിലേക്ക് കണ്ണുകളുയർത്താൻ ക്ഷണിക്കുന്നു.
മതസ്വാതന്ത്ര്യം: ഒരു സുപ്രധാന അടിസ്ഥാനം
ഇതിന് ഏറ്റം പ്രധാന അടിസ്ഥാനം മതസ്വാതന്ത്ര്യമാണ്. "സ്വതന്ത്രമായ തിരഞ്ഞെടുപ്പു നടത്താനുള്ള ദൈവിക ദാനം അഭ്യസിക്കാൻ ദൈവം പഠിപ്പിക്കുന്നു" എന്നതിനാൽ " നിർബ്ബന്ധ മതം ഒരു വ്യക്തിയെയും ദൈവവുമായുള്ള അർത്ഥവത്തായ ബന്ധത്തിലെത്തിക്കില്ല" എന്ന ബഹറിൻ രാജ്യത്തിന്റെ പ്രഖ്യാപനത്തിൽ പറയുന്ന വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് ഏതെങ്കിലും തരത്തിലുള്ള മതപരമായ ബലപ്രയോഗം, സർവ്വശക്തന് നിരക്കാത്തതാണ് എന്ന് പാപ്പാ പറഞ്ഞു. കാരണം ദൈവം ലോകത്തെ അടിമകൾക്കല്ല ഏല്പിച്ചു നൽകിയത് മറിച്ച് താൻ ബഹുമാനിക്കുന്ന സ്വതന്ത്ര ജീവികൾക്കാണെന്ന് പാപ്പാ അടിവരയിട്ടു.
സ്വയം പരിശോധിക്കുന്ന സത്യമായ മതസ്വാതന്ത്ര്യം
ആരാധിക്കാൻ അനുമതി നൽകലും ആരാധിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിക്കലും മാത്രം പോരാ ശരിയായ മതസ്വാതന്ത്ര്യം കൈവരിക്കണമെന്ന് പറഞ്ഞ പാപ്പാ ഒരോ സമൂഹം മാത്രമല്ല ഒരോ വിശ്വാസവും ഇക്കാര്യത്തിൽ ദൈവത്തിന്റെ സൃഷ്ടികളെ പുറമെ നിന്ന് ഭീഷണിപ്പെടുത്തുകയാണോ അതോ ഉള്ളിൽ നിന്ന് സ്വതന്ത്രമാക്കുകയാണോ എന്ന് ഒരു ആത്മശോധന നടത്തണമെന്നാവശ്യപ്പെട്ടു. വിശ്വാസികളെ, നാം ഇഷ്ടപ്പെടുന്നത് ചെയ്യാനല്ല മറിച്ച് നമ്മെ നമ്മൾ സൃഷ്ടിക്കപ്പെട്ട നന്മയിലേക്ക്,സത്യമായ സ്വാതന്ത്ര്യത്തിലേക്ക് വരാൻ സഹായിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ വ്യക്തമാക്കി.
വിദ്യാഭ്യാസത്തിന്റെ വെല്ലുവിളി
പ്രാർത്ഥനയുടെ വെല്ലുവിളി ഹൃദയത്തെ സംബന്ധിക്കുന്നതാണെങ്കിൽ വിദ്യാഭ്യാസത്തിന്റെത് മനസ്സിനെ സംബന്ധിക്കുന്നതണ്. വീണ്ടും ബഹറിൻ രാജ്യത്തിന്റെ പ്രഖ്യാപനം ഉദ്ധരിച്ച് " അജ്ഞത സമാധാനത്തിന്റെ ശത്രുവാണെന്ന് " അംഗീകരിക്കയും "വിദ്യാഭ്യാസത്തിന്റെ അവസരങ്ങൾ കുറവുള്ളിടത്ത് തീവ്രവാദം വർദ്ധിക്കുകയും മൗലിക വാദത്തിന്റെ വിവിധ രൂപങ്ങൾ വേരുപാകുകയും ചെയ്യും" എന്ന് പാപ്പാ പറഞ്ഞു. അജ്ഞത സമാധാനത്തിന്റെ ശത്രുവാണെങ്കിൽ ചലനാത്മകതയും ബന്ധങ്ങളും ആവശ്യമുള്ള ജീവികളായ സ്ത്രീ പുരുഷന്മാർ എന്ന നിലയിലുള്ള വിദ്യാഭ്യാസം വികസനത്തിന്റെ തോഴനാണ് എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. മതങ്ങൾക്ക് ഇക്കാര്യത്തെ പിന്തുണയ്ക്കാൻ കഴിയും.
സ്ത്രീകളെ അംഗീകരിക്കുക
വിദ്യാഭ്യാസത്തിന്റെ മൂന്നു മുൻഗണനകളെ അടിവരയിട്ടു കൊണ്ട് ഒന്നാമതായി പൊതുതലത്തിൽ സ്ത്രീകൾക്ക് നൽകേണ്ട അംഗീകാരത്തെയും, അവർക്ക് വിദ്യാഭ്യാസത്തിനും, തൊഴിലിനും, സമൂഹിക, രാഷ്ട്രീയ അവകാശങ്ങളും നിർവ്വഹിക്കാനുള്ള അവകാശം അംഗീകരിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു.
കുട്ടികളുടെ അടിസ്ഥാനാവകാശ സംരക്ഷണം
രണ്ടാമതായി കുട്ടികളുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഫ്രാൻസിസ് പാപ്പാ ചൂണ്ടിക്കാണിച്ചു. വളരാനും, വിദ്യാഭ്യാസത്തിനും, സഹായിക്കപ്പെടാനും പിൻതുണക്കപ്പെടാനും അങ്ങനെ വിശപ്പിനും അക്രമത്തിനും ഇരയാകാതെ ജീവിക്കാനും കഴിയണം. കുട്ടികളുടെ കണ്ണുകളിലൂടെ പ്രതിസന്ധികളയും, പ്രശ്നങ്ങളേയും, യുദ്ധങ്ങളേയും കാണാൻ പാപ്പാ വശ്യപ്പെട്ടു. അപ്പോൾ മാത്രമേ പുരോഗമനം ലാഭത്തേക്കാൾ നിഷ്കളങ്കത പ്രതിഫലിപ്പിക്കുകയും കൂടുതൽ നല്ലതും മാനുഷികവുമായ ഒരു ഭാവി പണിയാൻ നമ്മെ നയിക്കുകയും ചെയ്യൂ എന്ന് പാപ്പാ അറിയിച്ചു.പൗരത്വത്തിന്റെ ആശയം
പരസ്പരം ബഹുമാനിച്ചും നിയമം മാനിച്ചും കൊണ്ട് പൗരത്വത്തെക്കുറിച്ചും സമൂഹത്തിൽ ജീവിക്കുന്നതിനെക്കുറിച്ചും നൽകേണ്ട വിദ്യാഭ്യാസത്തിന് പാപ്പാ ഊന്നൽ നൽകി. അവകാശങ്ങളുടെയും കടമകളുടേയും തുല്യതയിൽ അടിസ്ഥാനമാക്കിയ ഒരു പൗരത്വ സങ്കല്പത്തെ ഫ്രാൻസിസ് പാപ്പാ ഉയർത്തി കാണിച്ചു.
ന്യൂനപക്ഷം എന്ന പദം വേർതിരിവുണ്ടാക്കാൻ ചൂഷണം ചെയ്യുന്നത് ഒറ്റപ്പെടുത്തലിന്റെയും അപകർഷതയുടേയും ബോധമുണർത്തുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. അതിന്റെ ദുരുപയോഗം പകയും ഭിന്നതയ്ക്കും വഴിതെളിക്കും എന്നും പാപ്പാ കൂട്ടിച്ചേർത്തു. "എപ്പോഴെല്ലാം വെറുപ്പും, അക്രമവും ഭിന്നതയും പ്രസംഗിക്കപ്പെടുന്നുവോ അവിടെ ദൈവത്തിന്റെ നാമം പങ്കിലമാക്കുകയാണ് " എന്ന ബഹറിന്റെ പ്രഖ്യാപനം വീണ്ടും പാപ്പാ ഉദ്ധരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: