പെന്തക്കോസ്താനുഭവം: നാനാത്വത്തിൽ ഏകത്വവും ജീവിത സാക്ഷ്യവും!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
"പാർത്തിയക്കാരും മേദിയക്കാരും, എലാമിയക്കാരും മെസൊപ്പൊട്ടാമിയൻ നിവാസികളും, യൂദയായിലും, കപ്പദോക്കിയായിലും, പോന്തസിലും ഏഷ്യയിലും താമസിക്കുന്നവരും ഫ്രീജിയായിലും, പാംഫിലിയായിലും ഈജിപ്തിലും, കിറേനയുടെ ലിബിയാപ്രദേശങ്ങളിലും വസിക്കുന്നുവരും ഭാഗങ്ങൾ സിറീനിനടുത്ത് താമസിക്കുന്നു, ഇവിടെ താമസിക്കുന്ന റോമാക്കാരും, യഹൂദന്മാരും യഹൂദമതത്തിൽ ചേർന്നവരും ക്രേത്യരും അറബികളും ആയ നാമെല്ലാവരും ദൈവത്തിൻറെ അത്ഭുതപ്രവൃത്തികൾ അവർ വിവരിക്കുന്നത് നമ്മുടെ മാതൃ ഭാഷകളിൽ കേൾക്കുന്നല്ലോ"(അപ്പൊസ്തോല പ്രവർത്തനങ്ങൾ 2,9-11).
നാനത്വത്തിലെ ഏകത്വം തെളിയുന്ന സമാഗമം
ഈ വാക്കുകൾ ഇന്ന് നമുക്കായി രചിക്കപ്പെട്ട ഒരു പ്രതീതിയുളവാകുന്നു എന്നു പറഞ്ഞ പാപ്പാ ഇപ്രകാരം തുടർന്നു:നിരവധി ജനതകളിയപ്പെട്ടവരും വിവധ ഭാഷാക്കാരും നിന്നും വിവധ ഭാഗങ്ങളിൽ നിന്നെത്തിയവരും വിവിധ റീത്തുകൾ പിൻചെല്ലുന്നവരുമായ നമ്മൾ ഇവിടെ ഒന്നിച്ചായിരിക്കുന്നു, ഇതിനു കാരണം ദൈവത്തിൻറെ മഹത്തായ പ്രവൃത്തികൾ ആണ്. ഒന്നും മനസ്സിലാകാതിരുന്ന പെന്തക്കൂസ്താ പ്രഭാതത്തിലെന്ന പോലെ നാം സമാധാനത്തിലാണ്. ജറുസലേമിൽ, പെന്തക്കോസ്ത നാളിൽ, പല പ്രദേശങ്ങളിൽ നിന്നും വന്നിരുന്നവരായിരുന്നിട്ടും, അവർ ഒരേ ആത്മാവിൽ ഐക്യപ്പെട്ടിരുന്നതായി അവർക്ക് അനുഭവപ്പെട്ടു: അന്നത്തെപ്പോലെ, ഇന്നും ഉറവിടത്തിൻറെയും ഭാഷകളുടെയും വൈവിധ്യം ഒരു പ്രശ്നമല്ല, മറിച്ച് അവ ഒരു സമ്പന്നതയാണ്. ഒരു പുരാതന ഗ്രന്ഥകാരൻ എഴുതി: “നമ്മിൽ ഒരാളോട് ആരെങ്കിലും ഇങ്ങന പറഞ്ഞാൽ, അതായത്: നിനക്ക് പരിശുദ്ധാത്മാവിനെ ലഭിച്ചു, എന്നാൽ എന്തുകൊണ്ടാണ് നീ എല്ലാ ഭാഷകളും സംസാരിക്കാത്തത്? നീ ഇങ്ങനെ പ്രത്യുത്തരിക്കണം: തീർച്ചയായും ഞാൻ എല്ലാ ഭാഷകളും സംസാരിക്കുന്നു, വാസ്തവത്തിൽ ഞാൻ ക്രിസ്തു ഗാത്രത്തിൽ, അതായത്, എല്ലാ ഭാഷകളും സംസാരിക്കുന്ന സഭയിൽ ഉൾച്ചേർക്കപ്പെട്ടിരിക്കുന്നു" (ആറാം നൂറ്റാണ്ടിലെ ഒരു ആഫ്രിക്കൻ എഴുത്തുകാരന്റെ പ്രസംഗം: PL 65,743 ).
ഒരുമയിൽ ചരിക്കാൻ വിളിക്കപ്പെട്ടവർ
സഹോദരീസഹോദരന്മാരേ, ഇത് നമുക്കും ബാധകമാണ്, കാരണം "നാം എല്ലാവരും ഒരേ ആത്മാവിൽ ഏകശരീരമാകാൻ സ്നാനമേറ്റു" (1കോറി 12:13). നിർഭാഗ്യവശാൽ നമ്മുടെ മുറിവുകളാൽ നാം കർത്താവിൻറെ വിശുദ്ധ ശരീരത്തെ വ്രണിതമാക്കി, എന്നാൽ എല്ലാ അവയവങ്ങളെയും ഒന്നിപ്പിക്കുന്ന പരിശുദ്ധാത്മാവ് നമ്മുടെ ജഡിക വിഭജനങ്ങളെക്കാൾ വലുതാണ്. അതിനാൽ, നമ്മെ ഭിന്നിപ്പിക്കുന്നവയെക്കാൾ വളരെയേറെയാണ് നമ്മെ ഒന്നിപ്പിക്കുന്നവയെന്നും ആത്മാവിനനുസൃതം നാം എത്രയധികം സഞ്ചരിക്കുന്നുവോ അത്രയധികം നാം നാം നമ്മുടെ മദ്ധ്യേ പൂർണ്ണ ഐക്യം സംജാതമാക്കാനും പുനസ്ഥാപിക്കാനും ആഗ്രഹിക്കുമെന്നും പറയുക ഉചിതമാണ്.
നാനാത്വത്തിലെ ഏകത്വവും ജീവിത സാക്ഷ്യവും
നമുക്ക് പെന്തക്കോസ്ത വാക്യത്തിലേക്ക് മടങ്ങാം. അതിനെക്കുറിച്ചു ധ്യാനിക്കുമ്പോൾ, രണ്ടു ഘടകങ്ങൾ എന്നിൽ പ്രതിധ്വനിച്ചു, അവ നമ്മുടെ കൂട്ടായ്മയുടെ യാത്രയ്ക്ക് ഫലപ്രദമാണെന്ന് എനിക്ക് തോന്നുന്നു, അതിനാൽ അവ നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നാനാത്വത്തിൽ ഏകത്വവും ജീവിത സാക്ഷ്യവുണ് ഈ ഘടകങ്ങൾ.
നാനാത്വത്തിൽ ഏകത്വം
അപ്പോസ്തല പ്രവർത്തനങ്ങളിൽ പറയുന്നു: പെന്തക്കോസ്ത ദിനത്തിൽ ശിഷ്യന്മാർ, "എല്ലാവരും ഒരുമിച്ചായിരുന്നു" (2:1). ഓരോരുത്തരിലും ഇറങ്ങിയ ആത്മാവ്, അതിനായി തിരഞ്ഞെടുക്കുന്നത് അവരെല്ലാം ഒരുമിച്ചിരിക്കുന്ന നിമിഷമാണ് എന്നത് ശ്രദ്ധേയമാണ്. അവർക്ക് ഓരോരുത്തർക്കായി ദൈവത്തെ ആരാധിക്കാനും മറ്റുള്ളവർക്ക് നന്മ ചെയ്യാനും കഴിയുമായിരുന്നു, എന്നാൽ ഐക്യത്തിൽ ഒന്നുചേരുന്നതിലൂടെയാണ് ദൈവത്തിൻറെ പ്രവർത്തിനത്തിലേക്കുള്ള വാതിലുകൾ വിശാലമായി തുറക്കുന്നത്. ദൈവത്തിൻറെ അത്ഭുതങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിന് ക്രൈസ്തവ ജനത ഏകയോഗമാകാൻ വിളിക്കപ്പെടുന്നു. ഇവിടെ, ബഹറിനിൽ, വിവിധ സ്ഥലങ്ങളിലും വിവധ സഭാവിഭാഗങ്ങളിലുമായി ചിതറിക്കിടക്കുന്ന, ക്രിസ്തുവിൻറെ ചെറിയ അജഗണം ആയിരിക്കുകയെന്നത്, ഐക്യത്തിൻറെയും വിശ്വാസം പങ്കുവയ്ക്കുലിൻറെയും ആവശ്യകത മനസ്സിലാക്കാൻ സഹായിക്കുന്നു: ഈ ദ്വീപസമൂഹത്തിൽ ദ്വീപുകൾ തമ്മിൽ സുദൃഢമായ ബന്ധത്തിന് കുറവില്ലാത്തതുപോലെ, ഒറ്റപ്പെടാതിരിക്കുന്നതിനും സാഹോദര്യകൂട്ടായ്മയിലായിരുക്കുന്നതിനും വേണ്ടി നമുക്കിടയിലും അപ്രകാരമായിരിക്കണം.....നാം യാത്രചെയ്യുന്നത് ഏത് ഐക്യത്തിലേക്കാണോ ആ ഐക്യം വ്യത്യസ്തതയിലാണ് എന്നത് നാം ഓർക്കണം. ഇത് കണക്കിലെടുക്കേണ്ടത് സുപ്രധാനമാണ്.... ഓരോ സഹോദരനെയും സഹോദരിയെയും അവർ ഉൾപ്പെടുന്ന ശരീരത്തിൻറെ ഭാഗമായി വിശ്വാസത്തിൽ കണ്ടുമുട്ടാൻ പഠിക്കുകയാണ്ണ് എക്യുമെനിക്കൽ യാത്രയുടെ ആത്മാവ്.
ജീവിത സാക്ഷ്യം
നാനാത്വത്തിൽ ഏകത്വത്തിനു ശേഷം, നാം രണ്ടാമത്തെ ഘടകത്തിലേക്ക് വരുന്നു: അത് ജീവിത സാക്ഷ്യമാണ്. പെന്തക്കോസ്ത് ദിനത്തിൽ ശിഷ്യന്മാർക്ക് തുറവുണ്ടാകുന്നു, അവർ മുറി വിടുന്നു. അവിടെ നിന്ന് അവർ ലോകമെങ്ങും പോകും. അവരുടെ ലക്ഷ്യസ്ഥാനമായി തോന്നിയ ജറുസലേം അസാധാരണമായ ഒരു സാഹസിക യാത്രയുടെ തുടക്കമായി മാറുന്നു. അവരെ വീട്ടിൽ അടച്ചിട്ട ഭയം ഒരു വിദൂര ഓർമ്മയായി അവശേഷിക്കുന്നു: ഇപ്പോൾ അവർ സകലയിടത്തേക്കും പോകുന്നു, പക്ഷേ മറ്റുള്ളവരിൽ നിന്ന് സ്വയം വേറിട്ടു നില്ക്കുന്നതിനല്ല, സമൂഹത്തിൻറെ ക്രമത്തിലും ലോക ക്രമത്തിലും വിപ്ലവം സൃഷ്ടിക്കാനുമല്ല, മറിച്ച് തങ്ങളുടെ ജീവിതം വഴി എല്ലാ കോണുകളിലും ദൈവസ്നേഹത്തിൻറെ സൗന്ദര്യം പ്രസരിപ്പിക്കാനാണ്. വാസ്തവത്തിൽ നമ്മുടേത്, വാക്കുകളാലുള്ള ഒരു പ്രസംഗമല്ല, മറിച്ച് പ്രവൃത്തികൊണ്ട് കാണിക്കേണ്ട ഒരു സാക്ഷ്യമാണ് ആകേണ്ടത്; വിശ്വാസം അവകാശപ്പെടാനുള്ള ഒരു സവിശേഷാനുകൂല്യമല്ല, മറിച്ച് പങ്കുവയ്ക്കാനുള്ള ഒരു ദാനമാണ്.
ആത്മശോധനയുടെ ആവശ്യകത
നമ്മുടെ സാക്ഷ്യത്തെക്കുറിച്ച് നാം ഒരു ആത്മശോധന നടത്തുന്നത് നല്ലതാണ്, കാരണം കാലക്രമേണ നാം നിഷ്ക്രിയത്വത്തിൽ നിപതിക്കുകയും സുവിശേഷസൗഭാഗ്യങ്ങളുടെ അരൂപിയിലൂടെയും വിശ്വാനുസൃത ജീവിതത്തിലൂടെയും ജീവിത സകൃതത്തിലൂടെയും സമാധാനപരമായ പെരുമാറ്റത്തിലൂടെയും യേശുവിനെ കാണിച്ചുകൊടുക്കുന്നതിൽ ക്രമേണ ദുർബ്ബലരാകുകയും ചെയ്യാനുള്ള സാദ്ധ്യതയുണ്ട്. സമാധാനത്തിനായി ഒരുമിച്ച് പ്രാർത്ഥിക്കുന്ന ഇപ്പോൾ നമുക്ക് സ്വയം ചോദിക്കാം: നമ്മൾ യഥാർത്ഥത്തിൽ സമാധാനത്തിൻറെ ആളുകളാണോ? പ്രതിഫലമായി ഒന്നും പ്രതീക്ഷിക്കാതെ, യേശുവിൻറെ സൗമ്യത എല്ലായിടത്തും പ്രകടമാക്കാനുള്ള ആഗ്രഹം നമ്മിൽ കുടികൊള്ളുന്നുണ്ടോ? നമുക്ക് ചുറ്റും കാണുന്ന കഷ്ടപ്പാടുകളും മുറിവുകളും അനൈക്യങ്ങളും നമ്മുടെ ഹൃദയത്തിലും പ്രാർത്ഥനയിലും സംവഹിച്ചുകൊണ്ട് നാം നമ്മുടേതാക്കി മാറ്റുന്നുണ്ടോ?.....
ഐക്യവും സാക്ഷ്യവും
ഐക്യവും സാക്ഷ്യവും ഒരുപോലെ അനിവാര്യമാണ്: കർത്താവ് ആഗ്രഹിക്കുന്നതു പോലെ നാം ഐക്യമുള്ളവരായില്ലെങ്കിൽ സ്‌നേഹത്തിൻറെ ദൈവത്തിന് യഥാർത്ഥ സാക്ഷ്യമേകാൻ സാധിക്കില്ല; എല്ലാ ഭാഷകളെയും ഉൾക്കൊള്ളുകയും എല്ലാവരിലേക്കും എത്തിച്ചേരാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ആത്മാവിൻറെ പേരിൽ നമ്മുടെ താൽപ്പര്യങ്ങളുടെയും സമൂഹങ്ങളുടെയും അതിരുകൾ വികസിപ്പിക്കാതെയും സാക്ഷ്യത്തിനായി തുറന്നുകൊടുക്കാതെയും ഓരോരുത്തരും യഥേഷ്ടം നിലകൊണ്ടാൽ ഐക്യം പ്രാപിക്കാനാകില്ല. സമാധാനത്തിനും ഐക്യത്തിനുമായുള്ള നമ്മുടെ യാത്രയുടെ ചുവടുകൾക്ക് വേഗതയും നവമായ വീക്ഷണവും നല്കുന്ന ഒരു നവീകൃത പെന്തക്കോസ്തയ്ക്കായി പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ചുകൊണ്ടാണ് പാപ്പാ തൻറെ വിചിന്തനം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: