തിരയുക

ബഹറിൻ രാജ്യത്തിൽ പാപ്പായുടെ ആദ്യ പ്രഭാഷണം. ബഹറിൻ രാജ്യത്തിൽ പാപ്പായുടെ ആദ്യ പ്രഭാഷണം. 

പാപ്പാ: മനുഷ്യസഹവാസത്തിന്റെ മരുഭൂമിയിൽ സാഹോദര്യത്തിന്റെ നദികൾ ഒഴുക്കുക

സഖീർ രാജ കൊട്ടാരത്തിൽ ബഹറിൻ രാജാവുമായി നടത്തിയ ഉപചാര സന്ദർശനത്തിനു ശേഷം ഫ്രാൻസിസ് പാപ്പാ അധികാരികളെയും പൊതു സമൂഹത്തിലെ അംഗങ്ങളെയും നയതന്ത്ര പ്രതിനിധികളെയും അഭിസംബോധന ചെയ്തു. ബഹറിൻ രാജ്യത്തിന്റെ ഊർജ്ജസ്വലതയുടെ ഏറ്റവും മികച്ച അടയാളമായി ജീവന്റെ വൃക്ഷത്തെക്കുറിച്ചുള്ള വിചിന്തനമാണ് പാപ്പാ നടത്തിയത്.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഫ്രാ൯സിസ് പാപ്പാ ബഹറനിൽ

"പഴമയും പുതുമയും ഒരുമിക്കുന്ന", "പാരമ്പര്യവും പുരോഗമനവും കൂടി കലർന്ന" എല്ലാറ്റിലുമുപരിയായി, "വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള ജനങ്ങൾ ഒരുമിച്ചു വന്ന് ജീവിതത്തിന്റെ ഒരു വ്യതിരിക്ത മൊസൈക് സൃഷ്ടിക്കുന്ന" "വിവിധ ജനതകൾ കണ്ടു മുട്ടുന്ന" ഇടമായി ഫ്രാൻസിസ് പാപ്പാ ബഹറിനെ വിവരിച്ചു. 

ജീവന്റെ വൃക്ഷത്തിന്റെ പ്രതീകം

ബഹറിനിലേക്കുള്ള അപ്പസ്തോലിക യാത്രയിലെ  ആദ്യത്തെ പൊതുകൂടിക്കാഴ്ചയിൽ "ജീവന്റെ വൃക്ഷത്തിന്റെ" പ്രതിച്ഛായ രാജ്യത്തെ ഊർജ്ജസ്വലതയുടെ പ്രതീകമായി പാപ്പാ വിശദീകരിച്ചു. ഗാംഭീര്യമുള്ള അക്കേഷ്യ (ഒരു തരം അരളി മരം) അതിന്റെ ആഴത്തിലുള്ള വേരുകൾ കൊണ്ടാണ്  മഴ കുറഞ്ഞ മരുഭൂമിയിൽ പിടിച്ചു നിന്നതെന്ന് പാപ്പാ പറഞ്ഞു.

4500 വർഷം പഴക്കമുള്ള ചരിത്രത്താൽ  ബഹറിന്റെ വേരുകൾ, അതിന്റെ വംശീയവും സാംസ്കാരികവുമായ വൈവിധ്യത്തിലും സമാധാനപൂർവ്വമായ സഹവർത്തിത്വത്തിലും ജനങ്ങളുടെ പരമ്പരാഗത ആതിഥ്യ മര്യാദയിലും തിളങ്ങുന്നു എന്ന് സൂചിപ്പിച്ച പാപ്പാ

ഈ വൈവിധ്യം ലോകത്തിൽ ഒരുമിച്ചു ജീവിക്കാനുള്ള കഴിവിനും ആവശ്യകതയ്ക്കും സാക്ഷ്യം വഹിക്കുന്നു എന്നും കൂട്ടിച്ചേർത്തു. അങ്ങനെ ഒരു "ആഗോള ഗ്രാമമായി " വളർന്നുവെങ്കിലും ഒരു ഗ്രാമത്തിന്റെ ചൈതന്യം പ്രകടമാകുന്ന ആതിഥ്യമര്യാദ, മറ്റുള്ളവരോടുള്ള കരുതൽ, സാഹോദര്യ ബോധം എന്നിവ കൈവരിക്കാൻ പല വിധത്തിലുള്ള കുറവുകൾ ഇനിയും നികത്തേണ്ടതുണ്ടെന്ന് പാപ്പാ പറഞ്ഞു.

ജീവന്റെ വൃക്ഷത്തിന്റെ പ്രതിരൂപത്തിലേക്ക് തിരിഞ്ഞുകൊണ്ട് ഫ്രാൻസിസ് പാപ്പാ മനുഷ്യസഹവാസത്തിന്റെ വരണ്ട മരുഭൂമികളിലേക്ക് സാഹോദര്യത്തിന്റെ ജലം കൊണ്ടുവരാനും അതിനായി ഒരുമിച്ചു പ്രവർത്തിക്കാനും ആഹ്വാനം ചെയ്തു.

സംവാദത്തിന്റെ വേദി

ജീവന്റെ വൃക്ഷത്തിന്റെ ഈ നാട്ടിൽ താൻ വന്നിരിക്കുന്നത് സമാധാനം വിത-യ്ക്കുന്നവനായാണ് എന്ന് പാപ്പാ പറഞ്ഞു. സമാധാനപൂർവ്വമായ സഹവർത്തിത്വത്തിന് കിഴക്കും പടിഞ്ഞാറും ഒരുമിക്കുന ഈ സംവാദ വേദിയിൽ ഈ ദിവസങ്ങളിലെ  കൂടിക്കാഴ്ചകളുടെ അനുഭവത്തിന് വേണ്ടിയാണ്. പരസ്പര ബഹുമാനവും, സഹിഷ്ണുതയും, മതസ്വാതന്ത്ര്യവും വിഷയമാക്കി ബഹറിൻ പ്രോൽസാഹിപ്പിക്കുന്ന ഈ സമ്മേളനം സംഘടിപ്പിച്ചവർക്ക് ഫ്രാൻസിസ് പാപ്പാ നന്ദി പറഞ്ഞു.

ആരാധനയ്ക്ക് മാത്രമുള്ള സ്വാതന്ത്ര്യമായി ചുരുങ്ങാതെ മതസ്വാതന്ത്ര്യം പരിപൂർണ്ണമാക്കാനും തുല്യ അന്തസ്സും തുല്യ അവസരങ്ങളും ഓരോ സമൂഹത്തിനും വ്യക്തിക്കും അംഗീകരിക്കാനും, യാതൊരു വിവേചനവും ഇല്ലാതെ അടിസ്ഥാന മാനുഷികാവകാശം ലംഘിക്കാതെ, അതിനെ പ്രോൽസാഹിപ്പിക്കാൻ ബഹറിന്റെ ഭരണഘടനയിൽ തിളങ്ങി നിൽക്കുന്ന ഈ പ്രമേയങ്ങൾ ഇടതടവില്ലാതെ പ്രായോഗികമാക്കാനുള്ള പ്രതിബദ്ധത ആവശ്യമാണെന്നും പാപ്പാ ഓർമ്മിച്ചു. കുറ്റവാളികൾക്കുപോലും ജീവിക്കാനുള്ള അവകാശം പ്രത്യേകമായി അടിവരയിട്ട പാപ്പാ "അവരുടെ ജീവൻ ഒരിക്കലും കവർന്നെടുക്കരുതെന്ന് " ആവശ്യപ്പെട്ടു.

ആഗോള തൊഴിൽ പ്രതിസന്ധി

ജീവന്റെ വൃക്ഷത്തിന്റെ പ്രതീകത്തിലേക്ക് മടങ്ങിക്കൊണ്ട്, ബഹറിന്റെ പുരോഗതിയിൽ ഒരു വലിയ പങ്ക് വഹിച്ചത് കുടിയേറ്റമാണ് എന്നത് പാപ്പാ ഉയർത്തി കാട്ടി. അതേ സമയം ലോകത്തിലെ തൊഴിലില്ലായ്മയിലുള്ള വർദ്ധനവും, പലപ്പോഴും തൊഴിൽ മനുഷ്യത്വരഹിതമാകുന്നതും പാപ്പാ ഖേദത്തോടെ ചൂണ്ടിക്കാണിച്ചു.

ആഗോള തൊഴിൽ പ്രതിസന്ധിയിലേക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ട്  തൊഴിലിന്റെ മഹാത്മ്യത്തെയും, തൊഴിൽ സ്ത്രീ പുരുഷന്മാരെ നന്മയിലേക്ക് നയിക്കാനാണെന്നും അല്ലാതെ  വെറും ധനസമ്പാദനമാർഗ്ഗം മാത്രമാക്കി അതിനെ ചുരുക്കരുതെന്നും ഫ്രാൻസിസ് പാപ്പാ

ആഹ്വാനം ചെയ്തു.  സാംസ്കാരികവും ആത്മീയവുമായ വളർച്ചയും സാമൂഹിക ഐക്യവും പൊതു നന്മയും വളർത്താൻ സുരക്ഷവും മാന്യവുമായ തൊഴിൽ സാഹചര്യങ്ങളുണ്ടാകേണ്ടതിനെക്കുറിച്ചും പാപ്പാ സംസാരിച്ചു.

ഇക്കാര്യത്തിൽ ബഹറിൻ നൽകിയിട്ടുള്ള സംഭാവനയിൽ ബഹറിന് അഭിമാനിക്കാമെന്ന് ഗൾഫ് മേഖലയിൽ സ്ഥാപിച്ച ആദ്യത്തെ സ്ത്രീകൾക്കായുള്ള വിദ്യാലയത്തിന്റെയും, അടിമത്തം നിർത്തലാക്കിയതിന്റെയും ഉദാഹരണം നിരത്തിക്കൊണ്ട്  പാപ്പാ അഭിനന്ദിച്ചു.

"തൊഴിലാളികൾക്കും, സ്ത്രീകൾക്കും യുവജനങ്ങൾക്കും തുല്യ അവകാശങ്ങളും നല്ല തൊഴിൽ സാഹചര്യങ്ങളും അതോടൊപ്പം സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ഏറ്റം വിഷമിക്കുന്ന കുടിയേറ്റക്കാർക്കും തടവുകാർക്കും പരിഗണന നൽകുന്നതിൽ ഈ മേഖല മുഴുവനും ബഹറിൻ ഒരു ദീപസ്തംഭമായിരിക്കട്ടെ," പാപ്പാ ആശംസിച്ചു.

പരിസ്ഥിതി സംരക്ഷണവും ജീവനെ പ്രോൽസാഹിപ്പിക്കലും

എല്ലാവരേയും, പ്രത്യേകിച്ച് ലോക നേതാക്കളേയും പൊതുനന്മയുടെ ഉത്തരവാദിത്വം വഹിക്കുന്നവരെയും നിർണ്ണായകമായ പരിസ്ഥിതി പ്രശ്നത്തിലേക്കും ജീവനെ തഴച്ചുവളർത്താൻ എല്ലാവർക്കുമുള്ള ഉത്തരവാദിത്വത്തെയും സംബന്ധിച്ച മേഖലകളിലേക്ക് പാപ്പാ ശ്രദ്ധ ക്ഷണിച്ചു. പരിസ്ഥിതി അടിയന്തിരാവസ്ഥയെ അഭിമുഖീകരിക്കാൻ അക്ഷീണം പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞ പാപ്പാ ഉടനെ നടക്കാനിരിക്കുന്ന COP 27 സമ്മേളനം ഇക്കാര്യത്തിൽ മുന്നോട്ടുള്ള കാൽവയ്പാകട്ടെ എന്ന് ആശംസിച്ചു.

യുദ്ധമല്ല, സമാധാനം

മാരകമായ പ്രവർത്തനങ്ങളും ഭീഷണികളും വർദ്ധിക്കുന്നതിലും  എല്ലായിടത്തും നാശം വിതയ്ക്കുകയും പ്രത്യാശ കെടുത്തുകയും ചെയ്യുന്ന യുദ്ധത്തിന്റെ ഭീകരതയെന്ന വിവേകശൂന്യമായ യാഥാർത്ഥ്യത്തെക്കുറിച്ചും പാപ്പാ വിലപിച്ചു. ഓരോ യുദ്ധവും അതിന്റെ പിന്നിൽ  സത്യത്തിന്റെ മരണത്തെയാണ് കൊണ്ടു വരുന്നത് എന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു.

പ്രത്യേകിച്ച് തന്റെ ചിന്തകൾ "മറന്നു പോയ യമൻ യുദ്ധത്തെ"ക്കുറിച്ചാണെന്നും ഓരോ യുദ്ധവും വിജയമല്ല മറിച്ച് എല്ലാവർക്കും കയ്പേറിയ തോൽവിയാണ് ഉണ്ടാക്കുന്നതെന്നും ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു.

“ഞാൻ യാചിക്കുന്നു: ആയുധ സംഘർഷങ്ങൾ അവസാനിക്കട്ടെ! നമുക്ക് എല്ലായിടത്തും സമാധാനം കെട്ടിപ്പടുക്കാൻ പ്രതിബദ്ധതയുള്ളവരാകാം.”

 സമാധാനത്തിന്റെ അടിത്തറ പണിയാൻ  മതവിശ്വാസത്തിനുള്ള പങ്കിനെ ഉയർത്തിക്കാണിക്കുന്ന ബഹറിൻ രാജ്യത്തിന്റെ പ്രഖ്യാപനം ഉദ്ധരിച്ചു കൊണ്ടാണ്  ഫ്രാൻസിസ്  പാപ്പാ ഉപസംഹരിച്ചത്. " ഞാൻ ഇന്നിവിടെ ഒരു വിശ്വസിയും, ഒരു ക്രൈസ്തവനും, ഒരു മനുഷ്യനും, സമാധാനത്തിന്റെ തീർത്ഥാടകനുമായാണ് വന്നിരിക്കുന്നത്, കാരണം, എന്നത്തേക്കാളും ഉപരിയായി ഇന്ന് എല്ലായിടത്തും സമാധാനം സ്ഥാപിക്കാൻ ഗൗരവമായി സമർപ്പിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു, " പാപ്പാ പറഞ്ഞു. അതേ പ്രഖ്യാപനത്തിൽ നിന്ന്  സ്വന്തമായ ഒരു പ്രതിജ്ഞയെടുത്തു കൊണ്ട്  "സത്യസന്ധമായ വിശ്വാസമുള്ള ജനങ്ങൾ ഒരുമിച്ച് വന്ന് നമ്മെ വിഘടിപ്പിക്കുന്നവയെ തള്ളിക്കളയുകയും മറിച്ച് നമ്മെ ഒന്നിപ്പിക്കുന്നവയെ ആഘോഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ഒരു ലോകത്തിനായി പ്രവർത്തിക്കുമെന്ന് " പ്രഖ്യാപിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 November 2022, 12:52