ഫ്രാൻസീസ് പാപ്പായുടെ ബഹറിൻ സന്ദർശനത്തിന് തിരശ്ശീല വീണു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിയൊമ്പതാം വിദേശ അപ്പസ്തോലിക പര്യടനത്തിന് ഞായറാഴ്ച (06/11/22) പരിസമാപ്തിയായി. ഈ മാസം 3-6 വരെ നീണ്ട ഈ ബഹറിൻ യാത്രയുടെ പശ്ചാത്തലം നവമ്പർ 3,4 തീയതികളിൽ അവാലിയിൽ വിവിധ നാടുകളിലെ മതനേതാക്കളും പ്രമുഖരും പങ്കെടുത്ത “ബഹറിൻ സംവാദ വേദി: കിഴക്കും പടിഞ്ഞാറും മാനവ സഹവർത്തിത്വത്തിന്” എന്ന ദ്വിദിന സമ്മേളനമായിരുന്നു. നാലാം തീയതി (04/11/22) പാപ്പാ “ബഹറിൻ വേദിയുടെ” സമാപനയോഗത്തിൽ സംബന്ധിക്കുകയും യോഗത്തെ സംബോധനചെയ്യുകയും ചെയ്തു. ഐക്യത്തിൻറെ മുദ്ര പേറിയ ഈ ഇടയസന്ദർശനത്തിൻറെ ദൈർഘ്യം നാലുദിവസം എന്നു പൊതുവെ പറയാമെങ്കിലും കൃത്യമായി 3 ദിവസവും 7 മണിക്കൂറും ആയിരുന്നു. പാപ്പാ 7 പ്രഭാഷണങ്ങൾ നടത്തി, കര-വ്യോമ മാർഗ്ഗങ്ങളിലൂടെ 8524 കിലോമീറ്റർ ദൂരം സഞ്ചരിച്ചു.
ബഹറിനിലെ സമാപന ദിനം
ഞായറാഴ്ച രാവിലെ പാപ്പാ അവാലിയിലെ തൻറെ താല്ക്കാലിക വസതിയിൽ സ്വകാര്യദിവ്യബലി അർപ്പിച്ചു. പ്രാതലിനു ശേഷം പാപ്പാ അവിടെ ഉണ്ടായിരുന്നവരോടെല്ലാം വിട ചൊല്ലുകയും 27 കിലോമീറ്റർ അകലെ മനാമയിൽ സ്ഥിതിചെയ്യുന്ന തിരുഹൃദയ ദേവാലയത്തിലേക്കു കാറിൽ പോകുകയും ചെയ്തു. പോകുന്നതിനു മുമ്പ് പാപ്പാ ഒരു താലവും കൂജയും, അഥവാ,ജഗും ഈ ഭവനത്തിന് സമ്മാനിച്ചു. ഇവ വെള്ളിയിൽ തീർത്തതായിരുന്നു.
ഗൾഫ് പ്രദേശത്തെ പ്രഥമ കത്തോലിത്താ ദേവാലയം
മനാമയിലെ തിരുഹൃദയ ദേവാലയം ഗൾഫ് പ്രദേശത്തെ പ്രഥമ കത്തോലിക്കാ ദേവാലയമാണ്. 1930 കളിൽ ഷെയ്ക് ഹമാൻ ഇസാ അൽ ഖലീഫയാണ് കത്തോലിക്കർക്ക് ഈ ദേവാലായ നിർമ്മാണത്തിനായി സ്ഥലം നല്കിയത്. ആ കാലഘട്ടത്തിൽ അറേബിയായിലെ അപ്പൊസ്തോലിക് വികാരിയായിരുന്ന മോൺസിഞ്ഞോർ ജൊവാന്നി തിരിന്നാൻത്സിയുടെ ക്ഷണപ്രകാരം എത്തിയ ആരാധനാലയ നിർമ്മാണവിദഗ്ദ്ധനായിരുന്ന കപ്പൂച്ചിൻ വൈദികൻ ലൂയിജി മല്യക്കാനോയുടെ സഹായത്തോടെയാണ് ഈ പള്ളി പണിതുയർത്തിയത്. 1939 ജൂൺ 9-ന് തറക്കല്ലിട്ട ദേവാലയവും അതിനോടനുബന്ധിച്ചുള്ള വൈദിക വസതിയും തിരുഹൃദയ വിദ്യാലയവും ഏതാനും മാസങ്ങൾക്കുള്ളിൽ അവിടെ ഉയർന്നു. 1940 മാർച്ച് 3-ന് ഔപചാരിക ദേവാലയപ്രതിഷ്ഠയും നടന്നു. എന്നാൽ 1939 ഡിസംബർ 24-ന് രാത്രി, തിരുപ്പിറവിത്തിരുന്നാൾ പാതിരാക്കുർബ്ബാനയ്ക്കായി ആ ദേവാലയത്തിൻറെ മണികൾ ആദ്യമായി മുഴങ്ങി. പിന്നീട് ക്രൈസ്തവ സമൂഹത്തിൻറെ വർദ്ധനവോടുകൂടി ദേവാലയം കുറച്ചുകൂടി വിസ്തൃതമാക്കുകയും 1949-ൽ പുതിയൊരു മണിമാളിക കൂട്ടിച്ചേർക്കുകയും ചെയ്തു. 1990-ൽ ഒരു വിവിധോദ്ദേശ കേന്ദ്രം മറ്റു പലതിനുമൊപ്പം ഇവിടെ പണികഴിപ്പിക്കപ്പെട്ടു.
മനാമ
തലസ്ഥാന നഗരിയായ മനാമ രണ്ടുലക്ഷത്തോളം നിവാസികളുള്ള പട്ടണമാണ്. അറബിയിൽ മനാമ എന്ന പേരിൻറെ പൊരുൾ “വിശ്രമ വേദി” അല്ലെങ്കിൽ “കിനാവുകളുടെ ഇടം” എന്നൊക്കെയാണ്. ബഹറിനിലെ ഏറ്റവും വലിയ നഗരമായ മനാമ അന്നാടിൻറെ നാലു ഗവർണ്ണറേറ്റുകളിൽ ഒന്നാണ്. ബഹറിൻ ദ്വീപിൻറെ വടക്കെ അറ്റത്തെ ഉപദ്വീപാണ് മനാമ നഗരം. രാജ്യത്തിൻറെ മുൻ തലസ്ഥാനമായ മുഹറാഖ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളം മനാമയുമായി മൂന്ന് പാലങ്ങളാൽ ബന്ധിപ്പിച്ചിരിക്കുന്നു. ഏകദേശം 4,000 വർഷമായി ജനവാസമുള്ള ഒരു പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്. നൂറ്റാണ്ടുകളായി മനാമ സൗദി അറേബ്യയുടെയും ഒമാൻറെയും രാജവംശങ്ങളുടെ ആധിപത്യത്തിലായിരുന്നു. 1521-ൽ പോർച്ചുഗീസുകാരും 1602-ൽ പേർഷ്യക്കാരും കീഴടക്കിയ മനാമ 1783-ൽ അൽ ഖലീഫ രാജവംശത്തിൻറെ ആധിപത്യത്തിലായി. ആ കാലഘട്ടം മുതൽ, ഇടയ്ക്ക് ചില ഹ്രസ്വ തടസ്സങ്ങൾ ഉണ്ടായെന്നതൊഴികെ, ഖലീഫ രാജവംശത്തിൻറെ തുടർച്ചയായ ഭരണത്തിൻ കീഴിലാണ് ഈ നഗരം. 1958-ൽ മനാമ ഇറക്കുമതി ഉത്പന്നങ്ങൾക്ക് ചുങ്കം ചുമത്താത്ത ഒരു സ്വതന്ത്ര തുറമുഖമായി പ്രഖ്യാപിക്കപ്പെട്ടു, 150 വർഷത്തിലേറെ നീണ്ട ബ്രിട്ടീഷ് ആധിപത്യത്തിന് ശേഷം മനാമ സ്വതന്ത്ര ബഹറിൻറെ തലസ്ഥാനമായി. മനാമ 2012-ൽ അറബ് സംസ്കൃതിയുടെ തലസ്ഥാനവും 2013-ൽ അറബ് വിനോദസഞ്ചാര തലസ്ഥാനവും 2014-ൽ ഏഷ്യൻ വിനോദ സഞ്ചാര തലസ്ഥാനവും ആയി പ്രഖ്യാപിക്കപ്പെട്ടു. മനാമയിൽ ഒരു സ്വർണ്ണച്ചന്തയുണ്ട്. മദ്ധ്യപൂർവ്വദേശത്തെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായി മാറിയ മനാമയിലാണ് 1986-ൽ സ്ഥാപിതമായ ബഹറിൻ സർവ്വകലാശാല സ്ഥിതിചെയ്യുന്നത്.
പാപ്പാ തിരുഹൃദയ ദേവാലയത്തിൽ
മനാമയിലെ തിരുഹൃദയ ദേവാലയത്തിൽ പാപ്പായുടെ പരിപാടി മെത്രാന്മാരും വൈദികരും സമർപ്പിതരും അജപാലനപ്രവർത്തകരുമൊത്തുള്ള പ്രാർത്ഥനാ സംഗമം ആയിരുന്നു.
ദേവാലയത്തിനു മുന്നിൽ കാറിൽ വന്നിറങ്ങിയ പാപ്പായെ ഉത്തര അറേബിയയിലെ അപ്പൊസ്തോലിക് വികാരിയാത്തിൻറെ ചുമതലയുള്ള ബിഷപ്പ് പോൾ ഹിൻറെർ സ്വീകരിച്ചു. തുടർന്ന് ഒരു സന്ന്യാസിനിയുടെ നേതൃത്വത്തിൽ മൂന്നു കുട്ടികൾ പൂക്കൾ നല്കി പാപ്പായെ സ്വാഗതം ചെയ്തു. പാപ്പാ അവർക്ക് ജപമാല സമ്മാനിച്ചു. തദ്ദനന്തരം ബിഷപ്പ് പോൾ ഹിൻറെറും തിരുഹൃദയദേവാലയ വികാരിയും ചേർന്ന് പാപ്പായെ ദേവാലയത്തിനകത്തേക്കാനയിച്ചു. ദേവാലയത്തിൻറെ പ്രവേശനകവാടത്തിനരികെവച്ച് പാപ്പായ്ക്ക് ചുംബിക്കാൻ ക്രൂശിതരൂപവും തളിക്കാൻ വിശുദ്ധ ജലവും നല്കി. തുടർന്ന് പാപ്പാ അവരുമൊത്ത് ദേവാലയത്തിൻറെ മദ്ധ്യത്തിലൂടെ അൾത്താരയുടെ അടുത്തേക്ക് സാവധാനം നീങ്ങി. ഇരുവശത്തും ഉണ്ടായിരുന്നവരെ പാപ്പാ ചക്രക്കസേരയിൽ ഇരുന്നുകൊണ്ട് അഭിവാദ്യം ചെയ്തു. പാപ്പാ വേദിയിലേക്കു ആനയിക്കപ്പെട്ടപ്പോൾ ദേവാലയം ഗാനസാന്ദ്രമായിരുന്നു. വേദിയിലെത്തിയ പാപ്പാ ആമുഖ പ്രാർത്ഥന ചൊല്ലിയതിനെ തുടർന്ന് ബിഷപ്പ് പോൾ ഹിൻറർ പാപ്പായെ സ്വാഗതം ചെയ്തു.
ബഹറിൻറെ രാജാവായിരുന്ന ഷെയ്ക് ഹമദ് ബിൻ ഇസ ബിൻ സൽമൻ അൽ ഖലിഫ 1938-39 വർഷങ്ങളിൽ, ആദ്യ ദേവാലയം പണിയുന്നതിന് ഇടം നല്കി കത്തോലിക്കാ സമൂഹത്തെ ബഹറിനിലേക്ക് സ്വാഗതം ചെയ്തത് അനുസമരിച്ചുകൊണ്ട് ബിഷപ്പ് പോൾ ഹിൻറർ മനാമയിലെ ആ ദേവാലയത്തിലേക്ക് പാപ്പായക്ക് സ്വാഗതമോതി. ഈ ദേവാലയത്തിൽ സമ്മേളിച്ചിരിക്കുന്നവരിൽ ബഹറിനിലുള്ള കുടിയേറ്റക്കാരായ സഭാംഗങ്ങളുടെ മാത്രമല്ല കുവൈറ്റ്, ഖത്തർ, സൗദി അറേബിയ എന്നിവിടങ്ങളിൽ ഉള്ളവരുടെയും പ്രതിനിധികൾ അടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിൻറെ സ്വാഗത വാക്കുകളെ തുടർന്ന് പാപ്പാ ചൊല്ലിയ പ്രാർത്ഥനാനന്തരം ഒരു അജപാലന പ്രവർത്തകയുടെയും ഒരു സന്ന്യാസിനിയുടെയും സാക്ഷ്യമായിരുന്നു.
സാക്ഷ്യങ്ങൾ
സമൂഹത്തെ സേവിച്ചുകൊണ്ട് ഇടയന്മാർ കടന്നുപോയെങ്കിലും അജഗണത്തിന് അവരേകുന്ന പരിപാലനയും കരുതലും മാറ്റമില്ലാതെ നിലകൊള്ളുന്നുവെന്ന് അജപാലന പ്രവർത്തക ക്രിസ് നൊറോണ സാക്ഷ്യപ്പെടുത്തി.
തുടർന്ന് സിസ്റ്റർ റോസ് സെലിൻറെ സാക്ഷ്യമായിരുന്നു.
ബഹറിനിലുള്ള ജനങ്ങൾക്ക് സേവനമേകാൻ സ്വയം സമർപ്പിക്കുന്നതിന് തങ്ങളെ സ്വർഗ്ഗീയ പിതാവിൻറെ കരുണാർദ്ര സ്നേഹം നിർബന്ധിക്കുന്നുവെന്ന് പറഞ്ഞ സന്ന്യാസിനീ സഹോദരി റോസ് സെലിൻ ദൈവത്തിൻറെ സമൃദ്ധമായ സ്നേഹത്തിന് തങ്ങൾ സാക്ഷ്യം വഹിക്കുന്നുവെന്ന് പ്രസ്താവിച്ചു.
നമുക്ക് ചുറ്റുമുള്ള ലോകം അതിശീഘ്രം മാറുന്നതും ഈ ദ്രുതഗതിയിലുള്ള മാറ്റം പുതിയ വെല്ലുവിളികൾ ഉയർത്തുന്നതും നമുക്ക് പരിചിതമായിരുന്ന പലതും അവ്യക്തമാകുന്നതുമായ ഒരു അവസ്ഥയെപ്പറ്റി പരാമർശിച്ച സിസ്റ്റർ സെലിൻ നമ്മുടെ സമൂഹത്തിനകത്തും പുറത്തും മാറ്റത്തിൻറെയും പ്രത്യാശയുടെയും രൂപാന്തരീകരണത്തിൻറെയും മദ്ധ്യസ്ഥരാകുന്നതിലൂടെ, ഇന്നത്തെ ആവശ്യങ്ങളോട് തങ്ങൾ ക്രിയാത്മകമായി പ്രതികരിക്കുന്നുവെന്നു പറഞ്ഞു.
സുവിശേഷ പാരായണം
ഈ സാക്ഷ്യങ്ങൾക്കു ശേഷം സുവിശേഷ വായനയായിരുന്നു. ജീവജലത്തിൻറെ അരുവിയെക്കുറിച്ച് യേശു പറയുന്നത് രേഖപ്പെടുത്തിയിരിക്കുന്ന യോഹന്നാൻറെ സുവിശേഷം 7:37-39 വരെയുള്ള വാക്യങ്ങൾ ആണ് വായിക്കപ്പെട്ടത്.
“37 തിരുന്നാളിൻറെ അവസാനത്തെ മഹാദിനത്തിൽ യേശു എഴുന്നേറ്റു നിന്നു ശബ്ദമുയർത്തിപ്പറഞ്ഞു: ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവർ എൻറെ അടുക്കൽ വന്നു കുടിക്കട്ടെ.38 എന്നിൽ വിശ്വസിക്കുന്നവൻറെ ഹൃദയത്തിൽ നിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതു പോലെ, ജീവജലത്തിൻറെ അരുവികൾ ഒഴുകും.39 അവൻ ഇതു പറഞ്ഞത് തന്നിൽ വിശ്വസിക്കുന്നവർ സ്വീകരിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ്. അതുവരെയും ആത്മാവ് നല്കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാൽ, യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല.”
ഈ സുവിശേഷവായനയ്ക്കു ശേഷം ഫ്രാൻസീസ് പാപ്പായുടെ പ്രഭാഷണമായിരുന്നു. പ്രഭാഷണാന്തരം പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥന നയിച്ചു. ത്രികാലപ്രാർത്ഥനയ്ക്കു ശേഷം പാപ്പാ സമാപനാശീർവ്വാദം നല്കി. തുടർന്ന് ഗായക സംഘം സമാപന ഗീതിക്ക് തുടക്കം കുറിച്ചപ്പോൾ പാപ്പാ വിശിഷ്ട വ്യക്തികൾ സന്ദർശനക്കുറിപ്പുകൾ രേഖപ്പെടുന്ന പുസ്തകത്തിൽ ഒരു ചെറു സന്ദേശം കുറിച്ചു. അത് ഇപ്രകാരമായിരുന്നു:
“ഇവിടെ ഞാൻ കണ്ടുമുട്ടിയ സഹോദരീസഹോദരന്മാരുടെ വദനങ്ങളും കഥകളും കൃതജ്ഞതാഭരിത മനസ്സോടെ ഞാൻ ഹൃദയത്തിൽ പേറുകയും കർത്താവിന് സമർപ്പിക്കുകയും ചെയ്യുന്നു: ദൈവം അവരെ ആത്മാവിൻറെ ആനന്ദത്താലും, ഐക്യത്തിൻറെയും സമാധാനത്തിൻറെയും ഫലങ്ങളാലും നിറയ്ക്കട്ടെ.”
ഈ കുറിപ്പെഴുതി ഒപ്പുവച്ചതിനു ശേഷം പാപ്പാ തിരുഹൃദയത്തിൻറെ പുരാതന ദേവാലയത്തിലേക്കു പോയി. ഈ ദേവാലയ സന്ദർശനം തീർത്തും സ്വകാര്യമായ ഒരു പരിപാടിയായിരുന്നു. വത്തിക്കാൻ സംസ്ഥാനകാര്യാലയത്തിലെ ഉദ്യോഗസ്ഥരും ഏതാനും കർദ്ദിനാളന്മാരും അപ്പൊസ്തോലിക് നുൺഷ്യൊയും അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്ററും പാപ്പായെ അനുഗമിച്ചു.
റോമിലേക്കുള്ള മടക്കയാത്രയ്ക്ക് പാപ്പാ വിമാനത്താവളത്തിലേക്ക്
മെത്രാന്മാരും വൈദികരും സമർപ്പിതരും അജപാലനപ്രവർത്തകരുമൊത്തുള്ള പ്രാർത്ഥനാ സമാഗമാനന്തരം പാപ്പാ 27 കിലോമീറ്റർ അകലെ അവാലിയിലുള്ള സഖീർ എയർ ബെയ്സ് എന്നറിയപ്പെടുന്ന ചെറു വിമാനത്താവളത്തിലേക്ക് കാറിൽ പോയി. അവിടെ പാപ്പായെ സ്വീകരിച്ച് യാത്രയയ്ക്കാൻ ബഹറിൻ രാജാവ് ഹമദ് ബിൻ ഇസ സൽമാൻ അൽ ഖലിഫ (Hamad bin Isa bin Salman Al Khalifa) അനന്തരാവകാശിയായ രാജകുമാരൻ, പ്രധാനമന്ത്രി, മറ്റ് മൂന്നു മക്കൾ, ഒരു ചെറുമകൻ എന്നിവർ വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു. വിമാനത്താവളത്തിലെ “റോയൽ ശാല”യിൽ വച്ച് പാപ്പാ ഇവരുമൊത്ത് അല്പനേരം ചിലവഴിച്ചു. തുടർന്ന് സൈനികോപചാരം സ്വീകരിച്ച പാപ്പാ അവിടെ സന്നിഹിതരായിരുന്നവരോടു വിടചൊല്ലുകയും വ്യോമയാനത്തിനടുത്തേക്കു നീങ്ങുകയും ചെയ്തു. ഗൾഫ് എയറിൻറെ ബോയിംഗ് 787 വിമാനമായിരുന്നു പാപ്പായ്ക്കും അനുചരർക്കുമായി വിമാനത്താവളത്തിൽ ഒരുക്കി നിറുത്തിയിരുന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരുമണിയോടെ, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് ഏതാണ്ട് 3.30-ന് വ്യോമയാനം അവാലി വിമാനത്താവളത്തിൽ നിന്ന് റോമിലേക്ക്, ഫ്യുമിച്ചീനൊയിലെ ലെയൊണാർദൊ ദ വിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിലേക്ക് പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട് പറന്നുയർന്നു.
ഇരു വിമാനത്താവളങ്ങൾക്കുമിടയ്ക്കുള്ള വ്യോമ ദൂരം 4296 കിലോമീറ്ററാണ്. ഈ ദൂരം തരണം ചെയ്യുന്നതിന് വേണ്ടിവരുന്ന സമയം 5 മണിക്കൂറും 35 മിനിറ്റും ആണ്. ബഹറിനിൽ നിന്ന് റോമിലേക്കുള്ള യാത്രയ്ക്ക് വിമാനം ബഹറിനും ഇറ്റലിക്കും പുറമെ, കുവൈറ്റ്, ഇറാഖ്, തുർക്കി, ഗ്രീസ്, അൽബേനിയ എന്നീ നാടുകളുടെയും വ്യാമ പാത ഉപയോഗപ്പെടുത്തിയതിനാൽ ഓരോ രാജ്യത്തിൻറെയും മുകളിലൂടെ വിമാനം പറക്കവെ പാപ്പാ അതതു നാടുകളുടെ തലവന്മാർക്ക് ആശംസാപ്രാർത്ഥനാ ടെലെഗ്രാം സന്ദേശം ആയച്ചു. ബഹറിൻറെ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫയ്ക്ക് അയച്ച സന്ദേശത്തിൽ പാപ്പാ അന്നാട്ടിലെ തൻറെ വാസ വേളയിൽ തനിക്കേകിയ ആഥിത്യത്തിനു നന്ദി പ്രകാശിപ്പിക്കുകയും തൻറെ പ്രാർത്ഥന ഉറപ്പു നല്കുകയും ചെയ്തു. മറ്റു നാടുകളുടെ തലവന്മാർക്കും ജനങ്ങൾക്കും പാപ്പാ ഈ മടക്കയാത്രയിൽ പ്രാർത്ഥനാപൂർവ്വകമായആശംസകൾ നേർന്നു.
പാപ്പായുടെ ബഹറിൻ സന്ദർശനത്തിൻറെ ഉപാന്ത്യദിനമായിരുന്ന ശനിയാഴ്‌ച (05/11/22) ഉച്ചതിരിഞ്ഞു നടന്ന പരിപാടിയിലൂടെ......
മനാമയിലെ തിരുഹൃദയ ദേവാലയത്തിനടുത്ത് 1940-കളിൽ പണിതീർത്ത തിരുഹൃദയ വിദ്യാലയത്തിൽ വച്ച് യുവജനങ്ങളുമായുള്ള കൂടിക്കാഴച ആയിരുന്നു പാപ്പായുടെ ഇടയസന്ദർശന അജണ്ടയിലെ ഏക ഔദ്യോഗിക പരിപാടി ശനിയാഴ്‌ച ഉച്ചതിരിഞ്ഞ്. 1953 മുതൽ 2003 കൊമ്പോണിയൻ പ്രഷിതസഹോദരികളുടെ മേൽനോട്ടത്തിലായിരുന്ന ഈ വിദ്യാലയം ഇപ്പോൾ നടത്തുന്നത് അപ്പൊസ്തോലിക കാർമെൽ സന്ന്യാസിനികളാണ്.
വിദ്യാലയാങ്കണത്തിൽ കാറിൽ വന്നിറങ്ങിയ പാപ്പാ ചക്രക്കസേരയിൽ ആസനസ്ഥനായപ്പോൾ വിദ്യാലയത്തിൻറ ചുമതലയുള്ള സന്ന്യാസിനി സഹോദരി റോസിലിൻ തോമസ് പാപ്പായെ വരവേറ്റു, ഒരു പെൺകുട്ടി പാപ്പായ്ക്കു പൂച്ചെണ്ടു സമ്മാനിച്ചു. പാപ്പാ അവർക്ക് ജപമാല നല്കുകയും ചെയ്തു. തുടർന്ന് ഏതാനും അദ്ധ്യാപികമാരും അദ്ധ്യേതാക്കളും പാപ്പായെ ഹസ്തദാനമേകി സ്വീകരിച്ചു. പാപ്പാ ചക്രക്കസേരയിൽ സമ്മേളന വേദിയിലേക്കാനയിക്കപ്പെടവെ ഗായക സംഘം അന്തരീക്ഷം സംഗീതസാന്ദ്രമാക്കി. പാപ്പാ വേദിയിൽ ആസനസ്ഥനായപ്പോൾ വിദ്യാലയത്തിൻറെ ചുമതലയുള്ള സന്ന്യാസിനി റോസിലിൻ തോമസ് പാപ്പായ്ക്ക് സ്വാഗതമോതി.
സ്വാഗതം
പാപ്പായെ ഹൃദയംഗമമായി വരവേറ്റ സന്ന്യാസിനി സഹോദരി റോസിലിൻ ബഹറിനിലെ തിരുഹൃദയ വിദ്യാലയം സമാധാനപരമായ സഹവർത്തിത്വത്തിൻറെയും പരിചരണ സംസ്കൃതിയുടെയും പ്രതീകത്തിൻറെ ചെറുപതിപ്പാണെന്നും 29 നാടുകളിൽ നിന്നുള്ളവരും ഭിന്ന സംസ്കാരങ്ങളിലും ഭാഷകളിലും മതപശ്ചാത്തലങ്ങളിലും പെട്ടവരുമായ വിദ്യാർത്ഥികളും ജീവനക്കാരും ഈ വിദ്യാലയത്തിലുണ്ടെന്നും പറഞ്ഞു. സിസ്റ്റർ റോസിലിൻറെ സ്വാഗത വാക്കുകളെ തുടർന്ന് പെൺകുട്ടികളുടെ ഒരു പാരമ്പര്യ നൃത്തമായിരുന്നു.
സാക്ഷ്യങ്ങൾ
നൃത്താനന്തരം ഒരു മുസ്ലീം വിദ്യാർത്ഥിയും കത്തോലിക്കാ യുവ പ്രതിനിധിയും ഒരു കത്തോലിക്കാ വിദ്യാർത്ഥിനിയും സാക്ഷ്യമേകി.
നേട്ടങ്ങൾ കൈവരിക്കുന്നതിന് കഠിനാദ്ധ്വാനവും അർപ്പണ മനോഭാവവും ത്യാഗവും ആവശ്യമാണെന്ന് ജീവിതം തന്നെ പഠിപ്പിച്ചുവെന്ന് മുസ്ലീം വിദ്യാർത്ഥിയായ അബ്ദുള്ള അത്തിയ സാക്ഷ്യപ്പെടുത്തി. താൻ ഗിന്നസ് റെക്കോഡ് ഉൾപ്പടെയുള്ള ബഹുമതിയും കീർത്തിമുദ്രകളും മറ്റും നേടിയതിനെക്കുറിച്ചു പരാമർശിച്ച അത്തിയ, കീർത്തിമുദ്രകളും വിജയക്കപ്പുകളുമൊക്കെ കാലക്രമേണ നശിച്ചു പോകുമെന്നും സൗഹൃദവും സാഹോദര്യവും ആണ് എന്നേക്കും നിലനില്കുകയെന്നും താൻ ഏറ്റവും എളിമയോടെ മനസ്സിലാക്കുകയും തിരിച്ചറിയികയും ചെയ്യുന്നുവെന്നും പറഞ്ഞു.
തുടർന്ന് നെവിൻ വർഗ്ഗീസ് ഫെർണാണ്ടസ് എന്ന മുപ്പിത്തയൊന്നുകാരൻറെ സാക്ഷ്യമായിരുന്നു.
മുസ്ലീങ്ങൾ ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് വശ്വാസിസമൂഹത്താൽ വലയിതരായി ജീവിക്കുന്നതിൻറെ സന്തോഷം പങ്കുവച്ച നെവിൻ തങ്ങളെക്കാൾ ആവശ്യങ്ങൾ ഏറെയുള്ള സാഹചര്യങ്ങളിൽ ജീവിക്കുന്ന യുവതീയുവാക്കൾ ലോകത്തിൽ ഏറെയുണ്ടെന്ന വസ്തുത അനുസ്മരിക്കുകയും സഭ തങ്ങളോടൊപ്പം നില്ക്കുന്നതിൽ നന്ദിയറിയിക്കുകയും ചെയ്തു. വിശ്വാസത്തെ പ്രതി ജീവൻ പണയപ്പെടുത്തുന്ന ആളുകളുടെ വീരോചിതമായ മാതൃകകൾ നമുക്കണ്ടെന്ന് അദ്ദേഹം അനുസ്മരിച്ചു.
പാപ്പാ തങ്ങൾക്കു മദ്ധ്യേ സന്നിഹിതനായിരിക്കുന്നത് തങ്ങൾക്ക് ശക്തിയേകുകയും തങ്ങളുടെ കത്തോലിക്കാ സ്വത്വത്തിൽ തങ്ങൾക്കു പ്രചോദനം പകരുകുയും ചെയ്യുന്നുവെന്നു പറഞ്ഞ നെവിൻ പാപ്പായുടെ മാർഗ്ഗനിർദേശമനുസരിച്ച് സഭയുടെ യോഗ്യരായ മക്കളാകാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും തങ്ങളുടെ വിശ്വാസം ഭയമില്ലാതെ അഭ്യസിക്കാൻ കഴിയുന്നതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്നും വെളിപ്പെടുത്തി.
നെവിൻറെ സാക്ഷ്യത്തെ തുടർന്ന് മെറീന മോത്ത എന്ന കത്തോലിക്ക വിദ്യാർത്ഥിനി താൻ വചന ശുശ്രൂഷാംഗവും ഇടവക ഗായകസംഘാംഗവും ആയിരിക്കുന്നത് അനുസ്മരിക്കുകയും ഈ ശുശ്രൂഷകൾ രണ്ടും തനിക്ക് ജീവിതത്തിൽ നല്കുന്ന പ്രചോദനങ്ങൾക്ക് സാക്ഷ്യമേകുകയും ചെയ്തു.
പാപ്പായുടെ കൗമാരജീവിതാനുഭവത്തിൻറെ വെളിച്ചത്തിൽ തങ്ങൾക്ക് എന്തെങ്കിലും ഉപദേശം നല്കാനുണ്ടോ? മൗന പ്രാർത്ഥനയിലൂടെ ദൈവവമുമായി എങ്ങനെ ഫലപ്രദമായി സംവദിക്കാനാകും ? ഉൽക്കണ്ഠ, പിരിമുറുക്കം, മുഠാളത്തം, സമാനരുടെ അതിസമ്മർദ്ദം തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങൾക്കെതിരെ പോരാടുന്നതിന് തങ്ങളെ സഹായിക്കാൻ തക്ക ശക്തമാണ് തങ്ങളുടെ വിശ്വാസമെന്ന് പാപ്പാ കരുതുന്നുണ്ടോ? എന്നീ മൂന്നു ചോദ്യങ്ങൾ പാപ്പായോട് ഉന്നയിച്ചുകൊണ്ടാണ് മെറീന സാക്ഷ്യം അവസാനിപ്പിച്ചത്.
സിസ്റ്റർ റോസിലിൻറെ വാക്കുകൾക്കും ഈ മൂന്നുപേരുടെയും സാക്ഷ്യങ്ങൾക്കുമുള്ള മറുപടിയായിരുന്നു പാപ്പായുടെ തുടർന്നുള്ള പ്രഭാഷണം .
പാപ്പായുടെ പ്രഭാഷണാന്തരം ആറു കുട്ടികൾ ഓരോരുത്തരായി ലഘു സമാധാന സന്ദേശം വായിച്ചു. തദ്ദനനന്തരം എല്ലാവരും സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ചൊല്ലിയതിനെ തുടർന്ന് പാപ്പാ സമാപനാശീർവ്വാദം നല്കി. അതിനു ശേഷം പാപ്പാ വിശിഷ്ടവ്യക്തികൾ സന്ദർശനക്കുറിപ്പ് രേഖപ്പെടുത്തുന്ന പുസ്തകത്തിൽ ഏതാനും വാക്കുകൾ കുറിച്ച് ഒപ്പുവച്ചു.
യുവതയ്ക്ക് ശിക്ഷണമേകാൻ ആവേശം കാട്ടുന്നതും സമയവും ഊർജ്ജവും നീക്കിവയ്ക്കുന്നതും സമാധാനം കെട്ടിപ്പടുക്കലാണ്. ഈ വിദ്യാലയും എല്ലാ വിദ്യാലയങ്ങളും കുഞ്ഞുങ്ങളുടെ ഏറ്റവും വലിയ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനായി നാം പ്രവർത്തിക്കുന്ന പ്രത്യാശയുടെ തുറന്നവുള്ളതും സാഹോദര്യപരവുമായ നിർമ്മാണവേദിയാകട്ടെ എന്നാണ് പാപ്പാ ആ പുസ്തകത്തിൽ കുറിച്ചത്. പാപ്പാ ഇത് രേഖപ്പെടുത്തി വേദിവിടുമ്പോൾ ഗായകസംഘം മധുരഗീതം പൊഴിക്കുന്നുണ്ടായിരുന്നു.
എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് ചക്രക്കസേരയിൽ നീങ്ങവെ പാപ്പാ അവിടെ ഉണ്ടായിരുന്നവർക്ക് ഹസ്തദാനമേകുകയും നൃത്തമവതരിപ്പിച്ചവർക്ക് ജപമാല ഉപഹാരമായി നല്കുകയും ചെയ്തു. പാപ്പാ സംഗമവേദി വിടവേ നീണ്ട കരഘോഷം ഉയർന്നു. നൃത്തം ചെയ്ത കുട്ടികളുമൊത്ത് ഫോട്ടൊയെടുക്കുന്നതിനും പാപ്പാ അല്പസമയം ചിലവഴിച്ചു.
യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചാനന്തരം പാപ്പാ 7 കിലോമീറ്റർ അകലെയുള്ള തൻറെ താല്ക്കാലിക താമസസ്ഥലത്തേയ്ക്ക് കാറിൽ പോകുകയും അത്താഴം കഴിച്ച് രാത്രി വിശ്രമിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: