തിരയുക

ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ അർപ്പിച്ച വിശുദ്ധ ബലിമദ്ധ്യേ ഫ്രാൻസിസ് പാപ്പാ ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ അർപ്പിച്ച വിശുദ്ധ ബലിമദ്ധ്യേ ഫ്രാൻസിസ് പാപ്പാ 

മതാന്തരസംവാദങ്ങളും സമാധാനശ്രമങ്ങളും പ്രോത്സാഹിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിസ് പാപ്പായുടെ ബഹ്റൈൻ അപ്പസ്തോലിക സന്ദർശനത്തിന്റെ - രണ്ട്, മൂന്ന് ദിനങ്ങളിൽ നടന്ന, മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സസുമായുള്ള സമ്മേളനം, “അറേബ്യയിലെ നമ്മുടെ നാഥ” കത്തീഡ്രലിൽ വച്ച് നടന്ന എക്യൂമെനിക്കൽ സംഗമം, ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ അർപ്പിച്ച വിശുദ്ധ ബലി എന്നിവയെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം.
പാപ്പായുടെ ബഹ്റൈൻ സന്ദർശനത്തിന്റെ സംക്ഷിപ്ത വിവരണം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

നവംബർ മൂന്ന് വ്യാഴാഴ്ച മുതൽ ആറാം തീയതി ഞായറാഴ്ച വരെ നീളുന്ന, ഫ്രാൻസിസ് പാപ്പായുടെ ബഹ്റൈനിലേക്കുള്ള അപ്പസ്തോലികയാത്രയുടെ ഭാഗമായി നവംബർ മൂന്ന് വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ നിന്ന് പുറപ്പെട്ട് റോമിലെ ഫ്യുമിചീനോ ലെയൊനാർദോ ദാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളം വഴി ബഹ്‌റൈനിൽ അവാലിയിലെ സാഖിർ എയർബേസിൽ പ്രാദേശികസമയം വൈകുന്നേരം നാലേമുക്കാലോടെ, ഇന്ത്യയിലെ സമയം വൈകുന്നേരം ഏഴേകാലോടെ ഫ്രാൻസിസ് പാപ്പാ എത്തി. വിമാനത്താവളത്തിൽവച്ച് പാപ്പായെ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ ബിൻ സൽമാൻ അൽ ഖലീഫയും, കിരീടാവകാശിയായ രാജകുമാരനും, പ്രധാനമന്ത്രിയും, ഉൾപ്പെടുന്ന ആളുകൾ ചേർന്ന് സ്വീകരിച്ചു. റോയൽ ഹാളിൽവച്ചു ഇവരുമായി നടന്ന സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ശേഷം അൽ അസ്ഹറിലെ വലിയ ഇമാമിനെ പാപ്പാ അഭിവാദ്യം ചെയ്തു. തുടർന്ന് പാപ്പാ വിമാനത്താവളത്തിൽനിന്ന് രണ്ടു കിലോമീറ്ററുകൾ അകലെയുള്ള സാഖിർ രാജകൊട്ടാരത്തിലേക്ക് പുറപ്പെട്ടു. പ്രാദേശികസമയം വൈകുന്നേരം ആറ് മുപ്പതിന് സാഖിർ രാജകൊട്ടാരത്തിൽ വച്ച് ബഹ്‌റൈനിലെ രാഷ്ട്രീയ, മത നേതൃത്വവും, നയതന്ത്രപ്രതിനിധികളും, പൊതുസമൂഹത്തിന്റെ പ്രതിനിധികളും ഉൾപ്പെടുന്ന ആയിരത്തോളം ആളുകളുമായി പാപ്പാ കൂടിക്കാഴ്ച നടത്തുകയും ബഹ്‌റൈനിലെ തന്റെ പ്രഥമ പ്രഭാഷണം നടത്തുകയും ചെയ്തു. സാഖിർ കൊട്ടാരത്തിനടുത്തുതന്നെ ഒരുക്കിയ ഒരു വസതിയിലാണ് പാപ്പാ താമസിക്കുന്നത്.

അപ്പസ്തോലികയാത്രയുടെ രണ്ടാം ദിവസമായ നവംബർ നാല് വെള്ളിയാഴ്ച രാവിലെ വിശുദ്ധബലിയർപ്പണത്തിന് ശേഷം, സാഖിർ രാജകൊട്ടാരത്തിന്റെ അൽ-ഫിദ ചത്വരത്തിൽ എത്തിയ പാപ്പാ അവിടെ നടന്ന "ബഹ്‌റൈൻ ഫോറം: കിഴക്കും പടിഞ്ഞാറും മാനവിക സഹവാസത്തിനായി" എന്ന ദ്വിദിനസമ്മേളനത്തിന്റെ സമാപനച്ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ഉച്ചഭക്ഷണത്തിനായി തിരികെ തന്റെ താമസസ്ഥലത്തെത്തിയ പാപ്പായെ വൈകുന്നേരം നാലുമണിയോടെ അൽ അസ്ഹറിലെ വലിയ ഇമാം അഹ്മദ് മുഹമ്മദ് അൽ-തയ്യബ് സന്ദർശിച്ചു.

മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ്

നവംബർ 4 വൈകുന്നേരം സാഖിർ രാജകൊട്ടാരത്തിലെ മോസ്കിൽ വച്ച് മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ് എന്ന സംഘടനയിലെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. 2014 ജൂലൈ 18-ന് സ്ഥാപിക്കപ്പെട്ട ഈ സംഘടന, ഇസ്ലാമികസമൂഹങ്ങളിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ളതാണ്. അബുദാബി ആസ്ഥാനമാക്കിയ ഈ അന്താരാഷ്ട്രസംഘടന വിദ്യാസമ്പന്നരും, പ്രത്യേക വൈദഗ്ധ്യം നേടിയവരുമായ ആളുകളെയും നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പേരുകേട്ട ഇസ്ലാം മതവിശ്വാസികളായ ആളുകളെയും ഉൾക്കൊള്ളുന്നതാണ്.

വലിയ ഇമാമിനൊപ്പം ഇവിടെയെത്തിയ പാപ്പായെ മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സിലെ അംഗംകൂടിയായ ഇസ്ലാമികകാര്യങ്ങൾക്കായുള്ള ഉപദേശകസമിതിയുടെ പ്രസിഡന്റ് സ്വീകരിച്ചു. മത, രാഷ്ട്രീയ വിഭാഗങ്ങളിൽനിന്നുള്ള നിരവധി അധികാരികൾ ഉൾപ്പെടെ നൂറോളം ആളുകളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ സമ്മേളനം. തുടർന്ന് ഖുറാനിൽനിന്നുള്ള ഒരു ഭാഗം അറബിക് ഭാഷയിൽ ഒരു ആൺകുട്ടിയും ഉൽപത്തി പുസ്തകത്തിൽനിന്നുമുള്ള ഒരു ഭാഗം ഇംഗ്ലീഷിൽ ഒരു പെൺകുട്ടിയും വായിച്ചു. സൃഷ്ടികർമ്മവുമായി ബന്ധപ്പെട്ട വായനകളായിരുന്നു രണ്ടും. മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സിന്റെ ജനറൽ സെക്രട്ടറിയുടെ പ്രഭാഷണമായിരുന്നു തുടർന്ന്. ഒരേ ഭൂമിയിൽ യാത്ര ചെയ്യുന്ന സഞ്ചാരികളെന്ന നിലയിൽ ഒരുമയോടെ സഞ്ചരിക്കാനുള്ള വിളിയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അതിനുശേഷം പ്രഭാഷണം നടത്തിയ വത്തിക്കാന്റെ മതാന്തരസംവാദങ്ങൾക്കായുള്ള കൗൺസിലിന്റെ പ്രസിഡന്റ് കർദ്ദിനാൾ അയൂസ, മതനേതാക്കൾക്ക് തങ്ങളുടെ വിശ്വാസികളുടെ ജീവിതത്തിന്റെ മേലുള്ള കടമകളെ അനുസ്മരിക്കുകയും, സഹോദര്യത്തിലും സമാധാനത്തിലും വളർന്നുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്‌തു. നമ്മുടെ പ്രകൃതിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

മതകാര്യങ്ങൾക്കുവേണ്ടിയുള്ള മുൻ മന്ത്രിയും മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സിലെ അംഗവുമായ മുഹമ്മദ് ഖുറൈഷ് ഷിഹാബാണ് തുടർന്ന് സംസാരിച്ചത്. ഇതിനുശേഷം അൽ-അസ്‌ഹറിലെ വലിയ ഇമാം പ്രഭാഷണം നടത്തി. ലോകത്തിന്റെ ധാർമ്മികതയുടെ തകർച്ചയെക്കുറിച്ച് സംസാരിച്ച അദ്ദേഹം, അറിവുള്ള ആളുകൾ പരസ്പരസഹവർത്തിത്വം വളർത്തിയെടുക്കുന്നതിനായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എടുത്തുപറഞ്ഞു. മറ്റുള്ളവർ സ്വീകരിക്കുന്നെങ്കിലും ഇല്ലെങ്കിലും മതനേതാക്കൾ എന്ന രീതിയിൽ മാനവികസഹോദര്യത്തിന്റെ പാഠങ്ങൾ പറഞ്ഞുകൊടുക്കുന്നതിൽ ക്രൈസ്തവ-ഇസ്ലാമിക സംവാദങ്ങൾക്കുള്ള പ്രാധാന്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.

തുടർന്ന് പാപ്പായുടെ പ്രഭാഷണമായിരുന്നു. ഇറ്റാലിയൻ ഭാഷയിലായിരുന്നു പാപ്പായുടെ പ്രഭാഷണം. തന്റെ പ്രഭാഷണത്തിന്റെ അവസാനം പാപ്പാ മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സിലെ അംഗങ്ങളെ അഭിവാദ്യം ചെയ്തു.

അറേബ്യയിലെ നമ്മുടെ നാഥ കത്തീഡ്രൽ

മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രാദേശികസമയം വൈകുന്നേരം അഞ്ച് മുപ്പതോടെ എക്യൂമെനിക്കൽ സംഗമത്തിനും സമാധാനത്തിനായുള്ള പ്രാർത്ഥനയ്ക്കുമായി, അവിടെനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള “അറേബ്യയിലെ നമ്മുടെ നാഥ” യുടെ പേരിലുള്ള മരിയൻ കത്തീഡ്രലിലേക്ക് പാപ്പാ യാത്രയായി. 2014 മെയ് 31-ന് നിർമ്മാണപ്രവർത്തികൾ ആരംഭിച്ച ഈ കത്തീഡ്രൽ 2021 ഡിസംബർ 10-ന് കർദ്ദിനാൾ ലൂയിസ് അന്തോണിയോ താഗ്ലെയാണ് വെഞ്ചരിച്ചത്. 2300 ആളുകളെ ഉൾക്കൊള്ളുന്ന ഈ ദേവാലയം, നെയോ കാറ്റക്കൂമെനൽ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ കിക്കോ അർഗുവെയ്യോയുടെ കലാപരമായ നിർദ്ദേശങ്ങൾ ഉൾക്കൊണ്ടാണ് പണിചെയ്യപ്പെട്ടത്. ഗൾഫ് നാടുകളിലെ രണ്ട് അപ്പസ്തോലിക വികാരിയത്തുകളുടെയും സ്വർഗ്ഗീയമദ്ധ്യസ്ഥയായ അറേബ്യയിലെ നമ്മുടെ നാഥ എന്ന പേരിൽ വണങ്ങപ്പെടുന്ന പരിശുദ്ധ അമ്മയുടെ നാമത്തിലാണ് ഈ കത്തീഡ്രൽ അറിയപ്പെടുന്നത്.

എക്യൂമെനിക്കൽ സംഗമവും സമാധാന പ്രാർത്ഥനയും

കത്തീഡ്രലിലെത്തിയ പാപ്പായെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ അഭിവന്ദ്യ പോൾ ഹിൻഡർ പിതാവും ഇടവക വികാരിയും, വിവിധ മതനേതാക്കളും ചേർന്ന് സ്വീകരിച്ചു. ദേവാലയത്തിൽ പരിശുദ്ധ അമ്മയുടെ മുൻപിലെത്തിയ പാപ്പാ അവിടെ പൂക്കൾ സമർപ്പിച്ചു. നിശബ്ദമായ പ്രാർത്ഥനയ്ക്ക് ശേഷം പാപ്പാ നൂറുകണക്കിന് ആളുകൾ നിറഞ്ഞിരുന്ന ദേവാലയത്തിന്റെ അൾത്താരയിലേക്കെത്തി.

ഇംഗ്ലീഷിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ പ്രാരംഭപ്രാർത്ഥനയ്ക്കു ശേഷം പരിശുദ്ധാത്മാവ് ശിഷ്യന്മാരുടെമേൽ എഴുന്നെള്ളിവന്ന സംഭവത്തെക്കുറിച്ചുള്ള അപ്പസ്തോലപ്രവർത്തനങ്ങളുടെ പുസ്തകത്തിൽനിന്നുള്ള ഒരു ഭാഗം വായിക്കപ്പെട്ടു. തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം നടത്തി. ഇറ്റാലിയൻ ഭാഷയിലായിരുന്നു പാപ്പായുടെ പ്രഭാഷണം.

വിവിധ ക്രൈസ്തവസഭകളുടെ പ്രതിനിധികളുടെ സമാധാനത്തിനായുള്ള പ്രാർത്ഥനകൾക്ക് ശേഷം ഏവരും ചേർന്ന് ഇംഗ്ലീഷിൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ചൊല്ലി. തുടർന്ന് പാപ്പാ ഏവർക്കും ആശീർവാദം നൽകി. അതിനുശേഷം വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ സമാധാനത്തിനായുള്ള പ്രാർത്ഥനാഗാനം ആലപിക്കപ്പെട്ടു. തുടർന്ന് വൈകിട്ട് ഏഴുമണിയോടെ പാപ്പാ താൻ വസിക്കുന്ന ഭവനത്തിലേക്ക് യാത്രയായി. കത്തീഡ്രലിൽനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള തന്റെ താൽക്കാലികവസതിയിലെത്തിയ പാപ്പാ അത്താഴത്തിനു ശേഷം അവിടെ വിശ്രമിച്ചു.

അപ്പസ്തോലികയാത്ര മൂന്നാം ദിനം - ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയം

ഫ്രാൻസിസ് പാപ്പായുടെ മുപ്പത്തിയൊൻപതാം അപ്പസ്തോലികയാത്രയുടെ മൂന്നാം ദിനമായ നവംബർ അഞ്ചാം തീയതി പ്രഭാതഭക്ഷണത്തിന് ശേഷം താമസസ്ഥലത്തുനിന്നും രാവിലെ 7.40-ന് ഏഴു കിലോമീറ്ററുകൾ അകലെയുള്ള ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിലേക്ക് വിശുദ്ധബലി അർപ്പിക്കുന്നതിനായി പാപ്പാ കാറിൽ യാത്രയായി. ബഹ്‌റൈനിലെ രാജകുടുംബത്തിന്റെ സ്ഥലമായ റിഫായിലാണ് ഈ സ്റ്റേഡിയം. മുപ്പതിനായിരം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ സ്റ്റേഡിയം 1982-ലാണ് പണിയപ്പെട്ടത്. സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സന്ദേശവുമായി തന്റെ അപ്പസ്തോലികസന്ദർശനത്തിന്റെ ഭാഗമായി രാവിലെ എട്ടു മണിയോടെ ഇവിടെയെത്തിയ പാപ്പാ തുറന്ന ജീപ്പിൽ ആളുകൾക്കിടയിലൂടെ സഞ്ചരിച്ചു. വത്തിക്കാൻ പതാകകളുമായി ഗാലറിയിലും മൈതാനത്തും നിറയെ സ്ഥാനമുറപ്പിച്ച വിശ്വാസികൾ ഗാനാലാപത്തോടെ പാപ്പായെ എതിരേറ്റു.

വിശുദ്ധ കുർബാന

8.30-നാണ് വിശുദ്ധ ബലി ആരംഭിച്ചത്. ഇംഗ്ലീഷിലായിരുന്നു വിശുദ്ധബലിയർപ്പണം. ബലിയർപ്പണത്തിനിടയിലുള്ള വായനകളിൽ, ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽനിന്നുള്ള ഒന്നാം വായന അറബിക് ഭാഷയിലും, വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽനിന്നുള്ള, ക്ഷമയുടെയും സാഹോദര്യത്തിന്റെയും സന്ദേശമുള്ള യേശുവിന്റെ വചനങ്ങൾ ഉൾക്കൊള്ളുന്ന സുവിശേഷവായന ഇംഗ്ലീഷിലുമായിരുന്നു. തുടർന്ന് ഫ്രാൻസിസ് പാപ്പാ സുവിശേഷപ്രഘോഷണം നടത്തി. സ്പാനിഷ് ഭാഷയിലായിരുന്നു പാപ്പായുടെ പ്രഭാഷണം.

പാപ്പായുടെ പ്രസംഗത്തിന് ശേഷം നടന്ന പ്രാർത്ഥനകൾ കൊങ്കണി, മലയാളം, താഗലോഗ്, ഇംഗ്ലീഷ്, സ്വാഹിലി, തമിഴ് എന്നീ ഭാഷകളിലായിരുന്നു. വിശുദ്ധ ബലിയുടെ അവസാനം വടക്കൻ അറേബ്യൻ വികാരിയാത്തിന്റെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ സ്വിറ്റസർലണ്ടിൽനിന്നുള്ള അഭിവന്ദ്യ പോൾ ഹിൻഡർ പിതാവ് പാപ്പായെ അഭിസംബോധനചെയ്‌തു. വിശുദ്ധ ഫ്രാൻസിസിനെപ്പോലെ സഹോദര്യത്തിൽ വളരുവാനുള്ള ഏവരുടെയും വിളിയെപ്പറ്റി സംസാരിക്കുന്നതിൽ ഫ്രാൻസിസ് പാപ്പാ കാണിക്കുന്ന താല്പര്യം എടുത്തുപറഞ്ഞ ഹിൻഡർ പിതാവ് പാപ്പായ്ക്ക് നന്ദി പറഞ്ഞു.

തിരികെ വസതിയിലേക്ക്

വിശുദ്ധ ബലിയർപ്പണത്തിന് ശേഷം 10.30-ന് പരിശുദ്ധ പിതാവ് 7 കിലോമീറ്ററുകൾ അകലെയുള്ള തന്റെ താത്കാലിക വസതിയിലേക്ക് തിരികെ പോയി. അവിടെയെത്തിയ ഫ്രാൻസിസ് പാപ്പാ ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം വിശ്രമിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 November 2022, 22:36