സാർവ്വത്രികസഭയുടെ അടയാളമായ ബഹ്‌റൈൻ സമൂഹം
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
തന്റെ ബഹ്‌റൈൻ സന്ദർശനത്തിന്റെ അവസാനദിവസത്തെ സന്ദേശത്തിൽ മാർപ്പാപ്പ ബഹ്‌റൈൻ കത്തോലിക്കാ സമൂഹത്തെ വിശേഷിപ്പിച്ചത് സാർവ്വത്രികസഭയുടെ അടയാളമെന്നാണ്. ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നും ജീവിതത്തിന്റെ നിലനില്പിനുവേണ്ടി ബഹറിനിൽ എത്തിച്ചേർന്ന സമൂഹത്തെ അഭിസംബോധന ചെയ്തപ്പോൾ അവരിൽ എടുത്തുപറയപ്പെട്ട രണ്ടു സമൂഹങ്ങൾ ആയിരുന്നു ലെബനൻ സമൂഹവും, പശ്ചിമേഷ്യൻ സമൂഹവും. ചരിത്രത്തിൽ നിരവധി രക്തച്ചൊരിച്ചിലുകൾക്ക് സാക്ഷ്യം വഹിക്കുകയും, ഇന്നും തീരാത്ത ദുരിതങ്ങൾ പേറുന്നതുമായ ആ ജനതയ്ക്ക് തന്റെ സാമീപ്യം വാഗ്‌ദാനം ചെയ്യുവാനും പാപ്പാ മറന്നില്ല. ക്രിസ്തുവിന്റെ ഏകമുഖത്തിന് പലരാജ്യങ്ങളിൽനിന്നുള്ള വിശ്വാസികളുടെ ബഹുമുഖങ്ങൾ നൽകുന്ന ഐക്യവും മാർപാപ്പ എടുത്തുപറഞ്ഞു. ഇതാണ് മരുഭൂമിയുടെ നടുവിലും ഈ രാജ്യത്തിന്റെ മാറ്റു കൂട്ടുന്ന ജീവരഹസ്യവും.
ജീവജലത്തിന്റെ അരുവികൾ
യോഹന്നാന്റെ സുവിശേഷം ഏഴാം അധ്യായം മുപ്പത്തിയേഴു മുതലുള്ള തിരുവചനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് മാർപാപ്പ തന്റെ ഔദ്യോഗിക സന്ദേശം ആരംഭിച്ചത്. മരുഭൂമികൾ ഏറെയുള്ള ബഹ്‌റൈൻ നാടിൻറെ പ്രത്യേകതകൾ പലപ്പോഴും മാർപാപ്പയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു. മരുഭൂമികൾക്കിടയിൽ നിശബ്ദമായി നാടിന് ജീവൻ നൽകി ഒഴുകുന്ന നീരുറവകളെ പോലെയാണ് ഓരോ ക്രിസ്ത്യാനിയുടെയും ജീവിതസാക്ഷ്യം മറ്റുള്ളവരിൽ ജീവനായി മാറേണ്ടത്.ദുർബലവും, ഭയാനകവും, വെല്ലുവിളികൾ നിറഞ്ഞതുമായ ഈ കാലഘട്ടത്തിൽ ആത്മാവിന്റെ മധുരമേറിയ ജീവജലം നമ്മിലൂടെ ഒഴുകുവാൻ നമ്മെത്തന്നെ വിട്ടുകൊടുക്കണം. ഈ ജലമാണ് നമ്മുടെ ജീവിതത്തിന് ആത്യന്തികമായ സന്തോഷം പ്രദാനം ചെയ്യുന്നത്.
കുരിശിലെ ബലിയും, പരിശുദ്ധാത്മാവിന്റെ ദാനവും
സുവിശേഷഭാഗത്തിന്റെ ഉള്ളടക്കങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, പാപ്പാ ഈശോയുടെ ഈ വചനങ്ങൾക്ക് അടിസ്ഥാനമായി നിലകൊണ്ട പശ്ചാത്തലം വിവരിക്കുന്നു. പ്രധാനതിരുനാളിന്റെ അവസരത്തിൽ പഴയനിയമ ഉടമ്പടിയുടെ അനുസ്മരണമായി ജനം തങ്ങൾക്ക് ലഭിച്ച വിളവുകൾക്കും, ഭൂമിക്കുമായി ദൈവത്തെ സ്തുതിക്കുന്ന അവസരത്തിൽ പ്രധാനപുരോഹിതൻ സിലോഹ കുളത്തിൽനിന്നും ജലമെടുത്തു ജറുസലേമിന്റെ മതിലിനു പുറത്തേക്ക് തളിക്കുന്നു. അതായത് ജെറുസലേമിൽനിന്നും എല്ലാവിധ അനുഗ്രഹങ്ങളും വരുന്നുവെന്ന് കാണിക്കാനാണ് ഇപ്രകാരം ഒരു രീതി അനുവർത്തിച്ചുപോന്നത്. ഇതുപോലെ ജലത്തിന്റെ ഉറവയെ സംബന്ധിക്കുന്ന നിരവധി ഭാഗങ്ങൾ പഴയനിയമത്തിൽ നമുക്ക് കാണാവുന്നതാണ്. പുതിയനിയമത്തിൽ ക്രിസ്തു തന്നെ ഇപ്രകാരം തന്റെ ജീവനാകുന്ന ഉറവയെപ്പറ്റി സംസാരിക്കുന്നു. ആർക്കെങ്കിലും ദാഹിക്കുന്നെങ്കിൽ അവർ എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.(യോഹ.7,37).ക്രിസ്തു തന്റെ ആത്മാവാകുന്ന ജീവജലത്തെപ്പറ്റിയാണ് ഇവിടെ സംസാരിക്കുന്നത്. തന്റെ വിലാവിൽനിന്നു വന്ന രക്തവും വെള്ളവും മനുഷ്യനെ തന്റെ പാപത്തിൽനിന്നും, മരണത്തിൽനിന്നും രക്ഷിക്കുന്ന ആത്മാവാണ്. ഇപ്രകാരം യേശുവിന്റെ ആത്മാവിൽ നാം സംരക്ഷിക്കപ്പെടുന്നുവെന്ന, ആശ്വസിപ്പിക്കുന്ന വചനമാണ് മാർപാപ്പ ജനങ്ങൾക്ക് നൽകിയത്.
സഭയുടെ ഉത്ഭവം പരിശുദ്ധാത്മാവിൽനിന്ന്
ഈശോയുടെ വിലാവിൽനിന്നുമൊഴുകിയ രക്തവും വെള്ളവും, പരിശുദ്ധാത്മാവിന്റെ അടയാളങ്ങളെന്നതുപോലെ, ഇതേ ആത്മാവിന്റെ അഭിഷേകത്താലാണ് പരിശുദ്ധ സഭയുടെ തുടക്കവും.പരിശുദ്ധാത്മാവിനാൽ നാം പുതിയ സൃഷ്ടികളായി മാറുന്നു. നാം ക്രിസ്ത്യാനികളായി ജനിച്ചതും ജീവിക്കുന്നതും നമ്മുടെ ആരുടെയും വ്യക്തിപരമായ മഹത്വം കൊണ്ടല്ല മറിച്ച് മാമോദീസായെന്ന കൂദാശയാൽ നാം ആത്മാവിന്റെ ജീവജലത്താൽ അഭിഷേകംചെയ്യപ്പെടുന്നു. ഈ ജീവജലം നമ്മെ പുതിയ സൃഷ്ടികളാക്കുന്നു ഒപ്പം ദൈവത്തിന്റെ മക്കളെന്ന നിലയിലേക്ക് ഉയർത്തുന്നു. മൂന്നു തരത്തിലുള്ള പരിശുദ്ധാത്മഅഭിഷേകമാണ് പ്രത്യേകമായും മാർപാപ്പ എടുത്തു പറഞ്ഞത്: ആനന്ദം, ഐക്യം, പ്രവാചകത്വം.
ആനന്ദത്തിന്റെ ഉറവയായ പരിശുദ്ധാത്മാവ്
എപ്പോഴും മരുഭൂമിയിലെന്നപോലെ നമ്മുടെ വരണ്ട ജീവിതാനുഭവങ്ങളിലേക്ക് ആനന്ദത്തിന്റെ നീരുറവയായി ആത്മാവ് കടന്നുവരുന്നു. ഈ മരുഭൂമിയനുഭവം ഏറ്റവുമധികം അനുഭവിക്കുന്ന നിമിഷങ്ങൾ ഒറ്റപ്പെടലിന്റേതാണ്.ഏകാന്തതയുടെ ദുർബലനിമിഷങ്ങളിൽ നമ്മുടെ ആശ്വാസകനായി പരിശുദ്ധാത്മാവ് എത്തുമ്പോൾ ശക്തിയും, ധൈര്യവും നമ്മിൽ നിറയുക മാത്രമല്ല, ജീവിതത്തെ കുറിച്ചുള്ള പുതിയ പുതിയ കാഴ്ചപ്പാടുകളിലേക്ക് പോലും വളരുവാൻ നമുക്ക് സാധിക്കുന്നു. ആത്മാവിന്റെ ഈ സന്തോഷം, ഈ ലോകം നമുക്ക് നൽകുന്ന നൈമിഷികവും നശ്വരവുമായ വൈകാരികസുഖമല്ല പ്രദാനം ചെയ്യുന്നത് മറിച്ച് എല്ലാത്തരം മാനുഷികദുർബലതകൾക്കുമപ്പുറം ദൈവവുമായി ഒരു ബന്ധം സ്ഥാപിക്കാനും അവന്റെ സാമീപ്യം എപ്പോഴും അനുഭവിക്കാനുമുള്ള ഒരു സ്വർഗീയാനന്ദമാണ്. ഇപ്രകാരം ആത്മാവിന്റെ ദാനമായ സന്തോഷം നമ്മെ ഒരു കൂട്ടായ്മയിലേക്ക് നയിക്കുന്നു.ബഹ്‌റൈനിലെ ക്രൈസ്തവകൂട്ടായ്മയും ഇപ്രകാരം പരിശുദ്ധാത്മാവിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണെന്ന് മാർപാപ്പ തന്റെ സന്ദേശത്തിൽ കൂട്ടിച്ചേർത്തു. ഈ ഐക്യവും,സ്നേഹവും ഇനിയും പതിന്മടങ്ങു വർധിപ്പിക്കാനും കാത്തുസൂക്ഷിക്കാനും പാപ്പാ ആഹ്വാനം ചെയ്തു. ആത്മാവിന്റെ ആനന്ദം,അത് പങ്കുവയ്ക്കലിന്റേതാണ്. വിശുദ്ധകുർബാനയിൽ എപ്രകാരം ഈ പങ്കുവയ്ക്കലിന്റെ അനുഭവം സാധ്യമാകുന്നുവോ അതുപോലെ അജപാലനമേഖലകളിലെല്ലാം നാം ഈ അനുഭവം മറ്റുള്ളവർക്കും പ്രദാനം ചെയ്യണം.
പരിശുദ്ധാത്മാവ് ഐക്യത്തിന്റെ ഉറവിടം
പരിശുദ്ധാത്മാവ് നമ്മെ ദൈവത്തിന്റെ മക്കളെന്ന നിലയിലേക്ക് ഉയർത്തുന്നു. വിശുദ്ധ പൗലോസ് ശ്ലീഹ റോമക്കാർക്ക് എഴുതിയ ലേഖനം എട്ടാം അധ്യായത്തിൽ ഈ വലിയ സത്യം വെളിവാക്കപ്പെട്ടിരിക്കുന്നു. നമ്മൾ ദൈവത്തിന്റെ മക്കളെങ്കിൽ പരസ്പരം നാം സഹോദരങ്ങളാണെന്നുമുള്ള സത്യവും വചനത്തിൽനിന്നു നമ്മുക്ക് മനസിലാക്കാം. സഹോദരങ്ങൾക്കിടയിൽ സ്വാർത്ഥതാല്പര്യങ്ങളോ, വെറുപ്പോ, വിദ്വേഷമോ, വേർതിരിവുകളോ പാടില്ല മറിച്ച് എല്ലാത്തരം ലൗകികമായ ചിന്തകൾക്കുമപ്പുറം ദൈവികമായ ഒരു ഐക്യം കെട്ടിപ്പടുക്കുവാൻ ആത്മാവ് നമ്മെ സഹായിക്കുന്നു. ഇതാണ് ക്രിസ്തീയ കൂട്ടായ്മ. ആയുധരഹിതമായ സ്നേഹത്തിന്റെ സംഭാഷണങ്ങളിൽ വിരിയുന്ന സാഹോദര്യം.ഇപ്രകാരമൊരു കൂട്ടായ്മയുടെ തുടക്കമാണ് പെന്തക്കുസ്താ ദിവസം പരിശുദ്ധാത്മാവ് അപ്പസ്തോലന്മാരുടെ ഉള്ളിൽ നിറഞ്ഞുകൊണ്ട് അവരെ ശക്തിപ്പെടുത്തിയനുഗ്രഹിച്ചത്. പക്ഷെ ഈ ഐക്യം സാരൂപ്യത്തിന്റെ അടിച്ചേൽപിക്കലല്ല മറിച്ച് സാഹോദര്യത്തിന്റെ പങ്കുവയ്ക്കലാണ്.ഇപ്രകാരം നമ്മിലുള്ള പരിശുദ്ധാത്മാവിന്റെ സാന്നിധ്യം തിരിച്ചറിയുന്നതും സാഹോദര്യത്തിന്റെ കൂട്ടായ്മയ്ക്ക് നമ്മൾ ഭാഗഭാക്കാകുന്നതിലൂടെയാണ്. ക്രിസ് എന്ന ചെറുപ്പക്കാരൻ നടത്തിയ സാക്ഷ്യവും മാർപ്പാപ്പ എടുത്തുപറയുകയുണ്ടായി.കത്തോലിക്കാസഭയിൽ ഒന്നിച്ചിരുന്നുകൊണ്ട് ദൈവത്തെ ആരാധിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം അതിരില്ലാത്തതാണ്. എപ്പോഴും സൗഹൃദവും, സംഭാഷണങ്ങളും മുൻനിർത്തി എല്ലാവരെയും യാതൊരു വേർതിരിവുകളുമില്ലാതെ ചേർത്തുനിർത്തുന്നതാണ് യഥാർത്ഥ ക്രൈസ്തവജീവിതമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
പരിശുദ്ധാത്മാവ് പ്രവാചകദൗത്യത്തിന്റെ ഉറവിടം
രക്ഷാകരചരിത്രത്തിന്റെ താളുകളിൽ പ്രവാചകരെ ഒരുക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തി വിവരിക്കപ്പെടുന്നുണ്ട്.തനിക്കു വേണ്ടി ജനത്തോട് സംസാരിക്കുവാൻ ദൈവം തന്നെ തിരഞ്ഞെടുക്കുന്നവരാണ് പ്രവാചകർ. ഇവരിലുള്ള ആത്മാവിന്റെ ശക്തിയാണ് സമൂഹത്തിന്റെ യാഥാർഥ്യങ്ങളെ തിരിച്ചറിയുവാനും; ഇരുളുനിറഞ്ഞതും,വേദനനിറഞ്ഞതുമായ സാഹചര്യങ്ങളെ മനസിലാക്കുവാനും ഇവരെ പ്രാപ്തരാക്കുന്നത്. സമൂഹത്തെ, ദൈവത്തിന്റെ സാന്നിധ്യം വിവേചിച്ചറിയുവാൻ സഹായിക്കുന്നതും പ്രവാചകധർമമാണ്. നമുക്കും ഈ പ്രവാചകദൗത്യനിർവഹണത്തിന് കടമയുണ്ടെന്ന് മാർപാപ്പ കൂട്ടിച്ചേർത്തു.സമൂഹത്തിലെ തിന്മകൾ കണ്ടില്ലെന്നു നാം നടിക്കരുത്.മറിച്ച് സുവിശേഷത്തിന്റെ വെളിച്ചം പകർന്നു കൊണ്ട് നമ്മുടെ ജീവിതസാക്ഷ്യം മറ്റുള്ളവർക്ക് പ്രചോദനമായി മാറണം. എല്ലാത്തരം അഹംഭാവങ്ങളെയും,അക്രമങ്ങളെയും അതിജീവിക്കുന്ന നീതിയുടെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശവാഹകരായി നാം മാറണമെന്നും മാർപാപ്പ പറഞ്ഞു.തടവറക്കുള്ളിലെ ആളുകളെ ശ്രവിക്കുവാൻ അവരോടൊപ്പം സമയം പങ്കിടുന്ന സിസ്റ്റർ റോസിന്റെ സാക്ഷ്യവും പാപ്പാ എടുത്തു പറഞ്ഞു. ദൈവവചനം അവർക്കായി മുറിക്കുമ്പോഴും,അവരുടെ വേദനകളിൽ പങ്കുചേരുമ്പോഴും, അവരുടെ സങ്കടങ്ങൾ കേൾക്കുമ്പോഴും പുതിയ ഒരു ലോകത്തിലേക്കുള്ള പ്രതീക്ഷ അവർക്കു പ്രദാനം ചെയ്യുന്നു. ഇപ്രകാരം ക്രൈസ്തവ ജീവിതത്തിൽ പ്രവാചകരായി നാം മാറുമ്പോൾ പരിശുദ്ധാത്മാവിന്റെ ശക്തിയും അനുഭവിക്കാൻ നമുക്ക് സാധിക്കുന്നു.
നന്ദിയോടെ മാർപാപ്പ
തന്റെ സന്ദർശനത്തിന്റെ അവസാന നിമിഷങ്ങളിൽ എല്ലാവർക്കും നന്ദി പറയുവാനും മാർപാപ്പ കാണിച്ച വലിയ മനസിനെ എല്ലാവരും ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. യാതൊരുവിധ അപരിചിതത്വവുമില്ലാതെ ഈ ദിവസങ്ങളിൽ ബഹ്‌റൈൻ സമൂഹത്തിന്റെ ഭാഗമായി സ്വീകരിച്ചതിൽ മാർപ്പാപ്പ എല്ലാവർക്കും കൃതജ്ഞതയർപ്പിച്ചു. തന്റെ യാത്രയിൽ താങ്ങും തുണയുമായി നിന്ന എല്ലാ വ്യക്തികളെയും ആശീർവാദത്തോടെ താൻ നന്ദി പറയുന്നുവെന്ന് പറഞ്ഞപ്പോൾ സന്തോഷാശ്രുക്കൾ പലരുടെയും കണ്ണുകളിൽ കാണാമായിരുന്നു. ഇത് തന്റെ അവസാന സന്ദേശമായതുകൊണ്ട് ഔദ്യോഗികമായി ഒരിക്കൽ കൂടി തനിക്ക് പകരംവയ്ക്കാനാവാത്ത ആതിഥ്യമരുളിയ രാജാവിനെയും,ബഹ്‌റൈൻ ഭരണകർത്താക്കളെയും മാർപ്പാപ്പ നന്ദിയോടെ സ്മരിച്ചു. തുടർന്ന് ബഹ്‌റൈൻ വിശ്വാസസമൂഹത്തിനും ആശീർവാദാനുഗ്രഹങ്ങളോടെ മാർപാപ്പ നന്ദിയർപ്പിച്ചു. സഭയുമായും സമൂഹമായും സന്തോഷത്തോടെയും ഇടതടവില്ലാതെയും ഒന്നിച്ചുപോകണമെന്ന് ഓർമിപ്പിച്ച മാർപാപ്പ തുടർന്ന് പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി പ്രാർത്ഥിക്കുവാനും, അറേബ്യൻ നാടിൻറെ അമ്മയെന്ന നിലയിൽ പരിശുദ്ധകന്യകാമറിയത്തെ വണങ്ങുവാനും എല്ലാവരെയും ക്ഷണിച്ചു.പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുവാനും, എപ്പോഴും ആത്മാവിന്റെ സന്തോഷം മുറുകെപ്പിടിക്കുവാനും പരിശുദ്ധ അമ്മയുടെ സഹായം ഉറപ്പുനൽകിയ മാർപാപ്പ തനിക്കുവേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാവരും മനസുകാണിക്കണമെന്ന അപേക്ഷയും പതിവ് തെറ്റിക്കാതെ കൂടിയിരുന്നവർക്ക് നൽകി. തുടർന്ന് ത്രികാലജപത്തോടെ ബഹ്‌റൈൻ സന്ദർശനം സമാപ്തിയായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: