തിരയുക

സമാധാനത്തിന്റെ തീർത്ഥാടകൻ ബഹ്‌റൈനിൽ സമാധാനത്തിന്റെ തീർത്ഥാടകൻ ബഹ്‌റൈനിൽ 

ബഹ്‌റൈൻ ഫോറത്തിന്റെ സമാപനവേദിയിൽ ഫ്രാൻസിസ് പാപ്പാ

ഫ്രാൻസിസ് പാപ്പായുടെ ബഹ്റൈൻ അപ്പസ്തോലിക സന്ദർശനത്തിന്റെ സംക്ഷിപ്ത വിവരണം - രണ്ടാം ദിനം. ബഹ്‌റൈനിലെ രാഷ്ട്രീയ, മത നേതൃത്വവും, നയതന്ത്രപ്രതിനിധികളും, പൊതുസമൂഹത്തിന്റെ പ്രതിനിധികളുമായുള്ള സംഗമവും, ബഹ്‌റൈൻ ഫോറത്തിന്റെ സമാപനസമ്മേളനവും.
പാപ്പായുടെ ബഹ്റൈൻ സന്ദർശനത്തിന്റെ സംക്ഷിപ്ത വിവരണം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഫ്രാൻസിസ് പാപ്പാ നടത്തുന്ന മുപ്പത്തിയൊൻപതാമത് അപ്പസ്തോലികയാത്രയായിരുന്നു ബഹ്റൈനിലേക്കുള്ളത്. നവംബർ മൂന്ന് വ്യാഴാഴ്ച മുതൽ ആറാം തീയതി ഞായറാഴ്ച വരെ നീളുന്ന, ബഹ്റൈനിലേക്കുള്ള അപ്പസ്തോലികയാത്രയുടെ ഭാഗമായി നവംബർ മൂന്ന് വ്യാഴാഴ്ച രാവിലെയാണ് ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ നിന്ന് യാത്ര ആരംഭിച്ചത്. റോമിലെ ഫ്യുമിചീനോ ലെയൊനാർദോ ദാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളം വഴി ബഹ്‌റൈനിൽ അവാലിയിലെ സാഖിർ എയർബേസിൽ അവിടുത്തെ പ്രാദേശികസമയം വൈകുന്നേരം നാലേമുക്കാലോടെ, ഇന്ത്യയിലെ സമയം വൈകുന്നേരം ഏഴേകാലോടെ എത്തിയ ഫ്രാൻസിസ് പാപ്പായെ ബഹ്‌റൈനിലെ അപ്പസ്തോലിക് നൂൺഷോയും പ്രോട്ടോകോൾ മേധാവിയും വിമാനത്തിലെത്തി അഭിവാദ്യം ചെയ്തു. തുടർന്ന് വിമാനത്തിൽനിന്ന് പുറത്തിറങ്ങിയ പാപ്പായെ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ ബിൻ സൽമാൻ അൽ ഖലീഫയും, കിരീടാവകാശിയായ രാജകുമാരനും, പ്രധാനമന്ത്രിയും, രാജാവിന്റെ മറ്റ് മൂന്ന് മക്കളും ഒരു കൊച്ചുമകനും പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച കുട്ടികളുടെ അകമ്പടിയോടെ സ്വീകരിച്ചു. റോയൽ ഹാളിൽവച്ചു നടന്ന സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ശേഷം പാപ്പായും മറ്റെല്ലാവരും അൽ അസ്ഹറിലെ വലിയ ഇമാമിനെ അഭിവാദ്യം ചെയ്തു. വിമാനത്താവളത്തിൽനിന്ന് രണ്ടു കിലോമീറ്ററുകൾ അകലെയുള്ള സാഖിർ രാജകൊട്ടാരത്തിലേക്ക് പ്രാദേശികസമയം വൈകുന്നേരം അഞ്ചേകാലോടുകൂടി പുറപ്പെട്ട പാപ്പാ അഞ്ചരയോടെ കൊട്ടാരത്തിലെത്തി. 

പാപ്പാ സാഖിർ രാജകൊട്ടാരത്തിൽ

നവംബർ മൂന്നിന് വൈകുന്നേരം അഞ്ചരയോടെ സാഖിർ രാജകൊട്ടാരത്തിലെത്തിയ പാപ്പായെ ബഹ്‌റൈൻ രാജാവും, കിരീടാവകാശിയായ രാജകുമാരനും, പ്രധാനമന്ത്രിയും, കിരീടാവകാശിയായ രാജകുമാരനും, പ്രധാനമന്ത്രിയും, രാജാവിന്റെ മറ്റ് മൂന്ന് മക്കളും ഒരു കൊച്ചുമകനും ചേർന്നാണ് സ്വീകരിച്ചത്. തുടർന്ന് അവിടെയുള്ള ഹരിതശാലയിൽ വച്ച് നടന്ന സ്വകാര്യ കൂടിക്കാഴ്ചയിൽ പാപ്പായ്‌ക്കൊപ്പം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ  പിയേത്രോ പരോളിൻ, സബ്സ്റ്റിട്യൂട് ആർച്ച്ബിഷപ് എഡ്ഗാർ പേഞ്ഞ പാറ, വത്തിക്കാൻ വിദേശകാര്യാലയത്തിന്റെ തലവൻ ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗര്‍, ബഹ്‌റൈനിലെ നൂൺഷ്യോ തുടങ്ങിയവർ പങ്കെടുത്തു. ഇരുകൂട്ടരും തമ്മിൽ ഉപഹാരങ്ങൾ കൈമാറിയതിന് ശേഷം, കൊട്ടാരത്തിന്റെ വിശാലമായ അകത്തളത്തിലേക്ക് വൈകുന്നേരം ആറു പത്തോടെ പാപ്പാ ആനയിക്കപ്പെട്ടു. ബഹ്‌റൈനിലെ രാഷ്ട്രീയ, മത നേതൃത്വവും, നയതന്ത്രപ്രതിനിധികളും, പൊതുസമൂഹത്തിന്റെ പ്രതിനിധികളും ഉൾപ്പെടുന്ന ആയിരത്തോളം ആളുകളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഈ സംഗമം. സൈനിക ബഹുമതികളോടെയാണ് പാപ്പായെ ബഹ്‌റൈൻ രാജകുടുംബം സ്വീകരിച്ചത്.

വൈകുന്നേരം ആറരയോടെ ആരംഭിച്ച ഈ സമ്മേളനത്തിൽ ബഹ്‌റൈൻ രാജാവിന്റെ പ്രഭാഷണത്തെ തുടർന്ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ ബഹ്‌റൈനിലെ തന്റെ പ്രഥമ പൊതു പ്രഭാഷണം നടത്തി.

സമ്മേളനത്തിന്റെ അവസാനം വൈകുന്നേരം ഏഴുമണിയോടെ, ഇന്ത്യയിലെ സമയം ഒൻപതരയോടെ, സാഖിർ രാജകൊട്ടാരത്തിൽനിന്ന് ഏകദേശം അര കിലോമീറ്റർ മാത്രം അകലെയുള്ള തന്റെ താമസസ്ഥലത്തേക്ക്  പാപ്പാ കാറിൽ യാത്രപുറപ്പെട്ടു. ഈ താൽക്കാലിക വസതിയിലെത്തിയ പാപ്പായെ അവിടെ സേവനം ചെയ്യുന്നവർ കവാടത്തിലെത്തി സ്വീകരിച്ചു. പിന്നീട് സ്വകാര്യമായി നടന്ന അത്താഴവിരുന്നിനു ശേഷം പാപ്പാ രാത്രി വിശ്രമിച്ചു.

അപ്പസ്തോലിക യാത്ര രണ്ടാം ദിവസം

അപ്പസ്തോലികയാത്രയുടെ രണ്ടാം ദിവസമായ നവംബർ നാല് വെള്ളിയാഴ്ച രാവിലെ 7.30 ന് സ്വകാര്യമായി വിശുദ്ധ ബലിയർപ്പിച്ച ഫ്രാൻസിസ് പാപ്പാ, ഒൻപതേമുക്കാലോടെ സാഖിർ റോയൽ പാലസിന്റെ അൽ-ഫിദ ചത്വരത്തിലേക്ക് കാറിൽ യാത്രയായി. പാപ്പായുടെ വാസസ്ഥലത്തുനിന്ന് ഏതാണ്ട് അറുനൂറ്റിയൻപത് മീറ്ററുകൾ അകലെയാണ് ഈ ചത്വരം.

ബഹ്‌റൈൻ ഫോറം സമാപനം

അൽ-ഫിദ ചത്വരത്തിൽ, "ബഹ്‌റൈൻ ഫോറം: കിഴക്കും പടിഞ്ഞാറും മാനവിക സഹവാസത്തിനായി" എന്ന സമ്മേളനത്തിന്റെ സമാപനച്ചടങ്ങിൽ പങ്കെടുക്കാനാണ് പാപ്പാ എത്തിയത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള നിരവധി വിശിഷ്ടവ്യക്തികളും മത നേതാക്കളും പങ്കെടുത്ത ഈ ഫോറം, മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ്, സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ്, കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോ എക്‌സിസ്റ്റൻസ് എന്നീ സംഘടനകൾ ചേർന്നാണ് സംഘടിപ്പിച്ചത്.

പരസ്പരസംവാദങ്ങളുടെ പാലങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, ഈ ഫോറത്തിന്റെ വിവിധ സമ്മേളനങ്ങൾ, ആഗോളസഹവാസം, മാനവികസഹോദര്യം എന്നിവ പ്രോത്സാഹിപ്പിക്കുക, കാലത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിൽ മതനേതാക്കളുടെയും വിദ്യാധനരുടെയും പങ്ക്, മതാന്തരസംവാദങ്ങൾ, ലോകസമാധാനം നേടിയെടുക്കുക തുടങ്ങിയ കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

സമ്മേളനസ്ഥലത്തെത്തിയ പാപ്പായെ ബഹ്‌റൈൻ രാജാവും, അൽ-അസ്‌ഹറിലെ വലിയ ഇമാമും ചേർന്നാണ് സ്വീകരിച്ചത്. “സമാധാനവൃക്ഷത്തിന്റെ ചടങ്ങ്” എന്ന് പേരിട്ട കർമ്മത്തിൽ, ഫ്രാൻസിസ് പാപ്പാ ഒരു വൃക്ഷച്ചുവട്ടിൽ സമാധാനപ്രതീകാത്മകമായി ജലമൊഴിക്കുകയും ചെയ്തു. പാപ്പായും ബഹ്‌റൈൻ രാജാവുമുൾപ്പെടെയുള്ള വിശിഷ്ഠ വ്യക്തികൾ ഉപവിഷ്ടരായിരുന്ന പ്രധാനവേദിക്ക് മുൻപിൽ ദീർഘചതുരാകൃതിയിലുള്ള രണ്ടു കൂടാരങ്ങളിലാണ് ബഹ്‌റൈൻ ഫോറത്തിന്റെ സമാപനസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ വിവിധ മതങ്ങളുടെ പ്രതിനിധികൾ, പൊതുസമൂഹത്തിന്റെ പ്രതിനിധികൾ തുടങ്ങിയ നൂറുകണക്കിന് ആളുകൾ ഇരുന്നത്. പ്രാദേശികസമയം രാവിലെ പത്തുമണിയോടെ സമ്മേളനം ആരംഭിച്ചു.

ബഹ്‌റൈൻ രാജാവിന്റെ പ്രഭാഷണം

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ ബിൻ സൽമാൻ അൽ ഖലീഫയുടെ പ്രഭാഷണമായിരുന്നു ആദ്യം. ബഹ്‌റൈൻ ഫോറത്തിന്റെ സമാപനസമ്മേളനത്തിലെത്തിയ ഫ്രാൻസിസ് പാപ്പായുടെ സാന്നിദ്ധ്യത്തിന് നന്ദി പറഞ്ഞ ബഹ്‌റൈൻ രാജാവ് ഇന്നത്തെ സമൂഹത്തിന് സമാധാനവും ഐക്യവും ഏറെ ആവശ്യമുണ്ടെന്നത് ഓർമ്മിപ്പിച്ചു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നുമെത്തിയ ഏവരും ചേർന്ന്, സാഹോദര്യവും സമാധാനപരമായ സഹവാസവും സാധ്യമാക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു. റഷ്യ ഉക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി പരിശ്രമിക്കുന്നതിന്റെ ആവശ്യകതയും അദ്ദേഹം എടുത്തുപറഞ്ഞു.

അൽ-അസ്‌ഹറിലെ വലിയ ഇമാമിന്റെ പ്രഭാഷണം

അതിനു ശേഷം അൽ-അസ്‌ഹറിലെ വലിയ ഇമാമും പ്രഭാഷണം നടത്തി. തന്റെ പ്രഭാഷണത്തിൽ വലിയ ഇമാം, അധികാരവും ബലവും പ്രയോഗിച്ച് സമാധാനം സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ ഫലപ്രദമല്ല എന്നും, പടിഞ്ഞാറൻ പദ്ധതികൾ പ്രകാരമുള്ള ബലത്തിൽ അടിസ്ഥാനമിട്ട ഐക്യം എളുപ്പമല്ലെന്നും പറഞ്ഞു. മതങ്ങൾ നിർബന്ധിച്ച് അടിച്ചേൽപ്പിക്കേണ്ടതല്ലെന്നും, ദൈവമാണ് മനുഷ്യരെ സൃഷ്ടിച്ചത് എന്ന ചിന്ത ഉൾക്കൊണ്ട് പ്രവർത്തിക്കുന്നത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കൻ സംസ്കാരത്തിന്റെ പാതയിൽ വിവേകമതികളായ ആളുകളുടെ സഹായത്തോടെ പരസ്പരസംവാദങ്ങൾക്കായുള്ള ഇസ്ലാമികപരിശ്രമങ്ങളുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.

തുടർന്ന് ഫ്രാൻസിസ് പാപ്പായുടെ ഊഴമായിരുന്നു. നവംബർ മൂന്ന്, നാല്  തീയതികളിലായി സംഘടിപ്പിക്കപ്പെട്ട ബഹ്‌റൈൻ ഫോറത്തിന്റെ സമാപനച്ചടങ്ങുകളിൽ പങ്കെടുക്കുന്നത് പാപ്പായുടെ മുപ്പത്തിയൊൻപതാമത് അപ്പസ്തോലികയാത്രയുടെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു. ഇറ്റാലിയൻ ഭാഷയിലായിരുന്നു പാപ്പായുടെ പ്രഭാഷണം.

പാപ്പായുടെ പ്രഭാഷണത്തോടെ സമ്മേളനം അവസാനിച്ചതിനെത്തുടർന്ന് വിശിഷ്ടവ്യക്തികൾ സന്ദേശങ്ങൾ രേഖപ്പെടുത്തുന്ന ബുക്കിൽ ഫ്രാൻസിസ് പാപ്പായും ഒപ്പുവച്ചു. തുടർന്ന് തിരികെ തന്റെ താൽക്കാലിക വസതിയിലേക്ക് പതിനൊന്ന് മണിയോടെ പുറപ്പെട്ട പാപ്പാ പതിനൊന്നേകാലോടെ അവിടെയെത്തി. ഉച്ചഭക്ഷണത്തിനു ശേഷം പാപ്പാ വിശ്രമിച്ചു.

അൽ-അസ്ഹറിലെ വലിയ ഇമാമും പാപ്പായും

പ്രാദേശികസമയം വൈകുന്നേരം നാലോടെ അൽ-അസ്‌ഹറിലെ വലിയ ഇമാം അഹ്മദ് മുഹമ്മദ് അൽ-തയ്യബ് ഫ്രാൻസിസ് പാപ്പയുമായി സ്വകാര്യകൂടിക്കാഴ്ചയ്‌ക്കെത്തി. പാപ്പായുടെ വസതിയുടെ ഒരു ഹാളിലായിരുന്നു ഈ കണ്ടുമുട്ടൽ. സുന്നി ഇസ്ലാമിക നിയമശാസ്ത്രത്തിൽ പ്രധാനപ്പെട്ട ഒരു വ്യക്തിത്വമാണ് അൽ-അസ്ഹർ യൂണിവേഴ്സിറ്റിയുടെ റെക്ടർ കൂടിയായ ആഗോളനിലയിൽ പേരുകേട്ട വലിയ ഇമാം അഹ്മദ് മുഹമ്മദ് അൽ-തയ്യബിന്റേത്. മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും ഉറപ്പുവരുത്തിക്കൊണ്ട്, നീതിയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനായി, പരസ്പരസാഹോദര്യം വീണ്ടെടുക്കുവാൻ ആഹ്വാനം ചെയ്യുന്ന "അബുദാബി സംയുക്തപ്രസ്താവനയിൽ" ഫ്രാൻസിസ് പാപ്പായ്‌ക്കൊപ്പം 2019 ഫെബ്രുവരി നാലിന്  ഒപ്പുവച്ചതും അൽ-അസ്‌ഹറിലെ വലിയ ഇമാമാണ്. കഴിഞ്ഞ സെപ്റ്റംബറിൽ കസാഖ്സ്ഥാനിൽ വച്ച് നടന്ന ആഗോളമതങ്ങളുടെയും പാരമ്പരാഗതമതങ്ങളുടെയും നേതാക്കളുടെ ഏഴാം കോൺഗ്രസിൽ വച്ചും ഇവരിരുവരും കണ്ടുമുട്ടിയിരുന്നു. സാഖിർ രാജകൊട്ടാരത്തിലെ മോസ്കിൽ വച്ച് മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ് എന്ന സംഘടനയിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഫ്രാൻസിസ് പാപ്പായ്ക്കൊപ്പം പോകുവാനായാണ് വലിയ ഇമാം പേപ്പൽ വസതിയിലെത്തിയത്. നവംബർ നാല് വെള്ളിയാഴ്ച പ്രാദേശികസമയം വൈകുന്നേരം നാല് ഇരുപതിന് ഇന്ത്യയിൽ വൈകുന്നേരം ആറ് അൻപതിന് ഇരുവരും മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ് സംഘടനാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്കായി യാത്രയായി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 November 2022, 19:08