ടാൻസാനിയാ: ബുക്കോബായിലെ വിമാനാപകടത്തിന്റെ വേദനയിൽ പങ്കുചേർന്ന് ഫ്രാൻസിസ് മാർപാപ്പ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ടാൻസാനിയ: ടാൻസാനിയയുടെ കഗേര പ്രവിശ്യയിൽ ബുക്കോബാ നഗരത്തിലെ വിക്ടോറിയ നദിയിൽ വിമാനം പതിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് ലോകമെങ്ങും. വിമാനത്തിലുണ്ടായിരുന്ന നാൽപ്പത്തിമൂന്നു യാത്രക്കാരിൽ പത്തൊൻപത് ആളുകളുടെ ജീവനപഹരിച്ച ദുരന്തത്തിൽ ലോകനേതാക്കളെല്ലാവരും നടുക്കവും ദുഃഖവും രേഖപ്പെടുത്തി. ബഹ്‌റൈൻ സന്ദർശനം കഴിഞ്ഞു തിരികെയെത്തിയ ഫ്രാൻസിസ് മാർപാപ്പയും ടെലഗ്രാം സന്ദേശത്തിലൂടെ തന്റെ പ്രാർത്ഥനയും, വേദനയും പങ്കുവച്ചുകൊണ്ട് ടാൻസാനിയൻ ജനതയ്ക്ക് തന്റെ സാമീപ്യം വാഗ്ദാനം ചെയ്തു. മാർപാപ്പയുടെ നാമത്തിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിനാണ് ടാൻസാനിയൻ വത്തിക്കാൻ പ്രതിനിധിക്ക് ടെലഗ്രാം അയച്ചത്.
ഏറെ വേദനയുളവാക്കുന്ന അപകടത്തിൽ പരിക്കേറ്റവർക്കും, മരിച്ചവരുടെ കുടുംബങ്ങൾക്കും തന്റെ ആത്മീയമായ സാന്നിധ്യം വാഗ്ദാനം ചെയ്ത മാർപാപ്പ മരിച്ചവരുടെ ആത്മാക്കൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതായും ടെലെഗ്രാമിൽ കുറിച്ചു. അപകടത്തിൽ പരിക്കേറ്റവർ എത്രയും സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച പാപ്പാ രക്ഷാപ്രവർത്തനത്തിൽ അക്ഷീണം പ്രയത്നിച്ച ആളുകൾക്ക് ശക്തിയും, ധൈര്യവും ലഭിക്കുവാൻ പ്രാർത്ഥിക്കുന്നതായും അറിയിച്ചു. അത്യുന്നതനായ ദൈവത്തിന്റെ സമാധാനവും, സമാശ്വാസവും എല്ലാവർക്കും നേർന്നുകൊണ്ട് മാർപാപ്പ തന്റെ ടെലഗ്രാം സന്ദേശം ഉപസംഹരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: