തിരയുക

ഫ്രാൻസിസ് പാപ്പായും അൽ അസ്ഹറിലെ വലിയ ഇമാം അഹ്മദ് മുഹമ്മദ് അൽ-തയ്യബും ഫ്രാൻസിസ് പാപ്പായും അൽ അസ്ഹറിലെ വലിയ ഇമാം അഹ്മദ് മുഹമ്മദ് അൽ-തയ്യബും 

അസഹിഷ്ണുതയുടെ കോലാഹലങ്ങൾക്കിടയിൽ സമാധാനത്തിന്റെയും മാനവികതയുടെയും വക്താക്കളാകുക: ഫ്രാൻസിസ് പാപ്പാ

സാഖിർ രാജകൊട്ടാരത്തിലെ മോസ്കിൽ വച്ച് മുസ്ലീം കൗൺസിൽ ഓഫ് എൽഡേഴ്‌സ് എന്ന സംഘടനയിലെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ നടത്തിയ കൂടിക്കാഴ്ചാവേളയിൽ നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

അത്യുന്നതന്റെ സമാധാനം നിങ്ങളോരോരുത്തരിലും ആവസിക്കട്ടെയെന്ന്  ആശംസിച്ചുകൊണ്ട്  ഞാൻ നിങ്ങളെ ഹൃദ്യമായി അഭിവാദ്യം ചെയ്യുന്നു. സത്യമതത്തെ നശിപ്പിക്കുന്ന അപകടമായി തീവ്രവാദത്തെ വീക്ഷിക്കുകയും, അക്രമത്തിലൂടെ മതവിശ്വാസത്തെ തെറ്റിദ്ധരിപ്പിക്കുകയും ചൂഷണം ചെയ്യുകയും നശിപ്പിക്കുകയും ചെയ്യുന്ന തെറ്റായ വ്യാഖ്യാനങ്ങൾ ഇല്ലായ്മ ചെയ്യുകയും, ബഹുമാനം, സഹിഷ്ണുത, മിതത്വം എന്നിവയുടെ മൂല്യങ്ങൾ ഹൃദയങ്ങളിൽ പകർന്നുകൊണ്ട് അത് പ്രചരിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന നിങ്ങളുടെമേൽ സമാധാനം നിലനിൽക്കട്ടെ. എന്നെപ്പോലെ വ്യത്യസ്തമായ ഒരു മതവിശ്വാസം മുറുകെപ്പിടിക്കുന്നവരുമായി സൗഹൃദബന്ധവും പരസ്പര ബഹുമാനവും പരസ്പര വിശ്വാസവും പ്രോത്സാഹിപ്പിച്ചുകൊണ്ട്, വിദ്വേഷത്തിന്റെയും  അസഹിഷ്ണുതയുടെയും ഈ ലോകത്തിൽ ധാർമികവും ബൗദ്ധികവുമായ വിദ്യാഭ്യാസം യുവജനങ്ങളുടെയിടയിൽ വളർത്തിയെടുക്കാൻ അക്ഷീണം പരിശ്രമിക്കുന്ന സഹോദരീ സഹോദരങ്ങളെ. 'അസ്സലാമു അലൈക്കും'

ദൈവമാണ് സമാധാനത്തിന്റെ ഉറവിടം. എല്ലായിടത്തും അവന്റെ സമാധാനത്തിന്റെ വക്താക്കളാകുവാൻ അവൻ നമ്മെ ക്ഷണിക്കുന്നു! സമാധാനത്തിന്റെ ദൈവം ഒരിക്കലും യുദ്ധത്തിലേക്ക് നമ്മെ നയിക്കുന്നില്ല,ഒരിക്കലും വിദ്വേഷം ഉണർത്തുന്നില്ല, അക്രമത്തെ അനുകൂലിക്കുന്നില്ല എന്ന് നിങ്ങളുടെ മുമ്പാകെ അടിവരയിട്ട് പറയുവാൻ  ഞാൻ ആഗ്രഹിക്കുന്നു. അവനിൽ വിശ്വസിക്കുന്ന നമ്മളും  സമാധാനത്തിന്റെ ഉപകരണങ്ങളായ കൂട്ടായ്മകളിലൂടെയും, ക്ഷമയോടെയുള്ള  ചർച്ചകളിലൂടെയും, സംവാദങ്ങളിലൂടെയും, പൊതുവായ സഹവർത്തിത്വത്തിന്റെ ജീവശ്വാസമായ  സംഭാഷണങ്ങളിലൂടെയും സമാധാനം ഉറപ്പുവരുത്താൻ വിളിക്കപ്പെട്ടിരിക്കുന്നു. നീതിയിൽ അധിഷ്‌ഠിതമായ സമാധാന സംസ്‌കാരം പ്രചരിപ്പിക്കുക എന്നതാണ് നിങ്ങൾ മുൻപിൽവയ്ക്കുന്ന ലക്ഷ്യങ്ങളിൽ ഒന്ന്. സമാധാനം നീതിയുടെ പ്രവൃത്തിയെന്ന നിലയിൽ (ഗൗഡിയം എത്ത്  സ്‌പെസ്, 78)  ഇതാണ് ഒരേയൊരു വഴിയെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. സഹോദര്യത്തിൽ നിന്നും ഉടലെടുത്തുകൊണ്ട് മറ്റുള്ളവരുടെ കൈപിടിച്ചുകൊണ്ട് അനീതികൾക്കും അസമത്വങ്ങൾക്കുമെതിരായ പോരാട്ടം നടത്തുവാൻ ഈ സമാധാനസംസ്കാരം സഹായിക്കുന്നു (2022 സെപ്റ്റംബർ പതിനഞ്ചാം തീയതി ഏഴാമത് പരമ്പരാഗത മതനേതാക്കളുടെ സമ്മേളനസമാപനത്തിൽ നടത്തിയ പ്രസംഗം). സമാധാനം പ്രഖ്യാപിക്കുക മാത്രമല്ല,മറിച്ച്  അത് വേരുറപ്പിക്കുകയും വേണം. അസ്ഥിരതയും ശത്രുതയും സൃഷ്ടിക്കുന്ന അസമത്വങ്ങളും വിവേചനങ്ങളും നീക്കം ചെയ്തുകൊണ്ടാണ് ഇത് സാധ്യമാകുന്നത്.

ഇക്കാര്യത്തിൽ നിങ്ങളുടെ പ്രതിബദ്ധതയ്‌ക്കും നിങ്ങൾ എനിക്ക് നൽകിയ ആതിഥേയത്വത്തിനും , പറഞ്ഞ വാക്കുകൾക്കും ഞാൻ നന്ദി പറയുന്നു. ദൈവവിശ്വാസിയായും സഹോദരനായും സമാധാനത്തിന്റെ തീർത്ഥാടകനായും ഇതാ ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നു. "നിങ്ങളുടെ വായ് കൊണ്ട് നിങ്ങൾ പ്രഖ്യാപിക്കുന്ന സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ കൂടുതൽ സമൃദ്ധമായിരിക്കട്ടെ" എന്ന് പറഞ്ഞിരുന്ന വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ആത്മാവിൽ ഒരുമിച്ച് നടക്കാനാണ് ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നത്. (മൂന്ന് കൂട്ടാളികളുടെ ഇതിഹാസം, XIV, 5, 1469). എന്റെ മനസിനെ പിടിച്ചുകുലുക്കിയ മറ്റൊരു ആതിഥേയമര്യാദയാണ് കൈകൊടുക്കുമ്പോൾ അതിഥിയുടെ കൈകൾ ഹൃദയത്തോട് ചേർത്തുവച്ചുകൊണ്ട് അവനെ തന്റെ ജീവിതത്തോട് അടുപ്പിക്കുന്ന നിങ്ങളുടെ ശൈലി. നിങ്ങളുടെ വ്യക്തി എന്നിൽ നിന്ന് അകലെയല്ല, മറിച്ച് എന്റെ ഹൃദയത്തിലേക്ക്, എന്റെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. ബഹുമാനത്തോടെയും  വാത്സല്യത്തോടെയും  എന്റെ ഹൃദയത്തിൽ നിങ്ങളുടെ കൈകൾചേർത്തുവയ്ക്കാനും, നിങ്ങളെ ഓരോരുത്തരെയും  കണ്ടുമുട്ടാനുള്ള അവസരത്തിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. ആശയങ്ങളേക്കാളുപരി യാഥാർഥ്യങ്ങൾക്കും , അഭിപ്രായങ്ങളേക്കാളുപരി വ്യക്തികൾക്കും, ഭൂമിയുടെ ദൂരങ്ങൾക്കുപരി സ്വർഗ്ഗത്തിന്റെ തുറവിക്കും,ശത്രുതയുടെ ഭൂതകാലങ്ങൾക്കുമപ്പുറം സാഹോദര്യത്തിന്റെ ഭാവിക്കും, സമാധാനത്തിന്റെ ഉറവിടമായവന്റെ ചരിത്രത്തിന്റെ പേരിലുള്ള മുൻവിധികളും ,തെറ്റിദ്ധാരണകളും അതിജീവിക്കുവാനും നമ്മൾ കൂടുതലായി കണ്ടുമുട്ടുകയും പരസ്പരം അറിയുകയും അന്യോന്യം  ഹൃദയത്തോട് ചേർത്തുവയ്ക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മറുവശത്ത്, നമ്മൾ പരസ്പരം അപരിചിതരായി തുടരുകയാണെങ്കിൽ, വ്യത്യസ്ത മതങ്ങളിലും സംസ്കാരങ്ങളിലും ഉള്ള വിശ്വാസികൾക്ക് എങ്ങനെ ഒരുമിച്ച് ജീവിക്കാനും പരസ്പരം സ്വാഗതം ചെയ്യാനും പരസ്പരം ബഹുമാനിക്കാനും കഴിയും? ഇമാം അലിയുടെ വാക്കുകൾ നമ്മെ നയിക്കട്ടെ: "ആളുകൾ രണ്ട് തരത്തിലാണ്: ഒന്നുകിൽ നിങ്ങളുടെ വിശ്വാസത്തിലുള്ള നിങ്ങളുടെ സഹോദരങ്ങൾ അല്ലെങ്കിൽ മനുഷ്യത്വത്തിൽ നിങ്ങളുടെ സഹജീവികൾ"ദൈവികപദ്ധതിയനുസരിച്ച് അവൻ നമുക്ക് നൽകിയിരിക്കുന്ന എല്ലാവരെയും പരിപാലിക്കുവാനുള്ള വലിയ വിളി നമുക്ക് ശ്രവിക്കാം."ഭൂതകാലത്തെ മറക്കാനും ആത്മാർത്ഥമായി പരസ്പരധാരണയോടെ  എല്ലാ മനുഷ്യർക്കും  സാമൂഹിക നീതി, ധാർമ്മിക മൂല്യങ്ങൾ, സമാധാനം, സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കുവാനും സംരക്ഷിക്കാനും നമുക്ക് നമ്മെത്തന്നെ പ്രബോധിപ്പിക്കാം (Nostra  Aetate,3). മതങ്ങളെ നയിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്ന നമ്മിൽ നിക്ഷിപ്തമായിരിക്കുന്ന വലിയ ഉത്തരവാദിത്വങ്ങളാണ് ആഗോളവത്കരണത്തിന്റെ മറവിൽ ഭയത്താൽ വീർപ്പുമുട്ടുകയും, ജീവിതത്തിൽ വേദനയുടെയും സങ്കടങ്ങളുടെയും മുറിവുകളേൽക്കുകയും അംഗങ്ങളെ ഹൃദയത്തോട് ചേർത്തുനിർത്തുകയും ഒപ്പം ആത്മാവിന് പ്രതീക്ഷയും ജീവിതത്തിൽ ഉന്നതമായ ചിന്തകളിലേക്ക് അവരെ നയിക്കുകയും ചെയ്യേണ്ടത്.

ഏറ്റവും വരണ്ട മരുഭൂമികളിൽ സമാഗമത്തിന്റെയും, സമാധാനപരമായ സഹവർത്തിത്വത്തിന്റെയും ജലം ഉൾകൊണ്ട് നിലനിൽക്കുന്ന  ജീവന്റെ ശക്തിയെക്കുറിച്ചാണ് ഈയടുത്ത ദിവസങ്ങളിൽ ഞാൻ സംസാരിച്ചത്. ഇവിടെ ബഹ്‌റൈനിൽ കണ്ടെത്തിയ അത്ഭുതകരമായ "ജീവന്റെ വൃക്ഷത്തിൽ" നിന്ന് മാതൃകയെടുത്താണ്  ഇന്നലെ ഞാൻ ഇത് പറഞ്ഞത്. നാം കേട്ടിട്ടുള്ള ബൈബിൾ വിവരണം, ജീവവൃക്ഷത്തെ ആദിജീവന്റെ ഉദ്യാനകേന്ദ്രത്തിൽ എല്ലാ സൃഷ്ടികളെയും ഉൾക്കൊള്ളാൻ കഴിവുള്ള ഒരു യോജിപ്പുള്ള രൂപകൽപ്പനയായി മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ അത്ഭുതകരമായ പദ്ധതിയുടെ ഹൃദയഭാഗത്ത് സ്ഥാപിക്കുന്നു. എന്നിരുന്നാലും, മനുഷ്യൻ സ്രഷ്ടാവിൽ നിന്നും, അവൻ സ്ഥാപിച്ച ക്രമത്തിൽ നിന്നും തുടർന്ന് അകന്നുപോകുന്നു.ഇതിൽ നിന്ന് ഉത്ഭവിച്ച പ്രശ്നങ്ങളും അസന്തുലിതാവസ്ഥയും, ബൈബിൾ വിവരണത്തിൽ തുടർന്ന് കാണുന്നു: സഹോദരങ്ങൾ തമ്മിലുള്ള വഴക്കുകളും കൊലപാതകങ്ങളും (ഉത്പത്തി 4), പാരിസ്ഥിതിക തകരാറുകളും നാശവും (ഉത്പത്തി  6-9), സമൂഹത്തിലെ അഹന്തയും സംഘർഷങ്ങളും (ഉത്പത്തി 11) മനുഷ്യന്റെ ഹൃദയത്തിൽ നിന്ന് തിന്മയുടെയും മരണത്തിന്റെയും പ്രളയം പൊട്ടിപ്പുറപ്പെടുന്നു, അവന്റെ ഹൃദയത്തിന്റെ വാതിൽക്കൽ പതുങ്ങിയിരിക്കുന്ന തിന്മ അഴിച്ചുവിട്ട  തീപ്പൊരിയിൽ നിന്ന് (cf. Gen 4,7), ലോകത്തിന്റെ ഐക്യം തകർക്കപ്പെടുന്നു. ഈ തിന്മകളെല്ലാം ദൈവത്തെയും,സഹോദരനെയും നിരാകരിക്കുന്നതിൽ വേരൂന്നിയതാണ്. മനുഷ്യൻ ജീവിതത്തിന്റെ രചയിതാവിനെ കാണാതെ പോകുകയും സഹോദരങ്ങളുടെ സംരക്ഷകരായി സ്വയം അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നു. അതിനാൽ നാം കേട്ടിട്ടുള്ള രണ്ട് ചോദ്യങ്ങൾ എല്ലായ്പ്പോഴും സാധുവാണ്, വിശ്വാസപ്രമാണങ്ങൾക്കപ്പുറം, അവ എല്ലാ അസ്തിത്വത്തെയും എല്ലാ പ്രായത്തെയും വെല്ലുവിളിക്കുന്നു: "നിങ്ങൾ എവിടെയാണ്?" (ഉൽപത്തി 3: 9); "നിങ്ങളുടെ സഹോദരൻ എവിടെ?" (ഉൽപത്തി 4:9).

അബ്രഹാമിൽ സഹോദരങ്ങളും,ഏകദൈവത്തിൽ വിശ്വസിക്കുന്നവരുമെന്ന നിലയിൽ എന്റെ പ്രിയ സുഹൃത്തുക്കളെ,സാമൂഹികവും അന്തർദേശീയവുമായ തിന്മകളും,സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്നങ്ങളും, അതുപോലെ തന്നെ ഈ കാലഘട്ടത്തിന്റെ സവിശേഷതയായ നാടകീയമായ പാരിസ്ഥിതിക പ്രതിസന്ധിയും  ആത്യന്തികമായി ഉണ്ടാകുന്നത് ദൈവത്തിൽനിന്നും സഹോദരങ്ങളിൽനിന്നുമുള്ള അകൽച്ചയിൽ നിന്നാണ്. അതിനാൽ, മറന്നുപോയ ഈ ജീവിത സ്രോതസ്സുകൾ കണ്ടെത്താനും, ഈ പുരാതന ജ്ഞാനത്തിൽ  മനുഷ്യരാശിയെ സ്വർഗ്ഗത്തിലെ ദൈവാരാധനയിലേക്ക്  തിരികെ കൊണ്ടുവരാനും, തന്റെ ഭൂമിക്കുവേണ്ടി അവൻ സൃഷ്ടിച്ച മനുഷ്യരിലേക്ക് അന്യോന്യം അടുപ്പിക്കാനും നമുക്ക് അനന്യവും ഒഴിച്ചുകൂടാനാവാത്തതുമായ ഒരു കടമയുണ്ട്. ഇവയെങ്ങനെ സാധ്യമാകും? നമ്മുടെ മാർഗങ്ങൾ പ്രധാനമായും രണ്ടാണ്: പ്രാർത്ഥനയും സാഹോദര്യവും.വിനയപൂർവ്വവും,ഫലപ്രദവുമായ ആയുധങ്ങൾ ഇവയാണ്. സമാധാനത്തിന്റെ നാമത്തെ അപമാനിക്കുന്ന, അത്യുന്നതന്റെ യോഗ്യമല്ലാത്ത കുറുക്കുവഴികളിലൂടെയുള്ള  മറ്റ് ഉപകരണങ്ങളാൽ പ്രലോഭിപ്പിക്കപ്പെടാൻ നാം നമ്മെത്തന്നെ അനുവദിക്കരുത്. ബലപ്രയോഗവും,അക്രമവും,ആയുധവിപണിയുമെല്ലാം മരണത്തിന്റെ വ്യവഹാരം സൃഷ്ടിച്ചുകൊണ്ട് നമ്മുടെ പൊതുഭവനത്തെ ഒരു ആയുധശേഖരമാക്കി മാറ്റുന്നു.

ഇതിനെല്ലാം പിന്നിൽ എത്രമാത്രം  ഇരുളുനിറഞ്ഞ ഗൂഢാലോചനകളും, വേദനാജനകമായ വൈരുദ്ധ്യങ്ങളും!ഉദാഹരണത്തിന് ആയുധശേഖരണത്തിലൂടെ വഴിയായി സൃഷ്ടിക്കപ്പെടുന്ന സംഘട്ടനങ്ങളിലൂടെ  ആളുകൾ അവരുടെ സ്വന്തം ദേശം വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറിപ്പോകുവാൻ കാരണമാകുന്നു. തുടർന്ന് അത്യാധുനിക ആയുധസംരക്ഷണ വേലികളുള്ള മറ്റു രാജ്യങ്ങളുടെ അതിർത്തികളിൽ അവർ തിരസ്കരിക്കപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം ഒരുവന്റെ ജീവിതാനുഭവങ്ങളും, പ്രതീക്ഷകളും രണ്ടു പ്രാവശ്യം കൊല്ലപ്പെടുന്നു. ദാരുണമായ ഈ  സാഹചര്യങ്ങളിൽ, ലോകം ശക്തിയുടെയും അധികാരത്തിന്റെയും പണത്തിന്റെയും മാത്രം കൈമറകളെ പിന്തുടരുമ്പോൾ, വേദനിക്കുന്നവന് ശക്തിയായി  ദൈവവും, സഹോദരങ്ങളും മറ്റെല്ലാറ്റിനും മുമ്പായി കടന്നുവരുന്നുവെന്നത് മുതിർന്നവരുടെയും പൂർവ്വപിതാക്കന്മാരുടെയും ജ്ഞാനത്തോടെ ഓർക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. ഒപ്പം സാഹോദര്യവും,ദൈവികതയും  നമ്മെ രക്ഷിക്കുമെന്ന ഉറപ്പും.ഈ ജീവിത സ്രോതസ്സുകൾ കണ്ടെത്തേണ്ടത് നമ്മളാണ്, അല്ലാത്തപക്ഷം മനുഷ്യരാശിയിൽ സൃഷ്ടിക്കപ്പെട്ട മരുഭൂമി കൂടുതൽ വരണ്ടതും മാരകവുമാകും.എല്ലാറ്റിനുമുപരിയായി, ഈ രണ്ട് സത്യങ്ങളിലും നാം വിശ്വസിക്കുന്നു എന്ന് വാക്കിനേക്കാൾ പ്രവൃത്തിയിലൂടെ സാക്ഷ്യപ്പെടുത്തുവാൻ  ദൈവത്തിന് മുമ്പിലും മനുഷ്യരുടെ മുമ്പിലും നമുക്ക് വലിയ ഉത്തരവാദിത്തമുണ്ട്, നമ്മുടെ സമൂഹങ്ങളിലും വീടുകളിലും മാത്രമല്ല മറിച്ച്  ഏകീകൃതവും ആഗോളവൽകൃതവുമായ ഈ നവലോകത്ത്  പ്രസംഗിക്കുന്നതിന്റെ മാതൃകാപരമായ മാതൃകകളായിരിക്കണം നാമോരോരുത്തരും. വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ വംശജരായ നമുക്ക് നമ്മിൽമാത്രം ഒതുങ്ങി നിൽക്കുന്ന ഹൃദയത്തിന് പകരം ഭൂമിയിൽ വസിക്കുന്ന മറ്റുള്ളവരോട് ചേർന്ന് നിന്നുകൊണ്ട് അവരെക്കൂടി ഉൾകൊള്ളുന്ന ഹൃദയം ഉണ്ടാകണം. കുറഞ്ഞപക്ഷം എല്ലാവരും തങ്ങളുടെ ഹൃദയരഹസ്യങ്ങളിലെങ്കിലും സ്വയം ചോദിക്കുന്ന ചോദ്യങ്ങളാണ്: ആരാണ് മനുഷ്യൻ, എന്തുകൊണ്ട് വേദന, തിന്മ, മരണം, അനീതി? ഈ ജീവിതത്തിന് ശേഷം എന്താണ്?.എന്നിരുന്നാലും, പ്രായോഗിക ഭൗതികവാദത്താലും തളർത്തുന്ന ഉപഭോഗ സംസ്കാരത്താലും   പലരിലും ഇതേ ചോദ്യങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ, മറ്റുള്ളവർ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും മനുഷ്യത്വരഹിതമായ വേദനയാൽ  നിശ്ശബ്ദരാക്കപ്പെടുന്നു.ഇന്നത്തെ ലോകത്തിലെ പട്ടിണിയും ദാരിദ്ര്യവും നോക്കുമ്പോൾ, നമ്മുടെ ഭാഗത്തുനിന്നുള്ള അവഗണനപരമായ പെരുമാറ്റങ്ങളും, നമ്മുടെ ഉത്തരവാദിത്വങ്ങളിൽനിന്നുള്ള ഒളിച്ചോട്ടവും, മറ്റുള്ളവർക്ക് സമാധാനവും ജീവനും നൽകുന്ന ദൈവത്തെ പ്രസംഗിക്കാതിരിക്കുകയും ചെയ്യുന്നതും വലിയ അപരാധങ്ങളാണ്. സഹോദരീസഹോദരന്മാരേ, നമുക്ക് ഈ വലിയ ഉത്തരവാദിത്വങ്ങൾക്ക്  പിന്തുണ നൽകാം, ഇന്നത്തെ നമ്മുടെ ഒത്തുചേരലിനെ നമുക്ക്  പിന്തുടരാം, നമുക്ക് ഒരുമിച്ച് നടക്കാം! അത്യുന്നതനാലും, അവൻ ഇഷ്ടപ്പെടുന്ന ഏറ്റവും ചെറുതും ദുർബലവുമായ സൃഷ്ടികളാൽ പ്രത്യേകമായിദരിദ്രരാലും, കുട്ടികളാലും നാം അനുഗ്രഹിക്കപ്പെടും:  നിരവധി ഇരുണ്ട രാത്രികൾക്ക് ശേഷം നമ്മുടെ യുവജനങ്ങൾ വെളിച്ചത്തിന്റെയും സമാധാനത്തിന്റെയും പ്രഭാതത്തിനായി കാത്തിരിക്കുന്നു. നന്ദി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 November 2022, 23:19