തിരയുക

ഉക്രൈനുവേണ്ടി സ്വരമുയർത്തി പാപ്പാ ഉക്രൈനുവേണ്ടി സ്വരമുയർത്തി പാപ്പാ 

ബഹ്‌റൈൻ യാത്രയ്ക്ക് മുൻപും ഉക്രൈന് സാമീപ്യമറിയിച്ച് ഫ്രാൻസിസ് പാപ്പാ

മുപ്പത്തിയൊൻപതാമത് അപ്പസ്തോലികയാത്രയ്ക്ക് പുറപ്പെടും മുൻപ് ഉക്രൈനിൽനിന്നുള്ള മൂന്ന് അഭയാർത്ഥികുടുംബങ്ങളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ബഹ്റൈനിലേക്കുള്ള അപ്പസ്തോലിക യാത്രയ്ക്ക് തൊട്ടുമുൻപായി നവംബർ മൂന്നിന് രാവിലെ ഫ്രാൻസിസ് പാപ്പാ ഉക്രൈനിൽനിന്നുള്ള മൂന്ന് അഭയാർത്ഥികുടുംബങ്ങളെ തന്റെ വസതിയായ സാന്താ മാർത്ത ഭവനത്തിൽ സ്വീകരിച്ചു. റഷ്യ-ഉക്രൈൻ യുദ്ധം ആരംഭിച്ചതിനു ശേഷം ഉക്രൈനിൽനിന്ന് ഇറ്റലിയിൽ അഭയം തേടിയ ഈ മൂന്ന് കുടുംബങ്ങളും മൂന്ന് ഇറ്റാലിയൻ വീടുകളിലാണ് കഴിയുന്നത്.

മികോലൈവിനടുത്തുള്ള ക്രോപ്പിവ്നിത്സ്കി പ്രദേശത്തുനിന്നുള്ള ഒരു ഓർത്തഡോക്സ്‌ വൈദികന്റെ ഭാര്യയും പതിനെട്ടും പതിനാലും വയസുള്ള രണ്ടു കുട്ടികളും അടങ്ങുന്നതാണ് ഇതിൽ ഒരു കുടുംബം. ഇവരുടെ മൂത്ത പുത്രനും വൈദികനും ഉക്രൈനിൽ തുടരുകയാണ്. റഷ്യ ഭാഗികമായി പിടിച്ചടക്കിയ സാപോറിസ്സാസ്സിയ നഗരത്തിൽനിന്ന് രക്ഷപ്പെട്ടെത്തിയ ഒരു അമ്മയും നാലും ഏഴും വയസ്സുള്ള രണ്ടു പെൺകുട്ടികളുമടങ്ങുന്നതാണ് രണ്ടാമത്തെ കുടുംബം. കിയെവ് നഗരത്തിൽനിന്നുള്ള, ശാരീരികവൈകല്യം ബാധിച്ച പതിമൂന്ന് വയസുള്ള ഒരു കുട്ടിയും, അൻപത്തിമൂന്നുകാരിയായ അമ്മയും, എഴുപത്തിമൂന്ന് കാരിയായ വല്യമ്മയും ഉൾക്കൊള്ളുന്നതാണ് മൂന്നാമത്തെ കുടുംബം.

ബഹ്റൈനിലേക്കുള്ള യാത്രയ്ക്കായി റോമിലെ വിമാനത്താവളത്തിലേക്ക് പോകുന്നതിന് തൊട്ടുമുൻപാണ് പാപ്പാ ഈ മൂന്ന് കുടുംബങ്ങളെയും സാന്താ മാർത്ത ഭവനത്തിൽ വച്ച് കണ്ടുമുട്ടിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 November 2022, 16:42