തിരയുക

തിരുഹൃദയസ്കൂളിൽ നടന്ന സമ്മേളനത്തിൽനിന്ന് തിരുഹൃദയസ്കൂളിൽ നടന്ന സമ്മേളനത്തിൽനിന്ന് 

കരുതലും സഹോദര്യവുമുള്ള, വെല്ലുവിളികളെ നേരിടുന്ന യുവജനമാകുക: ഫ്രാൻസിസ് പാപ്പാ

തിരുഹൃദയനാമത്തിലുള്ള സ്‌കൂളിൽ വച്ച് യുവജനങ്ങളുമായി പാപ്പാ പങ്കുവച്ച ചിന്തകളുടെ സംക്ഷിപ്തരൂപം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്രയുടെ മൂന്നാം ദിവസമായ നവംബർ അഞ്ചാം തീയതി പ്രാദേശികസമയം വൈകുന്നേരം തിരുഹൃദയത്തിന്റെ നാമത്തിലുള്ള സ്‌കൂളിൽവച്ച് യുവജനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ബഹ്‌റൈനിൽ വിവിധ സംസ്കാരങ്ങളും മതവിശ്വാസങ്ങളും തമ്മിലുള്ള സംവാദത്തിന്റെ അന്തരീക്ഷം കാണാൻ കഴിഞ്ഞതിൽ പാപ്പാ സന്തോഷം പ്രകടിപ്പിച്ചു. വിവിധ സംസ്കാരങ്ങളിൽനിന്നുള്ള യുവജനങ്ങൾ ലോകത്തിന്റെ പുളിമാവാണെന്നും, നിരവധിയായ തടസങ്ങളും അതിർവരമ്പുകളും കടന്ന്, സാഹോദര്യത്തിന്റെ വിത്ത് പ്രോത്സാഹിപ്പിക്കുന്നതിനും പുതുമ കൊണ്ടുവരുന്നതിനുമുള്ള കടമായുള്ളവരാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. മാനുഷികമായ മാനമുള്ള, കൂടുതൽ സഹോദര്യത്തിന്റേതായ ഒരു പുതിയ ലോകം സൃഷ്ടിക്കുന്നതിൽ യുവജനങ്ങളുടെ പങ്കിനെ പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്, കുട്ടികളുടെ സാക്ഷ്യങ്ങളും സംശയങ്ങളും കണക്കിലെടുത്ത്, യുവജനങ്ങൾക്ക് മൂന്ന് ആഹ്വാനങ്ങൾ പാപ്പാ നൽകി

കരുതലിന്റെ സംസ്കാരത്തെ ആശ്ലേഷിക്കുക

പാപ്പായ്ക്ക് സ്വാഗതമേകിയ സിസ്റ്റർ റോസലിന്റെ വാക്കുകളെ പരാമർശിച്ചുകൊണ്ടാണ് കരുതലിന്റെ സംസ്കാരത്തെ ആശ്ലേഷിക്കുന്നതിനെക്കുറിച്ച് പാപ്പാ പറഞ്ഞത്. മറ്റുള്ളവരോട് കരുതലിന്റേതായ രീതിയിൽ പെരുമാറുകയെന്നാൽ ഉള്ളിൽ സഹാനുഭൂതിയുടേതായ മനോഭാവം കാത്തുസൂക്ഷിക്കുക എന്നതാണ്. നിസംഗതയുടെ ഭാവത്തെ വെടിഞ്ഞ്, മറ്റുള്ളവരെക്കുറിച്ച് ശ്രദ്ധയുള്ളവരാവുക എന്നതാണത്. വ്യക്തിതാല്പര്യങ്ങളിൽനിന്ന് മാറി മറ്റുള്ളവരോട് കരുതലുള്ളവരാകുന്നില്ലെങ്കിൽ നാം ശോകമയമായ ഒരു ജീവിതത്തിന്റെ തടവുകാരാകുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ക്രൈസ്തവനെന്ന നിലയിൽ യേശുവിനെ നോക്കിക്കാണുമ്പോൾ, യേശുവിന്റെ ജീവിതം മറ്റുള്ളവരോടുള്ള കരുതലിനാൽ നയിക്കപ്പെട്ടതായിരുന്നു എന്ന മനസിലാക്കാൻ സാധിക്കും.   യേശു മറ്റുള്ളവരുടെ കണ്ണുകളിൽ നോക്കുകയും, അവരെ ശ്രവിക്കാൻ തയ്യാറാവുകയും അവർക്ക് സമീപസ്ഥനായി, അവരുടെ മുറിവുകളിൽ സ്പർശിക്കുകയും ചെയ്‌തു. അത്യുന്നതനായ ദൈവത്തിന് നമ്മെക്കുറിച്ച് കരുതലുണ്ടെന്ന് മനസ്സിലാക്കിത്തരാനാണ് അവൻ ചരിത്രത്തിലേക്ക് കടന്നുവന്നത്. ദൈവത്തിന്റെ കൂടെ നിൽക്കുകയെന്നാൽ മറ്റുള്ളവരെക്കുറിച്ച്, പ്രത്യേകിച്ച് നമ്മുടെ സഹായം ആവശ്യമുള്ളവരെക്കുറിച്ച് കരുതലുള്ളവരാവുക എന്നാണർത്ഥം.

മറ്റുള്ളവരെക്കുറിച്ച് കരുതലുള്ളവരാകാൻ ആദ്യം നമ്മെക്കുറിച്ചുതന്നെ കരുതലുള്ളവരായി നാം മാറണം. അതിനായി, നമ്മുടെ ഉള്ളത്തെക്കുറിച്ചും, നമ്മുടെ ആത്മാവിനെക്കുറിച്ചും ഹൃദയത്തെക്കുറിച്ചും നമുക്ക് കരുതലുണ്ടാകണം. അതിനായി നമ്മുടെ ഹൃദയത്തെ ശ്രവിക്കുവാൻ നാം തയ്യാറാകണം. അതുവഴി ദൈവവുമായി സംസാരിക്കുവാൻ നമുക്ക് സാധിക്കണം. നമ്മെക്കുറിച്ചും, നാം കണ്ടെത്തുന്ന ഓരോ വ്യക്തികളെക്കുറിച്ചും അവനോട് നാം പറയണം. സ്നേഹമില്ലാതെ സന്തോഷമില്ലാത്തതുപോലെ ബന്ധങ്ങളില്ലാതെ പ്രാർത്ഥനയുമില്ല-

സ്നേഹമെന്നാൽ മറ്റുളവരെക്കുറിച്ച് കരുതലുണ്ടാവുകയെന്നാണ് അർത്ഥം. ഒരു സന്ദർശകന്റെ മനോഭാവത്തോടെയാകരുത് നാം ജീവിക്കുന്നത്. മറ്റുള്ളവരെക്കുറിച്ച് കരുതലോടെ ജീവിച്ച് ഒരു ഓർമ്മ അവശേഷിപ്പിച്ചുകൊണ്ടുവേണം നാം ജീവിക്കാൻ. അതുവഴി സാഹോദര്യത്തിന്റെ വിത്ത് വളരുവാൻ നമുക്കും സഹായിക്കാനാകും.

സാഹോദര്യം വിതയ്ക്കുക

അബ്ദുല്ല എന്ന ഒരു കുട്ടിയുടെ വാക്കുകൾ ഉദ്ധരിച്ച്, നാം സാഹോദര്യത്തിന്റെ പോരാളികളായിരിക്കണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ടെക്‌നോളജിയുടെ മുന്നേറ്റം കൊണ്ട് മാത്രം നമ്മുടെ ലോകത്തെ കൂടുതൽ സമാധാനപൂർണ്ണമോ സഹോദര്യപൂർണ്ണമോ ആക്കുവാൻ നമുക്ക് സാധിക്കില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. യുദ്ധങ്ങൾ പലയിടങ്ങളിലും വലിയ ഒരു ഭീഷണിയായി തുടരുകയാണ്. ഇതിന് കാരണം നമ്മുടെ ഹൃദയത്തെ ശരിയാക്കിയെടുക്കാൻ നമുക്ക് സാധിക്കുന്നില്ല എന്നതാണ്. വർഗ്ഗ, സംസ്കാര, മത വ്യത്യാസങ്ങൾ തടസങ്ങളായി നിൽക്കുകയും ഒരുമിച്ച് വളരുന്നതിന് പകരം നാം വിഭിന്നരായി തുടരുകയും ചെയ്യുന്നു. സഹോദര്യത്തെക്കാൾ ശക്തരാണ് വ്യക്തികൾ തോന്നൽ ഉണ്ടാകുമ്പോൾ പരസ്പരം കലഹങ്ങൾ ഉണ്ടാകുന്നു.

സാഹോദര്യം വിതയ്ക്കുന്നവരായി ഭാവിയെ നേടുന്നവരാകുവാൻ പാപ്പാ യുവജനങ്ങളോട് ആഹ്വാനം ചെയ്തു. ബൈബിളിൽ കാണുന്നതുപോലെ, തന്റെ ക്രൈസ്തവ വിശ്വാസമനുസരിച്ച് കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാനാകില്ല എന്നും, ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെ സ്നേഹിക്കണമെന്നുമാണ് ദൈവം നമ്മോട് പറയുന്നതെന്നും പാപ്പാ പറഞ്ഞു. സഹോദര്യത്തിൽ ജീവിക്കുക എന്നത് എല്ലാ സൃഷ്ടികൾക്കുമുള്ള വലിയ വിളിയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

എന്റെ താല്പര്യങ്ങളും വിശ്വാസവും പാരമ്പര്യങ്ങളും ജീവിക്കാത്തവരോട് തുറന്ന മനസ്സുള്ളവരാണോ ഞാനെന്ന ഒരു ചിന്ത നമ്മിലുണ്ടാകണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മുൻവിധികളുടെയും ഭീതിയുടെയും മതിലുകൾക്കപ്പുറത്തേക്ക് നടക്കാൻ നമുക്ക് സാധിക്കണമെന്നും സഹോദര്യത്തിന്റേതായ സൗഹൃദം വളർത്തിയെടുക്കാൻ നമുക്ക് സാധിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. ഒരേ ദൈവം സൃഷ്‌ടിച്ച നമുക്ക് എങ്ങനെയാണ് പരസ്പരം അവിശ്വസ്തതയോടെ പെരുമാറാൻ സാധിക്കുകയെന്ന് മലാക്കി പ്രവാചകന്റെ വാക്കുകളെ ഉദ്ധരിച്ച് പാപ്പാ ചോദിച്ചു (മലാക്കി 2,10).

ജീവിതത്തിലെ തിരഞ്ഞെടുപ്പുകൾ

ജീവിതത്തിലെ വെല്ലുവിളികളുടെ മുന്നിൽ നാം ചില തിരഞ്ഞെടുപ്പുകൾ നടത്തുവാൻ നാം തയ്യാറാകാറുണ്ട്. എന്നാൽ അവ വെറുതെയുള്ള തോന്നലുകളോ സഹജവാസനയോ അനുസരിച്ച് മാത്രമാകരുത്. മെറീന എന്ന പെൺകുട്ടിയുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട്, നമ്മുടെ തിരഞ്ഞെടുപ്പുകൾ ശരിയായതാകാൻ ജീവിതത്തിൽ ശരിയായ ദിശയിൽ സഞ്ചരിക്കാനും ശരിയായ തീരുമാനങ്ങളെടുക്കാനും നാം അഭ്യസിക്കേണ്ടിയിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. തന്റെ തന്നെ ചെറുപ്പത്തെക്കുറിച്ച് പറഞ്ഞുകൊണ്ട്, ധൈര്യപൂർവ്വം മുൻപോട്ട് സഞ്ചരിക്കാനും, ഒറ്റയ്ക്കായിപ്പോകാതിരിക്കാനും പരിശ്രമിക്കുക എന്നത് പ്രധാനമാണെന്ന് പാപ്പാ പറഞ്ഞു. നമ്മുടെ ചിന്തകളിലൂടെയും വികാരങ്ങളിലൂടെയും ദൈവം നമ്മോട് സംസാരിക്കുമെന്നും അതിനായി നാം അവന്റെ സഹായം തേടേണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ദൈവത്തിന്റെ സ്വരം ശ്രവിക്കാനാകുന്നത് നിശബ്ദമായ പ്രാർത്ഥനയും അവനുമായുള്ള സംഭാഷണം വഴിയുമാണെന്നും പാപ്പാ ഉദ്‌ബോധിപ്പിച്ചു. ദൈവം നിങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും, ശരിയായ തിരഞ്ഞെടുപ്പുകൾ നടത്താൻ അവൻ സഹായിക്കുമെന്നും പാപ്പാ ഉറപ്പുനൽകി. ദൈവമല്ല, നാമാണ് ദൈവത്തിൽനിന്നും വ്യക്തികളെയും സംഭവങ്ങളെയും മാറ്റിനിറുത്തുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ അവൻ നമ്മെ കരുതുന്ന ദൈവമാണെന്ന് ചിന്ത ഉള്ളിൽ വളർത്താൻ നാം പരിശ്രമിക്കണമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ഇൻറർനെറ്റിൽ ഉപദേശങ്ങൾ പരത്തുന്നതിന് മുൻപ് ജീവിതത്തിൽ വിവേകമുള്ള ആളുകളിൽനിന്ന് ഉപദേശങ്ങൾ തേടാൻ യുവജനങ്ങളെ പാപ്പാ ആഹ്വാനം ചെയ്‌തു. മാതാപിതാക്കളും അധ്യാപകരും ഉൾപ്പെടുന്ന മുതിർന്നവരിൽനിന്നും ആധ്യാത്മിക പിതാക്കന്മാരിൽനിന്നും മാർഗ്ഗനിർദ്ദേശങ്ങൾ തേടുവാൻ പാപ്പാ ഉപദേശിച്ചു.

സഭയ്ക്ക് യുവജനങ്ങളെക്കൊണ്ട് ആവശ്യമുണ്ടെന്ന് പാപ്പാ എടുത്തുപറഞ്ഞു. സാധാരണ ശീലങ്ങളിൽനിന്ന് പുറത്തുവരാനും സഭയിലേക്ക് പുതുജീവൻ കൊണ്ടുവരാനും പുതിയ മാർഗ്ഗങ്ങളിലൂടെ മുന്നോട്ട് നീങ്ങാനും സഭയ്ക്ക് യുവജനങ്ങളെക്കൊണ്ട് ആവശ്യമുണ്ട്. കരുതലിന്റെ സംസ്കാരത്തെ സ്വന്തമാക്കുവാനും, സാഹോദര്യത്തിന്റെ പോരാളികളാകുവാനും, ജീവിതത്തിന്റെ വെല്ലുവിളികളെ നല്ല ഉപദേശകരുടെ സഹായത്തോടെ നേരിടുവാനും പാപ്പാ ആവശ്യപ്പെട്ടു. ഏവർക്കും പ്രാർത്ഥനാസഹായം വാഗ്ദാനം ചെയ്ത പാപ്പാ, തന്റെ പ്രാർത്ഥനകൾ യുവജനങ്ങൾക്ക് വാഗ്ദാനം ചെയ്യുകയും ദൈവം നിങ്ങളോടു കൂടെ എന്ന ആശംസയോടെ തന്റെ പ്രഭാഷണം അവസാനിപ്പിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 November 2022, 01:25