പാപ്പാ ബഹറനിൽ. പാപ്പാ ബഹറനിൽ. 

ഫ്രാ൯സിസ് പാപ്പാ ബഹറനിലേക്ക് അപ്പോസ്തലിക സന്ദർശനം ആരംഭിച്ചു

നവംബർ 3-6 വരെ ഫ്രാൻസിസ് പാപ്പാ തന്റെ മുപ്പത്തൊമ്പതാം അപ്പോസ്തലിക സന്ദർശനം നടത്തുന്നത് ബഹറിൻ രാജ്യത്തേക്കാണ്. നവംബർ 3ആം തിയതി, വ്യാഴാഴ്ച്ച രാവിലെ പ്രാദേശിക സമയം 8.50 ന് ആരംഭിച്ച് വൈകുന്നേരം 3.30 മണി വരെ നടന്ന പരിപാടികളുടെ സംക്ഷിപ്ത വിവരണം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ശബ്ദരേഖ

സംവാദത്തിനായുള്ള ബഹറിൻ ചർച്ചാവേദി:  മനുഷ്യ സഹവാസത്തിനായി കിഴക്കും പടിഞ്ഞാറും എന്ന സമ്മേളനത്തിനായി ഫ്രാ൯സിസ് പാപ്പാ ബഹറനിലേക്ക് തന്റെ മുപ്പത്തൊമ്പതാം അപ്പോസ്തലിക സന്ദർശനം ആരംഭിച്ചു.  പാപ്പയായി അദ്ദേഹം സന്ദർശിക്കുന്ന 58-മത് രാജ്യമാണ് ബഹറിൻ.

അഭയാർത്ഥി കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ച

വ്യാഴാഴ്ച രാവിലെ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ്,   ഇറ്റാലിയൻ കുടുംബങ്ങൾ ആതിഥേയത്വം വഹിച്ച മൂന്ന് യുക്രേനിയൻ അഭയാർത്ഥി കുടുംബങ്ങളുമായി ഫ്രാൻസിസ് പാപ്പാ പേപ്പൽ വസതിയായ സാന്താ മാർത്തയിൽ വച്ച് കൂടിക്കാഴ്ച നടത്തി.

അവരിൽ ഒരാൾ ഓർത്തഡോക്സ് പുരോഹിതന്റെ ഭാര്യയാണ്. അവർക്കൊപ്പം18 ഉം ,14 ഉം വയസ്സുള്ള രണ്ട് കുട്ടികളുമുണ്ടായിരുന്നു. മൈക്കോലൈവിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ക്രോപ്പിവ്നിറ്റ്സ്കി മേഖലയിൽ നിന്നുള്ളവരാണ്. അവളുടെ ഭർത്താവും പ്രായപൂർത്തിയായ മകനും യുക്രെയ്നിൽ തന്നെ കഴിയുന്നു. പാപ്പാ കൂടികാഴ്ച നടത്തിയ രണ്ടാമത്തെ കുടുംബത്തിൽ 4 ഉം, 7 ഉം വയസ്സുള്ള രണ്ട് പെൺമക്കളും 30 വയസ്സുള്ള അമ്മയും ഉൾപ്പെടുന്നു. അവർ ഭാഗികമായി അധിനിവേശമുള്ള നഗരത്തിൽ നിന്നും സപ്പോരിജിയയുടെ പ്രദേശത്തുനിന്നും പലായനം ചെയ്തവരാണ്. മൂന്നാമത്തെ കുടുംബം 53 വയസ്സുള്ള സ്ത്രീയും ഗുരുതരമായ വൈകല്യമുള്ള 13 വയസ്സുള്ള മകനും 73 വയസ്സുള്ള അമ്മയും ഉൾപ്പെട്ടതായിരുന്നു.

അഭയാർത്ഥി കുടുംബങ്ങളെ പേപ്പൽ ദാനകർത്താവ് കർദ്ദിനാൾ കോൺറാഡ് ക്രയൊവ്സ്കി അനുഗമിച്ചിരുന്നു. വത്തിക്കാനിൽ പേപ്പൽ വസതിയായ സാന്താ മാർത്തയിൽ നിന്ന് ഇറ്റലിയിലെ സമയം 8.50 ന് ഫ്യുമിചീനോ വിമാനത്താവളത്തിലേക്ക് കാറിൽ യാത്ര പുറപ്പെട്ട ഫ്രാൻസിസ് പാപ്പാ 09.20ന് വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ഫ്യുമിചീനോ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് സാന്താ റൂഫിന രൂപതയിലാണ്. രൂപത മെത്രാൻ മോൺ. ജാൺ റിക്കോ റൂസ്സയാണ്.

09,40 ന് റോമിൽ നിന്ന് ബഹറിനിലെ അവാലിയിലേക്ക് പാപ്പായെയും വഹിച്ചു കൊണ്ട് വിമാനം പുറപ്പെട്ടു. വിമാനത്തിൽ വച്ച് ഫ്രാൻസിസ് പാപ്പാ ലഘുഭക്ഷണം കഴിക്കുകയും, മാധ്യമ പ്രവർത്തകരെ  അഭിവാദ്യം ചെയ്യുകയും, വിമാന ജോലിക്കാർക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. യാത്രാമദ്ധ്യേ വിമാനത്തിൽ വച്ചുതന്നെയായിരുന്നു ഉച്ചഭക്ഷണവും.

ബഹ്റനിലെ സമയം ഇറ്റലിയിലെ സമയത്തെക്കാൾ രണ്ട്  മണിക്കൂർ മുന്നിലാണ്. റോമിൽ നിന്നും അവാലിയിലേക്ക്  4,228 കി.മീ  ആണ് ദൂരം. അഞ്ച് മണിക്കൂർ നീളുന്ന ഈ യാത്രയിൽ പാപ്പായുടെ വിമാനം ഇറ്റലി, ഗ്രീസ്, സൈപ്രസ്, ഈജിപ്ത്, ജോർദ്ദാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലൂടെ കടന്ന്  ബഹ്റനിലെത്തി.

അവാലിയിൽ

14.45 ന് അവാലിയിലെ സഖിർ എയർ ബേസിൽ പാപ്പാ എത്തി ചേർന്നു. അവാലിയിൽ നിന്ന് 5.5 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പൊതു വിമാനത്താവളമാണ് സഖിർ എയർ ബേസ്. ആഗോള വ്യോമയാന വ്യവസായത്തിന്റെ ഒരു ദ്വൈവാർഷിക സംഭവമായ ബഹറിൻ ഇന്റർനാഷണൽ എയർഷോയ്ക്ക് (BIAS) വേണ്ടിയാണ് 2010-ൽ ഈ വിമാനത്താവളം  നിർമ്മിച്ചത്. വിഐപി സന്ദർശകരും, ഉന്നത വിദേശരാജ്യ അധികാരികളും, രാഷ്ട്രത്തലവന്മാരും, ബഹറിൻ രാജാവും  ഈ വിമാനത്താവളം ഉപയോഗിക്കുന്നു. സഖീർ എയർ ബേസിൽ ഉപചാരങ്ങൾക്കായി തയ്യാറാക്കിയിട്ടുള്ള  ഭാഗത്താണ് പാപ്പായുടെ വിമാനം എത്തിയത്. വിമാനത്തിൽ എത്തി ബഹറനിലെ അപ്പോസ്തോലിക് ന്യൂൺഷ്യോ ബിഷപ്പ് യൂജിൻ മാർട്ടിൻ ന്യൂജെന്റും പ്രോട്ടോക്കോൾ മേധാവിയും പാപ്പായെ അഭിവാദ്യം ചെയ്തു.

അവാലി

ബഹറനിലെ തെക്കൻ ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ മുനിസിപ്പാലിറ്റിയായ അവാലി, രാജ്യത്തിന്റെ ഏതാണ്ടു മധ്യഭാഗത്തുള്ള, മുഗൈദ്രത് സമതലത്തിന് മുകളിലെ ഒരു പീഠഭൂമിയിലാണ് സ്ഥിതിചെയ്യുന്നത്. രാജ്യത്ത് ആദ്യമായി എണ്ണ കണ്ടെത്തുകയും ഖനനം ചെയ്യുകയും ചെയ്ത രാജ്യത്തിന്റെ തലസ്ഥാനമായ മനാമയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ തെക്ക് ഭാഗത്താണിത്.

1934-ൽ ബഹറിൻ പെട്രോളിയം കമ്പനി (ബാപ്കോ) യാണ്, ബഹറിൻ ഓയിൽ റിഫൈനറിക്ക് വടക്കും സഖീറിന്റെ എണ്ണക്കിണറുകൾക്കും മരുഭൂമി പ്രദേശത്തിനും തെക്കുഭാഗത്തുമായി  ബാപ്കോയുടെ പ്രധാന ഓഫീസുകളും, കേന്ദ്ര ആസ്ഥാനവും, ബാപ്കോയുടെ വിദേശ എക്‌സിക്യൂട്ടീവുകൾ, ജീവനക്കാർ എന്നിവരെ പാർപ്പിക്കാനായി  അവാലി നഗരം  തയ്യാറാക്കിയത്.

യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ഇവിടം ഗൾഫ് മേഖലയിലെ ആദ്യത്തെ ആധുനിക എണ്ണപ്പാടും പെട്രോളിന്റെ ആസ്ഥാനവുമാണ്. ഇത് ഇന്ധന എണ്ണ വിദഗ്ധരുടെ ഒരു പുതിയ അന്താരാഷ്ട്ര സമൂഹത്തിന്റെ വാസസ്ഥലവും പ്രവർത്തനത്തിനുള്ള അന്തരീക്ഷവും പ്രദാനം ചെയ്തു.

പരമ്പരാഗത മരുഭൂമി നഗരങ്ങളെയും പ്രാദേശിക മരുപ്പച്ചകളെയുംകാൾ യൂറോപ്യൻ ശൈലിയിലുള്ള പൂന്തോട്ട നഗരങ്ങളിൽ നിന്നാണ് മുനിസിപ്പാലിറ്റി കൂടുതൽ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. ഇവിടെ വാസ സംവിധാന സമുച്ചയങ്ങളം, നിരവധി പൊതു സ്ഥാപനങ്ങളും, വിനോദ സൗകര്യങ്ങളും കാണാം.

കഴിഞ്ഞ വർഷം ഡിസംബറിൽ കർദ്ദിനാൾ ലൂയിസ് അന്തോണിയോ ടാഗ്ലെ ആശീർവ്വദിച്ച വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരിയേറ്റിന്റെ ആസ്ഥാനമായ  അറേബ്യയുടെ മാതാവിന്റെ പേരിലുള്ള  കത്തീഡ്രൽ ദേവാലയവും,  വിസിറ്റേഷൻ  കന്യകാമറിയത്തിന്റെ നാമത്തിലുള്ള ചെറിയ ഒരു ദേവാലയവും  ഇവിടെയുണ്ട്. രണ്ട് ആരാധനാലയങ്ങളിലേയും സേവനം ലഭ്യമാകുന്ന ക്രൈസ്തവർ കൂടുതലും ഏഷ്യയിൽ നിന്ന് പ്രത്യേകിച്ച് ഫിലിപ്പിനിയയിലും  ഇന്ത്യയിലും നിന്നുള്ള ജോലിക്കാരാണ്.

വടക്കൻ അറേബ്യയിലെ അപ്പസ്തോലിക് വികാരിയേറ്റ്

1954 മുതൽ കുവൈറ്റ് ആയിരുന്നു വടക്കൻ അറേബ്യയിലെ അപ്പസ്തോലിക വികാരിയേറ്റ് . 2,179,890 ചതുരശ്ര കിലോമീറ്റർ വിസ്താരവും  43,463,583 നിവാസികളും 2,722,000 കത്തോലിക്ക വിശ്വാസികളും ഉൾപ്പെടുന്ന ഇതിൽ 11 ഇടവകകളും,11 രൂപത വൈദികരും, രൂപതയിൽ സ്ഥിരം വൈദികരായി 43 പേരും 1 സ്ഥിരം ഡീക്കനും, തത്വശാസ്ത്ര, ദൈവശാസ്ത്ര വിദ്യാർത്ഥിയായ ഒരു സെമിനാരിക്കാരനും രൂപതയിൽ ഉണ്ട്. സന്യാസികളായ 44 പേരും 18 സന്യാസിനികളും ഈ രൂപതയിൽ സേവനമനുഷ്ഠിക്കുന്നു. കൂടാതെ 12 വിദ്യാഭ്യാസ സ്ഥാപനങ്ങളും രൂപതയിലുണ്ട്.  കഴിഞ്ഞ വർഷം 1,054 പേർ മമ്മോദീസാ സ്വീകരിച്ചു.

വടക്കൻ അറേബ്യ വികാരിയേറ്റ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിക്കുന്നത് കപ്പൂച്ചിൻ സഭാംഗമായ മോൺ. പോൾ ഹിന്ററാണ്. സ്വിറ്റ്സർലൻഡിലെ ബാസൽ രൂപതയിൽ ജനിച്ച അദ്ദേഹം 1967 ജൂലൈ 4-ന് വൈദീകനും, 2003 ഡിസംബർ 12-ന് മാക്കോണിൽ മെത്രാനായി തിരഞ്ഞെടുക്കപ്പെടുകയും 2004 ജനുവരി 30 ന് അഭിഷിക്തനാവുകയും ചെയ്തു. 2020 മെയ് 13 മുതൽ വടക്കൻ അറേബ്യയുടെ അഡ്മിനിസ്ട്രേറ്റരും 2022 മെയ് ഒന്ന് മുതൽ തെക്കൻ അറേബ്യയുടെ അപ്പോസ്തോലിക വികാരിയുമാണ്.

ഔദ്യോഗിക സ്വീകരണം

അവാലിയിലെത്തിയ പാപ്പായ്ക്ക് അവാലി സഖിർ എയർ ബേസിൽ ഔദ്യോഗികമായി സ്വീകരണം നൽകി. പാപ്പായെ, ബഹറിൻ രാജാവും, കിരീടാവകാശിയും, പ്രധാനമന്ത്രിയും, രാജാവിന്റെ മറ്റ് മൂന്ന് മക്കളും, ചെറുമകനും ചേർന്ന് സ്വാഗതം ചെയ്തു. അതിനെ തുടർന്ന്, പരമ്പരാഗത വസ്ത്രം ധരിച്ച കുട്ടികൾ റോസാപ്പൂ ദളങ്ങൾ വിതറി സ്വീകരിച്ചു. ആ സമയത്ത് പാപ്പയും, രാജകുടുംബത്തിൽ ഔദ്യോഗിക സൈനീക ബഹുമതി സ്വീകരിക്കുകയും  അവിടെയുണ്ടായിരുന്ന  പ്രതിനിധികളെ അഭിവാദ്യം ചെയ്ത ശേഷം  പാപ്പാ ഒരു ഹ്രസ്വ സ്വകാര്യ കൂടികാഴ്ചയ്ക്കായി റോയൽ ഹാളിൽ എത്തി. സ്വകാര്യ  കൂടിക്കാഴ്ചയുടെ അവസാനം, പാപ്പയും രാജകുടുംബാംഗങ്ങളും അൽ-അസ്ഹറിലെ വലിയ ഇമാമിനെ അഭിവാദ്യം ചെയ്തു. തുടർന്ന്  ഫ്രാൻസിസ് പാപ്പാ 2 കി.മീ അകലെയുള്ള സഖിർ രാജ  രാജകൊട്ടാരത്തിലേക്ക് 15.15 ന് കാറിൽ യാത്രയായി.

പാപ്പായെ കുട്ടികൾ റോസാപ്പൂ ദളങ്ങൾ വിതറി സ്വീകരിക്കുന്നു
പാപ്പായെ കുട്ടികൾ റോസാപ്പൂ ദളങ്ങൾ വിതറി സ്വീകരിക്കുന്നു

സഖിർ രാജകൊട്ടാരം

ബഹറിൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ വസതിയായ സഖീർ രാജകൊട്ടാരം പടിഞ്ഞാറൻ ബഹറിനിൽ സല്ലാഖ് ഗ്രാമത്തിന്റെ വടക്കുകിഴക്കായി 2014 മുതൽ ഫോർമുല ഒന്ന് മൽസരം നടക്കുന്ന ബഹറിൻ   അന്തർദേശിയ സർക്യൂട്ടിന്റെ വടക്ക്-കിഴക്ക് സഖിർ മരുഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. 1901-ൽ നിർമ്മിച്ച ഈ കൊട്ടാരത്തെ 1925-ൽ ബഹറിൻ ഭരണാധികാരി ഷെയ്ഖ് ഹമദ് തന്റെ വസതിയായി തിരഞ്ഞെടുത്തു. 1942-ൽ ഷെയ്ഖിന്റെ മരണത്തെത്തുടർന്ന് ഈ കെട്ടിടം ഉപേക്ഷിക്കപ്പെട്ട് വർഷങ്ങളോളം അടച്ചിട്ടിരുന്നു. 90-കളുടെ മധ്യത്തിൽ ഇത് പുനരുദ്ധരിക്കുകയും അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരികയും 2003-ൽ വീണ്ടും തുറക്കുകയും ചെയ്തു. ഇന്ന് ഇത് വിശിഷ്ടാവസരങ്ങളിൽ, വിശിഷ്ടാതിഥികളെയും രാഷ്ട്രത്തലവന്മാരെയും സ്വീകരിക്കാൻ ഉപയോഗിക്കുന്നു. പരമ്പരാഗത ഇസ്ലാമിക വാസ്തുവിദ്യ അനുസരിച്ച് നിർമ്മിച്ച ഈ കൊട്ടാരം തിളങ്ങുന്ന വെളുത്ത മതിലുകൾ, വലിയ കമാനങ്ങൾ, തൂണുകൾ, താഴികക്കുടം, ഗോപുരങ്ങൾ, മിനാരം തുടങ്ങിയ സവിശേഷതകളോടു കൂടിയതാണ്. അതിഥികളെ സ്വീകരിക്കുന്ന  കൊട്ടാരത്തിലെ മജ്‌ലിസിന് 12 മീറ്റർ നീളമുണ്ട്. 15.30 ന് പാപ്പാ സഖീർ രാജകൊട്ടാരത്തിൽ എത്തി ചേർന്നു.

പാപ്പായ്ക്ക് വിമാനത്താവളത്തിൽ വരവേൽപ്പ്]
പാപ്പായ്ക്ക് വിമാനത്താവളത്തിൽ വരവേൽപ്പ്]

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 November 2022, 14:53