ഫ്രാൻസിസ് പാപ്പാ മേരി മേജർ ബസലിക്കയിൽ ഫ്രാൻസിസ് പാപ്പാ മേരി മേജർ ബസലിക്കയിൽ 

ബഹ്‌റൈൻ യാത്ര: പരിശുദ്ധപിതാവ് ഫ്രാൻസിസ് പാപ്പാ നൂറാം തവണ മേരി മേജർ ബസലിക്കയിലെത്തി

ബഹ്റൈനിലേക്കുള്ള അപ്പസ്തോലിക യാത്രയ്ക്ക് മുൻപായി പതിവുപോലെ ഫ്രാൻസിസ് പാപ്പാ റോമിലെ മേരി മേജർ ബസലിക്കയിലെത്തി പ്രാർത്ഥിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

ബഹ്റൈനിലേക്കുള്ള അപ്പസ്തോലിക യാത്രയ്ക്ക് മുന്നോടിയായി, റോമൻ ജനത “റോമൻ ജനതയുടെ രക്ഷ” അഥവാ, “സാലൂസ് പോപുളി റൊമാനി” (Salus Populi Romani) എന്ന പേരിൽ വണങ്ങുന്ന പരിശുദ്ധ അമ്മയുടെ മുൻപിൽ പ്രാർത്ഥനയ്ക്കായി ഫ്രാൻസിസ് പാപ്പാ മേരി മേജർ ബസലിക്കയിലെത്തി. ഇത്തവണത്തെ തന്റെ യാത്രയെയും പാപ്പാ മാതാവിന്റെ സംരക്ഷണത്തിന് സമർപ്പിച്ചു. നവംബർ രണ്ടാം തീയതി വൈകുന്നേരമാണ് പാപ്പാ പ്രാർത്ഥനയ്‌ക്കെത്തിയത്. പത്രോസിന്റെ പിൻഗാമിയെന്ന സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇത് നൂറാം തവണയാണ് പാപ്പാ മേരി മേജർ ബസലിക്കയിലെത്തിയത് എന്ന ഒരു പ്രത്യേകതകൂടി ഇത്തവണത്തെ സന്ദർശനത്തിനുണ്ട്. ഇതുമായി ബന്ധപ്പെട്ട് “സാലൂസ് പോപുളി റൊമാനി” മാതാവിന്റെ ചാപ്പലിനു മുൻപിൽ നൂറ് എന്നെഴുതിയ ഒരു ഫലകവും സ്ഥാപിച്ചിരുന്നു.

വീൽചെയറിൽ പരിശുദ്ധ അമ്മയുടെ ചിത്രത്തിന് മുൻപിലെത്തിയ പാപ്പാ നിശബ്ദമായി പ്രാർത്ഥിക്കുകയും പരിശുദ്ധ അമ്മയുടെ മുൻപിൽ വെളുത്ത പൂക്കൾ അടങ്ങിയ ബൊക്കെ സമർപ്പിക്കുകയും ചെയ്തു.

ഫ്രാൻസിസ് പാപ്പായുടെ മുപ്പത്തിയൊൻപതാം അപ്പസ്തോലികയാത്രയാണ് നവംബർ മൂന്ന് മുതൽ ആറുവരെയുള്ള തീയതികളിൽ നടക്കുന്നത്. ബഹറിനിൽ എത്തുന്ന പാപ്പാ, വിവിധ മതപ്രതിനിധികൾ പങ്കെടുക്കുന്ന സംവാദങ്ങൾക്കായുള്ള ഒരു ഫോറത്തിലും പങ്കെടുക്കും.

ഫ്രാൻസിസ് പാപ്പാ പത്രോസിന്റെ പിൻഗാമിയെന്ന സ്ഥാനം ഏറ്റെടുത്തതിന് പിറ്റേന്ന്, 2013 മാർച്ച് 14-ന് മേരി മേജർ ബസലിക്കയിലെത്തിയിരുന്നു. പിന്നീടങ്ങോട്ട് അപ്പസ്തോലികയാത്രകൾ ഉൾപ്പെടെ പ്രധാനപ്പെട്ട ഓരോ സംഭവങ്ങളുമായി ബന്ധപ്പെട്ട് മാതാവിന്റെ ചിത്രത്തിന് മുൻപിലെത്തുക പതിവായിരുന്നു. കസാഖ്സ്ഥാനിലേക്കുള്ള അപ്പസ്തോലികയാത്രയുടെ അവസാനത്തിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് പാപ്പാ ഇവിടെ അവസാനമായെത്തിയത്.

പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസാണ് മേരി മേജർ ബസലിക്കയിലേക്കുള്ള പാപ്പായുടെ സന്ദർശനവുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവിട്ടത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 November 2022, 16:49