ആസ്തിയുടെ ആദരണിയ പൗരനായി പാപ്പാ
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ആസ്തി സന്ദർശനത്തിന്റെ രണ്ടാം ദിവസം ഫ്രാൻസിസ് പാപ്പാ തന്റെ പൊതുപരിപാടികൾ നിർവ്വഹിച്ചു. ശനിയാഴ്ച പാപ്പാ തന്റെ ബന്ധുക്കൾക്കൊപ്പം സ്വകാര്യതയിൽ സമയം ചെലവഴിക്കുകയും വൃദ്ധമന്ദിരത്തിലെത്തി അവിടത്തെ പ്രായമായ അന്തേവാസികളെ സന്ദർശിക്കുകയും ചെയ്തു. ആസ്തിയിലെ മെത്രാസന മന്ദിരത്തിൽ അതിഥിയായി എത്തിയ പാപ്പാ ഞായറാഴ്ച ആസ്തിയുടെ മേയർ, ഇറ്റലിയിലെ പിയമോന്തെ പ്രവിശ്യയുടെ അദ്ധ്യക്ഷൻ ആൽബെർട്ടോ സിറിയോ, മറ്റ് പ്രാദേശിക സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി.
"ലോകത്തിലെ സമാധാനത്തിനായുള്ള ശക്തമായ പ്രതിബദ്ധതയ്ക്കും എല്ലാത്തരം വിവേചനങ്ങൾക്കും എതിരെയുള്ള ഐക്യദാർഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും ദൈനംദിന സന്ദേശങ്ങൾക്കുമായി മേയർ മൗറിസിയോ റസെറോ പാപ്പയ്ക്ക് ആസ്തിയുടെ ബഹുമാന്യ പൗരത്വം നൽകി ആദരിച്ചു. ഇതേ മൂല്യങ്ങൾ ആസ്തി നഗരത്തിന്റെ നിയമത്തിലും പ്രതിപാദിച്ചിട്ടുള്ളവയാണെന്ന് അദ്ദേഹം ഓർമ്മിച്ചു. ആസ്തി, പിയെമോന്തെ പ്രദേശങ്ങളുമായുള്ള പാപ്പായുടെ ശക്തമായ ബന്ധത്തെയും, അദ്ദേഹത്തിന്റെ കുടുംബവുമായും സ്ഥാപനങ്ങളുമായും തുടരുന്ന ബന്ധങ്ങളുടെയും പ്രതീകമായി ബ്രിക്കോ മാർമൊറീതോയിൽ നിന്ന് എടുത്ത ആസ്തിയിലെ മണ്ണു നിറച്ച ഒരു ചെറിയ സഞ്ചിയും പാപ്പായ്ക്ക് സമ്മാനിച്ചു.
മെത്രാസന മന്തിരത്തിൽ നിന്ന് കത്തീഡ്രലിലേക്ക് പാപ്പാ മൊബൈലിൽ
ആദ്യത്തെ ഈ പൊതുപരിപാടിക്കുശേഷം, പുലർച്ചെ മുതൽ ആസ്തിയുടെ മധ്യഭാഗത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തുകൊണ്ട് പാപ്പാ മൊബൈലിലാണ് ഫ്രാൻസിസ് പാപ്പാ കത്തീഡ്രലിലേക്ക് പോയത്. കൂരിയയിൽ നിന്ന് 1.7 കിലോമീറ്റർ അകലെ കത്തേനാ ചത്വരത്തിലെത്തിയ പാപ്പായെ കാത്തു നിന്ന രോഗികളും ഭിന്നശേഷിക്കാരുമായവരുമായും പാപ്പാ കൂടിക്കാഴ്ച നടത്തി. 10:30-ഓടെ കത്തീഡ്രലിൽ എത്തിയ പാപ്പാ, സഭ ലോക യുവജനദിനം ആചരിക്കുന്ന ദിനമായ ക്രിസ്തു രാജന്റെ തിരുന്നാൾ ദിവ്യബലിക്ക് മുഖ്യകാർമ്മീകത്വം വഹിച്ചു. ദിവ്യപൂജയർപ്പണത്തിനു ശേഷം ത്രികാല പ്രാർത്ഥനയും പാപ്പാ നയിച്ചു. നഗരത്തിൽ 25,000 ത്തോളം പേരും വലിയ കത്തീഡ്രലിനുള്ളിൽ 4,000 പേരും വിവിധയിടങ്ങളിൽ പുറത്ത് സജ്ജീകരിച്ചിരുന്ന വലിയ സ്‌ക്രീനുകളിൽ പാപ്പായെ കാണാതായി എത്തിയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: