ബഹറിനിലേക്ക് നടത്തിയ അപ്പോസ്തോലിക യാത്രയ്ക്ക് പരിശുദ്ധ അമ്മയ്ക്ക് നന്ദി പറഞ്ഞ് പാപ്പാ
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പരിശുദ്ധ പിതാവ് തന്റെ ബഹറിനിലേക്കുള്ള അപ്പോസ്തോലിക യാത്രയ്ക്ക് പരിശുദ്ധ അമ്മയ്ക്ക് നന്ദിയർപ്പിച്ചു. പതിവുപോലെ റോമിലെ മരിയൻ ബസിലിക്ക മരിയ മജോറെയിലെത്തിയാണ് അമ്മയ്ക്ക് നന്ദി പറഞ്ഞത്. പരിശുദ്ധ സിംഹാസനത്തിന്റെ മാധ്യമവിഭാഗം അറിയിച്ചതനുസരിച്ച് "റോമിലെ ജനങ്ങളുടെ രക്ഷയുടെ നാഥ" യുടെ പുരാതന രൂപത്തിനു മുന്നിൽ ഫ്രാൻസിസ് പാപ്പാ മൗനമായ പ്രാർത്ഥനയിൽ സമയം ചിലവഴിച്ചു കൊണ്ട് ഫലപ്രദമായ കഴിഞ്ഞ ദിവസങ്ങൾക്ക് കൃതജ്ഞതയേകി.
ചരിത്രപ്രധാന സന്ദർശനം
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഫ്രാൻസിസ് പാപ്പാ തന്റെ 39 മത് അപ്പസ്തോലിക യാത്ര കഴിഞ്ഞ് റോമിലെത്തിയത്. മധ്യ കിഴക്കൻ ഗൾഫ് മേഖലയിലേക്ക് പാപ്പാ നടത്തിയ രണ്ടാമത്തെ യാത്രയും പാപ്പാ എന്ന നിലയിൽ സന്ദർശിക്കുന്ന 58 മത്തെ രാജ്യവുമായിരുന്നു ബഹറിൻ.
ഗൾഫ് എയർ ബോയിംഗ് 787 വിമാനത്തിലാണ് പാപ്പായും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സംഘാംഗങ്ങളും മാധ്യമ പ്രവർത്തകരും നാലു ദിവസത്തെ യാത്രയ്ക്ക് ശേഷം തിരിച്ചെത്തിയത്. സംവാദത്തിനായുള്ള ബഹറിൻ വേദിയിൽ പങ്കെടുക്കുന്നതിനും രാജ്യത്തെ ചെറിയ കത്തോലിക്കാ സമൂഹത്തോടു തന്റെ സാമിപ്യമറിയിക്കാനുമാണ് പാപ്പാ ഈ മുസ്ലിം ഭൂരിപക്ഷ രാജ്യം സന്ദർശിച്ചത്.
പ്രാദേശിക സഭയെ വളരെയധികം പ്രോൽസാഹിപ്പിച്ച ഫ്രാൻസിസ് പാപ്പാ, ഏതാണ്ട് 111 ൽ പരം രാജ്യങ്ങളിൽ നിന്ന് അവിടെയുള്ള 30,000 വിശ്വാസികൾക്കായി ദിവ്യബലിയർപ്പിക്കുകയും, സ്നേഹത്തെക്കുറിച്ച് സംസാരിക്കുകയും ഇന്ന് ലോകത്തെ വരിഞ്ഞുമുറുക്കുന്ന അക്രമത്തിന് അറുതി വരുത്താൻ എപ്പോഴും എല്ലാവരേയും സ്നേഹിക്കുന്നതിലൂടെ കഴിയുമെന്നും പാപ്പാ പറഞ്ഞു. ഇത് ഒരു പാപ്പാ ഈ ഉപദ്വീപിൽ അർപ്പിക്കുന്ന രണ്ടാമത്തെ ദിവ്യബലിയായിരുന്നു. ആദ്യ ദിവ്യപൂജ ഫ്രാൻസിസ് പാപ്പാ തന്നെ 2019 ൽ അബുദാബിയിൽ അർപ്പിച്ചതാണ്.
തുടരുന്ന പാരമ്പര്യം
പരിശുദ്ധ പിതാവ് പതിവായി തന്റെ അപ്പസ്തോലിക യാത്രയ്ക്ക് മുമ്പും ശേഷവും മരിയ മേജർ ബസിലിക്കയിൽ എത്തി മാതാവിനോടൊപ്പം കുറച്ചു സമയം പ്രാർത്ഥനയിൽ ചിലവഴിക്കാറുണ്ട്. 590 AD യിൽ മഹാനായ വി. ഗ്രിഗരി പാപ്പായുടെ കാലത്താണ് Maria Salus Popoli Romani എന്ന മാതാവിന്റെ ചിത്രം റോമിലെത്തിയത് എന്നാണ് പാരമ്പര്യം. 1838 ൽ ഗ്രിഗരി പതിനാറാമൻ പാപ്പാ ഈ രൂപത്തിൽ കിരീടം അണിയിച്ചു. പിന്നീട് ഒരു നൂറ്റാണ്ടുകൾക്ക് ശേഷം 1954 ലെ മരിയൻ വർഷത്തിൽ പിയൂസ് പന്ത്രണ്ടാമൻ പാപ്പാ ഈ ഭക്ത കൃത്യം അവർത്തിച്ചു. 2018ൽ വത്തിക്കാൻ മ്യൂസിയം ആ ചിത്രം ശുചീകരിച്ച് പുനരുദ്ധരിക്കുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: