തിരയുക

ഇറ്റാലിയൻ ഔഷധ വിദഗ്ധരുടെ ശൃംഖലയായ അപ്പൊത്തേക്കാ നത്തൂരാ യുടെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ. ഇറ്റാലിയൻ ഔഷധ വിദഗ്ധരുടെ ശൃംഖലയായ അപ്പൊത്തേക്കാ നത്തൂരാ യുടെ അംഗങ്ങളുമായി ഫ്രാൻസിസ് പാപ്പാ. 

പാപ്പാ: പരിപാലനത്തിന്റെ സംസ്കാരം കൊണ്ട് വലിച്ചെറിയൽ സംസ്കാരത്തെ നേരിടുക

ഇറ്റാലിയൻ ഔഷധ വിദഗ്ധരുടെ ശൃംഖലയായ അപ്പൊത്തേക്കാ നത്തൂരാ യുടെ അംഗങ്ങളുമായി ഫ്രാൻസിസ് കൂടിക്കാഴ്ച നടത്തി. ജനങ്ങളും പ്രകൃതിയുമായുള്ള ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്ന പരിപാലനത്തിന്റെ സംസ്കാരത്തിനായി പാപ്പാ അവരെ ആഹ്വാനം ചെയ്തു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തിങ്കളാഴ്ച, ഇറ്റാലിയൻ ഫാർമസികളുടെ ശൃംഖലയായ  അപ്പൊത്തേക്കാ നത്തൂരാ യുടെ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മനുഷ്യനും സൃഷ്ടിയുമായി ഒരു പുതിയ ഐക്യം വീണ്ടും കണ്ടെത്തേണ്ടതിന്റെ  ആവശ്യകതയെ കുറിച്ച് പാപ്പാ സംസാരിച്ചു.

പ്രകൃതിദത്തമായ ഉൽപ്പന്നങ്ങൾ കൊണ്ട് സമഗ്രമായ രോഗചികിത്സ നൽകുവാനുള്ള അവരുടെ ശ്രമങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ തെക്കൻ അമേരിക്കയിലെ ആമസോൺ നദീതടത്തിലെ തദ്ദേശീയരെയാണ് തനിക്ക് ഓർമ്മ വരുന്നത് എന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു.

 "തദ്ദേശീയ സംസ്കാരങ്ങൾക്ക് എപ്പോഴും സൃഷ്ടിയോടും പരിതസ്ഥിതിയോടും നല്ല രീതിയിലുള്ള ഒരു ബന്ധത്തിൽ ജീവിക്കുവാൻ വേണ്ട ആരോഗ്യപരമായ ഒരു മനസ്ഥിതിയുണ്ട്. ഇത് ഒരു മധുര ജീവിതമോ ജീവിതത്തെ നിസ്സാരമായി എടുക്കലോ അല്ല, മറിച്ച് സൃഷ്ടിയുമൊത്തു ജീവിക്കാനുള്ള വ്യക്തിയുടെയും അവരുടെ കുടുംബങ്ങളുടെയും ഐക്യമാണ്, " പാപ്പാ പറഞ്ഞു.

സമഗ്രമായ പരിസ്ഥിതി

സമഗ്രമായ പാരിസ്ഥിതിക അവബോധത്തെ അടിസ്ഥാനമാക്കി, ജനങ്ങളും പ്രകൃതിയും തമ്മിലുള്ള ഐക്യം സൃഷ്ടിക്കാൻ സഹായിക്കുന്നതിനാൽ അപ്പൊത്തേക്കാ നത്തൂരായുടെ പ്രവർത്തനം "കാലത്തിന്റെ പോസിറ്റീവ് അടയാളം" നൽകുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ പറഞ്ഞു. അങ്ങനെ അവരുടെ വ്യക്തിപരമായ ബന്ധംവഴി ദേശീയ ആരോഗ്യ സംരക്ഷണ സംവിധാനത്തെ പ്രാദേശിക ജനങ്ങളുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. ദേശീയ ആരോഗ്യ സേവനം ഏറ്റെടുക്കാൻ ഫാർമസികൾക്ക് കഴിയില്ല എങ്കിലും ചില കുറവുകൾ പരിഹരിച്ചുകൊണ്ട് ജനങ്ങളുടെ യഥാർത്ഥ ആവശ്യങ്ങൾക്ക് പരിഹാരം കാണാൻ കഴിയും.

സൃഷ്ടിയുടെ ഐക്യം

ഐക്യം എന്ന പദത്തിന്  ദൈവശാസ്ത്രപരവും ആത്മീയവുമായ ഒരു മൂല്യമുണ്ടെന്ന് പാപ്പാ വിചിന്തനം ചെയ്തു. ദൈവത്തിന്റെ ഒരു നാമമായി ഐക്യത്തെ പരിഗണിക്കാം, കാരണം പരിശുദ്ധാത്മാവ് തന്നെ ഐക്യമാണ്, പാപ്പാ ഓർമ്മിപ്പിച്ചു. സൃഷ്ടി അതിനെ മലിനമാക്കുന്ന തിന്മയാൽ മുറിവേൽപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത് നന്മയിലേക്കും ഐക്യത്തിലേക്കും ചാഞ്ഞാണിരിക്കുന്നത് എന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.

വിപരീത സംസ്ക്കാരങ്ങൾ തമ്മിലുള്ള തിരഞ്ഞെടുപ്പ്

ആഗോളവൽക്കരിച്ച നമ്മുടെ ലോകം സംസ്കാരങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കിയെന്ന് സൂചിപ്പിച്ച പാപ്പാ അതിൽ ഉപഭോഗത്തിന്റെ വലിച്ചെറിയൽ സംസ്കാരം പരിപാലനത്തിന്റെ സംസ്കാരത്തിന് എതിരെ നിൽക്കുന്നു.

"ഇന്നു നമുക്ക് നിഷ്പക്ഷരായിരിക്കാൻ കഴിയില്ല. ഒരു തിരഞ്ഞെടുപ്പു നടത്തിയേ മതിയാവൂ, കാരണം, ഭൂമിയുടെ നിലവിളിയും ദരിദ്രന്റെ രോദനവും ഉത്തരവാദിത്വം ആവശ്യപ്പെടുന്നു," പാപ്പാ പറഞ്ഞു. നമ്മുടെ ലളിതവും അനുദിനവുമുള്ള പ്രവർത്തികളിൽ നാം ഒരു തിരഞ്ഞെടുക്കൽ നടത്തണം. പരിപാലനത്തിന്റെ ഒരു സംസ്കാരം പുണർന്ന് മനുഷ്യവ്യക്തിയെ  കേന്ദ്രീകരിച്ചുള്ളതും പൊതുനന്മ ലക്ഷ്യ മാക്കുന്നതുമായ ഒരു സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ അവരെ ക്ഷണിച്ചു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ചുരുക്കിയത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 November 2022, 21:06