യൂറോപ്പിലെ സംഘർഷങ്ങളോടുള്ള ഫ്രാൻസീസ് പാപ്പായുടെ പ്രതികരണങ്ങളുടെ സമാഹാരമായ പുസ്തകം: “ഉക്രൈയിനിലെ സമാധാനത്തെക്കുറിച്ചുള്ള ഒരു ചാക്രികലേഖനം” (Un’enciclica sulla pace in Ucraina) യൂറോപ്പിലെ സംഘർഷങ്ങളോടുള്ള ഫ്രാൻസീസ് പാപ്പായുടെ പ്രതികരണങ്ങളുടെ സമാഹാരമായ പുസ്തകം: “ഉക്രൈയിനിലെ സമാധാനത്തെക്കുറിച്ചുള്ള ഒരു ചാക്രികലേഖനം” (Un’enciclica sulla pace in Ucraina)  

പാപ്പാ: യുദ്ധം സകലരുടെയും തോൽവി, ഓരോ യുദ്ധവും ദൈവനിന്ദ!

ഉക്രൈയിൻ യുദ്ധം ഉൾപ്പടെയുള്ള യൂറോപ്പിലെ സംഘർഷങ്ങളെ അധികരിച്ച് ഫ്രാൻസീസ് പാപ്പാ നടത്തിയിട്ടുള്ള പ്രതികരണങ്ങൾ സമാഹരിച്ച് “ഉക്രൈയിനിലെ സമാധാനത്തെക്കുറിച്ചുള്ള ഒരു ചാക്രികലേഖനം” (Un’enciclica sulla pace in Ucraina) എന്ന ശീർഷകത്തിൽ തയ്യാറാക്കിയ പുസ്തകത്തിന് പാപ്പാ അവതാരിക എഴുതി. ഈ പുസ്തകം ചൊവ്വാഴ്ച (06/12/22) പ്രകാശിതമായി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ബുദ്ധിശൂന്യവും ദൈവനിന്ദാപരവുമായ ഉക്രൈയിൻ യുദ്ധത്തെ ധാർമ്മികമായൊ മതപരമായൊ ന്യായീകരിക്കാൻ ക്രൈസ്തവർക്കാകില്ലെന്ന് മാർപ്പാപ്പാ.

“ദൈനംദിന സംഭവം” എന്ന് വിവർത്തനം ചെയ്യാവുന്ന “ഇൽ ഫാത്തൊ ക്വാത്തിദിയാനൊ” (Il Fatto Quotidiano ) എന്ന ഇറ്റാലിയൻ ദിനപ്പത്രത്തിൻറെ ലേഖകൻ ഫ്രൻചേസ്കൊ അന്തോണിയൊ ഗ്രാന, റഷ്യ 2022 ഫെബ്രുവരി 24-ന് ഉക്രൈയിനിൽ അഴിച്ചുവിട്ട മനുഷ്യത്വരഹിതവും ഭോഷത്തവുമായ യുദ്ധം ഉൾപ്പടെയുള്ള യൂറോപ്പിലെ സംഘർഷങ്ങളെ അധികരിച്ച് ഫ്രാൻസീസ് പാപ്പാ നടത്തിയിട്ടുള്ള പരാമർശങ്ങൾ സമാഹരിച്ച് “ഉക്രൈയിനിലെ സമാധാനത്തെക്കുറിച്ചുള്ള ഒരു ചാക്രികലേഖനം” (Un’enciclica sulla pace in Ucraina) എന്ന ശീർഷകത്തിൽ തയ്യാറാക്കിയ പുസ്തകത്തിന് പാപ്പാതന്നെ കുറിച്ച അവതാരികയിലാണ് ഈ പ്രസ്താവനയുള്ളത്.

ഈ പുസ്തകം ചൊവ്വാഴ്ച (06/12/22) പ്രകാശിതമായി.

സമാധാനത്തിൻറെയും സ്നേഹത്തിൻറെയും പ്രത്യാശയുടെയും ദൈവത്തെക്കുറിച്ചു പ്രഘോഷിക്കാനുള്ള കടമ ഉത്ഥിതൻറെ സുവിശേഷം പ്രസംഗിക്കുന്നവരായ ക്രൈസ്തവർക്കുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. 

ജയിച്ചു എന്ന മിഥ്യാബോധത്തിൽ ചിലരെ ആഴ്ത്തുന്ന മൃത്യുവിൻറെ പാതയാണ് യുദ്ധം എന്ന് പറയുന്ന പാപ്പാ യുദ്ധം സകലരുടെയും തോൽവിയാണെന്ന്, യുദ്ധത്തിൽ പങ്കെടുക്കാത്തവരും, യാതൊരു ഇടപെടലും നടത്താതെ നിസ്സംഗതയോടെ നോക്കി നില്ക്കുന്നവരും ഉൾപ്പെടെയുള്ള സകലരുടെയും പരാജയമാണെന്ന് വ്യക്തമാക്കുന്നു. 

സമാധാനത്തിൻറെ ശില്പികളാകുകയെന്നത് എല്ലാവരുടെയും കടമയാണെന്ന് പാപ്പാ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. യുദ്ധത്തിൻറെ ഭീകരതയും, ഓരോ യുദ്ധവും, ദൈവത്തിൻറെ പരിശുദ്ധതമ നാമത്തെ നിന്ദിക്കുന്നുവെന്നും ദൈവ നാമം അനിർവചനീയ മനുഷ്യക്കുരുതികളെ ന്യായീകരിക്കാൻ ഉപയോഗപ്പെടുത്തുന്ന പക്ഷം അത് അവിടത്തെ കൂടുതൽ മുറിവേല്പിക്കുന്നുവെന്നും പാപ്പാ പറയുന്നു.

ഉക്രൈയിനിൽ സമാധാനം വാഴുന്നതിനായുള്ള പ്രാർത്ഥന ആവർത്തിക്കുന്ന പാപ്പാ നമ്മുടെ കൺമുന്നിൽ സമ്പൂർണ്ണ മൂന്നാം ലോകയുദ്ധമായി മാറിക്കൊണ്ടിരിക്കുന്ന ഇത്തരം ശകലിത മൂന്നാം ലോകയുദ്ധങ്ങളെ ഒരു പതിവു സംഭവമായി കാണരുതെന്ന് ഓർമ്മിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 December 2022, 12:25