ഇറ്റലിയിലെ തൊഴിലാളിവർഗ പൊതു സമിതി (CGIL)യുടെ പ്രെസിഡന്റിനെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ ഇറ്റലിയിലെ തൊഴിലാളിവർഗ പൊതു സമിതി (CGIL)യുടെ പ്രെസിഡന്റിനെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ 

തൊഴിലാളികളുടെ സാഹോദര്യം ലോകത്തെ പുരോഗതിയിലേക്ക് ഉയർത്തുന്നു

ഇറ്റലിയിലെ തൊഴിലാളിവർഗ പൊതു സമിതി അംഗങ്ങൾ(CGIL) ഇന്ന് (19/12/2022) വത്തിക്കാനിൽ വച്ച് ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി.തദവസരത്തിൽ നടത്തിയ സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങൾ.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

സാങ്കേതികവിദ്യയുടെ അതിപ്രസരത്തിൽ നീതിയുടെ കണങ്ങൾ നഷ്ടപ്പെടുന്ന തൊഴിലിടങ്ങളെയും തൊഴിലാളികളെയും എടുത്തുപറഞ്ഞുകൊണ്ടാണ് മാർപാപ്പ തന്റെ സന്ദേശം ആരംഭിച്ചത്.അതിനാൽ മൂല്യങ്ങൾ ഉറപ്പുവരുത്തുന്ന തൊഴിലിന്റെ മാഹാത്മ്യം കണ്ടെത്തുവാൻ മാർപാപ്പ കൂടിയിരുന്നവരെ ഓർമ്മിപ്പിച്ചു.തങ്ങളുടെ അസ്തിത്വത്തിന്റെ അർത്ഥം കണ്ടെത്തുവാനും,സമൂഹത്തിൽ സാഹോദര്യം വളർത്തുവാനും,അതുവഴി ലോകത്തെ പുരോഗതിയിലേക്ക് ഉയർത്തുവാനും തൊഴിലിടങ്ങൾ സഹായകരമാവണമെന്ന് പാപ്പാ എടുത്തുപറഞ്ഞു.

തൊഴിൽ സമൂഹത്തെ രൂപപ്പെടുത്തുന്നു

ഓരോ തൊഴിലിന്റെയും ആത്യന്തികമായ ലക്ഷ്യം ഒരു സമൂഹത്തെ വാർത്തെടുക്കുക എന്നതാണ്.ഇത് സാധ്യമാവുന്നത് ഓരോ വ്യക്തികളുടെയും കഴിവിന്റെയും,പരിശ്രമത്തിന്റെയും സംഭാവനയിലൂടെയാണ്.ഇത് പരിമിതമായ ഒരു കെട്ടിടത്തിന്റെ കോണിൽ മാത്രം ഒതുങ്ങിനിൽക്കേണ്ടതല്ല മറിച്ച് വ്യക്തികൾ തമ്മിലുള്ള ബന്ധത്തിലൂടെ രൂപപ്പെടേണ്ടതാണ്.

തൊഴിലിന്റെ  അർത്ഥം അഭ്യസിപ്പിക്കുക

ഓരോ തൊഴിൽവർഗസമിതിയുടെയും ആത്യന്തികമായ കടമ തൊഴിലിന്റെ അർത്ഥം പറഞ്ഞുമനസിലാക്കി കൊടുക്കുക എന്നതാണ്. ഇതാണ് ആരോഗ്യപരമായ ഒരു സാമ്പത്തികത്തിന്റെ അടിസ്ഥാനഘടകം.ലാഭേച്ഛയ്ക്കുവേണ്ടി ജനങ്ങൾക്ക് വേണ്ടി ഇത്തരം നിക്ഷേപങ്ങൾ നടത്താതിരിക്കുന്നത് സമൂഹത്തിന് വലിയ ദോഷം സമ്മാനിക്കുന്നുവെന്നും മാർപാപ്പ ചൂണ്ടിക്കാണിച്ചു.

തൊഴിലിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുക

തൊഴിലിടങ്ങളിലെ വേർതിരിവുകളും,തിന്മകളും ചൂണ്ടിക്കാണിക്കപ്പെടേണ്ടതുതന്നെയാണ്.ഇതിനായി തൊഴിലാളികളെ കേൾക്കുന്ന ഒരു സമിതിയാണ് ഇന്നത്തെ ലോകത്തിനാവശ്യം.അതുവഴി തൊഴിൽ ലഭിക്കാതെ അലയുന്ന യുവാക്കൾക്കും,മാന്യമായ തൊഴിലിനുവേണ്ടി അഭ്യർത്ഥിക്കുന്നവർക്കും പുതിയ ഉണർവ് നൽകാൻ സാധിക്കും,മാർപ്പാപ്പ എടുത്തു പറഞ്ഞു.

തൊഴിലാളികളുടെ സംരക്ഷണം

സമിതികൾ രൂപീകരിക്കപ്പെടുന്നതുതന്നെ തങ്ങൾക്ക് ഭരമേല്പിക്കപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സംരക്ഷണത്തിനുവേണ്ടിയാണ്.സംഖ്യകൾക്കുമപ്പുറം പേരുകൾ നൽകുന്ന വലിയ ഒരു മാന്യത ഈ തൊഴിലാളികളിൽ കാണുവാൻ നമുക്ക് സാധിക്കണം.പണത്തിന്റെ പേരിൽ ഏതു വിധേനയും തൊഴിലാളികളെ ചൂഷണം ചെയ്യുന്ന പ്രവണത അവസാനിക്കപ്പെടണമെന്നും പാപ്പാ പറഞ്ഞു.

തൊഴിലാളിവർഗ ചൂഷണവും തൊഴിൽ ഉപേക്ഷിക്കലും

ഭാവിക്കുവേണ്ടി കഷ്ടപ്പാടുകൾ സഹിക്കുന്ന തൊഴിലാളി വർഗത്തിന് നേരെ നടക്കുന്ന ചൂഷണങ്ങൾ ഒരിക്കലും വച്ചുപൊറുപ്പിക്കാൻ ഇടയാവരുത്.ഏതുവിധേനയും, പണത്തിനുവേണ്ടി തൊഴിലാളികളുടെ ജീവിതം നശിപ്പിക്കപ്പെടുന്ന അവസ്ഥയും ഇന്ന് നിലനിൽക്കുന്നുണ്ട്.ഇതിന്റെ പരിണിതഫലമാണ് മാറ്റ് മാർഗങ്ങളില്ലാതെ തൊഴിൽ വിട്ട് വീണ്ടും പട്ടിണിയിലേക്ക് നീങ്ങുന്ന തൊഴിലാളികളുടെ ജീവിതത്തിന്റെ ദയനീയത.അതിനാൽ തൊഴിലിൽ ഒരു മാനുഷീകവത്കരണം നടപ്പിലാക്കണമെന്ന് മാർപാപ്പ ആവർത്തിച്ച ആവശ്യപ്പെട്ടു.

തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മധ്യസ്ഥത അപേക്ഷിച്ച് പ്രാർത്ഥിച്ചാണ് മാർപാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 December 2022, 15:47