കർദ്ദിനാൾ സെവെരീനൊ പൊളേത്തൊ കാലം ചെയ്തു, പാപ്പാ അനുശോചിച്ചു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇറ്റലിയിലെ ടൂറിൻ (തൊറീനൊ) അതിരൂപതയുടെ മുന്നദ്ധ്യക്ഷൻ കർദ്ദിനാൾ സെവെരീനൊ പൊളേത്തൊയുടെ നിര്യാണത്തിൽ മാർപ്പാപ്പാ അനുശോചനം രേഖപ്പെടുത്തി.
ഇക്കഴിഞ്ഞ പതിനേഴാം തീയതി, ശനിയാഴ്‌ചയാണ് (17/12/22) കർദ്ദിനാൾ പൊളേത്തൊ മരണമടഞ്ഞത്. അദ്ദേഹത്തിന് 89 വയസായിരുന്നു പ്രായം.
വിശുദ്ധ ദൈവജനത്തിൻറെ ഇടയനായി ജീവിച്ച കർദ്ദിനാൾ പൊളേത്തൊയുടെ വിശ്വസ്തതയോടുകൂടിയ സഭാശുശ്രൂഷയും ആർജ്ജവവും പ്രതിബദ്ധതയും ഫ്രാൻസീസ് പാപ്പാ ടൂറിൻറെ ഇപ്പോഴത്തെ ആർച്ചുബിഷപ്പ് റൊബേർത്തൊ റെപോളെയ്ക്കയച്ച അനുശോചനസന്ദേശത്തിൽ അനുസ്മരിക്കുന്നു.
വടക്കുകിഴക്കെ ഇറ്റലിയിൽ വെനീസിനടുത്തുള്ള സൽഗരേദ എന്ന സ്ഥലത്ത് 1933 മാർച്ച് 18-ന് ജനിച്ച കർദ്ദിനാൾ സെവെരീനൊ പൊളേത്തൊ 1957 ജൂൺ 29-ന് പൗരോഹിത്യം സ്വീകരിക്കുകയും 1980 മെയ് 17-ന് മെത്രാനായി അഭിഷിക്തനാകുകയും ചെയ്തു. 2001 ഫെബ്രുവരി 21-ന് വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായാണ് അദ്ദേഹത്തെ കർദ്ദിനാളാക്കിയത്.
കർദ്ദിനാൾ പൊളേത്തൊയുടെ നിര്യാണത്തോടെ കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 224 ആയി താണു. ഇവരിൽ 126 പേർ, മാർപ്പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ സമ്മതിദാനാവകാശം ഉള്ളവരാണ്. ശേഷിച്ച 98 പേർ പ്രായപരിധിയായ 80 വയസ്സു പൂർത്തിയായവരാകയാൽ അവർക്ക് ഈ വോട്ടവകാശം ഇല്ല.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: