പാപ്പാ: സമാധാനത്തിന് സാക്ഷ്യം വഹിക്കുക, ശാന്തി വിതയ്ക്കുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പ്രതിസന്ധികൾ മാറിക്കഴിയുമ്പോൾ ഒന്നും സംഭവിച്ചിട്ടില്ലാത്തതു പോലെ അവ വിസ്മരിക്കുന്നത് ക്രിസ്തീയമൊ മാനുഷികമൊ പോലുമല്ലെന്ന് മാർപ്പാപ്പാ.
വത്തിക്കാൻ ജോലിക്കാരെയും അവരുടെ കുടുംബങ്ങളെയും വ്യാഴാഴ്‌ച (22/12/22) വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ തിരുപ്പിറവിത്തിരുന്നാൾ ആശംസകൾ നേരുന്നതിന് സ്വീകരിച്ച് സംബോധന ചെയ്യവെ, ഫ്രാൻസീസ് പാപ്പാ, ലോകം കോവിദ് 19 മഹാമാരി പ്രതിസന്ധിയുടെ നിർണ്ണായക ഘട്ടം തരണം ചെയ്തിരിക്കുന്നതിനെക്കുറിച്ചു സൂചിപ്പിക്കുകയും ദൈവത്തോട് കൃതജ്ഞത പ്രകാശിപ്പിക്കേണ്ടതിൻറെ ആവശ്യകത ചൂണ്ടിക്കാട്ടുകയുമായിരുന്നു.
ഭൗതികവും സാമ്പത്തികവുമായ പ്രത്യാഘതങ്ങൾ ഉളവാക്കുക മാത്രമല്ല വ്യക്തികളുടെ ജീവിതത്തിൽ, വ്യക്തിബന്ധങ്ങളിൽ, കുടുംബത്തിൻറെ ശാന്തമായ അന്തരീക്ഷത്തിൽ എല്ലാം അടയാളങ്ങൾ അവശേഷിപ്പിക്കുകയും ചെയ്ത മഹാമാരിയാണ് കോവിദ് 19 എന്നത് പാപ്പാ അടിവരയിട്ടു പറഞ്ഞു.
കുടുംബങ്ങൾക്ക് പ്രശാന്ത ആശംസിച്ച പാപ്പാ സ്വച്ഛത എന്നതിൻറെ അർത്ഥം എല്ലാം സുഗമമായി പോകുന്ന എന്നല്ല എന്ന് തിരുക്കുംടുബത്തിൻറെ ജീവിതം ഉദാഹരണമായി എടുത്തുകാട്ടിക്കൊണ്ട് വിശദീകരിച്ചു. ബത്ലഹേമിൽ മറിയം പ്രസവവേദന അനുഭവിക്കുമ്പോൾ യൗസേപ്പ് അവളുമായി എവിടേയ്ക്ക് പോകണമെന്ന് അറിയാതെ നിസ്സഹായാവസ്ഥയിലായതും, വാതിലുകളിൽ മുട്ടിയപ്പോൾ തിരിസ്ക്കരിക്കപ്പെട്ടതുമായ സംഭവം പാപ്പാ അനുസ്മരിക്കുകയും ഈ അവസ്ഥയിലും ഇരുവർക്കും അഗാധമായ ഒരു ശാന്തത അനുഭവപ്പെട്ടുവെന്ന് പ്രസ്താവിക്കുകയും ചെയ്തു.
ലോക ചരിത്രത്തിൻറെ ഈ ഘട്ടത്തിൽ നാം സമാധനത്തിന് സാക്ഷ്യം വഹിക്കാനും ശാന്തിയുടെ ശില്പികളാകാനും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും സമാധാനം കെട്ടിപ്പടുക്കുകയെന്ന ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ശക്തമായ അവബോധം നാം പുലർത്തണമെന്നും പാപ്പാ ഓർമ്മിപ്പിച്ചു. അപവാദം പറഞ്ഞു പരത്താതിരുന്നാൽ മാത്രം മതി നാം സർവ്വത്ര സമാധാനത്തിൻറെ സ്രഷ്ടാക്കൾ, സമാധാനത്തിൻറെ വിതക്കാർ ആകുമെന്ന് പാപ്പാ പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പിന്നിൽ നിന്നു കുറ്റപ്പെടുത്താതെ ആ വ്യക്തിയോട് ബഹുമാനത്തോടെ ആത്മാർത്ഥമായി നേരിട്ട് പറയണമെന്നും അതിന് ധൈര്യം ആവശ്യമാണെന്നും പാപ്പാ വിശദീകരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: