ഒരിക്കലും നിരുത്സാഹപ്പെടരുത്: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
നിങ്ങളുടെ സ്നേഹത്തിനും,നൃത്തചുവടുകൾക്കും, വാക്കുകൾക്കും നന്ദി! നിങ്ങളുടെ കൈകൾ സ്വർഗത്തിലേക്ക് ഉയർത്തി ആഘോഷിക്കുമ്പോൾ, നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കുവാനും, നിങ്ങളെ അഭിസംബോധന ചെയ്യുവാനും നിങ്ങളെ അനുഗ്രഹിക്കാനും സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.
കുറച്ച് നിമിഷത്തേക്ക്, എന്നെ നോക്കാതെ നിങ്ങളുടെ കൈകളിലേക്ക് നോക്കുവാൻ ഞാൻ ആവശ്യപ്പെട്ടുകൊള്ളട്ടെ. നിങ്ങളുടെ കൈപ്പത്തികൾ തുറക്കുക, നിങ്ങളുടെ കണ്ണുകളാൽ അവയെ നോക്കുക. സുഹൃത്തുക്കളേ, ദൈവം നിങ്ങളുടെ കൈകളിൽ ജീവന്റെയും സമൂഹത്തിന്റെയും ഈ മഹത്തായ രാജ്യത്തിന്റെയും ഭാവി സമ്മാനിച്ചിരിക്കുന്നു. നിങ്ങളുടെ കൈകൾ ചെറുതും ദുർബലവും ശൂന്യവും അത്തരം മഹത്തായ ജോലികൾക്ക് യോഗ്യമല്ലാത്തതായും തോന്നുന്നുണ്ടോ? ഒരു കാര്യം ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: എല്ലാ കൈകളും ഒരുപോലെയാണ്, എന്നാൽ ഒന്ന് മറ്റൊന്നിനെപ്പോലെയല്ല; നിങ്ങളുടേതിന് തുല്യമായ കൈകൾ ആർക്കും ഇല്ല, അതിനാൽ നിങ്ങൾ അതുല്യവും ആവർത്തിക്കാനാവാത്തതും സമാനതകളില്ലാത്തതുമായ സമ്പത്താണ്. ചരിത്രത്തിൽ നിങ്ങൾക്ക് പകരം വയ്ക്കാൻ ആർക്കും കഴിയില്ല. അപ്പോൾ സ്വയം ചോദിക്കുക: എന്റെ ഈ കൈകൾ എന്തിനുവേണ്ടിയാണ്? പണിതുയർത്തുവാനോ? നശിപ്പിക്കാനോ? ദാനം ചെയ്യാനോ? പൂഴ്ത്തിവെക്കാനോ? സ്നേഹിക്കാനോ? വെറുക്കാനോ? നോക്കൂ, കൈകൾ നാം മുറുക്കി അടയ്ക്കുകയാണെങ്കിൽ, അത് ഒരു മുഷ്ടിയായി മാറുന്നു; എന്നാൽ നമ്മുടെ കൈകൾ തുറന്നു വയ്ക്കുകയാണെങ്കിലോ, ദൈവത്തിനും മറ്റുള്ളവർക്കുമുള്ള സേവനത്തിനായി ഉപയോഗപ്പെടുന്നു.
ഇവിടെയാണ് തിരഞ്ഞെടുപ്പിന്റെ ഔന്നത്യം നാം മനസിലാക്കുന്നത്. പുരാതന കാലം മുതൽ, നമുക്ക് ഈ തിരഞ്ഞെടുപ്പ് മനസിലാക്കാവുന്നതാണ്.തന്റെ വേലയുടെ നല്ല ഫലങ്ങൾ, തുറന്ന മനസോടെ ദൈവത്തിനർപ്പിച്ച ആബേലിന്റെ തുറന്ന കൈകൾക്ക് ഘടകവിരുദ്ധമായിരുന്നു സഹോദരനെതിരെ മുഷ്ടിചുരുട്ടിക്കൊണ്ട് അവനെ വധിച്ച കായേന്റെ അടഞ്ഞ കൈകൾ. അതിനാൽ വേറിട്ട സ്വപ്നം കാണുന്ന യുവജനങ്ങളായ നിങ്ങളിൽനിന്നാണ് നാളത്തെ സമൂഹം ജനിക്കുന്നത്, നിങ്ങളുടെ കരങ്ങളിൽനിന്നാണ് ഈ നാടിന് അന്യമായ സമാധാനം കൈവരുന്നത്.എപ്രകാരം ഈ വലിയ ആശയം നടപ്പിലാക്കാം? ഭാവിക്കുവേണ്ടിയുള്ള ഏതാനും ചേരുവകൾ മുന്പോട്ടുവയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.നമ്മുടെ കൈയിലെ അഞ്ചു വിരലുകളോട് ബന്ധപ്പെടുത്തി ഞാൻ അത് വിശദീകരിക്കാം.
1. തള്ളവിരൽ
ഹൃദയത്തോട് ഏറ്റവും അടുത്തുള്ള വിരൽ എന്ന നിലയിൽ ജീവിതത്തിന്റെ തന്നെ സ്പന്ദനമായ പ്രാർത്ഥനയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രശ്നങ്ങളുടെ മൂർത്തതയിൽ നിന്ന് വളരെ അകലെയുള്ള ഒരു അമൂർത്ത യാഥാർത്ഥ്യമായി ഇത് തോന്നിയേക്കാം. എന്നാൽ പ്രാർത്ഥനയാണ് അടിസ്ഥാനപരമായ ആദ്യത്തെ ഘടകം, കാരണം നമുക്ക് അത് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല. നമ്മൾ ആരും സർവ്വശക്തരല്ല, നമ്മൾ അജയ്യരാണെന്ന് എപ്പോഴെങ്കിലും വിചാരിച്ചാലോ, അപ്പോൾ ദയനീയമായി പരാജയപ്പെടുന്നു. വേരോടെ പിഴുതെറിയപ്പെട്ട വൃക്ഷം പോലെയായി തീരുന്നു: വലുതും ബലവുമുള്ളതാണെങ്കിൽപ്പോലും അതിന് സ്വയം നിൽക്കാനാവില്ല. അതുകൊണ്ടാണ് നാം പ്രാർത്ഥനയിൽ വേരുറപ്പിക്കേണ്ടത്. ദൈവവചനശ്രവണം നമ്മുടെ ജീവിതത്തെ തന്നെ ആഴത്തിൽ വളരാനും ഫലം കായ്ക്കാനും നാം ശ്വസിക്കുന്ന മലിനീകരണത്തെ സുപ്രധാന ജീവാംശമാക്കി മാറ്റാനും അനുവദിക്കുന്നു. ഇത് ചെയ്യുന്നതിന്, ഓരോ വൃക്ഷത്തിനും ലളിതവും അത്യാവശ്യവുമായ ഒരു ഘടകം ആവശ്യമാണ്: ജലം. പ്രാർത്ഥന "ആത്മാവിന്റെ ജലം" ആണ്: അത് ലളിതവും, കാണാൻ കഴിയുന്നതുമല്ല, എങ്കിലും അത് ജീവൻ നൽകുന്നു. പ്രാർത്ഥിക്കുന്നവർ ഉള്ളിൽ പക്വത പ്രാപിക്കുകയും, തങ്ങൾ സ്വർഗത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു. നമുക്ക് പ്രാർത്ഥന ഒരു ആവശ്യഘടകമാണ്. അകലെയുള്ള ഭീതിപ്പെടുത്തുന്ന ഒരു വ്യക്തിയല്ല യേശു മറിച്ച് നമുക്കായി തന്റെ ജീവൻ പോലും ദാനമായി നൽകിയ സുഹൃത്താണ്.
അതിനാൽ അവൻ നിങ്ങളെ അറിയുകയും, വിശ്വസിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്നു. കുരിശിൽ കിടക്കുന്ന അവനെ നോക്കുമ്പോഴാണ് നമ്മെ വിലമതിക്കുന്ന ദൈവത്തെ തിരിച്ചറിയുവാൻ നമുക്ക് സാധിക്കുന്നത്. അതിനാൽ നമ്മുടെ ഭയവും, ഉത്ക്കണ്ഠകളും എല്ലാം അവനെ ഭരമേല്പിക്കണം. നിങ്ങൾ ഇന്ന് വഹിക്കുന്ന വേദനയുടെ ഭാരമേറിയ ഈ കുരിശാണ് രണ്ടായിരം വർഷൾക്ക് മുൻപ് അവൻ വഹിച്ചത്. അതിനാൽ ക്രൂശിതരൂപം കൈകളിൽ എടുത്ത് നെഞ്ചോട് ചേർത്ത് അവന്റെ മുൻപിൽ കരയാൻ ഭയപ്പെടരുത്, അവന്റെ മുഖത്തേക്ക് നോക്കാൻ മറക്കരുത്, ഉയിർത്തെഴുന്നേറ്റ, ഇന്നും ജീവിക്കുന്ന യുവാവിന്റെ മുഖം! അതെ, യേശു തിന്മയെ ജയിച്ചു, അവൻ കുരിശിനെ പുനരുത്ഥാനത്തിലേക്കുള്ള പാലമാക്കി. അതിനാൽ, അവനെ സ്തുതിക്കാനും, അവനെ പുകഴ്ത്തുവാനും എല്ലാ ദിവസവും നിങ്ങളുടെ കൈകൾ അവനിലേക്ക് ഉയർത്തുക; നിങ്ങളുടെ ഹൃദയത്തിന്റെ പ്രതീക്ഷകൾ അവനോട് വിളിച്ചുപറയുക, ജീവിതത്തിലെ ഏറ്റവും അടുപ്പമുള്ള രഹസ്യങ്ങൾ അവനോട് പങ്കുവയ്ക്കുക.
നിങ്ങളുടെ രാഷ്ട്രം, അയൽക്കാർ, അയൽക്കാർ, അധ്യാപകർ, സഹപാഠികൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, തുടങ്ങിയ എല്ലാവരെക്കുറിച്ചും അവനോട് പറയുക. ഹൃദയപൂർവ്വമായ ജീവനുള്ള ഈ പ്രാർത്ഥന ദൈവം ഇഷ്ടപ്പെടുന്നു. അത് അവനെ നമ്മുടെ ജീവിതത്തിൽ ഇടപെടാൻ അനുവദിക്കുന്നു. അവന്റെ "സമാധാന സേന"യുമായി വരാൻ ഒരാളുണ്ട്. അത് ആരാണെന്ന് അറിയാമോ? ആശ്വസിപ്പിക്കുകയും ജീവൻ നൽകുകയും ചെയ്യുന്ന പരിശുദ്ധാത്മാവ്. അവൻ സമാധാനത്തിന്റെ ചാലകശക്തിയാണ്. അതുകൊണ്ടാണ് പ്രാർത്ഥന ഏറ്റവും ശക്തമായ ആയുധം. അത് നിങ്ങൾക്ക് ദൈവീകമായ ആശ്വാസവും പ്രത്യാശയും പകരുന്നു. എപ്പോഴും പുതിയ സാധ്യതകൾ തുറക്കുകയും ഭയങ്ങളെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതെ, പ്രാർത്ഥിക്കുന്നവർ ഭയത്തെ മറികടന്ന് തങ്ങളുടെ ഭാവിയെ മുറുകെപ്പിടിക്കുന്നു. നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ? പ്രാർത്ഥനയെ നിങ്ങളുടെ ജീവിത രഹസ്യമായി, ആത്മാവിന്റെ ജലമായി, നിങ്ങളോടൊപ്പം കൊണ്ടുപോകാനുള്ള ഒരേയൊരു ആയുധമായി, എല്ലാ ദിവസവും ഒരു യാത്രാ സഖിയായി തിരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
2. ചൂണ്ടുവിരൽ
മറ്റുള്ളവർക്ക് സൂചന നൽകുന്ന വിരലാണ് ചൂണ്ടുവിരൽ. സമൂഹമാണ് , രണ്ടാമത്തെ ചേരുവ. സുഹൃത്തുക്കളേ, നിങ്ങളുടെ യൗവ്വനം ഏകാന്തതയും അടച്ചുപൂട്ടലും മൂലം നശിപ്പിക്കപ്പെടരുത്. എല്ലായ്പ്പോഴും നിങ്ങളെക്കുറിച്ച് കൂട്ടായ്മയിൽ ചിന്തിക്കുക, നിങ്ങൾ സന്തുഷ്ടരായിരിക്കും. കാരണം സമൂഹമാണ് നിങ്ങളെക്കുറിച്ച് നല്ലതായി തോന്നുന്നതിനും നിങ്ങളുടെ വിളിയോട് വിശ്വസ്തത പുലർത്തുന്നതിനുമുള്ള മാർഗം. വ്യക്തിഗതമായ തിരഞ്ഞെടുപ്പുകൾ ആദ്യം ഫലപ്രദമായി തോന്നുമെങ്കിലും പിന്നീട് അവ ഉള്ളിൽ ഒരു വലിയ ശൂന്യത അവശേഷിപ്പിക്കുന്നു. മയക്കുമരുന്നിനെക്കുറിച്ച് ചിന്തിക്കുക: സർവ്വശക്തനാണെന്ന മിഥ്യാധാരണയിൽ യഥാർത്ഥ ജീവിതത്തിൽ നിങ്ങൾ തന്നെ മറ്റുള്ളവരിൽ നിന്ന് ഒളിച്ചോടുകയും അവസാനം എല്ലാം നഷ്ടപ്പെടുകയും ചെയ്യുന്നു . നിഗൂഢതയോടുള്ള ആസക്തിയെക്കുറിച്ചും ചിന്തിക്കുക. മന്ത്രവാദങ്ങളും,ആഭിചാരക്രിയകളും നമ്മെ ഭയം, പ്രതികാരം, ക്രോധം എന്നീ തടവറയ്ക്കുള്ളിൽ നമ്മെ പൂട്ടിയിടുന്നു. എളുപ്പമുള്ള വരുമാനശേഖരണത്തിലോ, വികലമായ മതവിശ്വാസത്തിലോ കെട്ടിപ്പടുക്കുന്ന വ്യാജ സ്വാർത്ഥ പറുദീസകളിൽ ആകൃഷ്ടരാകരുത്. വ്യത്യസ്തതയുടെയും, പ്രാദേശികവാദത്തിന്റെയും, ഗോത്രവാദത്തിന്റെയുമൊക്കെ പേരിൽ ആരുടെയെങ്കിലും നേരെ വിരൽ ചൂണ്ടാനുള്ള പ്രലോഭനത്തിൽ നിന്ന് നമ്മെ തന്നെ ഒഴിവാക്കണം. ഇത് സമൂഹത്തെ ദൂരെയകറ്റുകയാണ് ചെയ്യുന്നത്.
ഇത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയാം: ആദ്യം നിങ്ങൾ മറ്റുള്ളവർക്കെതിരായ മുൻവിധികളിൽ വിശ്വസിക്കുന്നു, പിന്നീട് തൽഫലമായി സൃഷ്ടിക്കപ്പെടുന്ന വിദ്വേഷത്തെ ന്യായീകരിക്കുന്നു, തുടർന്ന് അക്രമത്തെ ന്യായീകരിക്കുന്നു, ഒടുവിൽ നിങ്ങൾ യുദ്ധത്തിന്റെ നടുവിലേക്ക് തള്ളപ്പെടുന്നു. പക്ഷേ - ഞാൻ അത്ഭുതപ്പെടുന്നു - നിങ്ങൾ എപ്പോഴെങ്കിലും മറ്റ് സമൂഹങ്ങളിൽ നിന്നുള്ള ആളുകളുമായി സംസാരിച്ചിട്ടുണ്ടോ അതോ എപ്പോഴും നിങ്ങളുടേതിൽ മാത്രം ചുരുങ്ങിപ്പോയോ? നിങ്ങൾ എപ്പോഴെങ്കിലും മറ്റുള്ളവരുടെ ചരിത്രം ശ്രദ്ധിച്ചിട്ടുണ്ടോ, അവരുടെ കഷ്ടപ്പാടുകളെ സമീപിച്ചിട്ടുണ്ടോ? തീർച്ചയായും, ഒരാളെ മനസ്സിലാക്കുന്നതിനേക്കാൾ എളുപ്പം അവരെ കുറ്റം വിധിക്കുന്നതിലാണ്; എന്നാൽ മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കാൻ ദൈവം സൂചിപ്പിക്കുന്ന വഴി മറ്റൊന്നാണ്; അത് സമൂഹത്തിന്റേതാണ്. ചക്രവാളങ്ങൾ വിശാലമാക്കുന്നതിലൂടെയും, എല്ലാവരിലും അയൽക്കാരനെ കാണുന്നതിലൂടെയും, അപരനെ പരിപാലിക്കുന്നതിലൂടെയും സഭ സൃഷ്ടിക്കപ്പെടുന്നു.
ഒറ്റയ്ക്ക്, കഷ്ടപ്പെടുന്ന, അവഗണിക്കപ്പെടുന്ന ഒരാളെ നിങ്ങൾ കാണുന്നുണ്ടോ? അവനെ അടുത്തേക്ക് കൊണ്ടുവരിക. നിങ്ങൾ എത്ര നല്ലവനാണെന്ന് അവനെ കാണിക്കാനല്ല, മറിച്ച് നിങ്ങളുടെ പുഞ്ചിരി അവനു നൽകാനും നിങ്ങളുടെ സൗഹൃദം അവനുമായി പങ്കുവയ്ക്കുവാനും. ഡേവിഡ്, യുവാക്കളായ നിങ്ങൾ മറ്റുള്ളവരുമായി ബന്ധത്തിലായിരിക്കുവാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു, എന്നാൽ സമൂഹമാധ്യമങ്ങൾ നിങ്ങളെ പലപ്പോഴും ആശയക്കുഴപ്പത്തിലാക്കുന്നു. ഇത് ശരിയാണ്, സാങ്കല്പികതയിലൂടെ മതിയാകില്ല. അകലെയുള്ളവരും വ്യാജന്മാരുമായും ഇടപഴകുന്നതിലൂടെ സംതൃപ്തരാകാൻ നമുക്ക് കഴിയില്ല. ജീവിതമാകുന്ന യാഥാർഥ്യത്തെ സ്ക്രീനിലെന്നപോലെ വിരൽ കൊണ്ട് തൊടാൻ കഴിയില്ല. മണിക്കൂറുകളോളം ഫോണുകൾക്ക് മുന്നിൽ ചിലവഴിക്കുന്ന യുവാക്കളെ കാണുമ്പോൾ സങ്കടമുണ്ട്: പിന്നീട് അവരുടെ മുഖത്തേക്ക് നോക്കുമ്പോൾ അവർ പുഞ്ചിരിക്കുന്നില്ല, അവരുടെ നോട്ടം ക്ഷീണവും വിരസവുമായി തീരുന്നു. കൂട്ടായ്മയുടെ കരുത്തിനെയും, കണ്ണുകളുടെ പ്രകാശത്തെയും, പങ്കുവയ്ക്കുന്നതിന്റെ സന്തോഷത്തെയും, പകരം വയ്ക്കാൻ മറ്റൊന്നിനുംകഴിയില്ല! പരസ്പരം സംസാരിക്കുകയും കേൾക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്: സ്ക്രീനിൽ എല്ലാവരും അവർക്ക് താൽപ്പര്യമുള്ള കാര്യങ്ങൾക്കായി തിരയുമ്പോൾ, മറ്റുള്ളവർ അവരുടെ ജീവിതകഥകളിലൂടെയും അവരുടെ അനുഭവങ്ങളിലൂടെയും നമ്മെ അത്ഭുതപ്പെടുത്തുന്നതിന്റെ സൗന്ദര്യം എല്ലാ ദിവസവും കണ്ടെത്തുക.
കൂട്ടായ്മ സൃഷ്ടിക്കുക എന്നതിന്റെ അർത്ഥമെന്താണെന്ന് ഇപ്പോൾ നമുക്ക് മനസിലാക്കാൻ ശ്രമിക്കാം: കുറച്ച് നിമിഷത്തേക്ക്, നിങ്ങളുടെ അടുത്തുള്ളവരുടെ കരം ചേർത്തുപിടിക്കുക. ഒരു സഭ, ഒരു ജനത എന്ന തോന്നൽ നിങ്ങൾക്കുണ്ടാവും. നിങ്ങളുടെ നന്മ മറ്റൊരാളെ ആശ്രയിച്ചിരിക്കുന്നുവെന്ന് നിങ്ങൾക്ക് മനസിലാകും, കൂട്ടായ്മയിൽ എല്ലാം ഇരട്ടിക്കുന്നു. നിങ്ങളുടെ സഹോദരനും സഹോദരിയും, നീ ആയിരിക്കുന്ന അവസ്ഥയിൽ തന്നെ നിങ്ങളെ സ്വീകരിക്കുകയും നിങ്ങളെ പരിപാലിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന കരുതലാണ് നാം ഇവിടെ അനുഭവിക്കുന്നത്. നമ്മൾ പരസ്പരം പിന്തുണയ്ക്കുകയും, ഒഴിച്ചുകൂടാനാവാത്തവരുമായ സാഹോദര്യത്തിന്റെ ഒരു വലിയ ശൃംഖലയുടെ ജീവനുള്ള ഭാഗവുമാണ്.
മറ്റുള്ളവരോട് നമ്മുടെ ഉത്തരവാദിത്തബോധം എപ്പോഴും ഓർക്കണം. അതെ, നിങ്ങളുടെ സഭയ്ക്കും നിങ്ങളുടെ രാജ്യത്തിനും നിങ്ങൾ ഒഴിച്ചുകൂടാനാവാത്തതും ഉത്തരവാദിത്വപരവുമായ വ്യക്തിയാണ്; നിങ്ങൾ ഒരു വലിയ ചരിത്രത്തിന്റെ ഭാഗമാണ്, അത് നിങ്ങളെ ഒരു നായകനാകാൻ വിളിക്കുന്നു: കൂട്ടായ്മയുടെ നിർമ്മാതാവായും, സാഹോദര്യത്തിന്റെ യോദ്ധാവായും, കൂടുതൽ ഏകീകൃതമായ ലോകത്തിന്റെ അദമ്യമായ സ്വപ്നം നാം നേടിയെടുക്കണം.
ഈ സാഹസികതയിൽ നിങ്ങൾ ഒറ്റയ്ക്കല്ല: ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന മുഴുവൻ സഭയുംനിങ്ങൾക്ക് പ്രോത്സാഹനം നൽകുന്നു. ബുദ്ധിമുട്ടുള്ള ഒരു വെല്ലുവിളിയാണോ? അതെ, പക്ഷേ ഇത് സാധ്യമായ ഒരു വെല്ലുവിളിയാണ്. സ്വർഗത്തിൽ നിന്ന് നിങ്ങളെ ഈ ലക്ഷ്യങ്ങളിലേക്ക് തള്ളിവിടുന്ന സുഹൃത്തുക്കളും നിങ്ങൾക്കുണ്ട്. അതാരാണെന്ന് അറിയാമോ? വിശുദ്ധന്മാർ. ഉദാഹരണത്തിന്, വാഴ്ത്തപ്പെട്ട ഇസിദോർ ബകഞ്ച , വാഴ്ത്തപ്പെട്ട മേരി-ക്ലെമന്റൈൻ അനുവറൈറ്റ് , വിശുദ്ധ കിസിറ്റോയും, അനുയായികളും. ഇവർ വിശ്വാസത്തിന്റെ ഉത്തമ സാക്ഷികളായിരുന്നു, അക്രമത്തിന്റെ യുക്തിക്ക് ഒരിക്കലും വഴങ്ങാത്ത രക്തസാക്ഷികൾ. അവരുടെ ജീവിതം കൊണ്ട് സ്നേഹത്തിന്റെയും,ക്ഷമയുടെയും ശക്തിയെ ഏറ്റുപറഞ്ഞു. സ്വർഗത്തിൽ എഴുതപ്പെട്ട അവരുടെ പേരുകൾ ചരിത്രത്തിൽ എന്നും നിലനിൽക്കും.
അതേസമയം അടച്ചുപൂട്ടലും അക്രമവും എല്ലായ്പ്പോഴും അവയുടെ സ്രഷ്ടാക്കൾക്ക് തന്നെ ദോഷം ചെയ്യും. മഹത്തായ ത്യാഗങ്ങളിലൂടെ മനുഷ്യാവകാശങ്ങൾക്കും , രാജ്യത്തെ എല്ലാവരുടെയും മെച്ചപ്പെട്ട ജീവിതത്തിന്റെ പ്രതീക്ഷകൾക്കും വേണ്ടി പ്രതിരോധിക്കേണ്ടതെങ്ങനെയെന്ന് നിങ്ങൾക്കറിയാമെന്ന് നിങ്ങൾ ആവർത്തിച്ച് തെളിയിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. ഇതിന് ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു. ഈ മഹത്തായ കാരണങ്ങൾക്ക് വേണ്ടി ജീവിതമോ ആരോഗ്യമോ ബലികഴിച്ച നിരവധി പേരുടെ സ്മരണയെ ഞാൻ ബഹുമാനിക്കുന്നു. ഒരു സമൂഹമെന്ന നിലയിൽ ഭയമില്ലാതെ ഒരുമിച്ച് മുന്നോട്ട് പോകൂ! അതിനായി ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
3. കേന്ദ്രവിരൽ
പ്രാർത്ഥന, സമൂഹം; തുടർന്ന് നമ്മൾ കേന്ദ്ര വിരലിൽ എത്തുന്നു. മറ്റു വിരലുകളെക്കാൾ കേന്ദ്രവിരൽ ഉയർന്നിരിക്കുന്നതുപോലെ, മഹത്തരമായ ഒരു കാര്യത്തെ അത് ഓർമ്മിപ്പിക്കുന്നു. നിങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കേണ്ടുന്ന ഒരു ഭാവിയുടെ അടിസ്ഥാന ഘടകമാണിത്. സത്യസന്ധത! _ ഒരു ക്രിസ്ത്യാനി ആയിരിക്കുക എന്നത് ക്രിസ്തുവിന് സാക്ഷ്യം വഹിക്കലാണ്. അതിനുള്ള ആദ്യ മാർഗം അവൻ ആഗ്രഹിക്കുന്നതുപോലെ നീതിയോടെ ജീവിക്കുക എന്നതാണ്. അഴിമതിയുടെ കെണികളിൽ നിങ്ങളെത്തന്നെ കുടുങ്ങാൻ അനുവദിക്കരുത് എന്നാണ് ഇതിനർത്ഥം. ക്രിസ്ത്യാനിക്ക് സത്യസന്ധനായിരിക്കാൻ മാത്രമേ കഴിയൂ, അല്ലാത്തപക്ഷം അവൻ തന്റെ വ്യക്തിത്വത്തെത്തന്നെ ഒറ്റിക്കൊടുക്കുന്നു. സത്യസന്ധതയില്ലാതെ നാം യേശുവിന്റെ ശിഷ്യന്മാരും സാക്ഷികളുമല്ല;മറിച്ച് നാം വിജാതീയരാണ്, ദൈവത്തെക്കാൾ സ്വയം ആരാധിക്കുന്ന വിഗ്രഹാരാധകരാണ്, മറ്റുള്ളവരെ സേവിക്കുന്നതിനുപകരം മറ്റുള്ളവരെ ഉപയോഗിക്കുന്നവരാണ്.
വികസിക്കുന്നതും ഒരിക്കലും അവസാനിക്കാത്തതുമായ അഴിമതിയുടെ ക്യാൻസറിനെ നിങ്ങൾ എങ്ങനെ പരാജയപ്പെടുത്തും? ബുദ്ധിമാന്മാരും, മിടുക്കരുമായ ആളുകൾ ഉണ്ടാവും എന്നാൽ അവർ അഴിമതിക്കാർ ആണെങ്കിലോ? അഴിമതിക്കാരായ ഒരു മനുഷ്യൻ സത്യസന്ധനാണോ അല്ലയോ? എല്ലാവരും ചേർന്ന് പറയുക, അഴിമതി ഒഴിഞ്ഞുപോകട്ടെ. "തിന്മയാൽ നിങ്ങൾ ജയിക്കരുത്, നന്മകൊണ്ട് തിന്മയെ ജയിക്കുക". ഫ്ലോറിബർട്ട് ബ്വാന ചുയി എന്ന ചെറുപ്പക്കാരന്റെ സാക്ഷ്യമാണ് ഞാൻ ഓർക്കുന്നത് : പതിനഞ്ച് വർഷം മുമ്പ്, കേവലം ഇരുപത്തിയാറാം വയസ്സിൽ, ആളുകളുടെ ആരോഗ്യത്തിന് ഹാനികരമാകുന്ന കേടുവന്ന ഭക്ഷണസാധനങ്ങൾ കടത്തിവിടുന്നത് തടഞ്ഞതിന് ഗോമയിൽ കൊല്ലപ്പെട്ടു. അയാൾക്ക് ഈ ഒരു കാര്യം കണ്ടില്ലെന്ന് നടിച്ച് കടത്തിവിടാമായിരുന്നു . അവനും പലതും സമ്പാദിക്കാമായിരുന്നു. പക്ഷേ, ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ, അവൻ പ്രാർത്ഥിക്കുകയും മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുകയും സത്യസന്ധത പുലർത്തുകയും ചെയ്തു, അഴിമതിയുടെ അഴുക്കിനോട് അരുത് എന്ന് സ്വയം പറയുകയും ചെയ്തു. ഒരു പ്രധാന കാര്യം നിങ്ങളോട് പറയട്ടെ ; ആരെങ്കിലും നിങ്ങൾക്ക് ഒരു കവർ നൽകിയാൽ, അവർ നിങ്ങൾക്ക് പാരിതോഷികങ്ങളും, സമ്പത്തും വാഗ്ദാനം ചെയ്താൽ, കെണിയിൽ വീഴരുത്, സ്വയം വഞ്ചിക്കപ്പെടരുത്, തിന്മയുടെ ചതുപ്പുനിലം സ്വയം വിഴുങ്ങാൻ അനുവദിക്കരുത്. തിന്മയാൽ നിങ്ങൾ വിജയിക്കരുത് മറിച്ച് നന്മയാൽ തിന്മയെ വിജയിക്കണം.
4. മോതിരവിരൽ
നാലാമത്തെ വിരൽ, മോതിരവിരലിലാണ്. അവിടെയാണ് നാം വിവാഹ മോതിരങ്ങൾ ഇടുന്നത്. പക്ഷേ, നിങ്ങൾ അതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, മോതിരവിരലാണ് ഏറ്റവും ദുർബലമായ വിരൽ. എഴുന്നേൽക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളതും. ജീവിതത്തിന്റെ മഹത്തായ ലക്ഷ്യങ്ങൾ, എല്ലാറ്റിനുമുപരിയായി സ്നേഹം, ദുർബലതയിലൂടെയും, ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോകുന്നുവെന്ന് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ ബലഹീനതകളിൽ, പ്രതിസന്ധികളിൽ, നമ്മെ മുന്നോട്ട് നയിക്കുന്ന ശക്തി എന്താണ്? ക്ഷമ. കാരണം ക്ഷമിക്കുക എന്നതിനർത്ഥം എങ്ങനെ വീണ്ടും തുടങ്ങണമെന്ന് അറിയുക എന്നതാണ്. സുഹൃത്തുക്കളേ, ഒരു പുതിയ ഭാവി സൃഷ്ടിക്കാൻ നാം ക്ഷമ നൽകുകയും സ്വീകരിക്കുകയും വേണം. ഒരു നിമിഷം നമുക്ക് നിശ്ശബ്ദരായിരുന്നു കൊണ്ട് നമ്മെ ദ്രോഹിച്ചവരെ ഓർക്കാം.ദൈവത്തിന് മുൻപിൽ നാം സമർപ്പിക്കുന്ന ഈ നിശബ്ദതയിൽ അവരോട് നമുക്ക് ക്ഷമിക്കാം.
5. ചെറുവിരൽ
നമ്മൾ നാലു വിരലുകളെ പറ്റി സംസാരിച്ചു; പ്രാർത്ഥന ,കൂട്ടായ്മ ,സത്യസന്ധത ,ക്ഷമ അവസാനമായി ചെറുവിരലാണ്. നിങ്ങൾക്ക് ഇങ്ങനെ പറയാം: ഞാൻ ചെറുതാണ്, എനിക്ക് ചെയ്യാൻ കഴിയുന്നത് സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണ്. എന്നാൽ, ദൈവത്തെ ആകർഷിക്കുന്നത്, സ്വയം ചെറുതാക്കുന്നതാണ്, ഈ അർത്ഥത്തിൽ ഒരു പ്രധാന പദമുണ്ട്: സേവനം. സേവിക്കുന്നവർ സ്വയം ചെറുതാകുന്നു.
ഞാൻ ഉപസംഹരിക്കുകയാണ്. അവസാനമായി ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു: ഒരിക്കലും നിരുത്സാഹപ്പെടരുത്! നിരുത്സാഹപ്പെടുമ്പോഴും ഒറ്റപ്പെടുമ്പോഴും. "സുവിശേഷം എടുത്ത് വായിക്കുക. യേശുവിനെ നോക്കുക അത് നിങ്ങളെ ആശ്വസിപ്പിക്കും, അത് നിങ്ങൾക്ക് സന്തോഷം നൽകും." എല്ലാവർക്കും നന്ദി.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: