തിരയുക

പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ പൊതുകൂടിക്കാഴ്ചാവേളയിൽ ഫ്രാൻസിസ് പാപ്പാ  (Vatican Media)

അപ്പസ്തോലിക യാത്രയുടെ വിജയത്തിൽ നന്ദി പറഞ്ഞും ഉക്രൈനെ അനുസ്മരിച്ചും ഫ്രാൻസിസ് പാപ്പാ

ഫെബ്രുവരി 8 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ തന്റെ നാല്പതാം അപ്പസ്തോലികയാത്രയുടെ ഭാഗമായ തെക്കൻ സുഡാൻ സന്ദർശനവും യുദ്ധഭീകരതയിൽ തുടരുന്ന ഉക്രൈൻ ജനതയെയും ഫ്രാൻസിസ് പാപ്പാ അനുസ്മരിച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

തന്റെ അപ്പസ്തോലിക യാത്ര വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച ഏവർക്കും ഫ്രാൻസിസ് പാപ്പാ നന്ദി പറഞ്ഞു. തെക്കൻ സുഡാനിലേക്കുള്ള തന്റെ യാത്രയെ പ്രത്യേകം പരാമർശിച്ച പാപ്പാ, രാജ്യത്തിന്റെ പ്രസിഡന്റ് സാൽവ കീർ മയാർദീത്തിന് പ്രത്യേകമായി നന്ദി പറഞ്ഞു. അതോടൊപ്പം തന്റെ യാത്രയുടെ വിജയത്തിനായി പ്രയത്നിച്ച ഏവർക്കും താൻ നന്ദി പറയുന്നതായും പാപ്പാ കൂട്ടിച്ചേർത്തു.

കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിലും, തെക്കൻ സുഡാനിലും ആഫ്രിക്ക മുഴുവനിലും സ്നേഹത്തിന്റെയും നീതിയുടെയും സമാധാനത്തിന്റേതുമായ ദൈവരാജ്യത്തിന്റെ വിത്തുകൾ നാമ്പിടട്ടെ എന്ന് പാപ്പാ ആശംസിച്ചു.

എക്യൂമെനിക്കൽ യാത്ര

തന്റെ അപ്പസ്തോലികയാത്രയിൽ അതിനെ ഒരു എക്യൂമെനിക്കൽ തീർത്ഥാടനം എന്ന് വിശേഷിപ്പിച്ച പാപ്പാ, തന്റെ യാത്രയിൽ തന്നെ അനുഗമിച്ച ആംഗ്ലിക്കൻ സഭാധ്യക്ഷൻ, കാന്റർബറി ആർച്ച്ബിഷപ് ജസ്റ്റിൻ വെൽബി, സ്കോട്ലൻഡ് സഭകളുടെ ജനറൽ അസ്സംബ്ലി മോഡറേറ്റർ ഡോ. ഇയാൻ ഗ്രീൻഷീൽഡ്‌സ് എന്നിവർക്കും നന്ദി പറഞ്ഞു.

യുദ്ധഭീകരതയിൽ ഉക്രൈൻ

ഉക്രൈൻ ജനതയെയും പാപ്പാ പ്രത്യേകമായി പരാമർശിച്ചു. ഇപ്പോഴത്തെ യുദ്ധത്തിന്റെ കെടുതികൾക്കൊപ്പം ശൈത്യകാലത്തിന്റെ ബുദ്ധിമുട്ടുകളും വിദ്യുശ്ചക്തിയുടെ അഭാവവും, ഊർജ്ജപ്രതിസന്ധിയും മൂലം കഷ്ടപ്പെടുന്ന ഉക്രൈൻ ജനതയെ അനുസ്മരിക്കാമെന്നാണ് പാപ്പാ ഓർമ്മിപ്പിച്ചത്.

ഫെബ്രുവരി 8 ബുധനാഴ്ച പതിവുപോലെ വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ സംസാരിക്കവെയാണ് പാപ്പാ അപ്പസ്തോലികയാത്രയെയും ഉക്രൈൻ ജനതയെയും അനുസ്മരിച്ചത്.

ഫെബ്രുവരി 7-ന് പുറത്തുവിട്ട ഒരു വീഡിയോ സന്ദേശത്തിൽ, ഉക്രൈനിലെ, ഡോൺബാസ് എരിയുകയാണെന്നും, ഉക്രൈനിലെ ഡോണെറ്റ്സ്ക്, ലുഹാൻൻസ്ക് എന്നീ പ്രദേശങ്ങൾ ഉൾപ്പെടെ അഞ്ചു പ്രദേശങ്ങളിൽ റഷ്യ ആക്രമണം തുടരുകയാണെന്നും ഉക്രൈനിലെ  ഗ്രീക്ക് കത്തോലിക്കാ സഭാ മേലധ്യക്ഷൻ മേജർ ആർച്ച്ബിഷപ് സ്വിയത്തോസ്ളാവ് ഷെവ്ചുക് അറിയിച്ചിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 February 2023, 12:18