തെക്കൻ സുഡാനിൽ നടന്ന എക്യൂമെനിക്കൽ പ്രാർത്ഥനാസമ്മേളനത്തിൽ നിന്നുള്ള ദൃശ്യം തെക്കൻ സുഡാനിൽ നടന്ന എക്യൂമെനിക്കൽ പ്രാർത്ഥനാസമ്മേളനത്തിൽ നിന്നുള്ള ദൃശ്യം  (VATICAN MEDIA Divisione Foto)

ഒരുമിച്ച് വിശ്വാസജീവിതത്തിൽ മുന്നോട്ട് നടന്ന് സമാധാനം സ്ഥാപിക്കുക: ഫ്രാൻസിസ് പാപ്പാ

ഫെബ്രുവരി നാലിന് വൈകുന്നേരം പതിനായിരക്കണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ തെക്കൻ സുഡാനിൽ നടന്ന എക്യൂമെനിക്കൽ പ്രാർത്ഥനാസമ്മേളനത്തിൽ, ഒരുമിച്ച് വിശ്വാസം ജീവിച്ച് സമൂഹത്തിനും രാഷ്ട്രത്തിനും സമാധാനസ്ഥാപനത്തിന്റെ മാതൃകകളാകാൻ പാപ്പാ എല്ലാ ക്രൈസ്തവരെയും ആഹ്വാനം ചെയ്തു.
ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണത്തിന്റെ മലയാളത്തിലുള്ള സംഗ്രഹം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

അടിച്ചമർത്തപ്പെട്ട ഈ പ്രിയപ്പെട്ട മണ്ണിൽനിന്നും പല സ്വരങ്ങൾ ഒന്നായി ചേർന്ന് പ്രാർത്ഥനയായി സ്വർഗ്ഗത്തിലേക്ക് ഉയർന്ന സമയമാണിത് എന്ന ഓർമ്മപ്പെടുത്തലോടെയാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. ക്രൈസ്തവർ എന്ന നിലയിൽ പ്രാർത്ഥിക്കുക എന്നതാണ് നമുക്ക് ആദ്യം ചെയ്യുവാനുള്ളത് എന്ന് പറഞ്ഞ പാപ്പാ, പ്രാർത്ഥിക്കുക, പ്രവർത്തിക്കുക, സഞ്ചരിക്കുക എന്നീ മൂന്ന് കാര്യങ്ങളെക്കുറിച്ചാണ് തന്റെ പ്രഭാഷണത്തിൽ വിചിന്തനം ചെയ്തത്.

പ്രാർത്ഥനയില്ലെങ്കിൽ ഐക്യത്തിലും സമാധാനത്തിലുമുള്ള മാനവികപ്രോത്സാഹനങ്ങൾ വൃഥാവിലാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സമാധാനത്തിന്റെ രാജകുമാരനായ യേശുവിനെ വിളിക്കാതെ, സമാധാനം പ്രോത്സാഹിപ്പിക്കാനാകില്ല. ദൈവത്തിൽനിന്ന് സൗജന്യമായി ലഭിക്കുന്നതാണ് നാം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത്. നാം ക്രൈസ്തവരായിരിക്കുന്നത്, സൗജന്യമായി ക്രിസ്തുവിനാൽ സ്നേഹിക്കപ്പെട്ടതിനാലാണ്.

മോശയും ദൈവജനവും സുഡാനും

ദൈവജനത്തെ നയിച്ച മോശ ചെങ്കടലിനടുത്തെത്തിയപ്പോൾ തരണം ചെയ്യാൻ അസാധ്യമായ ഒരു തടസമാണ് ഏവരും കണ്ടത്. മുന്നിൽ കടലും പിന്നിൽ ശത്രുസൈന്യവും. സുഡാനിലും ഏതാണ്ട് ഇതേപോലെ ഒരു സാഹചര്യമാണുള്ളത്. ഒരുവശത്ത് മരണം വിതയ്ക്കുന്ന വെള്ളപ്പൊക്കവും മറുവശത്ത് അക്രമങ്ങളും. എന്നാൽ മോശ ഈ സാഹചര്യത്തിൽ, "നിങ്ങൾ ഭയപ്പെടാതെ ഉറച്ചു നിൽക്കുവിൻ. നിങ്ങൾക്കുവേണ്ടി ഇന്ന് കർത്താവു ചെയ്യാൻ പോകുന്ന രക്ഷാകൃത്യം നിങ്ങൾ കാണും" (പുറപ്പാട് 14, 13) എന്നാണ് പറയുന്നത്. തന്റെ മഹത്വം വെളിപ്പെടുത്തുമെന്ന കർത്താവിന്റെ വാക്കുകളാണ് മോശയ്ക്ക് ഈ ധൈര്യം നൽകിയത്. നമുക്കും പ്രാർത്ഥനയുടെ ശക്തിയാൽ, ഭയങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകാമെന്നും, ദൈവം നമുക്കായി ഒരുക്കുന്ന രക്ഷ മുന്നിൽ കാണാമെന്നും പാപ്പാ പറഞ്ഞു. സമാധാനത്തിന്റെ ദൈവം ഇടപെടുവാനായി, ഇടയന്മാരും ദൈവജനവുമെന്ന നിലയിൽ നാം ചെയ്യേണ്ടതും പ്രാർത്ഥിക്കുകയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വിവിധ വിശ്വാസസമൂഹങ്ങളിലാണെങ്കിലും, നമുക്ക് ഒരു കുടുംബം പോലെ ഒരുമിച്ച്, പ്രാർത്ഥനയ്‌ക്കായുള്ള നമ്മുടെ കടമ തിരിച്ചറിയാമെന്നും പാപ്പാ പറഞ്ഞു.

പ്രവർത്തനം

സമാധാനത്തിനായി പ്രവർത്തിക്കാനുള്ള വിളിയെക്കുറിച്ചാണ് പാപ്പാ തുടർന്ന് സംസാരിച്ചത്. "സമാധാനസ്ഥാപകരാകാനാണ്" യേശു നമ്മെ വിളിച്ചത് (മത്തായി 5, 9). ദൈവവുമായി മാത്രമല്ല, തമ്മിലും ഐക്യമുള്ള ഒരു ജനതയായി സഭയെ കാണാനാണ് ദൈവം ആഗ്രഹിക്കുന്നത് (Lumen gentium, 1). നമുക്കിടയിലെ ഭിന്നതയുടെ മതിലുകൾ ഇല്ലാതാക്കുന്നവൻ ക്രിസ്തുവാണ്. പ്രശ്നങ്ങളുടെ അവസാനം മാത്രമല്ല, ക്ഷമയിലൂടെയും അനുരഞ്ജനത്തിലൂടെയും കൈവരുന്ന സാഹോദര്യം കൂടിയാണത്. സ്വർഗ്ഗം യേശുവിന്റെ ജന്മത്തിൽ ആഗ്രഹിക്കുന്നതും സമാധാനമാണ്. വൈവിധ്യങ്ങളെ ചേർത്തുനിറുത്തുന്ന ഒരു സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാമെന്ന് പാപ്പാ പറഞ്ഞു. ഇതാണ് പരിശുദ്ധാത്മാവ് നൽകുന്ന സമാധാനം. ദൈവത്തിനും മനുഷ്യർക്കും എതിരായുള്ള ശത്രുതയുടെ ആത്മാവാണ് വിഭജനത്തിലേക്ക് നയിക്കുന്നത്. ക്രൈസ്തവർ എന്ന് പറയുന്നവർ ഏതു ഭാഗത്ത് നിൽക്കണമെന്ന് തീരുമാനമെടുക്കണം. യുദ്ധത്തിനും അക്രമത്തിനും കാരണമാകുന്നവർ, ദൈവത്തെ ഒറ്റുകൊടുക്കുകയും അവന്റെ സുവിശേഷത്തെ തള്ളിപ്പറയുകയുമാണ് ചെയ്യുന്നത്. ശത്രുക്കളെ പോലും സ്നേഹിക്കുന്നതാണ് ക്രൈസ്തവസ്നേഹം. അതുകൊണ്ടുതന്നെ നമ്മുടെ വിശ്വാസം പങ്കുവയ്ക്കുന്നവരുമായി ഇത് എത്രയധികം ആവശ്യമുണ്ട്?.ഏവരും ഒന്നായിരിക്കുക (യോഹന്നാൻ 17, 21) എന്നതാണ് പിതാവിനോട് നമുക്കുവേണ്ടിയുള്ള യേശുവിന്റെ പ്രാർത്ഥന. സുവിശേഷം യാഥാർഥ്യമായി മാറുന്നതിനുവേണ്ടി നമുക്ക് പരിശ്രമിക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു.

ഒരുമിച്ചുള്ള ഗമനം

വർഷങ്ങളായി അനുരഞ്ജനത്തിന്റെ പാത പ്രോത്സാഹിപ്പിക്കാനായി ക്രൈസ്തവസമൂഹം ഇവിടെ പരിശ്രമിക്കുന്നുണ്ട്. ക്രൈസ്തവർ എന്ന നിലയിൽ, നിങ്ങൾ നൽകുന്ന വിശ്വാസത്തിന്റെ സാക്ഷ്യത്തിന് നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. വിശ്വാസം ഇന്നും ഐക്യത്തിന്റെ ഘടകമായി സഭയിൽ നിലനിൽക്കുന്നു എന്നത് മനോഹരമായ ഒരു വസ്‌തുതയാണ്‌. ലോകമെങ്ങുമുള്ള ആളുകൾക്ക് സുഡാനിലെ സഭയുടെ എക്യൂമെനിക്കൽ യാത്ര ഒരു ഉദാഹരണമാണ്. സഭയിലെ വൈവിധ്യങ്ങൾ സുവിശേഷവത്കരണത്തെ ബാധിക്കാതെ, വചനത്തിന്റെ വിത്തുകൾ വിതയ്ക്കപ്പെടുന്നത്, കൂടുതൽ ഐക്യം പകരാൻ കാരണമാകട്ടെ. അക്രമം വളർത്തുനാണ് ഗോത്രസംസ്കാരം വിവിധസഭകൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കാതിരിക്കട്ടെ. മറിച്ച് ക്രൈസ്തവഐക്യത്തിന്റെ സാക്ഷ്യം ഈ രാജ്യത്തെ ജനങ്ങളിലേക്ക് പകരട്ടെ.

ഇത്തരുണത്തിൽ നമുക്ക് മുൻപേ കടന്നു പോയവരെക്കുറിച്ചുള്ള ഓർമ്മകൾ നമ്മിലുണ്ടാകട്ടെ. നമുക്കായി വഴികൾ ഒരുക്കിയവർ നമുക്ക് പ്രേരണയാകട്ടെ. സ്നേഹം മൂർത്തമാകുകയും, സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവരെയും മുറിവേറ്റവരെയും അവഗണിക്കപ്പെട്ടവരെയും സഹായിക്കുകയും ചെയ്തുകൊണ്ടാണ് ഐക്യത്തിലേക്ക് നടക്കുന്നത്. അഭയാർത്ഥി ക്യാമ്പുകളിൽ നിങ്ങൾ ഇത് പ്രാവർത്തികമാക്കുന്നുണ്ട്. നിങ്ങളുടെ ഈ പ്രവർത്തനം തുടരുക.

ഉപസംഹാരം

നിങ്ങളുടെയിടയിൽ തീർത്ഥാടകരായാണ് ഞങ്ങൾ എത്തിയിരിക്കുന്നത്. അകലെയായിരിക്കുമ്പോഴും ഞങ്ങൾ നിങ്ങൾക്ക് സമീപസ്ഥരാണ്. പരസ്പരം പ്രാർഥിച്ചുകൊണ്ടും, യേശുവിന്റെ സമാധാനത്തിന്റെ സാക്ഷികളും മധ്യസ്ഥരുമായിരിക്കാൻ നമുക്ക് പരിശ്രമിക്കാം. എല്ലാത്തിലും പൂർണ്ണമായ ഹൃദയത്തോടെ പരസ്പരം സ്നേഹിക്കാം എന്ന വാക്കുകളോടെയാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 February 2023, 02:33