വിശ്വാസത്തിന്റെ പ്രകടനമായ കാരുണ്യപ്രവൃത്തികൾ തുടരുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന് സിറ്റി
കോംഗോയിലെ ജനങ്ങൾക്ക് കാരുണ്യഹസ്തമേകുന്ന ഏവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. ഒരു കാടു വളരുന്നതുപോലെ നിശ്ശബ്ദതയിലാണ് നിങ്ങളുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ നിങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് പറഞ്ഞ പാപ്പാ, ദുർബലരായ മനുഷ്യരുടെ അടുത്തേക്ക് യേശുവിന്റെ നാമത്തിൽ ചുവടുകൾ വയ്ക്കുവാൻ അവർ കാണിക്കുന്ന ധൈര്യത്തെ അഭിനന്ദിച്ചു.
പ്രശ്നങ്ങൾക്കല്ല, ആളുകൾക്ക് പ്രാധാന്യം നൽകുക
ജീവകാരുണ്യപ്രവർത്തകർ രാജ്യത്തുളള പ്രശ്നങ്ങളെക്കുറിച്ചോ ദാരിദ്ര്യത്തെക്കുറിച്ചോ മാത്രമല്ല, പാവപ്പെട്ടവരെക്കുറിച്ച് സ്നേഹത്തോടെ സംസാരിച്ചതിനും പാപ്പാ അവരെ അഭിനന്ദിച്ചു. ഇത് യേശുവിന്റെ കാഴ്ചപ്പാടാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. പലരും പാവപ്പെട്ടവരെ ഒഴിവാക്കാനും, ഉപയോഗിക്കാനും നോക്കുമ്പോൾ, നിങ്ങൾ അവരെ ആശ്ലേഷിക്കാനും, പ്രോത്സാഹിപ്പിക്കാനുമാണ് ശ്രമിക്കുന്നതെന്ന് പാപ്പാ പറഞ്ഞു. ശബ്ദമില്ലാത്തവർക്ക് ശബ്ദമേകാനാണ് താൻ ഇവിടെയെത്തിയതെന്ന് പാപ്പാ പറഞ്ഞു. അന്താരാഷ്ട്രമാധ്യമങ്ങൾ ഈ രാജ്യത്തിനും ആഫ്രിക്കയ്ക്ക് മുഴുവനും കൂടുതൽ ഇടം കൊടുത്തിരുന്നെങ്കിൽ എന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.
ദൈവത്തിന്റെ ഛായയുള്ള മനുഷ്യർ
ഓരോ വ്യക്തിയും ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ടവരാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, സ്നേഹം നൽകിക്കൊണ്ട്, അവരിലെ അഗ്നിയെ മറച്ചിരിക്കുന്ന ചാരം അകറ്റി, അവർക്ക് അന്തസ്സ് തിരികെ നൽകി മാനവികത വീണ്ടെടുക്കണമെന്ന് ഉദ്ബോധിപ്പിച്ചു. ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലുമെന്ന പോലെ ഇവിടെയും കുട്ടികളും വൃദ്ധരും ഉപേക്ഷിക്കപ്പെടുന്നുവെന്ന കാര്യം അനുസ്മരിച്ച പാപ്പാ, ഒരു യഥാർത്ഥ വികസനത്തിന് വൃദ്ധരിലൂടെ ലഭ്യമാകുന്ന ചരിത്രവും, കുട്ടികൾ കൊണ്ടുവരേണ്ട ഭാവിയും ആവശ്യമാണെന്ന് ഓർമിപ്പിച്ചു.
പാപ്പാ പങ്കുവച്ച ചില ചോദ്യങ്ങൾ
ഉപവിപ്രവർത്തകരായ തന്റെ മുന്നിലുള്ള ആളുകളോട് തനിക്ക് രണ്ടു ചോദ്യങ്ങൾ പങ്കുവയ്ക്കുവാനുണ്ടെന്ന് പറഞ്ഞ പാപ്പാ, ഒന്നാമതായി, ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ തുടരുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ എന്ന ഒരു ചോദ്യമാണ് ആദ്യം മുന്നിൽ വച്ചത്. ഒരായിരം ആവശ്യങ്ങൾക്ക് മുന്നിൽ തങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് എന്ത് ഫലമാണുള്ളതെന്ന ചോദ്യത്തിന്, "നമ്മുടെ ഒന്നുമില്ലായ്മയിലും, നാം തന്നോട് കൂടെയായിരിക്കണമെന്ന് ക്രൂശിതൻ ആഗ്രഹിക്കുന്നുണ്ടന്ന്" പാപ്പാ അവിടെയുണ്ടായിരുന്ന ഒരു സന്ന്യാസിനിയുടെ വാക്കുകൾ കടമെടുത്ത് പറഞ്ഞു. ചെറുപ്പക്കാർ ആയുധങ്ങളോ, പണമോ എടുക്കുന്നതിനല്ല, മണ്ണിൽ വീണുപോയവനെ അവന്റെ അന്തസ്സ് തിരികെ നൽകാനായി വീണ്ടും താങ്ങിയെഴുന്നേൽപ്പിക്കാനാകണം കൈകൾ നീട്ടുന്നത് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മറ്റുള്ളവരേക്കാൾ ഉയർന്നു നിന്നുകൊണ്ട്, അവരെ നോക്കുന്നത്, അവരെ സഹായിക്കാനും, ഉയർത്തിക്കൊണ്ടുവരാനുമായിരിക്കണം. അങ്ങനെ എത്രത്തോളം ചെറുതെങ്കിലും, ജീവകാരുണ്യപ്രവർത്തകർ ചെയ്യുന്ന സേവനം അർത്ഥമുള്ളതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. എന്നാൽ ഇത് മറ്റുള്ളവരുടെ മുന്നിൽ വലിയവരാകണോ, പേരിനു വേണ്ടിയോ ആകരുതെന്നും പാപ്പാ കൂട്ടിച്ചേർത്തു.
ദാരിദ്ര്യത്തിന് കാരണം, ലോകത്ത് വസ്തുവകകൾ ഇല്ലാത്തതല്ല, മറിച്ച് അവയുടെ വിതരണം കൃത്യമായ രീതിയിൽ നടക്കാത്തതാണെന്ന് പറഞ്ഞ പാപ്പാ, നന്മയുടെ പേരിലല്ല, നീതിയുടെ പേരിൽ ഇല്ലാത്തവരുമായി ഉള്ളവർ തങ്ങളുടെ കൈവശമുള്ളത് പങ്കിടണമെന്ന് ഓർമ്മിപ്പിച്ചു. പ്രവൃത്തിയില്ലാത്ത വിശ്വാസം മൃതമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു (യോഹ. 2, 26).
എപ്രകാരമാണ് ജീവകാരുണ്യപ്രവർത്തനം നടത്തേണ്ടത് എന്നതാണ് രണ്ടാമത്തെ ചോദ്യമെന്ന് പാപ്പാ പറഞ്ഞു. ഇതിലേക്കായി മൂന്ന് കാര്യങ്ങളാണ് നാം ശ്രദ്ധിക്കേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഒന്നാമതായി മാതൃകാപരമായ ജീവിതമാണ് കാരുണ്യപ്രവർത്തനങ്ങൾ നമ്മിൽനിന്ന് ആവശ്യപ്പെടുന്നത്. എന്ത് ചെയ്യുന്നു എന്നതിനേക്കാൾ, നാം ആരായിരിക്കുന്നു എന്നതിന്റെ പ്രകടനമായിരിക്കണം കാരുണ്യപ്രവർത്തികൾ എന്ന് പാപ്പാ വിശദീകരിച്ചു. രണ്ടാമതായി, ദീർഘകാല വീക്ഷണത്തോടെയുള്ളവയായിരിക്കണം നമ്മുടെ പ്രവർത്തനം എന്ന് പാപ്പാ ആവശ്യപ്പെട്ടു. ഇപ്പോൾ നിലവിലുളള ആവശ്യങ്ങൾക്ക് ഉത്തരം നൽകുക എന്നതിനൊപ്പം, അവ നീണ്ടുനിൽക്കുന്നതും, സ്വയം പര്യാപ്തിയിലേക്ക് നയിക്കുന്നതുമായിരിക്കണം എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എന്തെങ്കിലും വസ്തുവകകൾ നൽകുക എന്നതിനേക്കാൾ, അറിവും, ഉപകരണങ്ങൾക്കും പങ്കുവയ്ക്കുക എന്നതിനാണ് പ്രാധാന്യം നൽകേണ്ടത്. മൂന്നാമതായി, നമ്മുടെ സേവനരംഗത്ത് മറ്റുള്ളവരുമായി യോജിച്ചു പ്രവർത്തിച്ചു പോവുക എന്നത് പ്രധാനമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സേവനത്തിന്റെ ഒരു ശൃംഖല പണിയുക എന്നത് ആവശ്യമാണ്. ഒരുമിച്ച്, പ്രാദേശികസഭകളും, പ്രദേശങ്ങളുമായി സഹകരിച്ച് വേണം മുന്നോട്ട് നീങ്ങാൻ. മറ്റു ക്രൈസ്തവസമൂഹങ്ങളും, മറ്റു മതങ്ങളും, സംഘടനകളുമായും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയണം.
തങ്ങളുടെ സാക്ഷ്യങ്ങൾ കൊണ്ട് തന്റെ ഹൃദയത്തെ സ്പർശിച്ചതിന് നന്ദി പറഞ്ഞുകൊണ്ടും, തനിക്കു വേണ്ടി പ്രാർത്ഥനകൾ ആവശ്യപ്പെട്ടും ഏവർക്കും അനുഗ്രഹങ്ങൾ നൽകിയുമാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: