പാപ്പാ: സഭാ ശുശ്രൂഷകർ, ദൈവ കരങ്ങളിൽ അനുസരണയുള്ള ഉപകരണങ്ങൾ ആകുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പാ സുഡാനിൽ: മെത്രാന്മാരും വൈദികരും ശെമ്മാശന്മാരൂം സമർപ്പിതജീവിതം നയിക്കുന്നവരും വൈദികാർത്ഥികളുമൊത്ത് കൂടിക്കാഴ്ച നടത്തിയപ്പോൾ. വിശുദ്ധ ത്രേസ്യയുടെ നാമത്തിലുള്ള കത്തീദ്രൽ ആയിരുന്നു കൂടിക്കാഴ്ചാ വേദി. തദ്ദവസരത്തിൽ പാപ്പാ നടത്തിയ പ്രഭാഷണത്തിൻറെ സംഗ്രഹം:
2017-ൽ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വച്ച് സമാധാനത്തിനായി പ്രാർത്ഥിച്ച ആഘോഷത്തിൻറെയും നാടിൻറെ അനുരഞ്ജനത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള പ്രക്രിയ തുടരുന്നതിനുള്ള ഉറച്ച തീരുമാനം രാഷ്ട്രീയ നേതാക്കൾ അവരുടെ ഹൃദയത്തിൽ എടുക്കുന്നതിനു വേണ്ടി പ്രാർത്ഥനയിലൂടെ അവരോട് ആവശ്യപ്പെട്ട 2019-ലെ ആദ്ധ്യാത്മിക ധ്യാനത്തിൻറെയുമായ അനുഭവങ്ങൾ അനുസ്മരിച്ചുകൊണ്ടാണ് പാപ്പാ തൻറെ വിചിന്തനം ആരംഭിച്ചത്. നമ്മുടെ സമാധാനവും പ്രത്യാശയും ആയ യേശുവിനെ സ്വീകരിക്കുകയെന്ന ആവശ്യകത തൻറെ പ്രഭാഷണത്തിൽ എടുത്തുകാട്ടിയ പാപ്പാ നൈൽ നദിയിലെ ജലപ്രവാഹത്തെ പ്രതീകമാക്കി വെള്ളിയാഴ്ച നടത്തിയ പ്രഭാഷണത്തിൻറെ ഒരു തുടർച്ചയെന്നോണം ജലത്തിൻറെ ശുദ്ധീകരണ ശക്തി ഊന്നിപ്പറയുകയും മോശ ദൈവജനത്തെ മരുഭൂമിയിലൂടെ നയിച്ച സംഭവവും മോശയുടെ മനോഭാവങ്ങളും ആംഗ്യങ്ങളും വിശകലനം ചെയ്യുകയും ചെയ്തു.
ബൈബിളിൽ, വെള്ളം പലപ്പോഴും സ്രഷ്ടാവായ ദൈവത്തിൻറെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞ പാപ്പാ ഇപ്രകാരം തുടർന്നു: നാം മരുഭൂമിയിൽ അലഞ്ഞുതിരിയുമ്പോൾ അവിടന്ന് അനുകമ്പയോടെ നമ്മുടെ ദാഹം ശമിപ്പിക്കുന്നു, പാപത്തിൻറെ ചതുപ്പുനിലങ്ങളിൽ വീഴുമ്പോൾ അവിടന്ന് നമ്മെ കരുണയോടെ ശുദ്ധീകരിക്കുന്നു; മാമ്മോദീസായിൽ, അവിടന്നു നമ്മെ "പരിശുദ്ധാത്മാവിൽ പുനരുജ്ജീവിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ജലത്താൽ" വിശുദ്ധീകരിച്ചു (തീത്തോസ് 3:5). ബൈബിൾ വീക്ഷണകോണിൽ നിന്ന് നൈൽ നദിയിലെ വെള്ളത്തിലേക്ക് വീണ്ടും നോക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു വശത്ത്, അക്രമത്താൽ പീഡിപ്പിക്കപ്പെട്ട്, കഷ്ടപ്പാടുകളിലും വേദനകളിലും മുങ്ങിയ ഒരു ജനതയുടെ കണ്ണുനീർ ഈ നദിയിൽ കലർന്ന് ഒഴുകുന്നു; സങ്കീർത്തകനെപ്പോലെ പ്രാർത്ഥിക്കാൻ കഴിയുന്ന ഒരു ജനത: "ബാബിലോൺ നദിക്കരയിൽ ഇരുന്നു ഞങ്ങൾ കരയുകയായിരുന്നു. (സങ്കീർത്തനം 137:1). വാസ്തവത്തിൽ, ഈ മഹാനദിയിലെ ജലം നിങ്ങളുടെ സമൂഹങ്ങളുടെ കഷ്ടപ്പാടുകളുടെ വിലാപങ്ങളും, തകർന്ന ജീവിതങ്ങളുടെ വേദനയുടെ നിലവിളിയും, പലായനം ചെയ്യുന്ന ഒരു ജനതയുടെ ദുരന്തവും, സ്ത്രീകളുടെ ഹൃദയ വേദനയും, കുട്ടികളുടെ കണ്ണുകളിൽ പതിഞ്ഞ ഭയവും സംവഹിക്കുന്നു. എന്നിരുന്നാലും, അതേ സമയം, ഈ വലിയ നദിയിലെ ജലം നമ്മെ മോശയുടെ ചരിത്രത്തിലേക്കും കൊണ്ടുപോകുന്നു, അതിനാൽ, വിമോചനത്തിൻറെയും രക്ഷയുടെയും അടയാളമാണ് അത്: വാസ്തവത്തിൽ, മോശ ആ വെള്ളത്തിൽ നിന്ന് രക്ഷിക്കപ്പെട്ടു, തൻറെ ജനത്തെ ചെങ്കടലിലൂടെ നയിച്ചുകൊണ്ട് വിമോചനത്തിൻറെ ഒരു ഉപകരണമായും തൻറെ മക്കളുടെ കഷ്ടതകൾ കാണുകയും അവരുടെ നിലവിളി കേൾക്കുകയും അവരെ മോചിപ്പിക്കാൻ ഇറങ്ങിവരുകയും ചെയ്യുന്ന ദൈവത്തിൻറെ സഹായത്തിൻറെ പ്രതീകമായി മാറുകയും ചെയ്തു മോശ (പുറപ്പാട് 3:7 കാണുക). മരുഭൂമിയിലൂടെ ദൈവജനത്തെ നയിച്ച മോശയുടെ കഥയിലേക്ക് നോക്കിക്കൊണ്ട് നമുക്ക്, യുദ്ധവും വിദ്വേഷവും അക്രമവും ദാരിദ്ര്യവും അടയാളപ്പെടുത്തിയ ചരിത്രത്തിൽ ദൈവത്തിൻറെ ശുശ്രൂഷകരാകുക എന്നതിൻറെ അർത്ഥമെന്താണെന്ന് സ്വയം ചോദിക്കാം. എത്രയോ നിരപരാധികളുടെ രക്തത്തിൽ കുളിച്ച ഒരു നദിയുടെ തീരത്ത്, നമ്മെ ഏൽപ്പിച്ച ജനങ്ങളുടെ മുഖത്ത് വേദനയുടെ കണ്ണുനീർ ചാലുകൾ ഉള്ള ഈ നാട്ടിൽ എങ്ങനെ ശുശ്രൂഷാദൗത്യം നടത്തും?
ഈ ചോദ്യത്തിന് ഉത്തരമേകുന്നതിന് പാപ്പാ മോശയുടെ അനുസരണ, മദ്ധ്യസ്ഥത എന്നീ രണ്ടു മനോഭാവങ്ങളും കൈയ്യിൽ വടി പിടിച്ചിരിക്കുന്ന മോശ, കരങ്ങൾ നീട്ടിയ മോശ, സ്വർഗ്ഗത്തിലേക്ക് കരങ്ങൾ ഉയർത്തിയ മോശ എന്നീ മൂന്നു രൂപങ്ങളും വിശകലനം ചെയ്തു.
ദൈവം മുൻകൈ എടുക്കുമ്പോൾ അതിനോട് മോശയ്ക്കുള്ള വിധേയത്വം ആണ് അദ്ദേഹത്തിൻറ കഥയിൽ നമ്മെ ആദ്യം സ്പർശിക്കുക, പാപ്പാ തുടർന്നു:
എന്നിരുന്നാലും, ഇത് എല്ലായ്പ്പോഴും ഇങ്ങനെയായിരുന്നുവെന്ന് നാം ചിന്തിക്കരുത്: അനീതിക്കെതിരെയും അടിച്ചമർത്തലിനെതിരെയും ഒറ്റയ്ക്ക് പോരാടാമെന്ന് ആദ്യം അദ്ദേഹം കരുതി. നൈൽ നദീജലത്തിൽ ഫറവോൻറെ മകളാൽ രക്ഷിക്കപ്പെട്ട, താൻ ആരെന്ന് തിരിച്ചറിഞ്ഞപ്പോൾ തൻറെ സഹോദരങ്ങളുടെ കഷ്ടപ്പാടുകളും അപമാനവും മോശയെ സ്പർശിച്ചു, അങ്ങനെ ഒരു ദിവസം അയാൾ ഒറ്റയ്ക്ക് നീതി പുലർത്താൻ തീരുമാനിച്ചു, ഒരു യഹൂദോട് മോശമായി പെരുമാറുന്ന ഒരു ഈജിപ്തുകാരനെ അവൻ കൊന്നു. ഈ സംഭവത്തെ തുടർന്ന്, അയാൾക്ക് പലായനം ചെയ്യേണ്ടിവന്നു, വർഷങ്ങളോളം മരുഭൂമിയിൽ കഴിയേണ്ടിയും വന്നു. അവിടെ അവൻ ഒരുതരം ആന്തരികമായ മരുഭൂവനുഭവം ഉണ്ടായി: സ്വന്തം ശക്തിയാൽ അനീതിയെ നേരിടാൻ അവൻ ചിന്തിച്ചു, അതിൻറെ ഫലമായി, അവൻ പിടികിട്ടാപ്പുള്ളിയായി, അവന് ഒളിച്ചുകഴിയേണ്ടി വന്നു, ഏകാന്തതയിൽ കഴിയേണ്ടി വന്നു, പരാജയത്തിൻറെ കയ്പേറിയ അനുഭവം അനുഭവിക്കുന്നു. എന്തായിരുന്നു മോശയ്ക്കു പറ്റിയ തെറ്റ്? സ്വന്തം ശക്തിയിൽ മാത്രം ആശ്രയിച്ചുകൊണ്ട് താനാണ് കേന്ദ്രമെന്ന് സ്വയം കരുതി. എന്നാൽ അങ്ങനെ അവൻ അക്രമത്തോട് അക്രമം കൊണ്ട് പ്രതികരിക്കുന്നതു പോലുള്ള ഏറ്റവും മോശമായ മാനുഷിക രീതികളുടെ തടവുകാരനായി മാറി.
പുരോഹിതന്മാർ, ശെമ്മാശന്മാർ, സമർപ്പിതജീവിതം നയിക്കുന്നവർ, വൈദികാർത്ഥികൾ എന്നിങ്ങനെയുള്ള നമ്മുടെ ജീവിതത്തിലും ചിലപ്പോൾ സമാനമായ ചിലത് സംഭവിക്കാം: നമ്മളാണ് കേന്ദ്രമെന്ന് തത്വത്തിലല്ലെങ്കിൽ, പ്രായോഗികമായി, മിക്കവാറും നമ്മുടെ കഴിവിൽ മാത്രം ആശ്രയിക്കാമെന്ന് ഉള്ളിൻറെ ഉള്ളിൽ ചിന്തിച്ചിരിക്കാം. അല്ലെങ്കിൽ, ജനങ്ങളുടെ കഷ്ടപ്പാടുകൾക്കും ആവശ്യങ്ങൾക്കും ഉത്തരം, ഒരു സഭ എന്ന നിലയിൽ, പണം, തന്ത്രം, അധികാരം തുടങ്ങിയ മാനുഷിക ഉപാധികളിലൂടെ കണ്ടെത്താൻ ശ്രമിച്ചേക്കാം. എന്നാൽ നേരെ മറിച്ച്, നമ്മുടെ പ്രവൃത്തി ദൈവത്തിൽനിന്നുള്ളതാണ്: അവിടന്നാണ് കർത്താവ്, അവിടത്തെ കരങ്ങളിൽ അനുസരണയുള്ള ഉപകരണങ്ങളാകാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു.
നമ്മുടെ ശുശ്രൂഷാദൗത്യത്തിന് ആവശ്യം അനുസരണയാണ്: വിസ്മയത്തോടും വിനയത്തോടും കൂടി ദൈവത്തെ സമീപിക്കുക, അവനാൽ ആകർഷിക്കപ്പെടാനും നയിക്കപ്പെടാനും നമ്മെത്തന്നെ അനുവദിക്കുക. ദൈവിക അഗ്നിയാൽ ശുദ്ധീകരിക്കപ്പെടുകയും പ്രകാശിപ്പിക്കപ്പെടുകയും ചെയ്ത മോശ ദുരിതമനുഭവിക്കുന്ന തൻറെ ജനത്തിന് രക്ഷയുടെ ഉപകരണമായി മാറുന്നു; ദൈവത്തോടുള്ള അനുസരണമാണ് തൻറെ സഹോദരങ്ങൾക്കു വേണ്ടി മദ്ധ്യസ്ഥത വഹിക്കാൻ മോശയെ പ്രാപ്തനാക്കുന്നത്.
രണ്ടാമത്തെ മനോഭാവം ഇതാ: മദ്ധ്യസ്ഥത. സ്വന്തം ജനത്തിൻറെ നിലവിളികളിൽ നിസ്സംഗത പാലിക്കാതെ അവരെ മോചിപ്പിക്കാൻ ഇറങ്ങിവരുന്ന കരുണാമയനായ ഒരു ദൈവത്തെ മോശ അനുഭവിച്ചറിഞ്ഞു. ഈ ക്രിയ മനോഹരമാണ്: ഇറങ്ങുക. ദൈവം, നമ്മോടുള്ള കാരുണ്യത്തിലൂടെ, നമ്മുടെ ഇടയിലേക്കു വരികയും നമ്മുടെ ശരീരം ധരിക്കുകയും മരണവും ദുരിതവും അനുഭവിക്കുകയും ചെയ്തു. നമ്മെ വീണ്ടും എഴുന്നേല്പിക്കുന്നതിന് അവിടന്ന് എപ്പോഴും ഇറങ്ങിവരുന്നു. അവിടത്തെ അനുഭവിക്കുന്നവൻ അവിടത്തെ അനുകരിക്കും. അങ്ങനെ മോശയും സ്വന്തം ജനത്തിനടിയിലേക്ക് "ഇറങ്ങുന്നു"........ വാസ്തവത്തിൽ, മദ്ധ്യസ്ഥത വഹിക്കുക എന്നത് " നമ്മൾ പലപ്പോഴും ചിന്തിക്കുന്നതുപോലെ "ആർക്കെങ്കിലും വേണ്ടി പ്രാർത്ഥിക്കുക" എന്നല്ല അർത്ഥമാക്കുന്നത്. പദോൽപ്പത്തിശാസ്ത്രപരമായി അതിനർത്ഥം "മദ്ധ്യത്തിലേക്കിറങ്ങുന്നതിന് ഒരു ചുവടു വെക്കുക" ആണ്. അതിനാൽ മദ്ധ്യസ്ഥത വഹിക്കുക എന്നത് ജനങ്ങളുടെ മദ്ധ്യത്തിൽ ആയിരിക്കുന്നതിന് ഇറങ്ങുകയാണ്, അവരെ ദൈവവുമായി ബന്ധിപ്പിക്കുന്ന "പാലങ്ങൾ "ആകുകയാണ്.
കഷ്ടപ്പാടുകളുടെയും കണ്ണീരിൻറെയും നടുവിൽ, ദൈവത്തിനായുള്ള വിശപ്പിൻറെയും സഹോദരീസഹോദരന്മാരുടെ സ്നേഹത്തിനായുള്ള ദാഹത്തിൻറെയും നടുവിൽ നടക്കുക, "ഇടയിലൂടെ നടക്കുക" എന്ന ഈ കല വളർത്തിയെടുക്കാൻ ഇടയന്മാ വിളിക്കപ്പെട്ടിരിക്കുന്നു. . നമ്മുടെ പ്രഥമ കർത്തവ്യം തികഞ്ഞ സംഘടിത സഭയല്ല, മറിച്ച് ക്രിസ്തു നാമത്തിൽ, ജനങ്ങളുടെ കഷ്ടപ്പാടുകളുടെ നടുവിൽ നിൽക്കുകയും ജനങ്ങൾക്ക് വേണ്ടി കൈകോർക്കുകയും ചെയ്യുന്ന ഒരു സഭയാണ്.
മദ്ധ്യസ്ഥതയെന്ന കല ആഴത്തിൽ അഭ്യസിക്കാൻ, നമുക്ക് മോശയുടെ കൈകളിലേക്ക് നോക്കാം. തിരുലിഖിതങ്ങൾ ഇതുമായി ബന്ധപ്പെട്ട മൂന്ന് ചിത്രങ്ങൾ പ്രദാനം ചെയ്യുന്നു: കൈയിൽ വടിയുള്ള മോശ, കൈകൾ നീട്ടിയ മോശ, കൈകൾ സ്വർഗ്ഗത്തിലേക്ക് ഉയർത്തിയ മോശ.
കൈയിൽ വടിയുമായി നിൽക്കുന്ന മോശയുടെ ചിത്രം, അവൻ പ്രവചനം കൊണ്ട് മദ്ധ്യസ്ഥത വഹിക്കുന്നതായി നമ്മോട് പറയുന്നു. ആ വടികൊണ്ട് അവൻ അത്ഭുതങ്ങൾ പ്രവർത്തിക്കുകയും, അവൻ ആരുടെ പേരിൽ സംസാരിക്കുന്നുവോ ആ ദൈവത്തിൻറെ സാന്നിധ്യത്തിൻറെയും ശക്തിയുടെയും അടയാളങ്ങൾ കാണിക്കുകയും, ആളുകൾ അനുഭവിക്കുന്ന തിന്മയെ ഉറക്കെ അപലപിക്കുകയും അവരെ വിട്ടയക്കാൻ ഫറവോനോട് ആവശ്യപ്പെടുകയും ചെയ്യും. സഹോദരീ സഹോദരന്മാരേ, നമ്മുടെ ജനങ്ങൾക്ക് വേണ്ടി മദ്ധ്യസ്ഥത വഹിക്കുന്നതിനു വേണ്ടി നമ്മളും, ജനങ്ങളെ ഞെരുക്കുകയും സംഘർഷങ്ങളുടെ നിഴലിൽ കച്ചവടം നിയന്ത്രിക്കുന്നതിനായി അക്രമത്തെ കരുവാക്കുകയും ചെയ്യുന്ന അനീതിയ്ക്കും ധനമോഹത്തോടെയുള്ള അധികാര ദുർവിനിയോഗത്തിനും എതിരെ ശബ്ദമുയർത്താൻ വിളിക്കപ്പെട്ടിരിക്കുന്നു. മദ്ധ്യസ്ഥത വഹിക്കുന്ന ഇടയരാകാൻ നാം ആഗ്രഹിക്കുന്നുവെങ്കിൽ, അനീതിയും അക്രമവും മൂലമുണ്ടാകുന്ന വേദനയ്ക്ക് മുന്നിൽ നിസ്സംഗതം പാലിക്കാൻ നമുക്ക് കഴിയില്ല,
മോശ "കടലിന്മേൽ കൈ നീട്ടി" (പുറ 14:21) എന്ന് വിശുദ്ധഗ്രന്ഥം പറയുന്നു. ദൈവം പ്രവർത്തിക്കാൻ പോകുന്നു എന്നതിന്റെ അടയാളമാണ് അവൻറെ നീട്ടിയ കൈകൾ. പിന്നീട്, മോശ നിയമത്തിൻറെ പലകകൾ കയ്യിൽ പിടിക്കും (പുറപ്പാട് 34:29 കാണുക). അവൻറെ നീട്ടിയ കൈകൾ പ്രവർത്തിക്കുന്ന ദൈവത്തിൻറെ സാമീപ്യത്തെ സൂചിപ്പിക്കുന്നു. വാസ്തവത്തിൽ, തിന്മയിൽ നിന്ന് നമ്മെ മോചിപ്പിക്കാൻ പ്രവചനം പോരാ, നമ്മുടെ സഹോദരീസഹോദരന്മാർക്ക് നേരെ കൈകൾ നീട്ടുകയും അവരുടെ യാത്രയെ പിന്തുണയ്ക്കുകയും വേണം. വഴി ചൂണ്ടിക്കാട്ടുകയും മുന്നേറുന്നതിന് പ്രചോദനമകുന്നതിനുമായി അവരുടെ കൈകൾ ചേർത്തുപിടിക്കുകയും ചെയ്യുന്ന മോശയുടെ രൂപം നമുക്ക് സങ്കൽപ്പിക്കാൻ കഴിയും.
മോശയുടെ മൂന്നാമത്തെ രൂപം കൈകൾ ആകാശത്തേക്ക് ഉയർത്തി നില്ക്കുന്നത്ണ്. ജനം പാപത്തിൽ വീണ് തങ്ങൾക്കായി ഒരു സ്വർണ്ണ കാളക്കുട്ടിയെ പണിയുമ്പോൾ, മോശ വീണ്ടും മല കയറുന്നു – എത്ര മാത്രം ക്ഷമ കാണിക്കുന്നുവെന്ന് നമുക്ക് ചിന്തിക്കാം! - ഇസ്രായേലിനെ കൈവിടാതിരിക്കാൻ ദൈവവുമായുള്ള യഥാർത്ഥ പോരാട്ടമായ ഒരു പ്രാർത്ഥന നടത്തുന്നു. അദ്ദേഹം പറഞ്ഞു: "ഈ ജനം വലിയ പാപം ചെയ്തുപോയി: അവർ തങ്ങൾക്കായി സ്വർണ്ണം കൊണ്ട് ദേവന്മാരെ ഉണ്ടാക്കി. അവിടന്ന് കനിഞ്ഞ് അവരുടെ പാപം ക്ഷമിക്കണം; അല്ലെങ്കിൽ, അവടിന്ന് എഴുതിയ പുസ്തകത്തിൽ നിന്ന് എൻറെ പേര് മായിച്ചു കളഞ്ഞാലും! (പുറപ്പാട്. 32,31-32). അവൻ അവസാനം വരെ ജന പക്ഷത്തു നിലക്കുന്നു, അവർക്ക് അനുകൂലമായി കൈ ഉയർത്തുന്നു. അവൻ സ്വയം രക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല, സ്വന്തം താൽപ്പര്യങ്ങൾക്കായി ആളുകളെ വിൽക്കുന്നില്ല! മാദ്ധ്യസ്ഥ്യം വഹിക്കുന്നു, ദൈവത്തോട് പോരാടുന്നു; അവന്റെ സഹോദരങ്ങൾ താഴെ പോരാടുമ്പോൾ അവൻ പ്രാർത്ഥനയിൽ കൈകൾ ഉയർത്തിപ്പിടിക്കുന്നു (പുറപ്പാട് 17:8-16 കാണുക). ദൈവമുമ്പാകെയുള്ള പ്രാർത്ഥനയോടെ ജനങ്ങളുടെ പോരാട്ടങ്ങളെ പിന്തുണയ്ക്കുക, പാപമോചനം യാചിക്കുക, പാപങ്ങൾ പൊറുക്കുന്ന ദൈവത്തിൻറെ കരുണയുടെ ചാലുകളായി അനുരഞ്ജനം സാധ്യമാക്കുക: ഇത് മദ്ധ്യസ്ഥർ എന്ന നിലയിൽ നമ്മുടെ കടമയാണ്!
പ്രിയമുള്ളവരേ, ഈ പ്രവാചക കരങ്ങൾ നീട്ടിപ്പിടിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുക ആയാസകരമാണ്. പ്രവാചകരും തുണയാളുകളും മദ്ധ്യസ്ഥരും ആയിരിക്കുകയും, സ്വന്തം ജനത്തോടുള്ള ദൈവത്തിൻറെ സാമീപ്യത്തിൻറെ രഹസ്യം ജീവിതം കൊണ്ട് കാണിക്കുകയും ചെയ്യുന്നതിന് ജീവിതം തന്നെ നല്കേണ്ടി വരും.
പാപ്പാ തൻറെ പ്രഭാഷണം ഉപസംഹരിച്ചത് ഈ വാക്കുകളിലാണ്:
പ്രിയ സഹോദരീസഹോദരന്മാരേ, നിങ്ങൾ എപ്പോഴും പ്രാർത്ഥനയും ദാനധർമ്മവും മാത്രം ആയുധമാക്കിയ ഉദാരമതികളായ ഇടയന്മാരും സാക്ഷികളും, ദൈവകൃപയാൽ ആശ്ചര്യപ്പെടാനും മറ്റുള്ളവരുടെ രക്ഷയുടെ ഉപകരണങ്ങളാകാനും തങ്ങളെത്തന്നെ അനുവദിക്കുന്നവരുമായിരിക്കട്ടയെന്ന് ഞാൻ ആശംസിക്കുന്നു. ജനത്തെ തുണയ്ക്കുന്ന സാമീപ്യത്തിൻറെ പ്രവാചകന്മാരും കൈകളുയർത്തിപ്പിടിച്ച മദ്ധ്യസ്ഥരും ആയിരിക്കുക നിങ്ങൾ. പരിശുദ്ധ കന്യക നിങ്ങളെ കാത്തുസംരക്ഷിക്കട്ടെ. .... നിങ്ങളുടെ സാക്ഷ്യത്തിനു നന്ദി. അല്പസമയം കിട്ടുമ്പോൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുക.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: