ദൈവഛായയിൽ സൃഷ്ടിക്കപ്പെട്ടവരാണ് നാം എന്ന അവബോധം വീണ്ടെടുക്കണം, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
നിസ്സംഗതയെയല്ല ഐക്യദാർഢ്യത്തെ ആഗോളവത്ക്കരിക്കാൻ മാർപ്പാപ്പാ പ്രചോദനം പകരുന്നു.
“നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം” ഉല്പത്തിപ്പുസ്തകം ഒന്നാം അദ്ധ്യായത്തിലെ ഇരുപത്തിയാറാമത്തെതായ ഈ വാക്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ഇറ്റലിയിലെ ദേശീയ ടെലവിഷൻ “റായി” (RAI), ഇറ്റലിയിലെ കത്തോലിക്കമെത്രാൻ സംഘത്തിൻറെ സഹകരണത്തോടെ ഞായറാഴ്ച തോറും മദ്ധ്യാഹ്നത്തിൽ സംപ്രേഷണം ചെയ്യുന്ന “അവിടത്തെ ഛായയിൽ” എന്ന അർത്ഥം വരുന്ന “ അ സുവ ഇമ്മാജിനെ” (A Sua Immagine) എന്ന പരിപാടിയുടെ നിർമ്മാണ സംഘത്തിലെ അറുപതോളം പേരെ ഫ്രാൻസീസ് പാപ്പാ ശനിയാഴ്‌ച (04/03/23) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു.
ദൈവഛായയിൽ സൃഷ്ടിക്കപ്പെട്ട ദൈവമക്കളാണെന്ന അവബോധം അനേകർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടിയ പാപ്പാ നാം ഈ അവബോധം വീണ്ടെടുക്കേണ്ടതിൻറെ ആവശ്യകത ഊന്നിപ്പറയുകയും ഓരോ മനുഷ്യവ്യക്തിയിലും ദൈവം അവിടത്തെ പ്രകാശത്തിൻറെ തീപ്പൊരി അദ്വീതീയമായ രീതിയിൽ ഇട്ടിട്ടുണ്ടെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു. ഈ ഛായയിലാണ് മഹത്തായ മാനവാന്തസ്സിൻറെ ഉത്ഭവവും അടിത്തറയും എന്ന് പാപ്പാ പറഞ്ഞു.
“അവിടത്തെ ഛായയിൽ” എന്ന ശീർഷകത്തോടു നീതിപുലർത്തിക്കൊണ്ട് നമ്മുടെ ഈ കാലഘട്ടത്തിലേ സ്ത്രീപുരുഷന്മാരുടെ, വിശിഷ്യ, ഏറ്റം ദുർബ്ബലരുടെയും യാതനകളനുഭവിക്കുന്നവരുടെയും, വദനങ്ങളും കഥകളും ഈ പരിപാടി അവതരിപ്പിക്കുന്നതിൽ പാപ്പാ സന്തുഷ്ടി രേഖപ്പെടുത്തി. അപരനുവേണ്ടി പരിശ്രമിക്കുകയും സമർപ്പിക്കുകയും ചെയ്യുന്ന യുവതയുണ്ടെന്ന് ഈ പരിപാടി ഓർമ്മപ്പെടുത്തുന്നുണ്ടെന്നും പാപ്പാ അനുസ്മരിച്ചു.
ഞായാറാഴ്ചകളിൽ മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്ക് മുമ്പ് അല്പ സമയം താൻ ഈ പരിപാടി കാണാറുണ്ടെന്ന് പാപ്പാ വെളിപ്പെടുത്തി. സുവിശേഷം പ്രഘോഷിക്കുക എന്നതിൻറെ അർത്ഥം, നമ്മെ കാത്തിരിക്കുന്ന, നമുക്ക് മുമ്പേ പോകുന്ന, നമ്മെ സൃഷ്ടിച്ച, നമ്മെ സ്നേഹിക്കുന്ന കരുണയുള്ള ഒരു ദൈവമുണ്ടെന്ന് നമ്മുടെ ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തുക എന്നതാണ് എന്നും, ഈ അർത്ഥത്തിൽ, “അവിടത്തെ ഛായയിൽ” എന്ന പരിപാടിയുടെ നിർമ്മാതാക്കൾക്ക് ഈ പ്രവർത്തനത്തിലൂടെ വളരെയധികം സംഭാവന ചെയ്യാൻ കഴിയും എന്നും പാപ്പാ പറഞ്ഞു. 1997-ൽ നിർമ്മാണം ആരംഭിച്ച ഈ പരിപാടിയുടെ ആദ്യം സംപ്രേഷണം 1999-ൽ ആയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: