കാലത്തിൻറെ അടയാളങ്ങൾ വായിച്ച വാഴ്ത്തപ്പെട്ട അർമീദ ബരേല്ലി!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സ്വന്തം കാലഘട്ടത്തിൻറെ അടയാളങ്ങളും അടിയന്തിരാവശ്യങ്ങളും വായിച്ചറിയൻ പ്രാപ്തയായിരുന്നു വാഴ്ത്തപ്പെട്ട അർമീദ ബരേല്ലി (Armida Barelli) എന്ന് മാർപ്പാപ്പാ.
ഇറ്റലി സ്വദേശിനിയായ അർമീദ ബരേല്ലി 2022 ഏപ്രിൽ 30-ന് ഇറ്റലിയിലെ മിലാനിലെ കത്തീദ്രലിൽ വച്ച് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടതിനുള്ള കതജ്ഞതാ പ്രകാശന തീർത്ഥാടനമായി വത്തിക്കാനിലെത്തിയ പതിനായിരത്തോളം പേരെ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ വച്ച് ശനിയാഴ്‌ച (22/04/23) സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
വാഴ്ത്തപ്പെട്ട അർമീദ, യുവതികളുടെ രൂപീകരണത്തിൽ പ്രകടിപ്പിച്ച താല്പര്യം, വിദ്യഭ്യാസ മേഖലയിൽ നടത്തിയ പരിശ്രമം, തിരുഹൃദയത്തിൻറെ കത്തോലിക്കാസർവ്വകലാശാല സ്ഥാപനത്തിൽ വഹിച്ച പങ്ക് തുടങ്ങിയവ പാപ്പാ അനുസ്മരിച്ചു. സൃഷ്ടികർമ്മത്തിൻറെ സവിശേഷ കാവലാളയിരുന്ന അർമീദ ബരേല്ലി ഇറ്റലിയിലുടനീളം സഞ്ചരിച്ചുകൊണ്ട് മഹത്തായ പ്രവർത്തനങ്ങളുടെ നെയ്ത്തുകാരിയായിത്തീർന്നുവെന്ന് ശ്ലാഘിച്ചു. സഭയിലും സമൂഹത്തിലും വനിതാ നേതൃത്വത്തിൻറെ അതിശക്തയായ ഒരു മുന്നോടി ആയി വാഴത്തപ്പെട്ട അർമീദ ബരേല്ലിയെ കണക്കാക്കാമെന്നും പാപ്പാ പറഞ്ഞു.
അപ്പോസ്തലകളും അപ്പോസ്തലന്മാരും ആയിരിക്കുക എന്നതിനർത്ഥം സുവിശേഷത്തിലും ജീവിതത്തിലും അഭിനിവേശമുള്ള വിശ്വാസികളായിരിക്കുകയും എല്ലാവരുടെയും നല്ല ജീവിതം കാത്തുപരിപാലിക്കുകയും കൂടുതൽ നീതിയുള്ളതും, സകലരെയും കൂടുതൽ ഉൾക്കൊള്ളുന്നതും, കൂടുതൽ ഐക്യദാർഢ്യമുള്ളതുമായ സമൂഹത്തിന് ജീവൻ നൽകുന്നതിന് സാഹോദര്യസരണികൾ വെട്ടുത്തുറക്കുകയും ചെയ്യുകയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: