പാപ്പാ കുടിയേറ്റ നയങ്ങളിൽ മറഞ്ഞിരിക്കുന്ന അടിമത്ത സംസ്കാരത്തെക്കുറിച്ച് !
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കുടിയേറ്റ പ്രശ്നത്തിനു പിന്നിൽ ചൂഷണത്തെ അനുകൂലിക്കുന്ന ആധിപത്യസാമൂഹ്യ മനസ്സാക്ഷിയും അടിമത്ത സംസ്കാരവും ഉണ്ടെന്ന് മാർപ്പാപ്പാ.
പത്തു യുവജനങ്ങളുമായി വിവിധ വിഷയങ്ങളെ അധികരിച്ചു നടത്തിയ സ്വതന്ത്ര സംഭാഷണത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ പ്രതികരണം. ലൈംഗിക അനന്യത, സ്ത്രീത്വം, ഭ്രൂണഹത്യ, കുടിയേറ്റം, ലൈംഗിക ചൂഷണം, വിശ്വാസഛ്യുതി, സ്ത്രീകളുടെ പങ്ക് തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് 83 മിനിറ്റ് ദൈർഘ്യമുള്ള “ ആമേൻ, ഫ്രാൻചെസ്കോ റിസ്പോന്തെ” എന്ന ശീർഷകത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ സംഭാഷണം ഡിസ്നി പ്ലസിൽ - Disney+ ഏപ്രിൽ 5 മുതൽ ലഭ്യമാണ്.
കുടിയേറ്റക്കാർ പുറപ്പെടുന്നത് ഏതു നാടുകളിൽ നിന്നാണോ ആ രാജ്യങ്ങളിൽ അവർ ചൂഷണം ചെയ്യപ്പെടുന്നതിനെയും അവർ എത്തിച്ചേരുന്ന നാടുകളിൽ അവരെ സ്വാഗതം ചെയ്യാത്തവരുടെ ധാർമ്മികതയില്ലായ്മയെയും പാപ്പാ അപലപിക്കുന്നു.
ജനസംഖ്യാപരമായ ശൈത്യകാലം അനുഭവിക്കുന്ന നാടുകൾ പോലും കുടിയേറ്റക്കാരെ സ്വീകരിക്കാൻ തയ്യാറാകത്ത അവസ്ഥ പാപ്പാ ചൂണ്ടിക്കാട്ടുന്നു.കുടിയേറ്റക്കാരനെ സ്വാഗതം ചെയ്യാനോ അനുഗമിക്കാനോ പ്രോത്സാഹിപ്പിക്കാനോ സമന്വയിപ്പിക്കാനോ ശ്രമിക്കാത്ത കുടിയേറ്റ നയങ്ങളാൽ മറഞ്ഞിരിക്കുന്ന അടിമത്തത്തിൻറെ സംസ്കാരം ഇവിടങ്ങളിൽ ഉണ്ടെന്ന് പാപ്പാ പറയുന്നു.
ഗതകാലത്ത് സഭ കോളണിവാഴ്ചയെ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന വസ്തുത ലജ്ജാകരമാണെങ്കിലും സ്വന്തം ചരിത്രം സഭ അംഗീകരിക്കേണ്ടതുണ്ടെന്നും സഭാനവീകരണം സഭയുടെ ഉള്ളിൽ നിന്നു തന്നെ തുടങ്ങണമെന്നും പാപ്പാ വ്യക്തമാക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: