പേപ്പൽ ഫൗണ്ടേഷൻ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാപ്പാ. പേപ്പൽ ഫൗണ്ടേഷൻ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാപ്പാ.   (VATICAN MEDIA Divisione Foto)

പാപ്പാ: സഭയിലെ ഐക്യം വിഭാഗീയതകളാൽ മുറിപ്പെടാനിടയാകരുത്

ഏപ്രിൽ 21 ചൊവ്വാഴ്ച ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ പേപ്പൽ ഫൗണ്ടേഷൻ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാപ്പാ പങ്കുവച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സഹോദരർക്ക് ശക്തി പകരാനും സഭയുടെ ഐക്യത്തിന്റെ കാണപ്പെടുന്ന അടയാളമാകാനും അന്ത്യത്താഴ സമയത്ത് കർത്താവ് പത്രോസിനെ ഏൽപ്പിച്ചതും, പത്രോസിന്റെ പിൻഗാമികൾ പിൻതുടരുന്നതുമായ ഉത്തരവാദിത്വത്തിൽ പങ്കുചേരുന്ന ഫൗണ്ടേഷൻ അംഗങ്ങൾക്ക്  പാപ്പാ നന്ദിയർപ്പിച്ചു. മറ്റു അപ്പോസ്തലരുടെ സാന്നിധ്യത്തിൽ പത്രോസിനെ ഏൽപ്പിച്ച ഉത്തരവാദിത്വം തന്റെ പിൻഗാമികളിലേക്ക് കൈമാറിയെന്നും അതിൽ പാപ്പായെ നേരിട്ടോ അല്ലാതെയോ സഹായിക്കുന്ന എല്ലാവരും വിവിധ തരത്തിൽ ആ ഉത്തരവാദിത്വത്തിൽ പങ്കു ചേരുന്നുവെന്നും പാപ്പാ പറഞ്ഞു. പ്രത്യേകിച്ച് " പേപ്പൽ " ഫൗണ്ടേഷൻ എന്ന നാമം പേറുന്ന ഈ സംഘടന അതിൽ ഒന്നാണെന്ന് ചൂണ്ടിക്കാണിച്ച പാപ്പാ ഐക്യത്തിന്റെ ഉത്തരവാദിത്വത്തിലും പാപ്പായുടെ ദൗത്യത്തിലും അവർ നൽകുന്ന സഹകരണം ഉയർത്തി കാണിച്ചു.

ഐക്യം വളർത്തൽ

സഭയിലെ ഐക്യം വിഭാഗീയതകളാൽ മുറിപ്പെടുന്നത് നമ്മുടെ കാലത്തിലും നാം കാണുന്നുണ്ട് എന്ന് ചൂണ്ടിക്കാണിച്ച പാപ്പാ അവയുടെ കാരണവും വിശദീകരിച്ചു. നല്ല ഉദ്ദേശ്യത്തോടെ തുടങ്ങുന്ന ചില ആശയസംഹിതകളും മുന്നേറ്റങ്ങളും പലപ്പോഴും പാർട്ടികളും കക്ഷി വ്യവസ്ഥകളും സൃഷ്ടിച്ചു കൊണ്ട് വിശ്വാസത്തിൽ പോലും ആധിപത്യ മനോഭാവം ഉണ്ടാക്കുന്നു. സഭയെയും വിശ്വാസത്തേയും കുറിച്ചു പറയുമ്പോൾ പോലും രാഷ്ട്രീയത്തിൽ നിന്നുള്ള മതേതര പദപ്രയോഗങ്ങൾ വഴി പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണ മാക്കുന്നു എന്നും പാപ്പാ പറഞ്ഞു. എന്നാൽ ഇത്തരം പ്രയോഗത്തെക്കുറിച്ച് ആദിമ സഭയക്ക്  വി. പൗലോസ്  അപ്പോസ്തലൻ നൽകിയ മുന്നറിയിപ്പ് (1കൊറീ 3:1-9; റോമാ 16,17-18) ഓർമ്മിപ്പിച്ചു കൊണ്ട്  സഭയുടെ സ്വഭാവം  നാനാത്വത്തിലുള്ള ഏകത്വമാണ്, അത് ഐക്യമാണെന്നും ആ ഐക്യം ഏകരൂപ്യമാവുക (unity in diversity, as unity without uniformity) എന്നതല്ല എന്നും പാപ്പാ ഓർമ്മിപ്പിച്ചു. സത്യസന്ധമായ വിശ്വാസത്താലും മറ്റുള്ളവരെ സഹായിക്കാനുള്ള ആഗ്രഹത്താലും വിഭാഗീയതകൾക്ക് മേലുയർന്ന് ഐക്യം വളർത്താൻ പേപ്പൽ ഫൗണ്ടേഷൻ വിവിധ പദ്ധതികൾക്കും സ്കോളർഷിപ്പുകൾക്കും എല്ലാ കൊല്ലവും നൽകുന്ന ധനസഹായത്തിന് പാപ്പാ അവർക്ക് നന്ദിയർപ്പിച്ചു.

സുതാര്യത

പത്രോസിനെ ഏൽപ്പിച്ച സഭയുടെ ഐക്യത്തിനായുള്ള ഉത്തരവാദിത്വത്തിന്റെ രണ്ടാമത്തെ ഘടകം സുതാര്യതയാണെന്ന് പാപ്പാ പറഞ്ഞു. ഡിക്കാസ്റ്ററികൾ, സ്ഥാപനങ്ങൾ, കാര്യാലയങ്ങൾ തുടങ്ങിയവ വഴി സാർവ്വത്രിക സഭ നൽകുന്ന സേവനങ്ങൾ സുതാര്യമാക്കാനായാണ് പരിശുദ്ധ സിംഹാസനം കഴിഞ്ഞ കുറെ വർഷങ്ങളായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് പാപ്പാ എടുത്തു പറഞ്ഞു. ലോകത്തിലുള്ള വളരെയധികം പേരുടെ ഔദാര്യവും നല്ല മനസ്സും ആശ്രയിച്ച് സഭ നടത്തുന്ന ഉപവി പ്രവർത്തനങ്ങൾക്ക്  സുതാര്യത വളരെ പ്രധാനപ്പെട്ടതാണെന്നും പാപ്പാ അടിവരയിട്ടു.

ഏറ്റം ബലഹീനരായവരെ വിവിധ തരം ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കാൻ കഴിയാതെ വന്നതു മൂലമുള്ള വലിയ നാശത്തോടു താരതമ്യപ്പെടുത്താനാവില്ലെങ്കിലും ദീർഘവീക്ഷണവും സുതാര്യതയുമില്ലാത്തതു കൊണ്ടും വരുന്ന സാമ്പത്തിക അപവാദങ്ങൾ സഭയുടെ നല്ല പേര് നശിപ്പക്കുകയും വിശ്വാസത്തിന്റെ തന്നെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്യുമെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു. 

പേപ്പൽ ഫൗണ്ടേഷൻ ഏറ്റം ആവശ്യമുള്ളവർക്കായുള്ള പദ്ധതികളും സ്കോളർഷിപ്പുകളും ദൈവരാജ്യം ഭൂമിയിൽ പണിതുയർത്താനായി നൽകുന്ന സാമ്പത്തിക സഹായങ്ങളിൽ സുതാര്യതയ്ക്കായി എടുക്കുന്ന ഉചിതമായ നടപടികളെ അനുമോദിച്ച പാപ്പാ അവർക്കു വേണ്ടി പ്രാർത്ഥിക്കുകയും റോമിലെ മെത്രാന്റെ ഉപവി പ്രവർത്തനങ്ങളെ സഹായിക്കാൻ അവർക്കുള്ള ഉൽസാഹം നവീകരിക്കുന്നതിൽ അവർക്ക് പ്രത്യേകം നന്ദിയർപ്പിക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 April 2023, 13:06