പാപ്പാ: സാമൂഹിക സുരക്ഷ ഭാവി തലമുറകൾക്ക് നീതിയും സുസ്ഥിരതയും നൽകണം
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഇറ്റാലിയൻ നയരൂപീകരണക്കാരോടു സാമൂഹിക സുരക്ഷ സാമ്പത്തികമായും സാമൂഹികമായും സുസ്ഥിരമാക്കണമെന്നും വർത്തമാന, ഭാവി തലമുറകളുടെ പൊതുനന്മയെ അനുസ്മരിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. തിങ്കളാഴ്ച വത്തിക്കാനിൽ ഇറ്റാലിയൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സെക്യൂരിറ്റിയിലെ (ഐഎൻപിഎസ്) 400 പേരടങ്ങുന്ന സംഘമാണ് പാപ്പായെ സന്ദർശിച്ചത്.സാഹോദര്യം മാനദണ്ഡമാക്കുന്ന, വിഭവങ്ങൾ ലഭ്യമാകുമ്പോൾ അതു പാഴാക്കാതിരിക്കുകയും ഭാവിതലമുറയെ ഗുരുതര ബുദ്ധിമുട്ടലുകളിലേക്ക് വലിച്ചിഴക്കുകയും ചെയ്യാത്ത നല്ല രാഷ്ട്രീയക്കാരെ നമുക്കു വേണം എന്ന് പാപ്പാ പറഞ്ഞു.
എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു
ജനസംഖ്യാപരമായ വാർദ്ധക്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വശങ്ങൾ കൂടുതൽ പ്രാധാന്യമർഹിക്കുന്നതിനാൽ, സമൂഹത്തിന് അതിന്റെ ചക്രവാളം നഷ്ടപ്പെട്ടതായി തോന്നുമ്പോൾ ഭാവിയെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാതെ സാമൂഹിക സുരക്ഷ ഇന്ന് വർദ്ധിച്ചുവരുന്ന "കാലിക വിഷയമാണ്" എന്ന് ഫ്രാൻസിസ് പാപ്പാ വ്യക്തമാക്കി. ഈ അർത്ഥത്തിൽ ആശങ്ക പരത്തുന്നവയാണ് പാരിസ്ഥിതിക പ്രതിസന്ധിയും ദേശീയ കടവും. ഇവ രണ്ടും വരും തലമുറയുടെ ചുമലിലാണ് വന്നു ചേരുന്നതെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.
ഐക്യത്തിന്റെ തത്വം പങ്കിടുന്ന ദശലക്ഷക്കണക്കിന് ആളുകളുടേയും തൊഴിലാളികളുടെയും ദൈനംദിന പ്രവർത്തനത്തിലൂടെയാണ് പൊതുനന്മ കൈവരുന്നതെന്ന് പാപ്പാ പറഞ്ഞു. പിന്നീട് പാപ്പാ മൂന്ന് പ്രധാന അഭ്യർത്ഥനകൾ മുന്നോട്ടുവച്ചു.
കരാർ ചെയ്യാത്ത ജോലികൾ
ഒന്നാമതായി ഔദ്യോഗികമായി പ്രഖ്യാപനം നടത്താത്ത തൊഴിൽ ചെയ്യരുത്. കാരണം അത് വ്യക്തിക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ നൽകുന്നതായി തോന്നുമെങ്കിലും വിദൂരഭാവിയിൽ അത് തൊഴിലാളിക്ക് നഷ്ടങ്ങളാണുണ്ടാക്കുക. ന്യായമായ ആനുകൂല്യങ്ങളോ പെൻഷൻ സംവിധാനത്തിൽ പ്രവേശനം നേടാനോ ഇത് അനുവദിക്കുന്നില്ല. അപ്രഖ്യാപിത തൊഴിലുകൾ തൊഴിൽ വിപണിയെ വളച്ചൊടിക്കുകയും തൊഴിലാളികളെ ചൂഷണത്തിനും അനീതിക്കും വിധേയരാക്കുകയും ചെയ്യുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ ആശങ്ക പ്രകടിപ്പിച്ചു.
അനിശ്ചിത തൊഴിൽ
രണ്ടാമതായി, തൊഴിലിലുള്ള അനിശ്ചിതത്വങ്ങൾ ഒഴിവാക്കണമെന്ന് പാപ്പാ പറഞ്ഞു. തൊഴിലിലെ അനിശ്ചിതത്വം ക്ഷണികമായിരിക്കട്ടെ എന്ന് ആശംസിച്ച പാപ്പാ അത് യുവജനങ്ങളുടെ ജീവിത തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുകയും ശുഭാപ്തിവിശ്വാസം തകർക്കുകയും അവരുടെ ജീവിത തിരഞ്ഞെടുപ്പുകൾ മാറ്റിവയ്ക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകി.
മാന്യമായ തൊഴിൽ
മൂന്നാമതായി, തൊഴിൽ എല്ലായിപ്പോഴും സ്വതന്ത്രവും, സർഗ്ഗാത്മകവും പങ്കാളിത്തവും പിന്തുണയും നൽകുന്നതായിരിക്കണമെന്ന് ഇവഞ്ചേലി ഗൗദിയൂം ഉദ്ധരിച്ചു കൊണ്ട് പാപ്പാ പറഞ്ഞു. ക്ഷേമം എന്നത് ഒരാളുടെയും മറ്റുള്ളവരുടെയും ക്ഷേമത്തിൽ പങ്കാളികളാകുന്നതിന്റെ ഒരു രൂപമാണെന്നും സാമ്പത്തിക സ്രോതസ്സുകൾ മാറ്റിവെക്കുന്നതും ആരോഗ്യ സംരക്ഷണത്തിനുള്ള പ്രവേശനം ഉറപ്പുനൽകുന്നതും ജീവിതത്തിന്റെ വിവിധ ഋതുക്കളെ ഒരുമിച്ച് നിർത്താൻ കഴിയുന്ന വിലപ്പെട്ട സ്വത്താണെന്നും പാപ്പാ വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: