തിരയുക

പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം. പൊതുജന കൂടികാഴ്ചയിൽ പകർത്തിയ ചിത്രം.  (ANSA)

“ക്രിസ്തു ജീവിക്കുന്നു” : യുവജന പ്രേഷിതത്വവും സിനഡൽ രീതിയും

“Christus Vivit” അഥവാ “ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 203 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

ശബ്ദരേഖ

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ പാപ്പാ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളിൽപ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുള്ളത്.

ഏഴാം അദ്ധ്യായം

ഏഴാമത്തെ അദ്ധ്യായം യുവജന ശുശ്രൂഷയെക്കുറിച്ചാണ്. ആമുഖമായി യുവജന ശുശ്രൂഷയ്ക്ക് പ്രധാനമായി രണ്ട് സഹ ഗമന മാർഗ്ഗങ്ങൾ - എത്തിച്ചേരലും, വളർച്ചയും - ഉണ്ടെന്ന് വിശദീകരിച്ചു കൊണ്ട് ഓരോ വ്യക്തിയും 'വീട് ' നിർമ്മിക്കാനുള്ള കല്ലാണെന്ന തിരിച്ചറിവിലേക്കും എപ്പോഴും മിഷനറിമാരായിരിക്കുകയെന്ന സ്നേഹ ബോധ്യങ്ങളിലേക്കു നയിക്കാൻ കഴിയുന്ന "ജനകീയമായ'' യുവജന ശുശ്രൂഷയുടെ സാധ്യതകളിലേക്കും പാപ്പാ വിരൽ ചൂണ്ടുന്നു. ഇതിനായി " യുവജനങ്ങളുടെ കൂടെ സഞ്ചരിക്കുന്ന സമൂഹ'' മായി നാം മാറണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു.

203. സിനഡ് പരമായ അജപാലന ശ്രദ്ധ

യുവജനം തന്നെയാണ് യുവജന ശുശ്രുഷയുടെ പ്രവർത്തകരെന്ന് വ്യക്തമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ തീർച്ചയായും സഹായിക്കപ്പെടുകയും, നയിക്കപ്പെടുകയും വേണം. അതെ സമയം, പുതിയ സമീപനങ്ങളെ സർഗ്ഗാത്മകതയോടും, ധീരതയോടും കൂടെ വികസിപ്പിച്ചെടുക്കാൻ അവരെ സ്വതന്ത്രമായി വിടുകയും വേണം. അത് കൊണ്ട് യുവജന ശുശ്രുഷയുടെ ഒരു കൈപ്പുസ്തകമോ, പ്രായോഗിക അജപാലന ഗൈഡോ നിർദ്ദേശിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. മറ്റ് യുവജനങ്ങളുടെ പ്രശ്നങ്ങളെയും, താത്പര്യങ്ങളെയും അവരുടെ തന്നെ ഭാഷയിൽ കൈകാര്യം ചെയ്യാനുള്ള അവരുടെ ഉൾക്കാഴ്ചയും, നിപുണതയും, അറിവും ഉപയോഗിക്കുന്നതിന് യുവജനങ്ങളെ സഹായിക്കാൻ മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്.  (കടപ്പാട്. പി.ഒ. സി പ്രസീദ്ധീകരണം).

യുവജനങ്ങൾക്ക് സഭയോടുള്ള പ്രതിപത്തി കുറഞ്ഞു വരുന്നുവോ എന്ന ചോദ്യത്തേക്കാൾ എന്തുകൊണ്ടാണ് അവർ സഭയിൽ നിന്നകന്നു പോകുന്നത് എന്ന് ചോദിക്കുകയായിരിക്കും കുറെക്കൂടി യാഥാർത്ഥ്യം നിറയുന്ന ചോദ്യമെന്ന് തോന്നുന്നു. യുവജനങ്ങളെ ആകർഷിക്കുന്ന ആധുനിക ലോകത്തിന്റെ മാസ്മരീയതകളിൽ എവിടെയാണ് സഭയുടെ സ്ഥാനം? എന്തുകൊണ്ട് കുഞ്ഞുനാളിൽ പള്ളിയിൽ അൾത്താര ശുശ്രൂഷകരായും സഹായികളുമായി വർത്തിച്ചവർ പോലും പിന്നീട് സഭയിൽ നിന്നകന്നു പോകുന്നു എന്നു തുടങ്ങിയ ആത്മശോധനാപരമായ ചോദ്യങ്ങൾക്ക് പ്രത്യുത്തരം കാണാനുള്ള വഴി തെളിക്കുന്ന ഒരു ഖണ്ഡികയാണ് ക്രിസ്തൂസ് വിവിത്തിൽ നിന്നും ഇന്ന് നാം പരിചിന്തനം ചെയ്യുക.

യുവജനങ്ങളുടെ കൊഴിഞ്ഞുപോക്ക്

സഭയിൽ നിന്നുള്ള യുവജനങ്ങളുടെ കൊഴിഞ്ഞുപോക്ക് ഒരു നിസ്സാര പ്രശ്നമായി കാണുന്നവരുണ്ടാവാം. അതിന്റെ കാരണങ്ങളും നിസ്സാരമെന്നോ അവർ കുറച്ചു കഴിയുമ്പോൾ അല്ലെങ്കിൽ ബോധ്യം വരുമ്പോൾ തിരിച്ചുവരുമെന്നോ ഒക്കെ വിചാരിക്കുന്നവരുമുണ്ടാവാം. യുവജനം സമൂഹത്തിന്റെ  ഇന്നുകളാണ് എന്നു മനസ്സിലാക്കിയാൽ ഈ ഇന്നുകൾ നഷ്ടമാകുന്നത് ഇരുളടഞ്ഞ ഭാവിയാണ് സമ്മാനിക്കുകയെന്ന തിരിച്ചറിവ് നമ്മെ ഭയപ്പെടുത്തുന്ന ഒരു ശൂന്യതയുടെ മുന്നിലേക്കാണ് കൊണ്ടുചെന്നെത്തിക്കുക.

സഭയ്ക്ക് നഷ്ടമാകുന്ന ഞാൻ

കാലിഫോർണിയയിൽ മതത്തെയും സംസ്കാരങ്ങളെയും കുറിച്ച്  പഠനവും വിശകലനവും നടത്തുന്ന ഇവാഞ്ചലിക്കൽ സഭയുടെ ബാർണ്ണ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് കിന്നമാൻ (David Kinnaman) 2016ൽ എഴുതിയ ഒരു പുസ്തകമാണ് You Lost Me. തന്റെ പഠനങ്ങളുടെയും സർവ്വേകളുടേയും വെളിച്ചത്തിൽ യുവജനങ്ങൾ സഭയിൽ നിന്നകന്നു പോകുന്നതിന്റെ, അല്ലെങ്കിൽ, സഭയ്ക്ക് അവരെ നഷ്ടമാകുന്നതിന്റെ കാരണങ്ങളെ കുറിച്ച്  അദ്ദേഹം നടത്തിയ വിശകലനങ്ങളുടെ  സംഗ്രഹമാണ് ആ ഗ്രന്ഥം.

ഓരോ കഥയും നമ്മോടു  എന്തെങ്കിലും പറയാതെ പോകുന്നില്ല. ഈ സത്യം ഉള്ളിൽ വച്ചു കൊണ്ടു വേണം ഈ പുസ്തകം വായിച്ചു പോകുവാൻ. നമുക്കു മുന്നിൽ യുവജനങ്ങളുടെ അനുഭവങ്ങളിലൂടെയും സാക്ഷ്യങ്ങളിലൂടെയും വിഷമിപ്പിക്കുന്ന ചില യാഥാർത്ഥ്യങ്ങളെ അവതരിപ്പിക്കുകയാണീ ഗ്രന്ഥം. സ്വന്തം അനുഭവങ്ങളിൽ നിന്ന് യുവജനങ്ങൾ സഭയിൽ നിന്ന് എന്തുകൊണ്ട്  അകലം പാലിക്കുന്നുവെന്ന് അവർ തന്നെ പറയുന്ന  ആറ്  കാരണങ്ങൾ കിന്നമാൻ രേഖപ്പെടുത്തുന്നു.

1. റിസ്ക് എടുക്കാനും സംസ്കാരങ്ങളിൽ ഇടപഴകാനും Anathema കൽപ്പിക്കുന്ന, യുവജനങ്ങളുടെ സർഗ്ഗാത്മകതയെ (creativity) നശിപ്പിക്കുന്ന സഭയുടെ അമിത സംരക്ഷണ ജ്വരം.

2. യുവാക്കളുടെ ജീവിത ഘട്ടങ്ങളെയും, അഭിനിവേശങ്ങളെയും, താലന്തുകളെയും, കഴിവുകളെയും വിശ്വാസവുമായി ബന്ധപ്പെടുത്തി എങ്ങനെ ദൈവമഹത്വത്തിനായി വിനിയോഗിക്കാമെന്ന് "വിശ്വാസ ഫോർമുലകളുടെയും  തെറ്റില്ലാത്ത പ്രമാണരേഖകളുടെയും" നടുവിൽ കാണാൻ കഴിയാത്ത യുവജനം.

3. ശാസ്ത്രത്തെയും അതിന്റെ അന്വേഷണത്വരയെയും ആദരപൂർവ്വം കാണുന്ന യുവജനത്തിന് വിശ്വാസത്തിന്റെ കാര്യങ്ങളിലുള്ള രഹസ്യവും അഭേദ്യതയും അശാസ്ത്രീയം.

4. സഭാ നിയമങ്ങൾ പ്രത്യേകിച്ച് ലൈംഗീകതയെ സംബന്ധിച്ചുള്ളവ ഒരു തരം അടിച്ചമർത്തലുകളാണ്.

5. ഇന്ന് തുറവും, സഹിഷ്ണുതയും,  കൈക്കൊള്ളാൻ മടി കാണിക്കാത്ത മനസ്ഥിതിയും വളരുന്ന ഒരു സംസ്കാരത്തിന് മുന്നിൽ അന്യമതസ്ഥർക്ക് നേരെയുള്ള സഭയുടെ അസഹിഷ്ണുത.

6. സംശയങ്ങൾ ഉന്നയിക്കാനോ, വിശ്വാസത്തിനുള്ളിലെ പലപ്പോഴും തോന്നുന്ന "അർത്ഥശൂന്യത" വെളിവാക്കാനോ കഴിയാത്ത ഒരിടമാണ് സഭ

ലൈഫ് വേയുടെ സർവ്വേ

സഭയിൽ നിന്ന് യുവജനങ്ങൾ അകന്നു പോകുന്നതിനെ കുറിച്ച്  ലൈഫ് വേ റിസെർച്ച് നടത്തിയ പഠനത്തിൽ മറ്റു ചില കാര്യങ്ങൾ കൂടി വെളിച്ചത്തുവരുന്നുണ്ട്. പഠനത്തിനായുള്ള സ്ഥലമാറ്റം, യുവാക്കളുടെ നേരെ സഭ നടത്തുന്ന വിധി, സഭയിലെ അംഗങ്ങളുടെ കാപട്യം, സഭയിലെ അംഗങ്ങളുമായി ബന്ധം പുലർത്താനുള്ള സാധ്യതകളുടെ കുറവ്, സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളിൽ സഭയുടെ നിലപാടുകളോടുള്ള വിയോജിപ്പ് തുടങ്ങിയവയാണ് അവയിൽ ചിലത്.

സഭ വിട്ട പോകുന്ന 78% ആളുകളും 15നും 23 നും ഇടയ്ക്കുള്ളവരാണെന്നും അതിൽ ഏതാണ്ട് 63% ചെറുപ്പക്കാരാണ് എന്നും സർവ്വേ പറയുന്നു. അവർക്ക് സഭയുമായി ഒരു ബന്ധം സ്ഥാപിക്കാൻ കഴിയുന്നില്ല എന്നതിന്റെ പേരിലാണ് അവർ സഭയിൽ നിന്ന് അകന്നു പോകുന്നത് എന്നതും ആത്മശോധന ചെയ്യേണ്ട വിഷയം തന്നെ. പലപ്പോഴും ചെറുപ്പക്കാരുടെ "ലോകം" സഭയ്ക്ക് ഉൾക്കൊള്ളാൻ കഴിയാത്തതായാണ് അവരുടെ അനുഭവം.

യുവജന പ്രേഷിതത്വവും സിനഡൽ രീതിയും

ഇവിടെയാണ് പരിശുദ്ധ പിതാവിന്റെ യുവജന പ്രേഷിതത്വത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾക്ക് പ്രസക്തിയേറുന്നത്. അജപാലന കരുതലിന് ഒരു സിനഡൽ രീതി അവലംബിക്കാൻ പരിശുദ്ധ പിതാവ് ആവശ്യപ്പെടുന്ന ഖണ്ഡികയാണ് നാം ഇന്ന് വിചിന്തനം നടത്തുന്നത്.

യുവജനങ്ങൾക്കൊപ്പമുള്ള ഒരു സഞ്ചാരം അത് ഇവിടെ വളരെ അത്യാവശ്യമായ കാര്യമാണ്. ഒരുമിച്ചുള്ള ഒരു യാത്ര പരസ്പരം ശ്രവിക്കാനും സഹായിക്കാനും ഇടവരുത്തും. എന്നാൽ യാത്രയുടെതായ എല്ലാ സാഹസങ്ങളുമുണ്ടുതാനും. അനുഭവങ്ങളുടെ സമ്പന്ന ഭണ്ഡാരം പേറുന്ന മുതിർന്ന തലമുറയും ചെറുപ്പത്തിന്റെ ചുറുചുറുക്കും സാഹസത്തിനു മടിയില്ലാത്ത മനക്കരുത്തും ഒരുമിച്ചുള്ള ഒരു യാത്ര. പരസ്പരം പരിപോഷണമാകുന്ന സഹയാത്രികരുടെ ഒരു സമ്മേളനമായി മാറുമത്. ജീവിതത്തിന്റെ അന്ത്യശ്വാസം വരെ അഭ്യാസനം ഒരു കലയായി കരുതിയാൽ അറിയാനുള്ള ആകാംക്ഷ നിലനിർത്താൻ കഴിയും. അനുഭവങ്ങളുടെ യഥാർത്ഥ മൂല്യം പകർന്നു നൽകുന്ന പക്വത മുതിർന്ന തലമുറയ്ക്ക് യുവതലമുറയോടുള്ള തുറവ് കൂടുതൽ ആഴമുള്ളതും ചക്രവാളം വിശാലവുമാക്കും.

സിനഡൽ രീതി വിവരിക്കുന്ന പരസ്പര ശ്രവണവും സംവാദവും നമ്മെ ഒരു വിവേചന മന:സ്ഥിതിയിലേക്കാണ് കൊണ്ടു ചെന്നെത്തിക്കുന്നത്. ഇവിടെയാണ് പരിശുദ്ധാത്മാവിന്റെ സാന്നിധ്യം ഏറ്റം ഉറപ്പാക്കേണ്ട ഘട്ടം. തീർച്ചയായും, ഓരോ നിശ്വാസവും പരിശുദ്ധാത്മാവിന്റെ വീശലാണെന്ന വിശ്വാസത്തിൽ മുറുകെ പിടിച്ചു കൊണ്ട്, നവീകരണത്തിനുള്ള വഴികൾ കണ്ടെത്തി, വളർച്ചയിലേക്ക് നയിക്കുന്നവയിൽ നിന്ന് തളർച്ചയാകാവുന്നവയെ തിരിച്ചറിയാൻ സഹായകനായ അവന്റെ സാന്നിധ്യം കൂടിയേ തീരൂ. നായകൻ അവനാകുമ്പോൾ ഭയലേശമന്യേ മുന്നോട്ടു നീങ്ങാനും നമുക്കാവും.

യുവജനങ്ങളെ വളരെ ഗൗരവപൂർവ്വം സഭ കാണുന്നു എന്നതിന്റെ തെളിവായിരുന്നു യുവജന സിനഡ്. അവരെ ശ്രവിക്കാൻ സഭാ നേതൃത്വം തന്നെ മുൻകൈയെടുത്തത് പരിശുദ്ധാത്മാവിന്റെ സ്വരത്തോടുള്ള സഹകരണമായിരുന്നു. അത് സിനഡോടു കൂടി അവസാനിക്കുകയല്ല വേണ്ടത് മറിച്ച് ഒരു നീണ്ട യാത്രയ്ക്കുള്ള ഒരുക്കം മാത്രമായി വേണം കാണാൻ.

യുവജനങ്ങളെ ശ്രവിക്കാതെയുള്ള ഒരു യുവജന പ്രേഷിതത്വവും ശുഭപ്രാപ്തിയിലെത്തുകയില്ല എന്നത് ഇപ്പോൾ സഭയിൽ ഉണ്ടായിരിക്കുന്ന നിഷേധിക്കാനാവാത്ത ഒരു തിരിച്ചറിവാണ്. അതിനാൽ പാപ്പാ ഇവിടെ രേഖപ്പെടുത്തി വയ്ക്കുന്ന വളരെ മനോഹരമായ ഒരു വാചകം ഏറെ ശ്രദ്ധയർഹിക്കുന്നു. യുവജന പ്രേഷിതത്വത്തിന് ഒരു മാർഗ്ഗരേഖയോ ഒരു പ്രായോഗികമാർഗ്ഗമോ തരാൻ താനുദ്ദേശിക്കുന്നില്ല എന്നു പറഞ്ഞു കൊണ്ട് യുവജനങ്ങളെ ആഹ്വാനം ചെയ്യുകയാണ് പാപ്പാ.  യുവജനങ്ങളുടെ തന്നെ ഉൾക്കാഴ്ചകളും, അവരുടെ നൈപുണ്യങ്ങളും, അറിവും മറ്റുള്ള തങ്ങളുടെ സമപ്രായക്കാരുടെ പ്രശ്നങ്ങളെയും ആകുലതകളെയും അഭിമുഖീകരിക്കാൻ സഹായിക്കാനായി അവരുടെ ഭാഷയിൽ തന്നെ കണ്ടെത്താൻ കഴിയുമോ എന്നതിനാണ് പാപ്പായുടെ ക്ഷണം.  അതാണ് തന്റെ ആകാംക്ഷയെന്ന് പാപ്പാ വ്യക്തമാക്കുന്നു. എന്നാൽ യുവജനങ്ങളെ അവരുടെ വഴിക്ക് തനിയെ വിടാനല്ല പരിശുദ്ധ പിതാവ് ഉദ്ദേശിക്കുന്നത്. അവരെ സഹായിക്കുകയും നയിക്കുകയും വേണം എന്ന് പാപ്പാ എഴുതുന്നു. അതിന് പുത്തൻ സമീപനങ്ങൾ വികസിപ്പിക്കാൻ അവരെ സ്വതന്ത്രരായി വിടണം. അവരുടെ സർഗ്ഗാത്മകതയും സാഹസീകതയും വളരെയേറെ സഹായിച്ചേക്കുമെന്ന പരിശുദ്ധ പിതാവിന്റെ പ്രത്യാശാന്മകമായ പ്രതീക്ഷയാണ് ഈ ഖണ്ഡികയിൽ പ്രതിധ്വനിക്കുന്നത്.

സഭയ്ക്ക് യുവജനങ്ങളോടുള്ള താൽപ്പര്യം വെറും ഒരു അലങ്കാര തോരണമല്ല. സത്യത്തിൽ ഇവിടെ സഭയുടെ ഭാവിയും യൗവനവുമാണ് അപകട സന്ധിയിൽ. സഭയുടെ കരുതൽ യുവജനങ്ങളെ ശ്വാസം മുട്ടിക്കുന്ന അമിത സംരക്ഷണ പ്രവണതയിൽ നിന്ന് അവരെ സഹ സഞ്ചാരികളായി ചേർത്തു നിറുത്തി, അവരുടെ ആകുലതകളും വിഷമങ്ങളും ശ്രവിക്കുന്ന, ആരാധനയിലും വിശ്വാസ പ്രഘോഷണങ്ങളുടെ ആഘോഷങ്ങളിലും നവമായ രീതികൾ കണ്ടെത്തി അവരുടെ കഴിവുകളും താലന്തുകളും ദൈവമഹത്വത്തിന്റെ പ്രകടനങ്ങളായി സമർപ്പിക്കാൻ അവർക്ക് അവസരവും സൗകര്യവുമൊരുക്കുന്ന ഒരു യുവജന പ്രേഷിതത്വം രൂപപ്പെടുത്താനുള്ള പാപ്പായുടെ ആഹ്വാനം കാലോചിതവും പരിശുദ്ധാത്മാവിന്റെ വെളിപ്പെടുത്തലുകളുമായി നമുക്ക് സ്വീകരിക്കാം.

അകലത്ത് നിന്ന് യുവജനങ്ങളെ സഭയോടടുപ്പിക്കുവാനും മുൻനിരയിലെത്തിക്കാനും അവരെ പ്രോത്സാഹിപ്പിക്കേണ്ടതും, വളർത്തേണ്ടതും, കരുതലോടെ  കൈപിടിക്കേണ്ടതുമായ ഉത്തരവാദിത്വം നമ്മുടെ വിളിയുടെ തന്നെ ഭാഗമാണെന്ന് തിരിച്ചറിയാൻ നമുക്ക് ശ്രമിക്കാം. യുവജന പ്രേഷിതത്വത്തിനും അവരുടെ അജപാലനത്തിനും ഒരു സിനഡൽ രൂപം കൈവരിച്ച് നിത്യ യുവാവായി ഇന്നും ജീവിക്കുന്ന ക്രിസ്തുവിന്റെ മണവാട്ടിയായ സഭയെ സജീവയും യൗവനയുക്തയുമാക്കാൻ നമുക്കൊരുമിച്ച് പരിശ്രമിക്കാം.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 June 2023, 09:54