രോഗികളായ കുട്ടികളെ വീണ്ടും സന്ദർശിച്ച് ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ജൂൺ 7 ബുധനാഴ്‌ച ഉദരസംബന്ധിയായ ഓപ്പറേഷനെത്തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതി സാധാരണഗതിയിൽ തുടരുന്നുവെന്ന് വത്തിക്കാൻ പ്രെസ് ഓഫിസ് അറിയിച്ചു.
ജൂൺ 15-ന് രാവിലെ ഫ്രാൻസിസ് പാപ്പാ ആശുപത്രിയുടെ മേധാവികളെയും ആശുപതിയിൽ ക്യാൻസർ വിഭാഗത്തിലും ന്യൂറോ വിഭാഗത്തിലും ഉള്ള കുട്ടികളെയും കണ്ടുവെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു.
പത്താം നിലയിലെ തന്റെ സ്വകാര്യ അപ്പാർട്ട്മെന്റിൽനിന്ന് അതിന് അടുത്തുതന്നെയുള്ള കുട്ടികളുടെ വാർഡിലേക്ക് ഇന്ന് രാവിലെയാണ് പാപ്പാ എത്തിയത്. വരാന്തയിലൂടെ നീങ്ങിയ പാപ്പായെ ആശുപത്രിയിലെ പ്രവർത്തകരും കുട്ടികളും കയ്യടിച്ച് സ്വീകരിച്ചു. ആശുപത്രിയിൽ ഉണ്ടായിരുന്ന രണ്ടു വയോധികദമ്പതികളോട് വരാന്തയിൽവച്ച് പാപ്പാ സംസാരിക്കുന്നതിന്റെ ചിത്രം വത്തിക്കാൻ പ്രെസ് ഓഫീസ് പുറത്തുവിട്ടു. ഓപ്പറേഷന് ശേഷമുള്ള പാപ്പായുടെ ചിത്രം ഇതാദ്യമായാണ് വത്തിക്കാൻ പുറത്തുവിടുന്നത്.
ഇത് മൂന്നാം തവണയാണ് പാപ്പാ ജെമെല്ലി ആശുപത്രിയിലെത്തിയത്. 2021-ൽ ഉദരസംബന്ധിയായ പ്രശ്നങ്ങൾക്കും, 2023 മാർച്ചിൽ ശ്വാസകോശസംബന്ധിയായ അസുഖത്തിനും ചികിത്സ തേടി പാപ്പാ ഇവിടെ എത്തിയിരുന്നു.
ജൂൺ 14-ന് വൈകുന്നേരം പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ പാപ്പായുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച വിവരങ്ങൾ വത്തിക്കാൻ വെളിപ്പെടുത്തിയിരുന്നു. ജൂൺ 14-ന് പ്രഭാതത്തിൽ പാപ്പാ കുറച്ചുസമയം വായനയ്ക്കും ജോലിക്കുമായി സമർപ്പിച്ചുവെന്നും, ഉച്ചഭക്ഷണത്തിന് മുൻപായി ആശുപത്രിയിലെ സ്വകാര്യ ചാപ്പലിൽ പ്രാർത്ഥനയിൽ സംബന്ധിച്ചുവെന്നും വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും പ്രെസ് ഓഫീസ് അറിയിച്ചു.
പരിശുദ്ധ പിതാവിന്റെ ആരോഗ്യം ഓപ്പറേഷനുശേഷമുള്ള സാധാരണ രീതിയിൽ മുന്നോട്ടുപോകുന്നുവെന്നും, അതുകൊണ്ടുതന്നെ അടുത്ത ദിവസങ്ങളിൽ പാപ്പായെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തേക്കുമെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: