കലാകാരന്മാരോടു പാപ്പാ: യഥാർത്ഥമായ സൗന്ദര്യം ദൈവത്തിനായുള്ള ആഗ്രഹം ജനിപ്പിക്കുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യും
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
യഥാർത്ഥമായ സൗന്ദര്യത്തിൽ നമ്മൾ ദൈവത്തിനായുള്ള ആഗ്രഹമനുഭവിക്കാൻ തുടങ്ങുന്നു. കലാകാരന്മാർ ദൈവത്തിന്റെ സ്വപ്നം പങ്കുവയ്ക്കുന്നവരാണെന്നും പാപ്പാ കൂട്ടിച്ചേർത്തു. വത്തിക്കാൻ മ്യൂസിയത്തിലെ മോർഡേൺ ആർട്ടിന്റെ ശേഖരം തുടങ്ങിയതിന്റെ അമ്പതാം വാർഷികം പ്രമാണിച്ചാണ് ഈ അസാധാരണമായ കൂടിക്കാഴ്ച നടന്നത്.
ഈ കൂടിക്കാഴ്ചയിൽ അവരുടെ കലാവൃത്തികൾ ഈ ലോകത്തിലെ സ്ത്രീപുരുഷന്മാർക്ക് ചേർന്നതും എല്ലാവരുടെയും പിതാവും എല്ലാവരും അന്വേഷിക്കുന്നതും ഈ ഭൂമിയിൽ അവരുടെ കലാരൂപത്താൽ സാക്ഷ്യപ്പെടുത്തുന്നതുമായ ദൈവത്തിന് മഹിമ അർപ്പിക്കുന്നതുമായിരിക്കട്ടെ എന്ന തന്റെ പ്രത്യാശ പാപ്പാ പങ്കുവെച്ചു. തന്റെ ക്ഷണം സ്വീകരിച്ച് അവിടെയെത്തിയതിന് അവർക്ക് നന്ദി പറഞ്ഞ പാപ്പാ അവരോടൊപ്പം ആയിരിക്കുന്നതിനുള്ള തന്റെ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. സഭയുടെ നൂറ്റാണ്ടുകളായി നീളുന്ന സ്വാഭാവികവും പ്രത്യേകവുമായ ബന്ധത്തെയും അതിനേക്കാൾ ഏറെ അവരോടുള്ള സൗഹൃദത്തെയും പാപ്പാ ഓർമ്മിച്ചു.
പരിശുദ്ധാത്മാവ് മുന്നോട്ടു നയിക്കുന്നു
നമ്മൾ ചരിക്കുന്ന തലം എപ്പോഴും പരിശുദ്ധാത്മാവിന്റെതാണെന്ന് കലാകാരന്മാർ നമ്മെ ഓർമ്മിപ്പിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. അവരുടെ കല നമ്മെ മുന്നോട്ടു നയിക്കുന്ന പരിശുദ്ധാത്മാവാകുന്ന കാറ്റിൽ വിടരുന്ന പായ പോലെ ആണ്. അതിനാൽ സഭയുടെ കലയോടുള്ള സൗഹൃദം വളരെ സ്വാഭാവികമാണ്.
കലാകാരൻ ഒരു കുഞ്ഞിനെയും കാല്പനിക ദർശിയെയും പോലെ
റോമാനോ ഗ്വർദീനിയുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട് പാപ്പാ കലാകാരൻ ഒരു കുഞ്ഞിൽ നിന്നും സ്വപ്നദർശിയിൽ നിന്നും വ്യത്യസ്തനല്ല എന്ന് വിശദീകരിച്ചു. ഒരു കലാരൂപം നമുക്ക് ചലിക്കാനും ശ്വസിക്കാനും നമ്മുടെ മുന്നിൽ പ്രദർശിപ്പിക്കുന്ന വസ്തുക്കളെയും വ്യക്തികളെയും കണ്ടുമുട്ടാനും പറ്റുന്ന ഒരിടം തുറക്കുന്നു. കലാരൂപങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ അതിരുകൾ വളരെ ലോലമാണെന്നും എന്നാൽ അറിവിന്റെയും അനുഭവത്തിന്റെയും തലങ്ങൾ വിപുലമാവുകയും ചെയ്യുന്നു, പാപ്പാ പറഞ്ഞു.
എല്ലാം കൂടുതൽ തുറവും എത്തിപ്പിടിക്കാവുന്നതുമായി തോന്നുന്ന ആ തലത്തിൽ നമുക്ക് ഒരു കുഞ്ഞിന്റെ നൈസർഗ്ഗീകമായ ഭാവനയും യാഥാർത്ഥ്യങ്ങൾ ഗ്രഹിക്കുന്ന ഒരു ദാർശനീകന്റെ ബോധോദയവും അനുഭവിക്കാൻ ഇടയാക്കുന്നു. ഒരു കലാകാരൻ ഒരു കുട്ടിയാണെന്നു പറയുമ്പോൾ അത് ഒരു അപമാനമായി കരുതരുതെന്നും താനുദ്ദേശിക്കുന്നത് പുതുമയ്ക്കും സർഗ്ഗാത്മകതയ്ക്കും മൗലികതയ്ക്കും സ്വതന്ത്രമായി വിഹരിക്കാൻ ഇടം നൽകി ഇതുവരെ ഗ്രഹിച്ചിട്ടില്ലാത്തതും നവീനവുമായ ഒന്ന് കണ്ടെത്തുന്നു എന്നാണെന്നും പാപ്പാ വിശദീകരിച്ചു. "നിങ്ങളുടെ താലന്തുകളാൽ നിങ്ങൾ വെളിച്ചതുകൊണ്ടുവരുന്നത് അനിതരസാധാരണമായവയാണ്. പുതുമ കൊണ്ട് നിങ്ങൾ ലോകം സമ്പന്നമാക്കുന്നു." പാപ്പാ അവരോടു പറഞ്ഞു.
കലാകാരന്റെ സർഗ്ഗാത്മകത അങ്ങനെ ദൈവത്തിന്റെ തന്നെ സൃഷ്ടിയിലുള്ള അഭിനിവേശത്തിൽ പങ്കുചേരൽ ആണെന്ന് നമുക്ക് പറയാൻ കഴിയും; കാണുക മാത്രമല്ല സ്വപ്നം കാണാനും നമുക്ക് കഴിയണമെന്ന് പാപ്പാ പറഞ്ഞു. ദൂരത്തിലും ആഴത്തിലും കാണാനുള്ള കലാകാരന്റെ കഴിവിനെക്കുറിച്ച് ഗ്വർദീനി പറഞ്ഞ വാക്കുകളിൽ അനുസ്മരിച്ചുകൊണ്ട് അവർ ഒരു തരത്തിൽ പ്രവാചകന്മാരെ പോലെയാണെന്ന് പാപ്പാ പറഞ്ഞു, നോക്കി നോക്കി കണ്ണുകൾ തളരുന്ന കാവൽക്കാരെപ്പോലെ ചക്രവാളത്തിലേക്ക് നോക്കി ആഴമാർന്ന സത്യങ്ങൾ അവർ വിവേചിക്കുന്നു. മാനവികതയുടെ മനുഷ്യ തലത്തെക്കുറിച്ചും, ദൈവത്തിനായുള്ള അഭിവാജ്ഞയെക്കുറിച്ചും പങ്കുവച്ച പാപ്പാ ആത്മാവിന്റെ പ്രവർത്തനമാണ് സൗന്ദര്യമെന്നും അവിടെ സമ്മേളിച്ച കലാകാരൻമാർക്ക് വിശദീകരിച്ചു. തന്റെ കൂടിക്കാഴ്ച അവസാനിപ്പിക്കുന്നതിനു മുമ്പ് ദരിദ്രരുടെ നിശബ്ദരോദനത്തിന്റെ വ്യാഖ്യാതാക്കളാകുവാനും പാപ്പാ അവരെ പ്രോൽസാഹിപ്പിച്ചു. ദരിദ്രർക്കും കലയും സൗന്ദര്യവും ആവശ്യമുണ്ടെന്നും പാപ്പാ അവരെ ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: