തിരയുക

പാപ്പാ ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. പാപ്പാ ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.  (Vatican Media)

പാപ്പാ: വിശക്കുന്നവരുടെ നിലവിളി സ്വർഗ്ഗത്തിലേക്ക് ഉയരുന്നു

കരിങ്കടൽ ഉപക്രമം വഴി സാധ്യമാക്കിയ ധാന്യങ്ങളുടെ സുരക്ഷിതമായ വിതരണം പുന:സ്ഥാപിക്കാൻ റഷ്യൻ ഫെഡറേഷന്റെ അധികാരികളോടു ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ജൂലൈ മുപ്പതാം തിയതി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ത്രികാല പ്രാർത്ഥനയിൽ പങ്കെടുക്കാൻ എത്തിയ തീർത്ഥാടകരോടും  വിശ്വാസികളോടും സംസാരിച്ച അവസരത്തിലാണ് ധാന്യ ഉടമ്പടിയുടെ പുനഃസ്ഥാപനത്തിനായുള്ള തന്റെ അഭ്യർത്ഥന പാപ്പാ പങ്കുവച്ചത്. യുക്രെയിനിൽ യുദ്ധം ആരംഭിച്ച അന്നുമുതൽ എല്ലാ ഞായറാഴ്ചകളിലും ത്രികാല പ്രാർത്ഥന പരിപാടിക്ക് ശേഷം അവിടെ സമ്മേളിക്കുന്ന തീർത്ഥാടകരോടും ജനക്കൂട്ടത്തോടും യുക്രെയ്ൻ ജനതയ്ക്ക് വേണ്ടിയുള്ള തന്റെ അഭ്യർത്ഥന പാപ്പാ നവീകരിക്കാറുണ്ട്.

ഈ ഞായറാഴ്ചയും ഫ്രാൻസിസ് പാപ്പാ ത്രികാല പ്രാർത്ഥനാ പരിപാടിയുടെ സമാപനത്തിൽ എല്ലാം നശിപ്പിക്കുന്ന പ്രത്യേകിച്ച് ധാന്യം പോലും നശിപ്പിക്കുന്ന യുദ്ധമവസാനിപ്പിക്കാൻ തുടർച്ചയായ പ്രാർത്ഥനകൾ നടത്തണമെന്ന് എല്ലാവരോടുമായി അഭ്യർത്ഥിച്ചു.യുക്രെയിനും റഷ്യയും തമ്മിലുള്ള പരസ്പര കരാറിലൂടെ മേഖലയിലെ തുറമുഖങ്ങളിൽ നിന്ന് ധാന്യങ്ങളുടെ കയറ്റുമതി തുടരാൻ അനുവദിച്ചിരുന്ന കരിങ്കടൽ ഉപക്രമത്തിന്റെ തകർച്ചയിൽ പാപ്പാ തന്റെ ആശങ്ക പ്രകടിപ്പിച്ചു.

"കരിങ്കടൽ ഉപക്രമം പുന:സ്ഥാപിക്കാനും ധാന്യങ്ങൾ സുരക്ഷിതമായി കൊണ്ടുപോകാനുമുള്ള അവസരം നൽകാൻ റഷ്യൻ അധികാരികളായ എന്റെ സഹോദരന്മാരോടു ഞാൻ അഭ്യർത്ഥിക്കുന്നു." മനുഷ്യകുലം മുഴുവനും പരിപോഷിപ്പിക്കാനുള്ള ദൈവത്തിന്റെ സമ്മാനമാണ് ധാന്യമെന്നും അതിനെ ഭീഷണിപ്പെടുത്തുന്ന യുദ്ധത്തിന്റെ നാശം ദൈവത്തോടുള്ള ഗുരുതരമായ അപരാധമാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

പട്ടിണി അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് സഹോദരി സഹോദരന്മാരുടെ നിലവിളി സ്വർഗ്ഗത്തിലേക്ക് ഉയരുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാണിക്കുകയും ചെയ്തു. 2022 ഫെബ്രുവരി 24ന് റഷ്യൻ സൈന്യം യുക്രെയ്നെ ആക്രമിച്ചു തുടങ്ങിയ യുദ്ധം ഇന്നും അവസാനിക്കാതെ തുടരുകയാണ്. യുക്രെയ്ൻ - റഷ്യ യുദ്ധത്തിൽ ഇരു രാജ്യങ്ങളിൽ നിന്നും പതിനായിരങ്ങളുടെ ജീവനാണ് നഷ്ടപ്പെട്ടത്. പിടികൂടിയ യുക്രെയ്നിയൻ സൈനികരെ പീഡിപ്പിക്കുന്നതിനും വൻതോതിലുള്ള സാധാരണ പൗരന്മാരുടെ  മരണങ്ങൾക്കും റഷ്യൻ സേന ഉത്തരവാദിത്വം വഹിക്കുന്നുണ്ട്.

2022 ജൂണിൽ ഏകദേശം 8 ദശലക്ഷം യുക്രേനിയക്കാർ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടു. 2023 മെയ് മാസത്തോടെ 8.2 ദശത്തിലധികം ആളുകൾ രാജ്യം വിട്ടു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ അഭയാർത്ഥി പ്രതിസന്ധിയായി ഇത് മാറുകയും ചെയ്തു. യുദ്ധം ആരംഭിച്ച അന്നുമുതൽ ഇന്നുവരെയും ഫ്രാൻസിസ് പാപ്പാ യുക്രെയിന്റെ സമാധാനത്തിനു വേണ്ടി നിരന്തരം പ്രാർത്ഥന അഭ്യർത്ഥന നടത്തിക്കൊണ്ടു വരികയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 July 2023, 15:47