തിരയുക

യുവജനങ്ങൾക്ക് വിശ്വാസയാത്രയിൽ പ്രോത്സാഹനമേകി പാപ്പാ - ലിസ്ബണിൽനിന്നുള്ള ഒരു ദൃശ്യം യുവജനങ്ങൾക്ക് വിശ്വാസയാത്രയിൽ പ്രോത്സാഹനമേകി പാപ്പാ - ലിസ്ബണിൽനിന്നുള്ള ഒരു ദൃശ്യം  (Vatican Media)

രാവിലും പകലിലും യുവജനങ്ങൾക്കൊപ്പം ഫ്രാൻസിസ് പാപ്പാ

ലോകയുവജനദിനാചരണത്തിൽ പങ്കെടുക്കുന്നതിനായി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ എത്തിയ ഫ്രാൻസീസ് പാപ്പായുടെ നാല്പത്തിരണ്ടാം വിദേശ അപ്പസ്തോലികയാത്രയുടെ നാലാം ദിനമായ ഓഗസ്റ്റ് അഞ്ച് ശനിയാഴ്ച ഉച്ചമുതൽ അഞ്ചാം ദിനമായ ഓഗസ്റ്റ് ആറ് ഞായറാഴ്ച ഉച്ചവരെയുള്ള പരിപാടികളുടെ വിവരണം.
ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലികയാത്ര: നാല്, അഞ്ച് ദിനങ്ങളുടെ സംഗ്രഹവിവരണം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മുപ്പത്തിയേഴാം ലോകയുവജനദിനാചരണത്തിൽ പങ്കെടുക്കുന്നതിനായി പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ എത്തിയ ഫ്രാൻസീസ് പാപ്പായുടെ നാല്പത്തിരണ്ടാം വിദേശ അപ്പസ്തോലികയാത്രയുടെ ഓഗസ്റ്റ് അഞ്ച് ശനിയാഴ്ച മുതലുള്ള പരിപാടികളുടെ സംഗ്രഹവിവരണമാണ് ഇവിടെ നൽകുന്നത്.

ഫാത്തിമ മാതാവിന്റെ സന്നിധിയിൽ

ഓഗസ്റ്റ് അഞ്ച് ശനിയാഴ്ച രാവിലെ സൈനിക ഹെലികോപ്റ്ററിൽ ലിസ്ബണിൽനിന്ന് 103 കിലോമീറ്ററുകൾ അകലെയുള്ള ഫാത്തിമയിലെത്തി ഏതാണ്ട് രണ്ടു ലക്ഷത്തോളം ആളുകൾക്കൊപ്പം പരിശുദ്ധ അമ്മയുടെ സന്നിധിയിൽ പ്രാർത്ഥന നടത്തിയിരുന്നു. ഇത് രണ്ടാം തവണയായിരുന്നു പാപ്പാ ഫാത്തിമയിലെത്തിയത്. പരിശുദ്ധ അമ്മയുടെ മുൻപിൽ ലോകസമാധാനത്തിനായും പാപ്പാ പ്രത്യേകം പ്രാർത്ഥിച്ചു. രാവിലെ 11 മണിയോടെ ഫാത്തിമയിൽനിന്ന് തിരിച്ച പാപ്പാ, ലിസ്ബണിലെത്തി അപ്പസ്തോലിക നൂൺഷ്യേച്ചറിൽ ഉച്ചഭക്ഷണം കഴിച്ച ശേഷം വിശ്രമിച്ചു.

ഈശോസഭാവൈദികർക്കൊപ്പം പാപ്പാ

ഓഗസ്റ്റ് അഞ്ച് ശനിയാഴ്ച വൈകുന്നേരം പാപ്പാ നൂൺഷ്യേച്ചറിൽനിന്ന് ഏകദേശം ഏഴര കിലോമീറ്ററുകൾ അകലെയുള്ള വിശുദ്ധ ജോൺ ദേ ബ്രിട്ടോയുടെ പേരിലുള്ള സ്കൂളിലെത്തി. ഈശോസഭാവൈദികർ നടത്തുന്ന ഈ സ്വകാര്യസ്‌കൂൾ 1947-ൽ സ്ട്രോമ്പ് കുടുംബത്തിൽ നിന്നും അവർ വാങ്ങിയതാണ്. വിശുദ്ധ ജോൺ ദേ ബ്രിട്ടോയുടെ നാമകരണചടങ്ങുകൾ നടന്നത് ഇതേവർഷം ജൂൺ മാസത്തിലായിരുന്നു. 1955 ഒക്ടോബർ 7-ന് സ്കൂളിന്റെ ഉള്ളിൽ അമലോത്ഭവമാതാവിന് സമർപ്പിക്കപ്പെട്ട ഒരു ദേവാലയവും കൂദാശ ചെയ്യപ്പെട്ടു. സ്കൂളിലെത്തിയ പാപ്പാ ഈശോസഭാവൈദികരുമായി സുദീർഘമായ സ്വകാര്യ കൂടിക്കാഴ്ച നടത്തി.

ഈശോസഭാവൈദികരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം തിരികെ നൂൺഷ്യേച്ചറിലേക്ക് പുറപ്പെട്ട പാപ്പാ അവിടെയെത്തി അത്താഴം കഴിച്ചു.

യുവജനങ്ങൾക്കൊപ്പം ഒരു സായാഹ്നം

ലോകായുവജനദിനത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം പാപ്പായുമൊത്തുള്ള സായാഹ്നപ്രാർത്ഥനകളും സമ്മേളനവുമാണ്. ഇതിനായി വൈകുന്നേരം 8 മണിയോടെ നൂൺഷ്യേച്ചറിൽനിന്ന് 11 കിലോമീറ്ററുകൾ അകലെയുള്ള തെഷോ പാർക്കിലേക്ക് ഫ്രാൻസിസ് പാപ്പാ കാറിൽ യാത്രയായി.

ഏതാണ്ട് 90 ഹെക്ടറുകൾ വിസ്തൃതിയുള്ള തെഷോ പാർക്ക് താഗോ നടിയുടെ വലതു തീരത്തുള്ളതാണ്. ലിസ്ബൺ, ലൂർസ് എന്നീ നഗരസഭകളുടെ കീഴിലുള്ള ഈ പ്രദേശം മനുഷ്യനിർമ്മിതമായ ചെറുകുന്നുകൾ ഉൾക്കൊള്ളുന്നതാണ്. നാല് ഭൂഖണ്ഡങ്ങളിൽനിന്നുള്ള സസ്യലതാദികൾ സംരക്ഷിക്കപ്പെടുന്ന ഈ പാർക്ക്, വിവിധ കായികവിനോദങ്ങൾക്കായി ജനങ്ങൾ ഉപയോഗിച്ചുവരുന്നു. ലോകായുവജനദിനത്തിന്റെ പ്രധാന രണ്ടു ഭാഗങ്ങളായ പാപ്പായ്‌ക്കൊപ്പമുള്ള സായാഹ്നപ്രാർത്ഥനകളും ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയും ഒരുക്കിയിരുന്നത് ഈ പാർക്കിലെ ഗാർസ ക്യാമ്പ് എന്നറിയപ്പെടുന്ന, വാസ്കോ ദേ ഗാമാ പാലത്തിന് സമീപത്താണ്.

വൈകിട്ട് 8.15-ന് പാർക്കിലെത്തിയ പാപ്പാ ഏതാണ്ട് അരമണിക്കൂർ യുവജനങ്ങൾക്കിടയിലൂടെ തുറന്ന ജീപ്പിൽ സഞ്ചരിച്ചു. കഴിഞ്ഞ ദിവസങ്ങളിലേതുപോലെ തികച്ചും സന്തോഷനിർഭരവും ഭക്തിസാന്ദ്രവുമായ ഒരു അന്തരീക്ഷത്തിൽ പാപ്പായെ ഗാനങ്ങളോടെയും ആഹ്ലാദാരവങ്ങളോടെയുമാണ് യുവജനങ്ങൾ സ്വീകരിച്ചത്. നിരവധി ആളുകൾ പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും ചിത്രങ്ങളും വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും പതാകകളും ഏന്തിയിരുന്നു. പാപ്പായെ വഹിച്ചുകൊണ്ടുള്ള വാഹനം മുൻപോട്ട് പോകുന്നതനുസരിച്ച് നിരവധി യുവജനങ്ങൾ ഒപ്പം ഓടുന്നതും കാണാമായിരുന്നു. പ്രാദേശിക റിപ്പോർട്ടുകൾ അനുസരിച്ച് ഏതാണ്ട് പതിനഞ്ച് ലക്ഷം ആളുകൾ ഈ സായാഹ്നത്തിൽ പാപ്പായ്‌ക്കൊപ്പം പ്രാർത്ഥനകളിൽ പങ്കെടുക്കുവാനെത്തിയതായി കണക്കാക്കപ്പെടുന്നു.

ദിവ്യകാരുണ്യനാഥനൊപ്പം ഒരു സായാഹ്നം

ഗാനാലാപനങ്ങളോടെയാണ് പ്രാർത്ഥനയുടെ ചടങ്ങുകൾ ആരംഭഷ്യത്. 210 ഗായകരും 100 സംഗീതഉപകാരണങ്ങളും 2023-ലെ യുവജനദിനത്തിന്റെ ഭാഗമായ ഈ പ്രാർത്ഥനയിൽ ഗാനാലാപനങ്ങളോടെ അകമ്പടി ചെയ്തു. റോമിൽനിന്ന് കൊണ്ടുപോയ സാലൂസ് പോപ്പുളി റൊമാനി എന്ന മേരി മേജർ ബസലിക്കയിലെ പരിശുദ്ധ അമ്മയുടെ ചിത്രത്തിൻറെ പകർപ്പും, ലോകായുവജനദിനത്തിനുപയോഗിക്കുന്ന കുരിശും പ്രാർത്ഥനാവേദിയിലുണ്ടായിരുന്നു. 8.45-ന് പാപ്പാ വീൽചെയറിൽ സ്റ്റേജിലെത്തി. പോർച്ചുഗീസ് വ്യോമസേനയുടെ രണ്ടു വിമാനങ്ങൾ തേഷോ പാർക്കിന് മുകളിലൂടെ ഏവരെയും അഭിവാദ്യം ചെയ്തുകൊണ്ട് കടന്നുപോയി.

സമ്മേളനത്തിന്റെ ആദ്യഭാഗത്ത് അനുദിനജീവിതവുമായി ബന്ധപ്പെട്ട കലാപരമായ ഒരു നടനമായിരുന്നു. അനുദിനജീവിതത്തിന്റെ അസ്വസ്ഥതകൾക്കിടയിൽ ദൈവത്തിന്റെ ശബ്ദം മനുഷ്യരെ തേടിയെത്തുന്നതിനെക്കുറിച്ചുള്ള സന്ദേശമായിരുന്നു ഇതിൽ. ഒരു വൈദികൻ തന്റെ ദൈവവിളിയെക്കുറിച്ചും, മാർത്ത എന്ന ഒരു പെൺകുട്ടി, സംഘർഷങ്ങൾക്കിടയിലും ദൈവവിശ്വാസം കാത്തുസൂക്ഷിക്കാൻ സാധിച്ചതിനെക്കുറിച്ചും സാക്ഷ്യം നൽകി. ദൈവവുമായുളള കണ്ടുമുട്ടൽ, ഉയർത്തെഴുന്നേൽക്കൽ, മറ്റുള്ളവരിലേക്ക് നീളുന്ന സാഹോദര്യം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയ സന്ദേശങ്ങളാണ് ഗാന, നൃത്ത രൂപങ്ങളിലൂടെ നൽകപ്പെട്ടത്.

തുടർന്ന് പാപ്പാ തന്റെ പ്രഭാഷണം നടത്തി.

പാപ്പായുടെ പ്രഭാഷണം അവസാനിച്ചതിനെത്തുടർന്ന് ലിസ്ബണിലെ പാത്രിയർക്കീസ് കർദ്ദിനാൾ മനുവേൽ ക്ലെമേന്തെ ആരാധനയ്ക്കായി വിശുദ്ധ കുർബാന എഴുന്നെള്ളിച്ചു. പതിനഞ്ചുലക്ഷം ആളുകൾ ഉണ്ടായിരുന്ന തെഷോ പാർക്കിൽ അത്ഭുതാവഹമായ നിശബ്ദത പടർന്നത് മനോഹരമായ ഒരു അനുഭവമായിരുന്നു. വികാരഭരിതരായി കണ്ണീരൊഴുക്കുന്ന നിരവധി യുവജനങ്ങളുടെ മുഖങ്ങൾ വിശ്വാസത്തിന്റെ സാക്ഷ്യമായി.

തുടർന്ന് വിവിധ ഭാഷകളിൽ, "എന്റെ യാത്രയിൽ നിന്റെ പ്രകാശവും സ്നേഹവും ഞാൻ കണ്ടു" എന്ന വാക്കുകളുള്ള ഗാനം ആലപിക്കപ്പെട്ടു.

ആരാധനയുടെ സമാപനത്തിൽ ലിസ്ബൺ പാത്രിയർക്കീസ് വിശുദ്ധ കുർബാനയുടെ ആശീർവാദം നൽകി. പോർച്ചുഗൽ പ്രസിഡന്റ്, നിരവധി കർദ്ദിനാൾമാർ, മെത്രാന്മാർ തുടങ്ങിയവരുടെ സാന്നിധ്യവും ഈ സായാഹ്നപ്രാർത്ഥനാവേളയിൽ പാപ്പായ്ക്കും യുവജനങ്ങൾക്കുമൊപ്പമുണ്ടായിരുന്നു.

ആരാധനയ്ക്ക് ശേഷം 10.15-ന് വീൽചെയറിൽ പുറത്തേക്ക് പോയ പാപ്പാ, തുടർന്ന് കാറിൽ നൂൺഷ്യേച്ചറിലേക്ക് പോവുകയും, ലഘുഭക്ഷണത്തിന് ശേഷം ഉറങ്ങി വിശ്രമിക്കുകയും ചെയ്തു.

യേശുവിന്റെ രൂപാന്തരീകരണവും യുവജനങ്ങളും

ലോകായുവജനദിനത്തിന്റെ പ്രധാന പരിപാടികളിൽ ഒന്നായ വിശുദ്ധ കുർബാനയ്ക്കായി ഓഗസ്റ്റ് 6 ഞായറാഴ്ച രാവിലെ 8 മണിക്ക് പാപ്പാ നൂൺഷ്യേച്ചറിൽനിന്നും പതിനൊന്ന് കിലോമീറ്ററുകൾ അകലെയുള്ള തേഷോ പാർക്കിലേക്ക് യാത്ര തിരിച്ചു. 8.15-ന് പാർക്കിലെത്തിയ പാപ്പാ, ശനിയാഴ്ച വൈകുന്നേരത്തേതുപോലെ, യുവജനങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങിയും, ഏവർക്കും അനുഗ്രഹാശ്ശിസുകൾ നേർന്നും തുറന്ന ജീപ്പിൽ അവർക്കിടയിലൂടെ സഞ്ചരിച്ചു. 8.45-ന് പാപ്പാ സങ്കീർത്തിയിലെത്തി. തുടർന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ എത്തിയ രാജ്യത്തിന്റെ പ്രസിഡന്റ്, എഴുന്നൂറോളം മെത്രാന്മാർ, പതിനായിരത്തോളം വൈദികർ, പതിനഞ്ചു ലക്ഷത്തോളം യുവജനങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ പരിശുദ്ധപിതാവ് വിശുദ്ധ ബലിയർപ്പിച്ചു. യേശുവിന്റെ രൂപാന്തരീകരണത്തിരുനാളാണ് പോർച്ചുഗീസ് ഭാഷയിൽ അർപ്പിക്കപ്പെട്ട ഇന്നത്തെ ബലിയിൽ പ്രത്യേകമായി അനുസ്മരിച്ചത്.

ലിസ്ബൺ പാത്രിയർക്കീസ് പാപ്പായെയും യുവജനങ്ങളെയും അഭിസംബോധന ചെയ്തു. സ്പാനിഷ്, ഇംഗ്ലീഷ്, പോർച്ചുഗീസ് ഭാഷകളിലാണ് പഴയ, പുതിയ നിയമ വായനകളും സുവിശേഷവും വായിക്കപ്പെട്ടത്. തുടർന്ന് പാപ്പാ സുവിശേഷസന്ദേശം നൽകി.

വിശുദ്ധ കുർബാനയുടെ അവസാനം, അല്മയർക്കും, കടുംബങ്ങൾക്കും, ജീവനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ അധ്യക്ഷൻ കർദ്ദിനാൾ കെവിൻ ജോസഫ് ഫാറൽ പാപ്പായെ അഭിവാദ്യം ചെയ്ത് ക്രിസ്തുവിലേക്ക് നയിക്കുന്ന പാതയിലൂടെ യുവജനങ്ങളെ സഹായിക്കുന്ന ലോകായുവജനദിനത്തിൽ നൽകപ്പെട്ട ക്രൈസ്‌തവസാക്ഷ്യം തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും പരിശുദ്ധ പിതാവിന് നന്ദി പറയുകയും ചെയ്‌തു.

അഞ്ചു ഭൂഖണ്ഡങ്ങളിൽനിന്നുള്ള യുവജനങ്ങൾക്ക് പാപ്പാ പ്രത്യേകമായി തയ്യാറാക്കിയ കുരിശുകൾ കൈമാറി.

തുടർന്ന് ലിസ്ബൺ പാത്രിയർക്കീസിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട്, പോർച്ചുഗീസ് ഭാഷയിലെ ഒബ്രിഗാദോ എന്ന വാക്കിന്, സ്വീകരിച്ചവയ്ക്ക് നന്ദി എന്നതിനൊപ്പം, നന്മ പങ്കിടുവാനുള്ള ആഗ്രഹം എന്ന അർത്ഥം കൂടിയുണ്ടെന്ന് പാപ്പാ ഏവരെയും ഓർമ്മിപ്പിച്ചു. തിരികെ ഭവനങ്ങളിലേക്ക് പോകുമ്പോൾ ഏവർക്കും ദൈവം നമ്മുടെ ഹൃദയത്തിലേകിയ നന്മയുടെ സാക്ഷ്യം നൽകാൻ പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു.

ലോകായുവജനദിനത്തിന് എല്ലാമൊരുക്കിയ ലിസ്ബൺ പാത്രിയർക്കീസ് കർദ്ദിനാൾ ക്ലമന്റ്, രാജ്യത്തിൻറെ പ്രസിഡന്റ്, കർദ്ദിനാൾ ഫാറൽ, സന്നദ്ധസേവകർ, പ്രാർത്ഥനകൾ കൊണ്ട് ഈ സമ്മേളനത്തിന് സഹായമേകിയവർ തുടങ്ങി, ലോകായുവജനദിനത്തിന് ജന്മമേകിയ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ എന്നിവർക്കും സമ്മേളനത്തിൽ പങ്കെടുത്ത യുവജനങ്ങൾക്കും പാപ്പാ നന്ദി പറഞ്ഞു.

സംഘർഷങ്ങളും യുദ്ധങ്ങളും മൂലം സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കാതെപോയവരെയും പാപ്പാ അനുസ്മരിച്ചു. പ്രത്യേകമായി ഉക്രൈൻ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദന പാപ്പാ ഏവരുടെയും ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ഒരു വയോധികൻ എന്ന നിലയിൽ, ലോകസമാധാനവും, അതിന്റെ സാധുതയ്ക്കായി പ്രാർത്ഥിക്കുകയും, സമാധാനത്തിന്റെ ഒരു ഭാവി സൃഷ്ടിക്കുകയും ചെയ്യുന്ന യുവജനങ്ങളെയും താൻ സ്വപ്നം കാണുന്നുവെന്ന് പാപ്പാ പറഞ്ഞു. മാനവികതയുടെ ഭാവി, സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കാമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. നമുക്ക് വിശ്വാസം പകർന്ന മുത്തശ്ശീമുത്തച്ഛന്മാർക്കും നന്ദി പറയാമെന്ന് പാപ്പാ പറഞ്ഞു. ഈ സമ്മേളനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വ്യക്തികൾക്ക് കൂടി നന്ദി പറയാനുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, യേശുവിനും, പരിശുദ്ധ അമ്മയ്ക്കും നന്ദി പറഞ്ഞു.

അടുത്ത ലോകായുവജനദിനാഘോഷം നടക്കുന്ന സ്ഥലം അറിയിക്കുന്നതിന് മുൻപ്, 2025-ൽ റോമിൽ നടക്കുവാനിരിക്കുന്ന യുവജനങ്ങളുടെ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ ഏവരെയും പാപ്പാ ക്ഷണിച്ചു. 2027-ൽ നടക്കുവാൻ പോകുന്ന അടുത്ത ലോകായുവജനദിനം തെക്കൻ കൊറിയയിൽ ആയിരിക്കുമെന്ന് പാപ്പാ അറിയിച്ചപ്പോൾ കൊറിയൻ പതാകയുമായി യുവജനങ്ങൾ സ്റ്റേജിലേക്കെത്തുകയും ഏവരും ആഹ്ളാദാരവങ്ങൾ മുഴക്കുകയും ചെയ്തു.

തുടർന്ന് പാപ്പാ ത്രികാലജപപ്രാർത്ഥന നയിക്കുകയും സമാപന ആശീർവാദം നൽകുകയും ചെയ്തു.

ജോർദാനിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തട്ടിൽ നിരവധി ആളുകൾ മരണമടഞ്ഞതിൽ പാപ്പാ അനുശോചനം അറിയിച്ചു.

ആശീർവാദത്തിന് ശേഷം, 11 മണിയോടെ തിരികെ സങ്കീർത്തിയിലെത്തിയ പാപ്പാ തുടർന്ന്നൂൺഷ്യേച്ചറിലേക്ക് യാത്ര പുറപ്പെട്ടു. 11.30-ന് നൂൺഷ്യേച്ചറിലെത്തിയ പാപ്പാ ഉച്ചഭക്ഷണം കഴിച്ച ശേഷം വിശ്രമിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 August 2023, 15:20