ഭയമില്ലാതെ മുൻപോട്ട് യാത്ര ചെയ്യണം:ഫ്രാൻസിസ് പാപ്പാ
ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭരാത്രി!
നിങ്ങളെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇവിടെ എത്തിച്ചേരുവാൻ ഏറെ ദൂരം യാത്രചെയ്തതിന് നിങ്ങളോട് ഞാൻ നന്ദി പറയുന്നു. തന്റെ ചാർച്ചക്കാരിയായ എലിസബത്തിനെ സന്ദർശിക്കുവാൻ മറിയം എഴുന്നേറ്റ് തിടുക്കത്തിൽ യാത്രയായി എന്ന് സുവിശേഷം നമ്മോട് പറയുന്നു. ഇത് തന്നെയാണ് ഈ വർഷത്തെ ആഗോള യുവജനസമ്മേളനത്തിന്റെ ആപ്തവാക്യവും.
എന്നാൽ തിടുക്കത്തിൽ എഴുന്നേറ്റ് പോകുവാൻ അവളെ പ്രേരിപ്പിച്ചതെന്താണ്?തന്റെ ചാർച്ചക്കാരിയാണെന്നുള്ള തിരിച്ചറിവ് മറിയത്തിനുണ്ട്. അതുപോലെ തന്നെ എലിസബത്ത് ഗർഭിണിയാണെന്നുള്ള തിരിച്ചറിവും അവൾക്കുണ്ടായിരുന്നു. പക്ഷെ എലിസബത്തിനെ പോലെത്തന്നെ മറിയവും ഗർഭിണിയാണെന്നുള്ള യാഥാർഥ്യം നാം കാണണം. ഇവിടെയാണ് മറിയത്തിന്റെ നിസ്വാർത്ഥമായ സ്നേഹത്തിന്റെ മൂർത്തീമത്ഭാവത്തിൽ ഉയർന്ന സേവനത്തിന്റെ മാഹാത്മ്യം നാം തിരിച്ചറിയേണ്ടത്.
യഥാർത്ഥമായ സ്നേഹം നമ്മിൽ ഉണർത്തുന്നതും ഇപ്രകാരം നിസ്വാർത്ഥമായി മറ്റുള്ളവരെ പരിഗണിക്കുന്നതിനുള്ള കഴിവാണ്. ദൈവപുത്രനെ ഈ ലോകത്തിലേക്ക് കൊണ്ടുവരാനുള്ള മാലാഖയുടെ വിളിയോടൊപ്പം തന്റെ ചാർച്ചക്കാരി ഗർഭിണിയാണെന്നുള്ള വിളിയും പരിശുദ്ധ മറിയം സ്വീകരിക്കുന്നു.
ഇത് വളരെ പ്രധാനപ്പെട്ടതാണ്; സ്വന്തം സന്തോഷത്തെപ്പറ്റി ചിന്തിക്കുന്നതിനുമപ്പുറം മറ്റുള്ളവന്റെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് അവനു സേവനം ചെയ്യുന്നതാണ് യഥാർത്ഥ സ്നേഹമെന്ന തിരിച്ചറിവ് പരിശുദ്ധ മറിയത്തിനുണ്ടാവുന്നു. ഇതാണ് മറിയത്തിന്റെ സന്തോഷം ഇരട്ടിയായി അവളിൽ മാറുന്നതിനുള്ള കാരണം.സന്തോഷമെന്നത് സ്വയം തൃപ്തിപ്പെടലല്ല മറിച്ച് അത് സ്വഭാവത്താലേ മിഷനറിയാണ്.
ഇവിടെ നിങ്ങൾ എത്തിയിരിക്കുന്നതും ആരെയോ കണ്ടുമുട്ടാൻ വേണ്ടിയല്ലേ? ക്രിസ്തുവിന്റെ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് അത് നിങ്ങൾക്കുവേണ്ടി മാത്രം സൂക്ഷിക്കുവാൻ വേണ്ടിയല്ല നിങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്, മറിച്ച് അത് മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നതിന് വേണ്ടിയാണ്.ഇതിനെ പറ്റി ആഴത്തിൽ നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
മറ്റുള്ളവരിലേക്ക് നമുക്ക് കിട്ടുന്ന നന്മകളെത്തിക്കുവാൻ നാം പരിശ്രമിക്കണം. നമുക്ക് ഒരുമിച്ച് ആവർത്തിക്കാം: സന്തോഷമെന്നാൽ മിഷനറിയാണ്: അതിനാൽ സന്തോഷം മറ്റുള്ളവരിലേക്ക് പകർന്നു നൽകുവാൻ ഞാൻ പരിശ്രമിക്കും.നമ്മുടെ ജീവിതങ്ങളിലേക്ക് ഇപ്രകാരം സന്തോഷംപകർന്നു തന്ന ആളുകളെ നമുക്ക് ഓർക്കാം. നമ്മുടെ ജീവിതത്തിലെ പ്രകാശകിരണങ്ങളായ മാതാപിതാക്കൾ, മുത്തശ്ശിമാർ, സുഹൃത്തുക്കൾ, പുരോഹിതന്മാർ, മതവിശ്വാസികൾ, മതബോധന അധ്യാപകർ, ആനിമേറ്റർമാർ, അധ്യാപകർ... ഇവരുടെയല്ലാം വേരുകളിൽനിന്നുമാണ് സന്തോഷം നമ്മുടെ ജീവിതത്തിൽ കൈവന്നിട്ടുള്ളത്. ഇനി നമുക്ക് ഒരു നിമിഷം നിശബ്ദത പാലിക്കാം, ഓരോരുത്തർക്കും ചിന്തിക്കാം
ജീവിതത്തിൽ നമുക്ക് ആത്മവിശ്വാസം നൽകിയവർ, സന്തോഷത്തിന്റെ വേരുകൾ പകർന്നു തന്നവർ എല്ലാവരെയും ഒരുനിമിഷം ഓർക്കാം .
സന്തോഷം നമുക്ക് ഇവരിൽനിന്നും ലഭിച്ചതുപോലെ നമ്മുടെ വേരുകളിൽനിന്നും മറ്റുള്ളവർക്ക് സന്തോഷം പകർന്നുകൊടുക്കാനുള്ള വലിയ വിളിയും നാം സ്വീകരിച്ചിരിക്കുന്നു. നമുക്ക് മറ്റുള്ളവർക്കുവേണ്ടി സന്തോഷത്തിന്റെ വേരുകളായി മാറാം. ഇത് ഒരു ക്ഷണികമായതും, നൈമിഷികവുമായ സന്തോഷമല്ല മറിച്ച് ആത്യന്തികമായ ഒരു സന്തോഷമാണ്.
എന്നാൽ എപ്രകാരമാണ് സന്തോഷത്തിന്റെ വേരുകളായി മാറുവാൻ നമുക്ക് സാധിക്കുക?ഇതൊരു പുസ്തകശാലയിലടച്ചിട്ടിരിക്കുന്ന തത്വങ്ങളല്ല, മറിച്ച് നമ്മുടെ നിരന്തരമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതാണ്.സന്തോഷത്തിന്റെ വേരുകളായി എപ്രകാരം മാറാം എന്നതിനുള്ള കണ്ടെത്തൽ നമ്മുടെ ജീവിതത്തിൽ നാം നടത്തണം.
മറ്റുള്ളവരോടുള്ള സംഭാഷണങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലൂടെ ഇപ്രകാരം സന്തോഷത്തിന്റെ വേരുവുകളായി മാറുവാൻ നമുക്ക് സാധിക്കും. സംഭാഷണങ്ങളിൽ നമ്മുടെ സഹോദരങ്ങൾക്ക് ഇപ്രകാരം സന്തോഷം പ്രദാനം ചെയ്യുവാൻ നമുക്ക് സാധിക്കണം.
എന്നാൽ ചിലപ്പോൾ നമുക്ക് ക്ഷീണം തോന്നുക സ്വാഭാവികം. നിങ്ങൾക്ക് ക്ഷീണം തോന്നാറുണ്ടോ?നാം ക്ഷീണിതരാകുമ്പോൾ ഒന്നും ചെയ്യാനുള്ള മനസ് നമ്മിൽ ഇല്ലാതെപോകുന്നു. മുൻപോട്ട് പോകാനുള്ള ആഗ്രഹം പോലും ഉപേക്ഷിക്കുന്ന സ്ഥിതിവരെ സംജാതമാകുന്നു. നമ്മൾവീണുപോകുന്ന ഒരു അവസ്ഥ ഉടലെടുക്കുന്നു.പരാജയങ്ങൾക്കു നടുവിൽ ജീവിതം തന്നെ മടുത്തുപോകുന്ന അവസ്ഥ ഉടലെടുക്കുമ്പോൾ എഴുനേൽക്കുവാൻ നമുക്ക് ഒപ്പം മറ്റുള്ളവരുണ്ട് എന്ന ചിന്ത നമ്മെ ഉത്തേജിപ്പിക്കണം.
മല കയറുന്നത് ഒരു വലിയ കലയാണ്, എന്നാൽ ഈ കലയിൽ വീഴുക എന്നതല്ല പ്രധാനം മറിച്ച് വീണുകിടക്കാതെ എഴുന്നേൽക്കുക എന്നതാണ്.വീണിടത്തുതന്നെ കിട്ടുന്നവർ ഇതിനോടകം ജീവിതത്തിൽനിന്നും വിരമിച്ചു കഴിഞ്ഞിരിക്കുന്നു. എന്നാൽ വീണു കിടക്കുന്ന നമ്മുടെ സഹോദരങ്ങളെ ഉയർത്തുവാൻ നാം പരിശ്രമിക്കണം.മറ്റുള്ളവരെ സഹായിക്കുവാൻ നമുക്ക് ലഭിച്ച അവസരങ്ങളെ നമുക്ക് ഓർത്തെടുക്കാം.എത്രയോ തവണ അവരെ ദുഖിക്കുന്നവരായി കണ്ടു അവരെ സഹായിച്ചിട്ടുണ്ട്?
അതിനാൽ നമ്മുടെ ജീവിതത്തിൽ സ്ഥിരത ഉണ്ടാകുവാനും, മറ്റുള്ളവരെ സഹായിക്കുവാനും നാം പരിശ്രമിക്കണം. ജീവിതത്തിൽ ധൈര്യപൂർവം നടക്കുവാൻ നമ്മെതന്നെ പരിശീലിപ്പിക്കണം. ജീവിതത്തിൽ എളുപ്പവഴിയിൽ ക്രിയകൾചെയ്യുവാൻ നാം പരിശ്രമിക്കുമ്പോൾ നാം യഥാർത്ഥത്തിൽ പരാജയപ്പെട്ടു പോകുന്നു. കാൽപ്പന്തു കളിയിലേതുപോലെ ഒരു ഫലത്തിന് പിന്പിൽ ഒളിഞ്ഞിരിക്കുന്ന അക്ഷീണമായ പരിശ്രമം നമ്മുടെ ജീവിതത്തിൽ നാം പ്രാവർത്തികമാക്കണം.
ജീവിതത്തിൽ ഒരാൾക്ക് എപ്പോഴും ആഗ്രഹിക്കുന്നത് ചെയ്യാൻ കഴിയില്ല, പക്ഷേ എന്റെ ഉള്ളിലുള്ള തൊഴിൽ ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നതെന്താണ്. അതിനായി ഞാൻ പരിശ്രമിക്കാറുണ്ടോ? വീഴ്ചകളുണ്ടാകുമ്പോഴും അവയെ തരണം ചെയ്തുകൊണ്ട് ജീവിതത്തിൽ എഴുനേൽക്കുവാൻ എനിക്ക് സാധിക്കുന്നുണ്ടോ?
നമ്മുടെ മാതാപിതാക്കളിൽനിന്നും, സുഹൃത്തുക്കളിൽനിന്നും മുത്തശീമുത്തച്ഛന്മാരിൽനിന്നുമൊക്കെയാണ് നാം ഇത് പഠിക്കേണ്ടത്.അതിനാൽ ധൈര്യപൂർവം നടക്കുക, വീണാലോ എഴുന്നേൽക്കുക.ലക്ഷ്യബോധത്തോടെ നടക്കുക. സൗജന്യമായ യേശുവിന്റെ സ്നേഹം മുറുകെ പിടിച്ചുകൊണ്ട് പ്രത്യാശയോടെ നമുക്ക് നടക്കാം.നമ്മുടെ വേരുകൾ കണ്ടുകൊണ്ട് ഭയമില്ലാതെ നമുക്ക് മുൻപോട്ട് യാത്ര ചെയ്യാം.
നന്ദി!
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: