തിരയുക

പാപ്പായുടെ ലിസ്ബൺ സന്ദർശനത്തിനും ലോക യുവജന സംഗമത്തിനും പരിസമാപ്തി!

ആഗസ്റ്റ് 2-6 വരെ യായിരുന്നു പാപ്പായുടെ ലിസ്ബൺ സന്ദർശനം. ആഗസ്റ്റ് 1-ന് ആരംഭിച്ച ലോക കത്തോലിക്കാ യുവജനദിനാചരണത്തിൽ പങ്കുകൊള്ളുന്നതിനും അതിനു സമാപനം കുറിക്കുന്നതിനുമായിരുന്നു പാപ്പായുടെ ഈ നാല്പത്തിരണ്ടാം വിദേശ അപ്പൊസ്തോലിക പര്യടനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

പോർച്ചുഗലിൽ, ഈ ദിനങ്ങളിൽ യുവജന സാഗരമായി മാറിയ ലിസ്ബൺ നഗരത്തിൽ ആഗസ്റ്റ് ഒന്നിന് തുടക്കം കുറിച്ച മുപ്പത്തിയേഴാം ആഗോള കത്തോലിക്ക യുവജനദിന സംഗമത്തിന് ഞായറാഴ്ച (06/08/23) തിരശ്ശീല വീണു. ഫ്രാൻസീസ് പാപ്പാ ഈ യുവജനദിനാചരണത്തോടനുബന്ധിച്ചു നടത്തിയ നാല്പത്തിരണ്ടാം വിദേശ അപ്പൊസ്തോലിക പര്യടനവും പരിസമാപിച്ചു. ഞായറാഴ്ച രാത്രി പാപ്പാ വത്തിക്കാനിൽ തിരിച്ചെത്തി. ആഗസ്റ്റ് 2-6 വരെ നീണ്ട പഞ്ചദിന ഇടയസന്ദർശനത്തിൽ പാപ്പാ കര-വ്യോമ മാർഗ്ഗങ്ങളിലൂടെ 4149 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട് ലിസ്ബണിൽ നിന്നു പുറപ്പെട്ട വിമാനം നിശ്ചിത സമയത്തിലും നാല്പത്തിയഞ്ചു മിനിറ്റു മുമ്പ്, അതായത് റോമിലെ സമയം ഞായറാഴ്‌ച (06/08/23) രാത്രി 9.40-ന്, ഇന്ത്യയിലെ സമയം തിങ്കളാഴ്ച പുലർച്ചെ 1.10-ന് റോമിലെ  ഫ്യുമിച്ചീനോ അന്താരാഷ്ട്ര വിമനാത്താവളത്തിൽ താണിറങ്ങി.

പാപ്പാ ദൈവമാതൃസന്നധിയിൽ

തൻറെ ഓരോ വിദേശ ഇടയസന്ദർശനത്തിനും ശേഷം പതിവുള്ളതു പോലെ പാപ്പാ    റോമിലെ  വിശുദ്ധ മേരി മേജർ ബസിലിക്കയിലേക്കു പോകുകയും, “റോമൻ ജനതയുടെ രക്ഷ” അഥവാ, “സാളൂസ് പോപുളി റൊമാനി” (SALUS POPULI ROMANI) എന്ന അഭിധാനത്തിൽ വണങ്ങപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിൻറെ സവിധത്തിൽ നന്ദി പ്രകാശിപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. താൻ റോമിലെത്തിയത് ഞായറാഴ്ച രാത്രി ആയിരുന്നതിനാൽ പാപ്പാ തിങ്കളാഴ്ച രാവിലെയാണ്  മാതാവിൻറെ സിവിധത്തിലണഞ്ഞത്

പാപ്പായുടെ സമാപന പരിപാടി ലിസ്ബണിൽ

ഫ്രാൻസീസ് പാപ്പായുടെ ഞായറാഴ്ച ഉച്ചതിരിഞ്ഞുള്ള ഏക പരിപാടി യുവജനദിന സന്നദ്ധസേവകരുമായുള്ള കൂടിക്കാഴ്ച ആയിരുന്നു. അപ്പൊസ്തോലിക് നൺഷിയേച്ചറിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള തീരപ്രദേശത്ത്, പസേയൊ മരിച്ചിമൊ ജ് ഔജേസ് (Passeio Marítimo de Algés) ആയിരുന്നു സന്നദ്ധസേവകരുമായുള്ള കൂടിക്കാഴ്ചയുടെ വേദി. അപ്പൊസ്തോലിക് നൺഷിയേച്ചറിൽ നിന്നു ഇവിടേക്കു പുറപ്പെടുന്നതിനു മുമ്പ് പാപ്പാ നൺഷിയേച്ചറിലെ എല്ലാവരോടും വിടപറയുകയും യുവജനസംഗമ സ്മാരക മുദ്ര സമ്മാനിക്കുകയും ചെയ്തു.

ലിസ്ബണിൻറെ പ്രാന്തപ്രദേശത്ത്, ബെലേയ്മിനും ഒയിരാസിനും ഇടയിൽ, ഔജേസ് കപ്പൽ തുറകൾക്ക് സമീപമുള്ള ഒരു കാൽനട പ്രദേശമാണിത്. അഴിമുഖത്തിൻറെയും നഗരത്തിൻറെയും മനോഹരമായ ദൃശ്യം ഒരുപോലെ പ്രദാനം ചെയ്യുന്ന ഈ പ്രദേശം ഓട്ടം, നടത്തം, സൈക്കിൾസവാരി കായികവിനോദങ്ങൾ എന്നിവയ്ക്കുള്ള മികച്ച സ്ഥലങ്ങളിൽ ഒന്നാണ്. സംഗീത മേളകളും ആഘോഷങ്ങളും ഇവിടെ അരങ്ങേറാറുണ്ട്. കൂടിക്കാഴ്ചാ വേദിയിലേക്കു തുറന്ന പേപ്പൽ വാഹനത്തിൽ പാപ്പാ എത്തിയപ്പോൾ അവിടെ കാത്തു നിന്നിരുന്ന നൂറ്റിയമ്പതു നാടുകളിൽ നിന്നുള്ള യുവതീയുവാക്കളുൾപ്പടെയുള്ള ഇരുപത്തിയയ്യായിരത്തോളും സന്നദ്ധസേവകർ ആടിയും പാടിയും തങ്ങളുടെ ആനന്ദം ആവിഷ്ക്കരിച്ചു. പൗരാധികാരികളും സഭാപ്രതിനിധികളും അവിടെ സന്നിഹിതരായിരുന്നു. അവർക്കിടിയിലുടെ അവരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പാപ്പാ വേദിയിലേക്കു നീങ്ങിയത്. പാപ്പാ വേദിയിലെത്തി ഗാനം അവസാനിച്ചതിനെ തുടർന്ന് യുവജനദിനാചരണത്തിൻറെ വിവിധ ഘട്ടങ്ങളും യുവതീയുവാക്കളുടെയും മറ്റും സാക്ഷ്യങ്ങളും കോർത്തിണക്കിയ ഒരു വീഡിയൊ അവതരിപ്പിക്കപ്പെട്ടു. തദ്ദനന്തരം മൂന്നു യുവ സന്നദ്ധസേവകർ സാക്ഷ്യം നല്കി.

യുവ സന്നദ്ധ സേവകരുടെ സാക്ഷ്യങ്ങൾ

ആദ്യം സാക്ഷ്യമേകിയ 18 വയസ്സുകാരിയായ ജർമ്മൻ സ്വദേശിനി ക്യാര പങ്കുവയ്ക്കപ്പെടുന്ന വിശ്വാസം അവിശ്വസനീയമായ ഒരു ആനന്ദം പ്രദാനം ചെയ്യുന്നുവെന്നും യേശുവുമൊത്തുള്ള ജീവിതം ഒരു സാഹസികതയാണെന്നുമുള്ള അനുപമമായ അനുഭവം തനിക്കുണ്ടായി എന്നു പറഞ്ഞു.

രണ്ടാമത്തെ സാക്ഷ്യം പോർച്ചുഗീസുകാരനായ ഫ്രാൻസീസ്കൊയുടേതായിരുന്നു. ഈ യുവജനദിനം അരങ്ങേറുന്നതിനു 335 ദിവസം മുമ്പ് ഈ സന്നദ്ധസേവന ദൗത്യത്തിൻറെ ഭാഗമാകുക എന്ന വെല്ലുവിളി ഏറ്റെടുത്ത ആദ്യദിനം മുതൽ തന്നെ സംബന്ധിച്ചിടത്തോളം ഈ യുവജനസംഗമം സത്യമായും ഒരു യാത്ര, ഒരു തീർത്ഥാടനം ആയിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തി.

അവസാനത്തേതും മൂന്നാമത്തെതുമായ സാക്ഷ്യമേകിയത് പോർച്ചുഗൽ സ്വദേശി 33 വയസ്സുകാരൻ ഫിലിപ്പ് ആയിരുന്നു. ലിസ്ബണിൽ 2023-ലെ ലോകയുവജനദിനത്തിൻറെ അനുഭവം ഈ സമാഗമവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഉണ്ടായേക്കാവുന്ന എല്ലാ പ്രതീക്ഷകളെയും ഉല്ലംഘിച്ചുവെന്നും തങ്ങളുടെ വിശ്വാസത്തിൽ പങ്കുചേരുന്ന ലോകമെമ്പാടുമുള്ള യുവജനത്തെ സ്വാഗതം ചെയ്യാൻ കഴിയുകയെന്ന ഈ അതുല്യ അവസരം ലഭിച്ചത് നമ്മുടെ കർത്താവിനോടു നന്ദി പ്രകാശിപ്പിക്കുന്നതിനുള്ള കാരണമാണെന്നും ഫിലിപ്പ് പറഞ്ഞു. മാസങ്ങളായി വലിയ ആധിയും ഉത്ക്കണ്ഠയും അലട്ടിയിരുന്നെങ്കിലും ഇന്നത്തെ യുവതീയുവാക്കളെ കർമ്മോദ്യുക്തരും സേവനതല്പരരുമാക്കിത്തീർക്കുന്നതിനുള്ള പാപ്പായുടെ യത്നത്തിൽ പങ്കുചേരുന്നതിൻറെ ആനന്ദം അവയെ കവച്ചുവയ്ക്കുന്നതാണെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തി.

ലിസ്ബൺ പാത്രിയാർക്കീസിൻറെ നന്ദി വചസ്സുകൾ

സന്നദ്ധസേവകരുടെ സാക്ഷ്യങ്ങളെ തുടർന്ന് ലിസ്ബണിൻറെ പാത്രിയാർക്കീസ് കർദ്ദിനാൾ മനുവേൽ ജൊസേ മക്കാറിയൊ ദൊ നാഷിമെന്തൊ ക്ലെമേന്തെ പാപ്പായെ സ്വാഗതം ചെയ്യുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

ഈ സന്നദ്ധ സേവകരിൽ ചിലർ വർഷങ്ങളായി ഈ രംഗത്തുള്ളവരാണെന്നും മറ്റു ചിലർ അടുത്തകാലത്ത് ചേർന്നവരാണെന്നും അനുസ്മരിച്ച കർദ്ദിനാൾ ദൊ നാഷിമെന്തൊ ക്ലെമേന്തെ അവരെ നയിച്ച സാംക്രമികമായ ആവേശം സ്വാഭാവികമായ ശാരീരിക ക്ഷീണത്തെയും വെല്ലുവിളികളെയും തരണം ചെയ്യാൻ അവരെ പ്രാപ്തരാക്കിയെന്നു പറഞ്ഞു.

സാധ്യതകൾക്ക് ഹൃദയമാനം ഉണ്ടെന്നും നന്മയുടെയും സമർപ്പണത്തിൻറെയും പാതയിൽ നാം നിർബ്ബാധം മുന്നേറുമ്പോൾ സാധ്യതകൾ യാഥാർത്ഥ്യമാകുമെന്നുമുള്ളതിൻറെ ജീവിക്കുന്ന തെളിവുകളാണ് ഈ സന്നദ്ധപ്രവർത്തകരെന്നും അദ്ദേഹം ശ്ലാഘിച്ചു. അവിടെ സന്നിഹിതരായ തദ്ദേശീയരും വിദേശികളുമായ സന്നദ്ധസേവകർ സഭയ്ക്കും ലോകത്തിനും പ്രതീക്ഷയർപ്പിക്കാൻ കഴിയുന്ന ഒരു യുവത്വത്തിൻറെ ഏറ്റവും പ്രകടമായ മുഖമാണെന്ന് കർദ്ദനാൾ ദൊ നാഷിമെന്തൊ ക്ലെമേന്തെ പറഞ്ഞു. പടുത്തുയർത്തപ്പെടേണ്ട ഒരു ലോകത്തെക്കുറിച്ചുള്ള പ്രവചനമാണ് ഈ ലോക യുവജനദിനമെന്നും  അങ്ങനെ ആയിരിക്കുമെന്ന ഉറപ്പിൽ തങ്ങളെ ശക്തിപ്പെടുത്തുകയായിരുന്നു പാപ്പായുടെ സാന്നിധ്യമെന്നും പറഞ്ഞ അദ്ദേഹം ഒരിക്കൽക്കൂടി പാപ്പായ്ക്കു നന്ദി പ്രകാശിപ്പിച്ചു.  കർദ്ദിനാൾ ദൊ നാഷിമെന്തൊയുടെ വാക്കുകളെ തുടർന്ന് പാപ്പാ ഈ ഇടയസന്ദർശനത്തിലെ തൻറെ അന്തിമസന്ദേശം നല്കി. പാപ്പായുടെ പ്രഭാഷണനാന്തരം രണ്ടു യുവതികളും ഒരു യുവാവുമടങ്ങിയ മൂന്നു സന്നദ്ധസേവക പ്രേഷിതർ സാക്ഷ്യമേകുകയും പാപ്പായെ സമീപിച്ച് ആശീർവ്വദാം സ്വീകരിക്കുകയും ചെയ്തു. തദ്ദനന്തരം കർത്തൃപ്രാർത്ഥനയ്ക്കു ശേഷം പാപ്പാ സമാപനാശീർവ്വാദം നല്കി.

നീണ്ട കരഘോഷവും വീവാ ഇൽ പാപ്പാ വിളികളും യുവജന മുദ്രാഗീതവും അന്തരീക്ഷത്തിൽ അലയടിക്കവേ പാപ്പാ സന്നദ്ധസേവകരിൽ ചിലരുമായി കുശലം പറഞ്ഞുകൊണ്ട് ചക്രക്കസേരയിൽ വേദി വിട്ടു.

പാപ്പായുടെ മടക്കയാത്ര റോമിലേക്ക് 

സന്നദ്ധസേവകരുമായുള്ള കൂടിക്കാഴ്ചാനന്തരം പാപ്പാ അവിടെനിന്ന് നേരെ പോയത് 17 കിലോമീറ്ററിലേറെ അകലെയുള്ള ഫീഗോ മദൂറൊ വിമാനത്താവളത്തിലേക്കാണ്. അവിടെ പാപ്പായെ യാത്ര അയയ്ക്കുന്നതിന് പോർച്ചുഗലിൻറെ പ്രസിഡൻറ് മർസേല്ലൊ ഹ്ബേല്ലൊ ജ് സൗസയും (Marcelo Rebelo de Sousa) മറ്റു പൗരാധികാരികളും സഭാപ്രതിനിധികളും സന്നിഹിതരായിരുന്നു. കാറിൽ വിമാനത്താവളത്തിലെത്തിയ പാപ്പായെ പ്രസിഡൻറ് മർസേല്ലൊ ഹ്ബേല്ലൊ ജ് സൗസ സ്വീകരിച്ചു. ചക്രക്കസേരയിൽ ആകാശനൗകയുടെ അരികിലേക്ക് പ്രസിഡന്റിനാൽ അനുഗതനായി പാപ്പാ ആനീതനാകവെ ഇരുവരും അവിടെ നിന്നിരുന്ന എല്ലാവരെയും അഭിവാദ്യം ചെയ്തു. എല്ലാവരോടും യാത്ര പറഞ്ഞ പാപ്പാ അവിടെ തയ്യാറായി നിന്നിരുന്ന പോർച്ചുഗലിൻറെ വിമാനം, എയർബസ് 321-ൽ കയറി. പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരം 6.22-ന് ഇന്ത്യയിലെ സമയം രാത്രി 10.52-ന് വ്യോമയാനും പാപ്പായെയും അനുചരരെയും വഹിച്ചുകൊണ്ട് ലിസ്ബണിൽ നിന്ന് 1986 കിലോമീറ്റർ വ്യോമദൂരം അകലെയുള്ള റോമാപുരി ലക്ഷ്യമാക്കി പറന്നുയർന്നു.

പോർച്ചുഗലിനും ഇറ്റലിക്കും പുറമെ സ്പെയിൻ, ഫ്രാൻസ് എന്നീ നാടുകളുടെ വ്യാമപാതയും വിമാനം ഉപയോഗപ്പെടുത്തി. ഓരോനാടിൻറെയും മുകളിലൂടെ പറക്കവെ പാപ്പാ അതതു നാടിൻറെ രാഷ്ട്രത്തലവന് ആശംസാ പ്രാർത്ഥനാ ടെലെഗ്രാം സന്ദേശം അയച്ചു.

യാത്രാവേളയിൽ പാപ്പാ മാദ്ധ്യമപ്രവർത്തകരുമായി സംവദിച്ചു. അവരുടെ ചോദ്യത്തിന് ഉത്തരം നല്കി. ഫാത്തിമായിലെ പ്രത്യക്ഷികരണത്തിൻറെ കപ്പേളയിൽ താൻ വിശ്വശാന്തിക്കായി മൗനപ്രാർത്ഥന നടത്തിയെന്നും സമാധാനത്തിനായുള്ള പ്രാർത്ഥന നാം തുടരണമെന്നും പാപ്പാ പറഞ്ഞു. സഭയിലെ ശുശ്രൂഷകരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ള ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അത് അക്ഷന്തവ്യമായ കുറ്റമാണ് എന്ന് പാപ്പാ ആവർത്തിച്ചു വ്യക്തമാക്കി. ഫ്രാൻസിലെ മർസേയിലേക്കുള്ള യാത്ര, തുറന്നുകിടക്കുന്ന സഭ, പ്രായം ചെന്നവരും യുവജനവുമായുള്ള സംഭാഷണം, യുവജനങ്ങളുടെ ആത്മഹത്യ തുടങ്ങിയവയെ കുറിച്ചുള്ള ചോദ്യങ്ങൾക്കും പാപ്പാ മറുപടി നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 August 2023, 13:28