തിരയുക

പോർച്ചുഗൽ കത്തോലിക്കാ യൂണിവേഴ്സിറ്റിയിൽ പാപ്പാ പോർച്ചുഗൽ കത്തോലിക്കാ യൂണിവേഴ്സിറ്റിയിൽ പാപ്പാ  

ശാസ്ത്രവിജ്ഞാനത്തിൽ മാത്രമല്ല, മാനവികതയിലും ഐക്യദാർഢ്യത്തിലും വളരുക: യുവജനങ്ങളോട് പാപ്പാ

ലോകായുവജനദിനാഘോഷത്തിന്റെ ഭാഗമായി പോർച്ചുഗലിലെത്തിയ ഫ്രാൻസിസ് പാപ്പാ, ഓഗസ്റ്റ് മൂന്നാം തീയതി രാവിലെ പോർച്ചുഗൽ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ നൽകിയ പ്രഭാഷണത്തിന്റെ മലയാള സംഗ്രഹം.
ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണത്തിന്റെ മലയാളത്തിലുള്ള സംഗ്രഹം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പോർച്ചുഗീസ് കത്തോലിക്കാ യൂണിവേഴ്സിറ്റിയിൽ യുവജനങ്ങൾക്ക് അനുവദിച്ച കൂടിക്കാഴ്ചയിൽ തനിക്ക് സ്വാഗതമാശംസിച്ച യൂണിവേഴ്സിറ്റി റെക്ടർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. സ്വാഗതപ്രസംഗത്തിൽ റെക്ടർ ഉപയോഗിച്ച തീർത്ഥാടകർ എന്ന പദവുമായി ബന്ധപ്പെട്ട്, നാമെല്ലാവരും നമ്മുടെ സുരക്ഷിതമേഖലകളിൽനിന്ന് പുറത്തേക്ക് വരാനും, ജീവിതവുമായി ബന്ധപ്പെട്ട വലിയ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടാനും വിളിക്കപ്പെട്ടവരാണ് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. യൂണിവേഴ്സിറ്റി വിദ്യാർത്ഥികളും ഇങ്ങനെ, മുൻപേ നൽകപ്പെട്ടിരിക്കുന്ന ഉത്തരങ്ങളിൽ തൃപ്തിയടയാതെ, ഗവേഷണങ്ങളിലൂടെ ഉത്തരങ്ങൾ തേടേണ്ടവരാണ്. യേശു പറയുന്ന രത്നത്തിന്റെ ഉപമയിലേതുപോലെ (Mt 13,45-46), അന്വേഷിക്കാനും, സാഹസികമായ തീരുമാനങ്ങൾ എടുക്കാനും തയ്യാറാകേണ്ടതുണ്ട്.

അന്വേഷകരും തീർത്ഥാടകരും എന്ന നിലയിൽ, ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നതിനു പകരം അസ്വസ്ഥരാകുന്നതിൽ  ഭയപ്പെടേണ്ട കാര്യമില്ല. യേശു പറയുന്നതുപോലെ, നാം ഈ ലോകത്തിലാണെങ്കിലും, ഈ ലോകത്തിന്റേതല്ല (യോഹ. 17, 16). ഭാവിയെക്കുറിച്ച് അസ്വസ്ഥരാകുന്നതുകൊണ്ട് നാം ജീവിക്കുന്നവരാണെന്ന് തിരിച്ചറിയുക. നാം പിന്തുടരേണ്ട വഴികൾക്ക് പകരം ഏതെങ്കിലും വിശ്രമസ്ഥലം കണ്ടെത്തി, സുഖമായി ഇരിക്കുവാൻ പരിശ്രമിക്കുമ്പോഴാണ് നാം ഭയപ്പെടേണ്ടത്. മുഖങ്ങൾക്ക് പകരം സ്‌ക്രീനുകളോ, മൂർത്തമായവയ്ക്ക് പകരം അമൂർത്തമായവയോ, ചോദ്യങ്ങൾ ചോദിക്കുന്നതിന് പകരം, എളുപ്പമുള്ള ഉത്തരങ്ങൾ കൊണ്ട് തൃപ്‌തരാകുകയോ ചെയ്യുമ്പോൾ നാം ഭയപ്പെടണം.

അന്വേഷിക്കുകയും, സാഹസത്തിന് മുതിരുകയും ചെയ്യുവാൻ പാപ്പാ വീണ്ടും യുവജനങ്ങളെ ക്ഷണിച്ചു. മനുഷ്യകേന്ദ്രീകൃതമായ പുതിയ ഒരു വ്യവസ്ഥയുടെ നായകരാകുക. "യൂണിവേഴ്സിറ്റി ഒരു സ്ഥാപനമെന്ന നിലയിൽ നിലനിർത്താനുള്ളതല്ല, മറിച്ച് വർത്തമാന, ഭാവി കാലങ്ങൾ ഉണർത്തുന്ന വെല്ലുവിളികളെ ധൈര്യപൂർവ്വം നേരിടാനുള്ള ഇടമാണെന്ന" യൂണിവേഴ്സിറ്റി റെക്ടറുടെ വാക്കുകൾ തനിക്ക് പ്രേരകമായെന്ന് പാപ്പാ പറഞ്ഞു. വിത്ത് അതുപോലെ തന്നെ ഇരുന്നാൽ, ഉൽപാദിപ്പിക്കാനുള്ള അതിന്റെ കഴിവ് ഇല്ലാതാക്കുകയും നാം പട്ടിണിയിലാകുകയും ചെയ്യും. ഭയങ്ങൾക്ക് പകരം സ്വപ്നങ്ങൾ കൊണ്ടുനടക്കുന്നവരായിരിക്കാനും ഏവരെയും പാപ്പാ ക്ഷണിച്ചു.

യൂണിവേഴ്സിറ്റിയിൽ ലഭിക്കുന്ന ഉന്നതവിദ്യാഭ്യാസം കുറച്ചുപേർക്ക് മാത്രം ലഭിക്കുന്ന ഒരു അനുകൂല്യമായി നിലനിൽക്കുന്നെങ്കിൽ അത് അർത്ഥമില്ലാത്തതായി മാറും. എന്നാൽ തനിക്ക് ലഭിച്ച വിദ്യാഭ്യാസം മെച്ചപ്പെട്ട ഒരു സമൂഹത്തെ സൃഷ്ടിക്കാനായി ഉപയോഗിക്കുമ്പോഴാണ് അത് അർത്ഥപൂർണ്ണമാകുന്നത്. ഉല്പത്തിപുസ്തകത്തിൽ ദൈവം ചോദിക്കുന്ന രണ്ടു ചോദ്യങ്ങൾ പാപ്പാ ആവർത്തിച്ചു; നീ എവിടെയാണ്? നിന്റെ സഹോദരൻ എവിടെ? ഈ ചോദ്യങ്ങൾ നമ്മോട് തന്നെ ചോദിക്കാമെന്ന് പാപ്പാ പറഞ്ഞു. ഞാൻ എന്റെ സുരക്ഷിതത്വങ്ങളിൽ മറഞ്ഞിരിക്കുകയാണോ? വിശ്വാസം ജീവിക്കുന്ന ഒരു ക്രൈസ്തവനും, നീതിയുടെയും സൗന്ദര്യത്തിന്റെയും സൃഷ്ടാവുമാകാൻ പാപ്പാ യുവജനങ്ങളെ ആഹ്വാനം ചെയ്തു. നിന്റെ സഹോദരൻ എവിടെ എന്ന ചോദ്യത്തിന് മീസാവോ പൈസ് പോലെയുള്ള പ്രസ്ഥാനങ്ങളിലൂടെ സഹോദരസ്നേഹം അനുഭവിക്കാനുള്ള അവസരം യൂണിവേഴ്സിറ്റികളിലൂടെ കടന്നുപോകുന്നവർക്ക് ലഭ്യമാകണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. ഇന്ന് പോർച്ചുഗലിലും ലോകത്തും എന്ത് നടന്നുകാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ഏതുതരം മാറ്റങ്ങളാണ് ഉണ്ടാകേണ്ടത്? അതിനായി കത്തോലിക്കാ യൂണിവേഴ്‌സിറ്റിക്ക് എന്ത് ചെയ്യാൻ സാധിക്കും തുടങ്ങിയ ചോദ്യങ്ങളും പാപ്പാ സദസ്സിന് മുൻപിൽ അവതരിപ്പിച്ചു.

സദസ്സിൽ സാക്ഷ്യം നൽകിയ യുവജനങ്ങളുടെ വാക്കുകളെക്കുറിച്ച് പരാമർശിച്ച പാപ്പാ, മാറ്റങ്ങളുടെ വക്താക്കളും നേതാക്കളുമാകാൻ യുവജനത്തിനുള്ള ആഗ്രഹത്തെ പ്രത്യേകം എടുത്തുപറഞ്ഞു. നിങ്ങളുടെ തലമുറ മാനവികതയുടെ ഗുരുക്കന്മാരായിരിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. ഭൂമിയുടെയും അതിലെ നിവാസികളുടെയും നേരെ സഹാനുഭൂതിയുടെയും, പ്രത്യാശയുടെയും അധ്യാപകരാകാൻ നിങ്ങൾക്ക് കഴിയട്ടെയെന്നും പാപ്പാ പറഞ്ഞു.

മാനവരാശിയുടെ പൊതുഭവനമായ ഭൂമിയുടെ പരിപാലനത്തെക്കുറിച്ചും പാപ്പാ സംസാരിച്ചു. ഹൃദയപരിവർത്തനത്തിലൂടെയും, മാനുഷികതയെ സാമ്പത്തിക, രാഷ്ട്രീയ അടിസ്ഥാനത്തിൽ നോക്കിക്കാണുന്നതിൽ വരുത്തേണ്ട മാറ്റത്തിലൂടെയുമേ ഇത് സാധ്യമാകൂ എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഭൂമിക്കായി കുറച്ചു കാര്യങ്ങൾ മാത്രം ചെയ്യുന്നത്, വരാനിരിക്കുന്ന നാശത്തെ കുറച്ചുകൂടി വൈകിക്കാൻ മാത്രമേ ഉപകരിക്കൂ. പുരോഗതിയെയും, വികാസപരിണാമങ്ങളെയും പുനർനിർവ്വചനം ചെയ്യേണ്ടതിന്റെ ആവശ്യമുണ്ട്. ഇപ്പോഴത്തെ തലമുറയ്ക്ക് ഇക്കാര്യത്തിൽ പ്രവർത്തിക്കാൻ സാധിക്കുമെന്ന് പറഞ്ഞ പാപ്പാ, ഭാഗികമായ കാഴ്ചപ്പാടുകളിൽ വീഴേരുതെന്നും, ഭൂമിയുടേതിനൊപ്പം പാവപ്പെട്ടവരുടെയും നിലവിളി കേൾക്കണമെന്നും, കുടിയേറ്റത്തിനൊപ്പം, ജനനിരക്കിലുള്ള കുറവും പഠിക്കേണ്ടതുണ്ടെന്നും ഓർമ്മിപ്പിച്ചു.

ദൈവമില്ലാതെ സമഗ്രമായ ഒരു പരിസ്ഥിതിശാസ്ത്രമോ ഭാവിയോ ഉണ്ടാകില്ല എന്ന തോമസ് എന്ന യുവാവിന്റെ വാക്കുകൾ പരാമർശിച്ച പാപ്പാ, നിങ്ങളുടെ തെരഞ്ഞെടുപ്പുകൾ വഴി വിശ്വാസത്തെ വിശ്വസനീയമാക്കാൻ ആവശ്യപ്പെട്ടു. ക്രൈസ്തവർ ബോധ്യമുള്ളവരായാൽ മാത്രം പോരാ, ബോധ്യം നൽകുന്നവർ കൂടിയാകണം. ലോകത്തിന് നേരെ വടിയെടുക്കുകയും മതിലുകളാൽ ചുറ്റപ്പെട്ട ഒരു കോട്ടയായിരിക്കുകയും ചെയ്യാനുള്ളതല്ല ക്രൈസ്തവികത. ദൈവത്തിന്റെ മനുഷ്യാവതാരത്തെക്കുറിച്ചുള്ള ചിന്തകൾ ഉയർത്തുന്നില്ലെങ്കിൽ ക്രൈസ്തവികത വെറുമൊരു ആശയമായി മാത്രം നിലനിൽക്കുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

യൂണിവേഴ്സിറ്റിയിൽ വിശുദ്ധ ഫ്രാൻസിസിന്റെ ധനശാസ്ത്രം എന്ന വിഭാഗത്തിൽ വിശുദ്ധ ക്ലരയുടെ വ്യക്തിത്വം കൂടി ചേർത്തതിനെക്കുറിച്ച് സംസാരിച്ചുകൊണ്ട്, ധനകാര്യങ്ങളിൽ സ്ത്രീകളുടെ സംഭവനയെ പാപ്പാ എടുത്തുപറഞ്ഞു. പ്രത്യേകിച്ച് കുടുംബസമ്പദ്‌വ്യവസ്ഥ പ്രധാനമായും സ്ത്രീകളുടെ കൈകളിലാണെന്ന് ബൈബിളിൽ നമുക്ക് കാണാമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.എല്ലാവരുടെയും ശാരീരികവും ആധ്യാത്മികവുമായ നന്മ മുന്നിൽ കണ്ടു പ്രവർത്തിക്കുന്നതിനൊപ്പം ദരിദ്രർക്കും അപരിചിതർക്കുംപോലും കുടുംബത്തിലുള്ളത് പങ്കുവയ്ക്കുന്നതും സ്ത്രീകളാണെന്ന് പാപ്പാ എടുത്തുപറഞ്ഞു. സമ്പദ്‌വ്യവസ്ഥയ്ക്ക് അതിന്റെ അന്തസ്സ് തിരികെ നൽകുവാനും, കള്ളക്കച്ചവടത്തിലും ഊഹക്കച്ചവടത്തിലും വീഴാതിരിക്കാനും പാപ്പാ ആഹ്വാനം ചെയ്തു.

“ആഗോള വിദ്യാഭ്യാസ കരാർ” എന്ന തുടക്കം നാം മുൻപ് പ്രതിപാദിച്ച വിവിധ കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതിൽ, ഭൂമിയുടെ പരിപാലനം, സ്ത്രീകളുടെ പങ്കാളിത്തം, തുടങ്ങി, ധനശാസ്ത്രത്തെയും, രാഷ്ട്രീയത്തെയും, വളർച്ചയേയും പുരോഗതിയെയും മനസ്സിലാക്കുന്നതിലെ പുതിയ രീതികൾ തുടങ്ങിയ കാര്യങ്ങൾ ഉണ്ട്. മറ്റുള്ളവരെ ഉൾപ്പെടുത്താനും, സ്വീകരിക്കാനുമുള്ള വിദ്യാഭ്യാസമാണ് ഇതിൽ ഒന്ന്. "ഞാൻ പരദേശിയായിരുന്നു, നിങ്ങൾ എന്നെ സ്വീകരിച്ചു" (Mt. 25, 35) എന്ന വാക്കുകൾ കേട്ടിട്ടില്ല എന്ന് നമുക്ക് ഭാവിക്കാതിരിക്കാം എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മറ്റുള്ളവരോടുള്ള ആതിഥ്യമര്യാദ കാട്ടുന്നത്, മാറ്റത്തിലേക്കുള്ള ഒരു വഴിയാണെന്ന്, താൻ അനുഭവിച്ച കണ്ടുമുട്ടലിന്റെ സംസ്കാരത്തിന്റെ അനുഭവത്തെക്കുറിച്ച് മാഹൂർ എന്ന കുട്ടി നൽകിയ സാക്ഷ്യത്തെ അധികരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു.

യാഥാർഥ്യത്തിലേക്ക് തുറന്ന, ജീവിക്കുന്ന ഒരു വിദ്യാർഥിസമൂഹമായി നിങ്ങളെ കണ്ടെത്താൻ സാധിച്ചതിൽ താൻ സന്തുഷ്ടനാണെന്ന് പാപ്പാ യുവജനങ്ങളോട് പറഞ്ഞു. നിങ്ങൾക്ക് സുവിശേഷം ഒരു ആഭരണമല്ല, മറിച്ച്, ജീവിതത്തെ നയിക്കുന്ന ഒന്നാണ്. പഠനം സൗഹൃദം, സാമൂഹ്യസേവനം, സിവിൽ, രാഷ്ട്രീയ ഉത്തരവാദിത്വങ്ങൾ, ഭൂമിയുടെ പരിപാലനം തുടങ്ങി വിവിധ വിഷയങ്ങൾ നിങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇതാണ് യഥാർത്ഥത്തിൽ കത്തോലിക്കാ യൂണിവേഴ്സിറ്റി എന്നതിനർത്ഥം എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ശാസ്ത്രവിദ്യാഭ്യാസം നേടുന്നതിനൊപ്പം, മനുഷ്യരെന്ന നിലയിൽ കൂടുതൽ വളരാനും, തങ്ങളുടെ പാത അറിയാനും, അതിനെ വിവേചിച്ചറിയാനും നിങ്ങൾക്ക് സാധിക്കും. യാക്കോബിന്റെ വഴിയിലൂടെയുള്ള തീർത്ഥാടകർ വഴിയിൽ കണ്ടുമുട്ടുമ്പോൾ പരസ്പരം ധൈര്യം പകർന്നിരുന്നതുപോലെ, താനും നിങ്ങൾക്ക് ധൈര്യം പകരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 August 2023, 13:10