ഒരുമയിലും സഹോദര്യത്തിലും സമാധാനത്തിലും മാനവിക, മത മൂല്യങ്ങളോടെ വളരുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
2023 ഓഗസ്റ്റ് രണ്ടാം തീയതി ലോകായുവജനദിനത്തിന്റെ ഭാഗമായി പോർച്ചുഗലിലെ ലിസ്ബണിൽ രാജ്യത്തിന്റെ പ്രസിഡന്റ്, പ്രധാനമന്ത്രി, സർക്കാർ, നയതന്ത്ര പ്രതിനിധികൾ, സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ള ആളുകൾ എന്നിവരുൾപ്പെടുന്ന സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ ആദ്യപ്രഭാഷണം, തനിക്ക് പോർച്ചുഗൽ പ്രസിഡന്റ് നൽകിയ സ്വാഗതത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ ആരംഭിച്ചത്. വിവിധ ജനതകളുടെയും സംസ്കാരങ്ങളുടെയും സംഗമവേദിയായി മാറിയ ലിസ്ബണിൽ ആയിരിക്കുന്നതിൽ പാപ്പാ തന്റെ സന്തോഷം പ്രകടിപ്പിച്ചു. ഈ ദിനങ്ങളിൽ ഈ നഗരം കൂടുതൽ സാർവ്വത്രികമാണ് എന്ന കാര്യം എടുത്തുപറഞ്ഞ പാപ്പാ, മുറാറിയ എന്ന നഗരഭാഗത്ത് അറുപതിലധികം രാജ്യങ്ങളിൽനിന്നുള്ള ആളുകൾ ഐക്യത്തോടെ താമസിക്കുന്നു എന്ന കാര്യം അനുസ്മരിച്ചു. പുതിയതും വിശാലവുമായ ചക്രവാളങ്ങളിലേക്ക് സ്വയം തുറക്കുവാനുള്ള പോർച്ചുഗലിന്റെ ആഗ്രഹത്തെയാണ് ഇത് കാണിക്കുന്നതെന്ന് പാപ്പാ പറഞ്ഞു.
ലിസ്ബണിൽനിന്ന് ഏറെയകലെയല്ലാതെ കാബോ ദ റോക്ക എന്ന നഗരത്തിൽ വാസ് ദേ കാമോസ് എന്ന കവി എഴുതിയ "ഇവിടെ കര അവസാനിക്കുകയും കടൽ ആരംഭിക്കുകയും ചെയ്യുന്നു" എന്ന വാചകം ഉദ്ധരിച്ചുകൊണ്ട്, പോർച്ചുഗൽ ഒരു കാലത്ത് ലോകത്തിന്റെ അറ്റമാണെന്ന് കരുതപ്പെട്ടിരുന്ന കാര്യം പാപ്പാ എടുത്തുപറഞ്ഞു. ഒരർത്ഥത്തിൽ അത് ശരിയാണുതാനും, കാരണം ഈ രാജ്യം കടലുമായി അതിര് പങ്കിടുന്നു. കടലിന് മുന്നിൽ പോർച്ചുഗീസുകാർ ആത്മാവിന്റെ അനന്തമായ ഇടങ്ങളെക്കുറിച്ചും, ലോകത്തിൽ ജീവന്റെ അർത്ഥത്തെക്കുറിച്ചുമാണ് ചിന്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചില ചിന്തകൾ പങ്കുവയ്ക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.
പൗരാണികശാസ്ത്രപ്രകാരം കടൽ ആകാശത്തിന്റെ പുത്രനാണ്. അതിന്റെ വിസ്തൃതി മർത്യരെ ഉയരങ്ങളിലേക്ക് കണ്ണുകളുയർത്തി അനന്തതയിലേക്ക് ഉയർത്തുവാൻ കാരണമാകുന്നു. അതേസമയം കടൽ മണ്ണിന്റെ പുത്രനാണ്. അത് ലോകത്തെ മുഴുവൻ ആലിംഗനം ചെയ്യുന്നു. കടൽ മനുഷ്യരെയും രാജ്യങ്ങളെയും മാത്രമല്ല, കരയെയും ഭൂഖണ്ഡങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നു. അങ്ങനെ കടലിന്റെ നഗരമായ ലിസ്ബൺ, ഒന്നായിരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ഓർമ്മിപ്പിക്കുന്നത്. അതിരുകൾ വേർതിരിവുകളുടെയല്ല, കണ്ടുമുട്ടലുകളുടെ ഇടങ്ങളാണ്. എന്നാൽ ഇന്ന് പൊതുവായ പ്രശ്നങ്ങൾക്ക് മുന്നിൽ ലോകം ഭിന്നിച്ചിരിക്കുന്നു. ഇന്നത്തെ ലോകത്ത് അനീതിയും യുദ്ധങ്ങളും കാലാവസ്ഥാപ്രതിസന്ധികളും, ഒരുമിച്ച് പ്രശ്നങ്ങളെ നേരിടാനുള്ള മനുഷ്യരുടെ കഴിവിനെയും ആഗ്രഹത്തെയുംകാൾ വലുതാണ്.
യൂറോപ്യൻ യൂണിയന്റെ സ്ഥാപനക്കരാറിൽ 2007-ൽ ലിസ്ബണിൽ വച്ച് ഒപ്പിട്ട ഭേദഗതിയുമായി ബന്ധപ്പെടുത്തി, നിലവിലെ വ്യവസ്ഥയ്ക്ക് ഒരു മാറ്റം നിർദ്ദേശിക്കാൻ ഈ നഗരത്തിന് കഴിയുമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. സമാധാനം പ്രോത്സാഹിപ്പിക്കുകയും, യൂറോപ്പിന്റെ മൂല്യങ്ങളും അതിലെ ജനതകളുടെ സുസ്ഥിതിയുമാണ് യൂറോപ്പിന്റെ ലക്‌ഷ്യം എന്നും, ലോകസമാധാനത്തിനും, ഭൂമിയുടെ സുസ്ഥിരവികസനത്തിനും, ജനതകൾ തമ്മിലുള്ള ഐക്യത്തിനും, സ്വാതന്ത്രവ്യവഹാരത്തിനും, ദാരിദ്ര്യനിർമ്മാർജ്ജനത്തിനും, മനുഷ്യാവകാശസംരക്ഷണത്തിനും പ്രാധാന്യം നൽകുക എന്നത് യൂറോപ്പിന്റെ കടമയാണെന്നും ഈ ഭേദഗതി കരാറിനെ അനുസ്മരിച്ചുകൊണ്ട് പാപ്പാ പറഞ്ഞു. ഇവ വെറും വാക്കുകളല്ല, മറിച്ച് യൂറോപ്യൻ സമൂഹത്തിന്റെ സഞ്ചാരത്തിന്റെ നാഴികക്കല്ലുകളാണ്.
പടിഞ്ഞാറ് ദിക്കിനെ സൂചിപ്പിക്കുന്ന ഒരു വാക്കിൽനിന്നാണ് യൂറോപ്പ് എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ യൂറോപ്പിന്റെ ഏറ്റവും പടിഞ്ഞാറുള്ള തലസ്ഥാനമാണ് ലിസ്ബൺ. ഇപ്പോൾ പോർച്ചുഗൽ ചെയ്തുകൊണ്ടിരിക്കുന്നതുപോലെ, ഒരേ ഭാഷ പങ്കിടുന്ന മറ്റു ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളുമായി കൂടുതൽ തുറന്ന കൂടിക്കാഴ്ചകൾ നടത്തുന്നതിന് രാജ്യം ഏവരെയും ക്ഷണിക്കുന്നുണ്ട്. യൂറോപ്പിന് സാർവത്രികമായ തുറന്ന മനസ്സുണ്ടാകുവാനുള്ള ഒരു പ്രേരണയായേക്കാം ലോകയുവജനദിനം എന്ന് താൻ ആശംസിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. ലോകത്തിന് ഇന്ന് പഴയ യൂറോപ്പിനെ ആവശ്യമുണ്ട്. അതിന്റെ കിഴക്ക്, പ്രത്യേകിച്ച്, മെഡിറ്ററേനിയൻ, ആഫ്രിക്കൻ രാജ്യങ്ങൾ, മധ്യപൂർവ്വദേശങ്ങൾ എന്നിവിടങ്ങളിൽ, സമാധാനനിർമ്മാതാവ് എന്ന നിലയിൽ യൂറോപ്പിന്റെ പങ്ക് പ്രത്യേകമായി പാപ്പാ എടുത്തുപറഞ്ഞു. ലോകസംഘർഷങ്ങളുടെ മുന്നിൽ അനുരഞ്ജനത്തിന്റെ നാളമുയർത്തി, നല്ലൊരു നാളെയെ സൃഷ്ടിക്കുവാനും, സമാധാനത്തിന്റെ ഒരു നയതന്ത്രം വികസിപ്പിക്കാനും യൂറോപ്പിന് സാധിക്കും.
സമാധാനമാർഗ്ഗങ്ങൾ ഇല്ലാത്ത കൊടുങ്കാറ്റുകളുടെ ഇടയിലൂടെയാണ് നാം സഞ്ചരിക്കുന്നത്. സമാധാനത്തിന്റെ പാതയിലല്ലെങ്കിൽ എങ്ങോട്ടാണ് നാം യാത്ര ചെയ്യുന്നതെന്ന് നമുക്ക് യൂറോപ്പിനോട് സ്നേഹത്തോടെ ചോദിക്കാം. ഉക്രൈൻ യുദ്ധവും നിരവധി സംഘർഷങ്ങളും അവസാനിപ്പിക്കാനുള്ള വഴികൾ ഒരുക്കുന്നില്ലെങ്കിൽ പാശ്ചാത്യനാടേ നീ എങ്ങോട്ടാണ് യാത്ര ചെയ്യുന്നത്? ലോകത്തെ ആഗോളവത്കരിച്ച സാങ്കേതികവിദ്യകളോ, സങ്കീർണ്ണമായ ആയുധങ്ങളോ അല്ല, ഭാവിയിലേക്കുള്ള മുതൽക്കൂട്ടാകുവാനായി യുദ്ധങ്ങൾ അവസാനിപ്പിക്കാനും, പ്രതീക്ഷയുടെ തിരിനാളം തെളിക്കാനും തന്റെ കഴവുപയോഗിക്കുന്ന ഒരു യൂറോപ്പിനെയാണ് താൻ സ്വപ്നം കാണുന്നതെന്ന് പാപ്പാ വ്യക്തമാക്കി. പ്രത്യയശാസ്ത്രങ്ങളും സിദ്ധാന്തങ്ങളും മുൻപോട്ട് വയ്ക്കുന്നതിന് പകരം, തന്റെ യുവത്വം തിരികെ കണ്ടെത്തുവാനും, ആളുകളെയും ജനതകളെയും ഉൾക്കൊള്ളുവാനും പരിശ്രമിക്കുന്ന ഒരു യൂറോപ്പ്. മക്കളുടെ ഭാവിക്കെന്നതിനേക്കാൾ ആയുധങ്ങൾക്കായി കൂടുതൽ നിക്ഷേപം നടത്തുന്നത് ആശങ്കാജനകമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ജീവന്റെ ഉത്ഭവത്തെയാണ് സമുദ്രം ഓർമ്മിപ്പിക്കുന്നത്. എന്നാൽ വികസിതമായ ഒരു ലോകത്ത് ജീവനെ സംരക്ഷിക്കുക എന്നത് ഒരു മുൻഗണനയായി മാറേണ്ടിയിരിക്കുന്നു. ജനിക്കാതെ പോയ കുട്ടികൾ, അവഗണിക്കപ്പെട്ട വയോധികർ, അഭയാർത്ഥികളായി വന്ന് നമ്മുടെ വാതിലിൽ മുട്ടുന്നവരെ സ്വീകരിക്കാനുള്ള മടി, കുട്ടികൾക്ക് ജന്മം നൽകാനും വളർത്താനും നിരവധി കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയവയെക്കുറിച്ച് പാപ്പാ സംസാരിച്ചു. വയോധികരെ തള്ളിക്കളഞ്ഞും, മുള്ളുവേലികൾ തീർത്ത മതിലുകൾ കൊണ്ടും, കടലിലെ കൂട്ടമരണങ്ങളും, ഒഴിഞ്ഞ പിള്ളത്തൊട്ടിലുകളുമായി എങ്ങോട്ടാണ് പോകുന്നതെന്ന് യൂറോപ്പിനോട് പാപ്പാ ചോദിച്ചു. ജീവിതത്തിന്റെ ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കുമ്പോൾ, കടൽജലം പോലെ കയ്പ്പേറിയ, തെറ്റായതും തിടുക്കത്തിലുള്ളതുമായ മാർഗ്ഗങ്ങൾ നൽകിക്കൊണ്ട് എങ്ങോട്ടാണ് നിങ്ങൾ പോകുന്നത്?
സമുദ്രത്താൽ ആശ്ലേഷിക്കപ്പെട്ട ലിസ്ബൺ നമുക്ക് പ്രത്യാശക്ക് കാരണമാണ്. ഈ നഗരത്തിലേക്ക് യുവജനസാഗരമാണ് ഒഴുകുന്നത്. ഇവരെ സ്വീകരിച്ച് എല്ലാം ഒരുക്കുന്നതിന് ആതിഥേയത്വം വഹിച്ച പോർച്ചുഗലിന് താൻ നന്ദി പറയുന്നുവെന്ന് പാപ്പാ പറഞ്ഞു. "യുവജനങ്ങൾക്കൊപ്പമായിരിക്കുമ്പോൾ ഒരുവൻ വൃദ്ധനാകുന്നില്ല" എന്ന പോർച്ചുഗീസ് ചൊല്ല് പാപ്പാ ആവർത്തിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വന്ന ഈ യുവജനങ്ങൾ ഐക്യത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീക്ഷകളാണ് വളർത്തിയെടുക്കുന്നത്. അവർ കോപത്തോടെയുള്ള പ്രതിഷേധത്തിനല്ല, സുവിശേഷത്തിന്റെ പ്രത്യാശ അറിയിക്കാനാണ് തെരുവുകളിൽ ഇറങ്ങിയിരിക്കുന്നത്. വിഭാഗീയതയുടെയും അതൃപ്തിയുടെയും അന്തരീക്ഷം ലോകത്ത് നിൽക്കുമ്പോഴും, ഒരുമിച്ച് കെട്ടിപ്പടുക്കാനുള്ള ഒരു അവസരമാണ് ലോകായുവജനദിനം. ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുന്ന മൂന്നിടങ്ങൾ പാപ്പാ എടുത്തുപറഞ്ഞു; പരിസ്ഥിതി, ഭാവി, സാഹോദര്യം.
പരിസ്ഥിതി: സൃഷ്ടലോകത്തിന്റെ സംരക്ഷണത്തിനായി യൂറോപ്പിനോപ്പം പോർച്ചുഗലും മാതൃകാപരമായ ശ്രമങ്ങൾ പങ്കിടുന്നു. ആഗോളതലത്തിൽ പ്രകൃതി മലിനീകരണം ഉളവാക്കുന്ന പ്രശ്നങ്ങളിലേക്ക് പാപ്പാ ശ്രദ്ധ ക്ഷണിച്ചു. സമുദ്രങ്ങൾ അമിതമായി ചൂടാകുന്നു, കടലിനെ പ്ലാസ്റ്റിക് മാലിന്യമേഖലയായി മാറ്റുന്നു, വരും തലമുറയെക്കുറിച്ച് ചിന്തയില്ലാതെ, പരിസ്ഥിതിയെ നശിപ്പിക്കുന്നു, അങ്ങനെ യുവാക്കൾക്ക് ഭാവി കെട്ടിപ്പടുക്കുവാൻ ആരോഗ്യകരമായ ഒരിടം നൽകാതെ, അവരിൽ വിശ്വസിക്കുന്നു എന്ന് എങ്ങനെ പറയാൻ സാധിക്കുമെന്ന് പാപ്പാ ചോദിച്ചു. നമ്മെക്കാൾ വലിയ ഒരു ഇടവുമായി ഐക്യത്തിൽ പോകുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന് സമുദ്രം നമ്മെ ഓർമ്മിപ്പിക്കുന്നു.
ഭാവി: ഭാവിയാണ് രണ്ടാമത്തെ പ്രവർത്തനവേദി. ഭാവി യുവാക്കളാണ്. എന്നാൽ ജോലിയുടെ അഭാവം, ജീവിതച്ചിലവിലെ വർദ്ധനവ്, കുടുംബം തുടങ്ങുന്നതിനും കുട്ടികൾക്ക് ജന്മം നല്കുന്നതിനുമുള്ള ഭയം തുടങ്ങി നിരവധി കാര്യങ്ങൾ അവരെ നിരുത്സാഹപ്പെടുത്തുന്നു. കുട്ടികളുടെ ജനനത്തിൽ യൂറോപ്പിലും പൊതുവെ പാശ്ചാത്യരാജ്യങ്ങളിലും ഉള്ള കുറവ് ഭയാനകമാണെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. സാങ്കേതികവിദ്യയിലും, സുഖസൗകര്യങ്ങളിലും ഉള്ള വികസനമാണ് പുരോഗതി എന്ന് പലരും കരുതുന്നു. എന്നാൽ ജനനനിരക്കിലുള്ള കുറവിനെ പ്രതിരോധിക്കേണ്ടതുണ്ട്. നല്ല രാഷ്ട്രീയ തീരുമാനങ്ങൾക്ക് ഇതിനായി പ്രവർത്തിക്കാനാകും. അധികാരം കൈയ്യടക്കുക എന്നതിനേക്കാൾ ജനങ്ങൾക്ക് പ്രതീക്ഷിക്കാനുള്ള ശക്തി നൽകുകയാണ് ചെയ്യേണ്ടത്. സമ്പത്ത് ഉത്പാദിപ്പിക്കപ്പെടുമ്പോഴും, അതിന്റെ ശരിയായ വിതരണം ഉണ്ടാകാത്തത് സാമ്പത്തിക അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നുണ്ട്. മനുഷ്യരിലെ മതപരമായ പ്രതീക്ഷകളെ വിലമതിക്കാനും സാമൂഹികസൗഹൃദം വളർത്താനും വിദ്യാഭ്യാസം കൊണ്ട് സാധിക്കണം.
സാഹോദര്യം: പ്രത്യാശയുടെ അവസാന പ്രവർത്തിമേഖല സഹോദര്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ക്രൈസ്തവരായ നാം ഇത് ക്രിസ്തുവിൽനിന്നാണ് പഠിക്കുന്നത്. പോർച്ചുഗലിൽ പലയിടങ്ങളിലും അയല്പക്കചിന്തയും ഐക്യദാർഢ്യവും സജീവമാണ്. എന്നാൽ നമുക്ക് സഹോദര്യസാമീപ്യം നൽകുന്നതിന് പകരം അടുത്തുനിറുത്തുക മാത്രം ചെയ്യുന്ന ആഗോളവത്കരണത്തിന്റെ പശ്ചാത്തലത്തിൽ, സാമൂഹ്യബോധം വളർത്തിയെടുക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. വൈരുദ്ധ്യങ്ങളും വീക്ഷണവ്യത്യാസങ്ങളും ഉപേക്ഷിച്ച് പൊതുനന്മയ്ക്കായി പ്രവർത്തിക്കുന്നതിൻറെയും നമ്മെത്തന്നെ സഹോദരങ്ങൾ എന്ന നിലയിൽ തിരിച്ചറിയുന്നതിന്റെയും പ്രാധാന്യം പാപ്പാ എടുത്തുപറഞ്ഞു. സമാധാനത്തിനായുള്ള നിലവിളിയും, ജീവിതത്തോടുള്ള സ്നേഹവും കൊണ്ട്, അഭിപ്രായങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ കെട്ടിയുയർത്തിയ മതിലുകൾ തകർക്കുന്ന യുവജനങ്ങളുടെ ഉദാഹരണം ഇവിടെ കാണാമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മറ്റുള്ളവർക്കായി പ്രവർത്തിച്ചുകൊണ്ട്, സുവിശേഷത്തിന്റെ പ്രേരണയാൽ, മറ്റുള്ളവരുമായി ചേർന്ന് പ്രവർത്തിക്കുകയും, വയോധികരെ സന്ദർശിക്കുകയും ചെയ്യുന്ന മിസ്സാവോ പൈസ് സംരംഭത്തെ പാപ്പാ പ്രത്യേകമായി പരാമർശിച്ചു. അതുപോലെ മറ്റുള്ളവരുടെ മുന്നിൽ പ്രദർശിപ്പിക്കാതെ, ഒരുപാട് നന്മകൾ ചെയ്യുന്ന സഭയെ പാപ്പാ അഭിനന്ദിച്ചു. ഈ രാജ്യത്തിനും ലോകത്തിന് മുഴുവനും പ്രത്യാശ നൽകുവാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന ബോധ്യത്തോടെ ജീവിക്കാൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. ദൈവം പോർച്ചുഗലിനെ അനുഗ്രഹിക്കട്ടെ എന്ന വാക്കുകളോടെയാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: