ക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരിക്കുക, അവന്റെ വചനമനുസരിച്ച് ജീവിക്കുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
അഭിവന്ദ്യ പിതാക്കന്മാരെയും സമർപ്പിതരെയും അൽമായരെയും അഭിവാദനം ചെയ്‌ത പരിശുദ്ധ പിതാവ്, യുവജനങ്ങൾക്കൊപ്പം ലോകയുവജനദിനം ആഘോഷിക്കുവാൻ കഴിയുന്നതിലെ തന്റെ സന്തോഷം അറിയിച്ചും, തനിക്ക് സ്വാഗതമേകിയ അഭിവന്ദ്യ ഹോസെ, ഒർനെലാസിന് നന്ദിയേകിയുമാണ് തന്റെ പ്രഭാഷണം ആരംഭിച്ചത്.
പഴയ പാരമ്പര്യങ്ങളുടെയും വലിയ മാറ്റങ്ങളുടെയും, പോർച്ചുഗൽ സമുദ്രത്തിന്റെ മനോഹാരിത അതിരുപങ്കിടുന്നതാണെന്നും, ഇത് ഗലീലിക്കടലിന്റെ തീരത്ത് തന്റെ ശിഷ്യന്മാർക്ക് യേശു നൽകുന്ന വിളിയെയാണ് തന്നെ ഓർമ്മിപ്പിക്കുന്നതെന്നും പാപ്പാ പറഞ്ഞു. ഇതുമായി ബന്ധപ്പെടുത്തി, സായാഹ്നപ്രാർത്ഥനയിൽ വായിക്കപ്പെട്ട തിമോത്തിയോസിനുള്ള രണ്ടാം ലേഖനത്തിൽ കാണുന്നതുപോലെ, നമ്മുടെ പ്രവൃത്തികളുടെ അടിസ്ഥാനത്തിലല്ല, ദൈവത്തിന്റെ കൃപയാലാണ് നാം വിളിക്കപ്പെട്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ശിമെയോന്റെ വള്ളത്തിൽ കയറിയ യേശു ജനക്കൂട്ടത്തോട് സംസാരിച്ചതിന് ശേഷം, ആഴത്തിൽ വലയിറക്കാൻ ശിമയോനോട് ആവശ്യപ്പെടുന്നു. രണ്ടു കൂട്ടരുടെയും പ്രവൃത്തികളിൽ വ്യത്യാസമുണ്ട്. ശിഷ്യന്മാർ വള്ളത്തിൽനിന്ന് ഇറങ്ങി വല വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രമിക്കുന്നു, യേശുവാകട്ടെ, വീണ്ടും വലയിറക്കാൻ ആവശ്യപ്പെടുന്നു.
വലകൾ വൃത്തിയാക്കുന്ന ശിഷ്യന്മാരെ കണ്ട് യേശു അവിടെ നിൽക്കുന്നു. അല്പം മുൻപാണ് നസ്രത്തിലെ സിനഗോഗിൽ പ്രസംഗിച്ചുകൊണ്ടിരുന്ന അവനെ സ്വന്തം നാട്ടുകാർ പുറത്താക്കുകയും കൊല്ലുവാൻ പരിശ്രമിക്കുകയും ചെയ്‌തത്. അപ്പോൾ അവൻ ജനങ്ങൾക്കിടയിൽ വഴികളിലേക്കിറങ്ങി വചനം പ്രഘോഷിക്കാൻ തുടങ്ങി. ആളുകൾ ജീവിക്കുവാൻവേണ്ടി അധ്വാനിക്കുന്ന, ശിമെയോനെപ്പോലെ ഒരു മത്സ്യം പോലും ലഭിക്കാത്ത, പരാജയങ്ങളുടെയും വീഴ്ചകളുടെയും എന്നാൽ പ്രതീക്ഷയുടെയും ഇടങ്ങളിലാണ് യേശു സുവിശേഷം അറിയിക്കാൻ ആഗ്രഹിക്കുന്നത്. യേശു ശിമെയോനെ കരുണയോടെ നോക്കുന്നു.
സഭയുടെ ജീവിതത്തിലും ഇതുപോലെയുള്ള ഒരു തളർച്ച പലപ്പോഴും നമുക്ക് അനുഭവിക്കാൻ സാധിക്കും. പ്രത്യേകിച്ച് പുരാതനക്രൈസ്തവപാരമ്പര്യം ഉള്ള രാജ്യങ്ങളിൽ, സാമൂഹിക, സാംസ്‌കാരിക മാറ്റങ്ങളും, ദൈവത്തിനു നേരെയുള്ള നിസംഗതയും, വിശ്വാസപരിശീലനത്തിൽനിന്നുള്ള അകലവും കാരണമാകാം ഇത് സംഭവിക്കുന്നത്. ഇത്തരം ഒരു അവസ്ഥയിൽ, സഭയോട് വിരോധം പുലർത്തുന്ന ആളുകളുടെ പെരുമാറ്റവും, ചിലപ്പോഴെങ്കിലും നമ്മുടെ മോശം സാക്ഷ്യവും കാരണം സഭയുടെ മുഖം വികലമായിട്ടുണ്ട്. ഇത് തുടർച്ചയായ ഒരു ശുചീകരണത്തിന് നമ്മെ ക്ഷണിക്കുന്നുണ്ട്. അധൈര്യരാകുമ്പോൾ ഉണ്ടാകുന്ന പ്രലോഭനം, വള്ളത്തിൽനിന്ന് ഇറങ്ങാനും, നിരാശയുടെയും അശുഭാപ്തിവിശ്വാസത്തിന്റെയും വലകളിൽ കുടുങ്ങിക്കിടക്കാനുമാണ്. എന്നാൽ നാം നമ്മുടെ അധ്വാനവും കണ്ണീരും ദൈവത്തിങ്കലേക്കു കൊണ്ടുപോകേണ്ടതുണ്ട്. അജപാലന, ആധ്യാത്മിക മേഖലകളിൽ ഇത്തരം അനുഭവങ്ങളുടെ മുന്നിൽ, യേശു തന്റെ മണവാട്ടിയായ സഭയെ കൈപിടിച്ചുയർത്തുമെന്ന വിശ്വാസത്തോടെ, പുതിയ വഴികൾ തേടേണ്ടതുണ്ട്.
ശിഷ്യന്മാർ വള്ളത്തിൽനിന്ന് ഇറങ്ങുമ്പോൾ യേശു വള്ളത്തിലേക്ക് കയറുകയും വീണ്ടും വലയിറക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. സഭയിലും ഇതുതന്നെയാണ് നടക്കുന്നത്. യേശു ചോദിക്കുന്നത്, നിങ്ങൾക്ക് വള്ളത്തിൽനിന്ന് ഇറങ്ങി നിരാശയിലേക്ക് കൂപ്പുകുത്താനാണോ അതോ എന്നെ വള്ളത്തിലേക്ക് കയറാനനുവദിച്ച്, എന്റെ വചനത്തിന്റെ പുതുമ, അമരക്കാരൻ അനുവദിക്കാനാണോ ആഗ്രഹം എന്നതാണ്. സുവിശേഷത്തിന് വേണ്ടിയുള്ള അസ്വസ്ഥത നമ്മിൽ വീണ്ടും ഉയർത്തുവാനാണ് കർത്താവ് ആവശ്യപ്പെടുന്നത്. നാം വിളിക്കപ്പെട്ടിരിക്കുന്നത് വീണ്ടും വലയിറക്കാനും, സുവിശേഷത്തിന്റെ പ്രത്യാശ കൊണ്ട് ലോകത്തെ ആലിംഗനം ചെയ്യാനുമാണ്. സുവിശേഷവത്കരണത്തിന്റെയും മിഷന്റെയും കടലിലേക്കിറങ്ങാൻ കർത്താവ് നൽകുന്ന അവസരമാണിത്.
സുവിശേഷവത്കരണത്തിനായി വചനത്താൽ പ്രേരിതമായ ചില തിരഞ്ഞെടുപ്പുകൾ പാപ്പാ നിർദ്ദേശിച്ചു.
ഒന്നാമതായി ആഴക്കടലിലേക്ക് നീങ്ങുക. നമ്മുടെ ദുഃഖങ്ങളിൽനിന്നും, നിരാശയിൽനിന്നും മാറി, ശിമെയോനെപ്പോലെ, "നീ പറഞ്ഞതനുസരിച്ച് ഞാൻ വലയിറക്കാം" എന്ന മനോഭാവത്തോടെ മുൻപോട്ട് പോകാൻ പരിശ്രമിക്കണം. വാക്കുകൾ മാത്രം പോരാ, ധാരാളം പ്രാർത്ഥനയും, ആരാധനയും സുവിശേഷവത്കരണത്തിന് ആവശ്യമാണ്. സുവിശേഷം എല്ലാവരിലേക്കും എത്തുക എന്ന ആഗ്രഹമായിരിക്കണം നമ്മെ നയിക്കുന്നത്. ലിസ്ബണിൽനിന്ന് ഇന്ത്യയിലെത്തി, ഇന്ത്യക്കാരെപോലെ വസ്ത്രധാരണം നടത്തി, യേശുവിനെ അറിയിച്ച വിശുദ്ധ ജോൺ ദേ ബ്രിട്ടോയുടെ ഉദാഹരണം പാപ്പാ എടുത്തുകാട്ടി. തുറന്ന കടലിലേക്ക് ഇറങ്ങാൻ നമുക്കും ഭയക്കാതിരിക്കാം, കാരണം യേശു നമ്മുടെ സഹായത്തിനുണ്ട്.
ഒരുമിച്ച് അജപാലനം നടത്തുക എന്ന കാര്യമാണ് രണ്ടാമതായി പാപ്പാ നിർദ്ദേശിച്ചത്. പത്രോസാണ് വെള്ളത്തെ നയിച്ചതെങ്കിലും എല്ലാവരോടും ഒരുമിച്ച് വലയിറക്കാനാണ് യേശു ആവശ്യപ്പെട്ടത്. ധാരാളം മത്സ്യങ്ങൾ ലഭിച്ചപ്പോഴും, തങ്ങളുടേത് എന്ന രീതിയിൽ അവ മാറ്റിവയ്ക്കുകയല്ല, മറ്റുള്ളവരെക്കൂടി സഹായത്തിന് വിളിക്കുകയാണ് ശിഷ്യന്മാർ ചെയ്‌തത്. രണ്ടു വള്ളങ്ങളാണ് അവർ നിറച്ചത്. ഇത് ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. സഭ സിനഡൽ സഭയാണ്, പരസ്പരസഹായത്തിന്റേതും ഒരുമിച്ചുളള സഞ്ചാരത്തിന്റേതുമാണ്. സമർപ്പിതരുടെ എണ്ണം കുറയുകയും, അവർ ക്ഷീണിതരാവുകയും ചെയ്യുമ്പോൾ അല്മയർക്ക് സഭയിൽ സഹായിക്കാനുള്ള സാധ്യതയുണ്ട്. ഒരു മെത്രാനോ, വൈദികനോ ഒറ്റയ്ക്കല്ല, ദൈവജനത്തിനൊപ്പം ഒരുമിച്ചാണ് പ്രവർത്തിക്കേണ്ടത്.
മനുഷ്യരെ പിടിക്കുന്നവരാകുക എന്ന തിരഞ്ഞെടുപ്പാണ് നമുക്ക് മുൻപിലുള്ള മൂന്നാമത്തെ കാര്യമെന്ന് പാപ്പാ പറഞ്ഞു. പലപ്പോഴും വചനത്തിൽ കടൽ തിന്മയുടെ ഇടമയാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ കടലിൽനിന്ന് മനുഷ്യരെ പിടിക്കുകയെന്നാൽ അവരെ ആഴക്കടലിൽനിന്ന് രക്ഷപെടുത്തുക എന്നതാണ് അർത്ഥമാക്കുന്നത്. മറ്റുള്ളവർക്ക് നേരെ കുറ്റപ്പെടുത്തലിന്റെ വിരൽ ചൂണ്ടാതെ, അവർക്ക് നമ്മുടെ സമയവും, യേശുവിലുള്ള പുതുജീവിതവും നൽകുകയാണ് വേണ്ടത്. കൊടുങ്കാറ്റിലും ആഴക്കടലിലും പെട്ടവർക്ക് സുരക്ഷിതമായ ഒരു തീരമായി പോർച്ചുഗലിലെ സഭ മാറട്ടെ.
യുവജനങ്ങളെ ഫാത്തിമാ മാതാവിന്റെയും, പോർച്ചുഗലിലെ മാലാഖയുടെയും, വിശുദ്ധ അന്തോണീസിന്റേയും സംരക്ഷണത്തിന് സമർപ്പിച്ചും തനിക്കുവേണ്ടി പ്രാർത്ഥനകൾ ആവശ്യപ്പെടുകയും ചെയ്‌തുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: