ഹൃദയമിടിപ്പുകളിലേക്ക് കാതുകൾ തിരിക്കുക: ഫ്രാൻസിസ് പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
അമ്മമാരുടെയും മുത്തശ്ശിമാരുടെയും പ്രകൃതിയുടെയും ദൈവത്തിന്റെയും തങ്ങളുടെതന്നെയും ഹൃദയമിടിപ്പുകൾക്കായി കാതോർക്കാമെന്ന് ഫ്രാൻസിസ് പാപ്പാ. സെപ്റ്റംബർ ഒന്ന് മുതൽ നാലുവരെ തീയതികളിൽ പ്രകൃതിസംരക്ഷണത്തിനായി "സൃഷ്ടിയുടെ സമയം" എന്ന സംരംഭം നടക്കുന്ന അവസരത്തിലാണ് ഈ ഭൂമിയിലെ ഹൃദയമിടിപ്പുകളെക്കൂടി ശ്രവിക്കാൻ സമയം കണ്ടെത്താൻ പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തത്.
"നാളെ ആരംഭിക്കുന്ന "സൃഷ്ടിയുടെ സമയത്ത്" ഈ ഹൃദയമിടിപ്പുകൾക്കായി നമുക്ക് കാതോർക്കാം: നമ്മുടെയും, അമ്മമാരുടെയും, മുത്തശ്ശിമാരുടെയും, സൃഷ്ടിയുടെയും ദൈവത്തിന്റെയും ഹൃദയമിടിപ്പുകൾ" എന്നായിരുന്നു പരിശുദ്ധ പിതാവ് ട്വിറ്ററിൽ കുറിച്ചത്.
IT: In questo #TempoDelCreato, che comincia domani, soffermiamoci su questi battiti del cuore: il nostro, quello delle nostre madri e delle nostre nonne, il battito del cuore del creato e del cuore di Dio. https://seasonofcreation.org/it/
EN: In this #SeasonofCreation, which begins tomorrow, let us think about these heartbeats: our own, those of our mothers and grandmothers, the heartbeat of creation and of God's heart. https://seasonofcreation.org
"സൃഷ്ടിയുടെ സമയം" (#SeasonofCreation) എന്ന ഹാഷ്‌ടാഗോടുകൂടിയായിരുന്നു പാപ്പായുടെ സന്ദേശം.
"സൃഷ്ടിയുടെ സമയം" എന്ന പേരിൽ, നമ്മുടെ പൊതുഭവനമായ ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിറുത്തുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്തിന്റെ ഭാഗമായാണ് പാപ്പാ ഇത്തരമൊരു സന്ദേശം നൽകിയത്.
1989-ൽ എക്യൂമെനിക്കൽ പാത്രിയർക്കാ ദിമിത്രിയോസ് ഒന്നാമൻ സെപ്റ്റംബർ ഒന്ന് പ്രകൃതിക്കുവേണ്ടിയുള്ള പ്രാർത്ഥനാദിനമായി ആചരിക്കുവാൻ നീക്കിവച്ചതിനെത്തുടർന്നാണ് ഇത്തരമൊരു ആശയം നിലവിൽവന്നത്. പിന്നീട് സഭകളുടെ ആഗോള ഉപദേശകസമിതിയുടെ അഭിപ്രായപ്രകാരം ഇത് സെപ്റ്റംബർ ഒന്ന് മുതൽ നാലുവരെ തീയതികളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
2015-ൽ ഫ്രാൻസിസ് പാപ്പായാണ് ഈ ഒരു തുടക്കം കത്തോലിക്കാസഭയിലേക്കും സ്വീകരിച്ചത്.
5 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: