തിരയുക

സന്നദ്ധസേവനപ്രവർത്തകർക്കൊപ്പം പാപ്പാ സന്നദ്ധസേവനപ്രവർത്തകർക്കൊപ്പം പാപ്പാ  (VATICAN MEDIA Divisione Foto)

യുവസന്നദ്ധസേവകർക്ക് നന്ദി പറഞ്ഞും, സേവനത്തിൽ തുടരാൻ ആഹ്വാനം ചെയ്തും ഫ്രാൻസിസ് പാപ്പാ

ലിസ്ബണിൽ നടന്ന ലോകായുവജനദിനാഘോഷങ്ങളിൽ സന്നദ്ധസേവനം നടത്തിയ യുവജനങ്ങൾക്ക് ഫ്രാൻസിസ് പാപ്പാ ഓഗസ്റ്റ് 6 ഞായറാഴ്‌ച വൈകുന്നേരം അനുവദിച്ച കൂടിക്കാഴ്ചയിൽ, അവരുടെ സേവനങ്ങൾക്ക് നന്ദി പറഞ്ഞ പാപ്പാ, ലോകത്ത് സ്നേഹത്തിന്റെയും ഒരുമയുടെയും ചൈതന്യത്തിൽ സേവനം തുടരുവാനും, നന്മയിൽ മുന്നേറുവാനും ഏവരെയും ആഹ്വാനം ചെയ്തു.
ഫ്രാൻസിസ് പാപ്പായുടെ പ്രഭാഷണത്തിന്റെ മലയാളത്തിലുള്ള സംഗ്രഹം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

പ്രിയ സ്നേഹിതരെ, ശുഭദിനം, നന്ദി എന്ന അഭിവാദ്യത്തോടെയാണ് ലോകായുവജനദിനത്തിൽ സന്നദ്ധസേവനപ്രവർത്തനം നടത്തിയ യുവജനങ്ങളെ പാപ്പാ അഭിസംബോധന ചെയ്തത്. ലിസ്ബൺ പാത്രിയർക്കീസ്, അഭിവന്ദ്യ അഗ്വിയാർ, സന്നദ്ധസേവകർ തുടങ്ങിയവർ നന്നായി അധ്വാനിച്ചെന്നും, അങ്ങനെ ഈ ദിനങ്ങൾ അവിസ്മരണീയങ്ങളാക്കി മാറ്റുവാൻ നിങ്ങൾക്ക് സാധിച്ചുവെന്നും പാപ്പാ പറഞ്ഞു. മാസങ്ങളോളം, മറ്റുള്ളവരുടെ മുന്നിൽ കാണിക്കുക എന്ന ലക്ഷ്യമില്ലാതെ, നിങ്ങൾ അധ്വാനിച്ചു. "യേശു ഞങ്ങളെ ഒറ്റയ്ക്കാക്കി വിടുന്നില്ല, ഞങ്ങൾ സ്നേഹിക്കുന്നതിന് അറുതിവരുത്തില്ല" എന്ന് ഇവിടെ ഒരുമിച്ച് കൂടി പാടാൻ അതുകൊണ്ടാണ് നമുക്ക് സാധിച്ചത്. മാത്രവുമല്ല, എങ്ങനെയാണ് ഒരു ടീമായി പ്രവർത്തിക്കുക എന്നതിന് മാതൃകകൂടിയാണ് നിങ്ങൾ നൽകിയത്. എന്നാൽ നിങ്ങളുടേത് ഒരു ജോലി എന്നതിനേക്കാൾ ഒരു സേവനമായിരുന്നു, അതിന് നന്ദി എന്ന് പാപ്പാ പറഞ്ഞു.

സേവനം ചെയ്യുന്നതിലുള്ള സന്തോഷം പങ്കുവയ്ക്കുന്നതിന്റെ അത്യാവശ്യം മനസ്സിലാക്കിക്കൊണ്ട്, എലിസബത്തിനെ സേവിക്കാനായി പരിശുദ്ധ അമ്മ "തിടുക്കത്തിൽ യാത്രയായ" അതേ സേവനരീതിയാണ് നിങ്ങളുടേതും. നമുക്ക് സക്കേവൂസിനെക്കുറിച്ചും ചിന്തിക്കാമെന്ന് പാപ്പാ പറഞ്ഞു. യേശുവിനെ കണ്ടുമുട്ടാനായി അവൻ വൃക്ഷത്തിൽനിന്നും തിടുക്കത്തിൽ ഇറങ്ങുന്നു. അവനെ എന്തോ ഒന്ന് സ്പർശിച്ചിരുന്നു. അവന് യേശുവിനെ കാണാനും, അവനെ തന്റെ ഭവനത്തിൽ സ്വീകരിക്കാനും ആഗ്രഹമുണ്ടായിരുന്നു (Luke 19, 6). ക്രിസ്തു ഉയർത്തെണീറ്റു എന്ന് അറിയിക്കാനായി കല്ലറയിൽനിന്ന് ഊട്ടുശാലയിലേക്ക് ഓടുന്ന സ്ത്രീകളിലേക്കും ശിഷ്യന്മാരിലേക്കും പാപ്പാ ശ്രദ്ധ ക്ഷണിച്ചു (John 20,1-18). സ്നേഹിക്കുന്നവർ കൈയിൽ കൈ വച്ച് വെറുതെയിരിക്കുകയല്ല, മറിച്ച് അവർ ശുശ്രൂഷിക്കാനും, മറ്റുള്ളവർക്കുള്ള സേവനത്തിനായും ഓടുകയാണ്. നിങ്ങളും ഈ മാസങ്ങളിൽ ധാരാളം ഓടി എന്ന് യുവജനങ്ങളോട് പാപ്പാ പറഞ്ഞു.

ഞാൻ ഈ ദിവസങ്ങളിൽ നിങ്ങളെ ശ്രദ്ധിക്കുകയായിരുന്നു പാപ്പാ തുടർന്നു. ഒരായിരം ആവശ്യങ്ങളുടെ മുന്നിൽ നിങ്ങൾ ചിലപ്പോൾ ക്ഷീണിച്ച മുഖവും, ഓരോ സമയത്തുമുള്ള തിരക്കുകളുമായി ഓടിനടന്ന് സേവനം ചെയ്തപ്പോഴും നിങ്ങൾക്ക് തിളക്കമുള്ള കണ്ണുകളാണുണ്ടായിരുന്നതെന്ന് ഞാൻ ശ്രദ്ധിച്ചു; അത് സേവനത്തിലുള്ള സന്തോഷത്താൽ തിളങ്ങുന്ന കണ്ണുകളായിരുന്നു. അജ്ഞാതനായ ഒരാൾക്ക് കൊടുക്കുന്ന ഒരു കുപ്പി വെള്ളത്തിലൂടെ, നിങ്ങളുടെ ചെറിയ കാര്യങ്ങളിലൂടെ, നിങ്ങൾ വലിയ കാര്യങ്ങളാണ് ചെയ്തത്, അതുവഴി നിങ്ങൾ ഈ ലോകയുവജനദിനം സാധ്യമാക്കി. ഇത് സൗഹൃദം സൃഷ്ടിക്കും. ലോകത്ത്, ചിലപ്പോഴെങ്കിലും ആളുകൾ ലക്ഷ്യമില്ലാതെ ഓടുന്നതുപോലെയല്ല നിങ്ങൾ ഓടിനടന്നത്. നിങ്ങൾ മറ്റൊരുരീതിയിൽ, ക്രിസ്തുനാമത്തിൽ മറ്റുള്ളവരെ സേവിക്കാനായി, അവരെ കണ്ടുമുട്ടാനായാണ് സമയം വിനിയോഗിച്ചതെന്ന് പാപ്പാ സാക്ഷ്യപ്പെടുത്തി. നിങ്ങൾ ലിസ്ബണിൽ വന്നത് സേവിക്കാനാണ്, സേവിക്കപ്പെടാനല്ല എന്ന് പറഞ്ഞ പാപ്പാ, യുവജനങ്ങൾക്ക് നന്ദി പറഞ്ഞു.

ഇനി നിങ്ങൾ നിങ്ങളുടെ നല്ല സാക്ഷ്യങ്ങളിലൂടെ ഞങ്ങളോട് പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർ അറിയാനായി, ഞാൻ നിങ്ങളെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു. ക്യാര, ഫ്രാൻസിസ്, ഫിലിപ്പ് എന്നീ മൂന്ന് യുവാക്കൾ നൽകിയ ക്രിസ്തുവുമായുളള അവരുടെ പ്രത്യേകമായ കണ്ടുമുട്ടലിനെക്കുറിച്ചുള്ള സാക്ഷ്യങ്ങളെ ആധാരമാക്കിയാണ് പാപ്പാ തുടർന്നത്. ഏറ്റവും മനോഹരവും, മറ്റുള്ള കണ്ടുമുട്ടലുകൾക്ക് പ്രേരകമാകുന്നതും, ഗൗരവതരമായി മുന്നോട്ട് പോകാൻ കാരണമാകുന്നതും യേശുവുമായുള്ള കണ്ടുമുട്ടലാണെന്ന് നിങ്ങൾ ഞങ്ങളെ അനുസ്‌മരിപ്പിച്ചു. ഇതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടുമുട്ടൽ. യേശുവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടൽ അനുദിനം പുതുക്കുന്നതാണ് ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രം. ബുദ്ധിയിൽ മാത്രമല്ല, ഹൃദയത്തിലും ഈ ബന്ധം പുതുമയുള്ളതായി കാത്തുസൂക്ഷിക്കാനായി ഈ ബന്ധം പുതുക്കേണ്ടതുണ്ട്. അങ്ങനെ യേശുവിനോട് പറയുന്ന ഒരു കൊച്ചു സമ്മതം ജീവിതത്തെ മാറ്റാൻ പോന്നതാണെന്ന് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ സേവനത്തിനായി മറ്റുള്ളവരോട് പറയുന്ന സമ്മതങ്ങളും നല്ലതാണ്. തളർച്ചയുടെ നിമിഷങ്ങളിലും, മറ്റുള്ളവരെ സേവിക്കാൻവേണ്ടി നിങ്ങൾ വീണ്ടും തയ്യാറാവുകയും സമ്മതം നൽകിക്കൊണ്ട് വീണ്ടും എഴുന്നേൽക്കുകയും ചെയ്തു. ഇതിനായി നിങ്ങൾക്ക് നന്ദി എന്ന് പാപ്പാ പറഞ്ഞു.

മുൻപ് സാക്ഷ്യമേകിയവരെ വിളിച്ചുകൊണ്ട് പാപ്പാ ഇങ്ങനെ പറഞ്ഞു. ഫ്രാൻസിസ് ഇവിടെ നീ അന്വേഷിക്കാതിരുന്ന, എന്നാൽ നിനക്ക് ആവശ്യമുണ്ടായിരുന്ന ഒന്ന് നിനക്ക് ലഭിച്ചുവെന്ന് നീ പറഞ്ഞു. മറ്റുള്ളവർക്കൊപ്പം നടക്കുകയും, ജോലിചെയ്യുകയും, പ്രാർത്ഥിക്കുകയും ചെയ്തപ്പോൾ, നിന്റെ ജീവിതത്തിലെ അലങ്കോലങ്ങളാലും, ഭൂതകാലത്തിലെ വിരിക്കാത്ത കിടക്കളാലും, നിന്റെ ജീവിതത്തെ തടവിൽ ഉപേക്ഷിക്കാനാകില്ലെന്നും, അപൂർണ്ണതയുടെ ചിന്തകളാൽ ഹൃദയത്തെ വേദനിപ്പിച്ചുകൊണ്ട് ജീവിക്കാനാകില്ലെന്നും, മറിച്ച് യേശുവിന്റെയും സഹോദരങ്ങളുടെയും സഹായത്തോടെ, നിനക്ക് നിന്റെ ജീവിതത്തിന്റെ മുറി ക്രമപ്പെടുത്താൻ ഒരു അവസരം ലഭിക്കുകയായിരുന്നുവെന്നും നിനക്ക് മനസ്സിലായി. ഇത് മനോഹരമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഈ ദിനം ഏറെ ഉപകാരപ്രദമാണ്, കാരണം ജീവിതത്തിൽ ഒരു ക്രമം കൊണ്ടുവരാൻ ഇത് സഹായിക്കും. എന്നാൽ ഇത് ഈ ദിനം കൊണ്ടല്ല, മറിച്ച്, നമ്മുടെ അരികിലായി നടക്കുന്ന, നമുക്ക് തന്നെത്തന്നെ കാണിച്ചുതരുന്ന യേശുവിനാലാണത്. നമ്മുടെ ജീവിതത്തിൽ ഒരു ക്രമമുണ്ടാകാൻ, വസ്തുക്കളോ, അശ്രദ്ധയോ, പണമോ അല്ല വേണ്ടത്, മറിച്ച് നമ്മുടെ ഹൃദയം വലുതാക്കുകയാണ് വേണ്ടത്. നിങ്ങൾ നിങ്ങളുടെ ഹൃദയം വലുതാക്കുന്നെങ്കിൽ, നിങ്ങളുടെ ജീവിതത്തിന് നിങ്ങൾ ഒരു ക്രമമുണ്ടാക്കും. നിങ്ങൾ ഭയപ്പെടേണ്ട, നിങ്ങളുടെ ഹൃദയങ്ങളെ വിസ്തൃതമാക്കൂ എന്ന് പാപ്പാ ആഹ്വാനം ചെയ്തു.

     അവസാനമായി ഫിലിപ്പ് എന്ന യുവാവിനെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പാ തുടർന്നു. നീ പങ്കിട്ട ഒരുപാട് കാര്യങ്ങളിൽ പറഞ്ഞ ഒരു കാര്യം, അതായത്, ഇവിടെ നീ രണ്ട് തരം കണ്ടുമുട്ടലുകളിലൂടെ കടന്നുപോയി എന്നത്, അടിവരയിട്ട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. യേശുവും മറ്റുള്ളവരുമായുള്ള കണ്ടുമുട്ടലുകളാണത്. ഇത് ഏറെ പ്രധാനപ്പെട്ടതാണെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. യേശുവുമായുള്ള കണ്ടുമുട്ടൽ ഏറെ വ്യക്തിപരവും, അനന്യവും, കുറച്ചുമാത്രം മറ്റുള്ളവരോട് വിവരിക്കാനും വിശദീകരിക്കാനും സാധിക്കുന്നതുമാണ്. എന്നാൽ ഇത് സാധ്യമാകുന്നത് മറ്റുള്ളവർക്കൊപ്പം നടത്തുന്ന സഞ്ചാരത്താലും, മറ്റുള്ളവരുടെ മദ്ധ്യസ്ഥതയാലുമാണ്. യേശുവിനെ കണ്ടുമുട്ടുകയെന്നാൽ മറ്റുള്ളവർക്കായുള്ള സേവനം കണ്ടുമുട്ടുകയെന്നാണ് അർത്ഥം.

     സുഹൃത്തുക്കളെ, അവസാനമായി നിങ്ങൾക്ക് ഒരു ചിന്തകൂടി നൽകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് തന്റെ പ്രഭാഷണത്തിന്റെ അവസാനഭാഗത്ത് പാപ്പാ പറഞ്ഞു.. നിങ്ങളിൽ പലർക്കും അറിയാവുന്നതുപോലെ, ലിസ്ബണിന്റെ വടക്കുഭാഗത്ത് നാസറേ എന്ന ഒരു പ്രദേശമുണ്ട്. അവിടെ 30 മീറ്ററുകൾ വരെ ഉയരത്തിലുള്ള തിരകളെ കണ്ട് ആസ്വദിക്കാൻ സാധിക്കും. ഇത് ഒരു ആഗോള ആകർഷണകേന്ദ്രമാണ്, പ്രത്യേകിച്ച് ഈ തിരകൾക്ക് മുകളിലൂടെ അഭ്യാസം കാണിക്കുന്ന സർഫർമാർക്ക്. ഈ ദിവസങ്ങളിൽ നിങ്ങളും ഒരു യഥാർത്ഥ തിരമാലയെയാണ് അഭിമുഖീകരിച്ചത്, ജലത്തിന്റെയല്ല, ഈ നഗരരത്തിൽ ഒഴുകിയെത്തിയ യുവജനങ്ങളുടെ, നിങ്ങളെപ്പോലെയുള്ള യുവജനങ്ങളുടെ. എന്നാൽ ദൈവത്തിന്റെ സഹായത്താലും, വളരെയേറെ ഔദാര്യമനസ്കതയോടെയും, പരസ്പരം പിന്തുണച്ചും നിങ്ങൾ ഈ വലിയ തിരമാലയെ മറികടന്നു. നിങ്ങൾ ധൈര്യശാലികളാണ്, കാരണം നിങ്ങൾ ഈ വലിയ തിരമാലയെ മറികടന്നു. ആത്മവിശ്വാസമുള്ളവരാകൂ, നന്ദി. നിങ്ങളോട് എനിക്ക് പറയാനുള്ളത്, ഇതുപോലെ തുടരുക എന്നതാണെന്ന് പാപ്പാ പറഞ്ഞു. സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ തിരമാലകളെ മറികടക്കുക. സ്നേഹത്തിന്റെ തിരമാലകൾക്ക് മുകളിൽ അഭ്യാസം കാട്ടുന്ന സർഫർമാരാകുക. നിങ്ങൾക്ക് ഞാൻ നൽകുന്ന ദൗത്യം ഇതാണ്, ഇത്തവണത്തെ ലോകായുവജനദിനത്തിൽ നിങ്ങൾ ചെയ്ത സേവനം, നന്മയുടെ അനേകം തിരമാലകളിൽ ആദ്യത്തേതാകട്ടെയെന്ന് പാപ്പാ ആശംസിച്ചു. ഓരോ തവണയും നിങ്ങൾ ഉയരങ്ങളിലേക്ക്, ദൈവത്തോട് കൂടുതൽ അടുത്തേക്ക് ഉയർത്തപ്പെടും. ഇത് നിങ്ങളുടെ ജീവിതപാതയെ കൂടുതൽ മെച്ചപ്പെട്ട ഒരു വീക്ഷണകോണിൽ നിന്നുകൊണ്ട് കാണാൻ നിങ്ങളെ സഹായിക്കും എന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ഒരിക്കൽക്കൂടി ഏവർക്കും നന്ദി പറഞ്ഞും ഒരു നല്ല ജീവിതയാത്ര നേർന്നും, തനിക്കുവേണ്ടി പ്രാർത്ഥിക്കുന്നത് തുടരണമെന്ന് ആവശ്യപ്പെട്ടുമാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 August 2023, 14:16